പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പാടിപ്പതിഞ്ഞ പാട്ടുകളുടെ രാജശില്പി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

കൈരളിയുടെ തിരുമുറ്റത്ത്‌ മഹാഗന്ധർവ്വനായ ചങ്ങമ്പുഴ സമർപ്പിച്ചുപോയ രത്നത്തിളക്കമുള്ള തംബുരു സ്വന്തം കൈപ്പിടിയിലൊതുക്കിയത്‌ പിന്നാലെ കടന്നുവന്ന മൂന്ന്‌ യുവകവികളായിരുന്നു; പി. ഭാസ്‌കരനും, വയലാറും, ഒ.എൻ.വി.യും.

മലയാളകവിതാരംഗത്തും ചലചിത്രഗാനരംഗത്തും നിത്യവസന്തം വിടർത്തിയ മൂന്നു അതുല്യപ്രതിഭകളായിരുന്നു ഈ മഹാകവികൾ. ജനപക്ഷ വാദികളായ ഈ കവികൾ ഇവിടത്തെ അദ്ധ്വാനിക്കുന്ന വർഗ്ഗത്തിനു വേണ്ടി പോരാടാൻ രംഗത്തുവന്നു. തൊഴിലാളികളുടെ കണ്ണീരും ചോരയും വിയർപ്പും അലിഞ്ഞുചേർന്ന കവിതകളെഴുതി ഇവർ ശ്രദ്ധേയരായി.

‘മണപ്പുറത്തിന്റെ കവിയായ പി. ഭാസ്‌കരൻ പിന്നീട്‌ തനതായ പാത വെട്ടിത്തുറന്നു. പദകോമളവും സംഗീതസാന്ദ്രവുമായ ശൈലിയിൽ വിപ്ലവത്തിന്റെ അത്യാവേശം പകരുന്ന കവിതകളും ഗാനങ്ങളും രചിച്ച്‌ അദ്ദേഹം മുന്നോട്ടു നീങ്ങി. ഒടുവിൽ പടവാളു വിറ്റ്‌ മണിപ്പൊൻവീണ വാങ്ങിച്ചവരുടെ കൂട്ടത്തിലേയ്‌ക്ക്‌ വഴിമാറി സഞ്ചരിക്കുകയും ചെയ്‌തു.

ആദ്യകിരണങ്ങൾ

കേരളവ്യാസന്‌ ജന്മം നൽകിയ പേരുകേട്ട കൊടുങ്ങല്ലൂരിലാണ്‌ 1924ൽ പി. ഭാസ്‌കരൻ പിറന്നുവീണത്‌. അക്കാലത്തെ പ്രശസ്‌ത കവിയായിരുന്ന നന്ത്യേലത്ത്‌ പത്മനാഭമേനോനായിരുന്നു പിതാവ്‌. പുല്ലൂറ്റുപാടത്ത്‌ അമ്മാളുവമ്മയായിരുന്നു മാതാവ്‌. കൊടുങ്ങല്ലൂർ ബോയ്‌സ്‌ ഹൈസ്‌കൂളിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. തുടർന്ന്‌ എറണാകുളം മഹാരാജാസ്‌ കോളേജിൽ ഉപരിപഠനത്തിനു ചേർന്നു. അവിടെ പഠിക്കുന്ന കാലത്താണ്‌ കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തുടങ്ങിയത്‌. സ്വാതന്ത്ര്യസമരത്തിലും സജീവമായി പങ്കെടുത്തു. ഇതിന്റെ പേരിൽ 1942ൽ ആറുമാസക്കാലത്തോളം അദ്ദേഹത്തിന്‌ ജയിൽവാസം അനുഭവിക്കേണ്ടതായിവന്നു. തിരുവിതാംകൂറിൽ നടന്ന ഉത്തരവാദിത്വ ഭരണപ്രക്ഷോഭത്തിലും അദ്ദേഹം അണിചേർന്നു. വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു ഇതിനുള്ള തടവുശിക്ഷ അനുഭവിച്ചത്‌.

ഗന്ധർവ്വതുല്യനായ കവി

കവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പടപ്പുറപ്പാട്‌ ഏറെ ശ്രദ്ധേയമായിരുന്നു. ജനമനസുകളെ ആവേശം കൊള്ളിക്കുന്ന കവിതകളെഴുതുന്നതിലായിരുന്നു ആദ്യകാലങ്ങളിൽ അദ്ദേഹം കൂടുതൽ താൽപര്യം കാണിച്ചത്‌. വയലാർ ഗർജ്ജിക്കുന്നു. നവകാഹളം, രണഭേരി, വില്ലാളി, ഓടക്കുഴലും ലാത്തിയും, മർദ്ദിതൻ തുടങ്ങിയ കാവ്യകൃതികൾ പുറത്തുവന്നത്‌ ഇക്കാലത്താണ്‌. തൊഴിലാളിവർഗത്തെ ഉണർത്തുന്നതിനും ആവേശം കൊള്ളിക്കുന്നതിനും ഈ കവിതകൾ വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌. ’വയലാർ ഗർജ്ജിക്കുന്നു‘ എന്ന കൃതി തിരുക്കൊച്ചി സർക്കാർ അക്കാലത്ത്‌ നിരോധിച്ചിരുന്നു.

ഉയരും ഞാൻ നാടാകെ-

യുയരും ങാൻ വീണ്ടുമ-

ങ്ങുയരും ഞാൻ ’വയലാറ‘ലറീടുന്നു!

മിഴികളാവേശ-

ത്തെളിനാളം, ഹൃദയത്തിൽ

വഴിയുന്ന വിപ്ലവവീര്യബോധം,

പുതിയതാം ദേശാഭി

മാനത്തിൻ നുരകുത്തും

ചുടുചോരയുടനീളം നാഡികളിൽ’

എന്നാരംഭിക്കുന്ന കവിത അവസാന ഭാഗത്തെത്തുമ്പോഴേക്കും അലകടൽ പോലെ അലറിമറിയുന്നതായി നമുക്ക്‌ അനുഭവപ്പെടും.

കുറേക്കാലത്തിനുശേഷം വിപ്ലവാത്മക കവിതകൾ കൈവെടിഞ്ഞ്‌ അദ്ദേഹം സൗന്ദര്യാത്മക കവിതകളുടെ ലോകത്തേക്കു കടന്നു. ഇക്കാലയളവിൽ എഴുതപ്പെട്ട സത്രത്തിൽ ഒരു രാത്രി, ഓർക്കുക വല്ലപ്പോഴും, മുൾക്കിരീടം, ഞാറ്റുവേല പൂക്കൾ, പാടുന്ന മൺതരികൾ മലയാളകവിതയിൽ അദ്ദേഹത്തെ ലബ്ധപ്രതിഷ്‌ഠനാക്കി തീർത്തു.

‘സത്രത്തിൽ ഒരു രാത്രി’ എന്ന ഹൃദയഹാരിയായ കവിതയിലെ ‘നർത്തകിയുടെ രംഗപ്രവേശം’ വിവരിച്ചിരിക്കുന്നതു നോക്കൂഃ

‘തങ്കത്തിന്റെ ചിലങ്ക കിലുക്കി

ത്തരിവളയിട്ട കരം കൂപ്പി,

മൃദുലാധരമതിൽ ഹസ്‌തം ചാർത്തി,

വന്നിതു നർത്തകി

വാനിൽ നടുവിൽ -

ത്തെന്നും മിന്നൽക്കൊടി പോലെ!!! - ഈ ഭാഗം വായിക്കുമ്പോൾ അനുപമമായ ഒരു സൗന്ദര്യാനുഭൂതിയിൽ നാം സ്വയം അലിഞ്ഞുപോവുന്നില്ലേ? ഇതാണ്‌ പി. ഭാസ്‌കരന്റെ കവിതയുടെ പ്രത്യേകത.

’ഒരിടവേളയ്‌ക്കുശേഷം പി. ഭാസ്‌കരൻ എഴുതിയ ‘ഒറ്റക്കമ്പിയുള്ള തംബുരു’ മലയാളകവിതയിൽ അദ്ദേഹത്തിന്‌ അനശ്വരമായ സ്ഥാനം നേടിക്കൊടുത്തു. പ്രസ്‌തുത കൃതിക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡും ഓടക്കുഴൽ പുരസ്‌കാരവും ലഭിക്കുകയുണ്ടായി.

നിലയ്‌ക്കാത്ത ഗാനധാര

ഒരു കവിയായി സാഹിത്യത്തിരുമുറ്റത്ത്‌ കാലെടുത്തുവച്ച പി. ഭാസ്‌കരൻ പിൽക്കാലത്ത്‌ ചലചിത്ര ലോകത്തിന്റെ മാത്രം മഹാസമ്പത്തായി ഒതുങ്ങിയത്‌ സാഹിത്യപ്രണയികളിൽ പലരേയും വിഷാദിപ്പിച്ചിരിക്കുന്നു. എങ്കിലും മലയാളികൾക്ക്‌ എന്നും അഭിമാനിക്കത്തക്ക രീതിയിലുള്ള വൈവിധ്യമാർന്ന നൂറുകണക്കിന്‌ ചലചിത്രഗാനങ്ങളാണ്‌ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും അടർന്നുവീണത്‌. ഒന്നോ രണ്ടോ അല്ല; 294 ചലചിത്രങ്ങൾക്കാണ്‌ അദ്ദേഹം ഗാനരചന നടത്തിയത്‌. 1950ൽ ‘ചന്ദ്രിക’ എന്ന സിനിമയിൽ നിന്നായിരുന്നു ഇതിന്റെ തുടക്കം.

1954ൽ ‘നീലക്കുയിൽ’ എന്ന ചലചിത്രത്തിനുവേണ്ടി അദ്ദേഹം രചിച്ച ഗാനങ്ങൾ മലയാളത്തിലെ എക്കാലത്തേയും ഹിറ്റുകളായി മാറി.

“കായലരികത്ത്‌ വലയെറിഞ്ഞപ്പോ

വളകിലുക്കിയ സുന്ദരീ

പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോ

ഒരു നറുക്കിനു ചേർക്കണേ” എന്നാരംഭിക്കുന്ന ഗാനം ഒരു കാലത്തും മലയാളികൾക്ക്‌ മറക്കാനാവാത്ത ഒന്നാണ്‌. ‘നീലക്കുയിലിലെ “എങ്ങനെ നീ മറക്കും കുയിലേ?” എന്ന ഗാനത്തിന്റെ മാസ്‌മരികശക്തി അവർണ്ണനീയം തന്നെ. 1959ൽ അദ്ദേഹം, ഗാനരചന നിർവ്വഹിച്ച നായരുപിടിച്ച പുലിവാലിലെ നർമ്മത്തിന്റെ സുഗന്ധമുള്ള ഗാനങ്ങൾ നമുക്ക്‌ ഒരുകാലത്തും മറക്കാൻ കഴിയാത്തതാണ്‌.

ഓരോ മലയാളിയുടേയും മനസിലും ചുണ്ടിലും രക്തത്തിലും അലിഞ്ഞുചേർന്ന ഗാനങ്ങളാണ്‌ പി. ഭാസ്‌കരന്റേത്‌. ആദ്യകിരണങ്ങൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, തുറക്കാത്ത വാതിൽ, സ്‌ത്രീ, കൊച്ചു തെമ്മാടി എന്നീ ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം രചിച്ച ഗാനങ്ങൾ ദേശീയവും പ്രാദേശീകവുമായി നിരവധി ബഹുമതികൾക്ക്‌ അർഹമായി.

ആസ്വാദകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഗാനങ്ങളാണ്‌ അദ്ദേഹത്തിന്റേത്‌. പുതിയ തലമുറയിൽ ദേശഭക്തിയുണർത്തുന്ന ഗാനങ്ങളും കുറവല്ല.

“ഭാരതമെന്നാൽ പാരിൻ നടുവിൽ

കേവലമൊരുപിടി മണ്ണല്ല

ജനകോടികൾ നമ്മെ നാമായ്‌ മാറ്റും

ജൻമഗൃഹമല്ലോ.....” എന്ന പാട്ട്‌ ഏതൊരു ഭാരതീയനേയും അഭിമാനപുളകിതനാക്കും.

“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു

നാഴിയിടങ്ങഴി മണ്ണുണ്ട്‌

അതിൽ നാരായണക്കിളി കൂടുപോലുള്ളൊരു

നാലുകാലോലപുരയുണ്ട്‌” എന്ന ഗാനം കേൾക്കുമ്പോൾ ഏതു കേരളീയനാണ്‌ കോരിത്തരിച്ചു പോവാത്തത്‌!

എത്രയെത്ര സ്ഥാനമാനങ്ങൾ

സ്വാതന്ത്ര്യ സമരനേതാവ്‌, കവി, ചലചിത്ര നിർമ്മാതാവ്‌, സംവിധായകൻ, നടൻ, പത്രാധിപർ, ആകാശവാണി പ്രൊഡ്യൂസർ, കേരള സംഗീത നാടക അക്കാദമി ചെയർമാൻ, ഫിലിം ഡവലപ്‌മെന്റ്‌ കോർപ്പറേഷൻ ചെയർമാൻ എന്നിങ്ങനെ ഉന്നതമായ നിരവധി സ്ഥാനമാനങ്ങൾക്ക്‌ ഉടമയായിരുന്നു പി. ഭാസ്‌കരൻ.

’നീലക്കുയിൽ‘ എന്ന സിനിമയിലെ മനുഷ്യസ്നേഹിയായ പോസ്‌റ്റ്‌മാനായി അദ്ദേഹം ഇന്നും പഴയതലമുറക്കാർ മറന്നിരിക്കില്ല. ഗതികിട്ടാ പ്രേതത്തെപ്പോലെ ഉഴലുന്ന ഗർഭിണിയായ ’നീലി‘യെ പോസ്‌റ്റുമാൻ സ്വന്തം പുത്രിയെപ്പോലെ പരിചരിക്കുന്ന രംഗം എന്നെന്നും നമ്മുടെ ഓർമ്മയിൽ മറയാതെ നിൽക്കും.

മലയാളത്തിന്റെ മണ്ണിൽ അദ്ദേഹത്തിന്റെ ഭൗതീകശരീരം അലിഞ്ഞുചേരുമെങ്കിലും മഹാപ്രതിഭയിൽ വിരിഞ്ഞ ഗാനസുമങ്ങളും കാവ്യസുമങ്ങളും മലയാളികളുടെ മനസിൽ നിന്ന്‌ ഒരുകാലത്തും മാഞ്ഞുപോവുകയില്ല.

സിപ്പി പളളിപ്പുറം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.