പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പരസ്യംഃ ഒരു സാംസ്‌കാരിക വിശകലനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആത്‌മൻ

ലേഖനം

സമകാലിക സംസ്‌കാരപഠനത്തിന്റെ വൈവിധ്യം നിറഞ്ഞ വിഷയമേഖലകളിൽ പ്രധാനമായ ഒന്നാണ്‌ മാധ്യമ പഠനം. ഏതൊരു വ്യവസ്ഥയെയും നിയന്ത്രിക്കുന്നത്‌ സാമ്പത്തികാടിത്തറയാണ്‌ എന്ന മാർക്‌സിയൻ നിലപാടിൽനിന്ന്‌ നോക്കുമ്പോൾ മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ സുപ്രധാനമായ ഇടപെടലുകൾ&നിയന്ത്രണങ്ങൾ പരസ്യങ്ങൾ നടത്തുന്നു എന്നത്‌ വ്യക്തമാണ്‌.

നമ്മുടെ ജീവിതശൈലിയിൽ&സംസ്‌കാരത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ഏറെ പ്രത്യയശാസ്‌ത്ര ഇടപെടലുകൾ നടത്തുന്ന ‘പരസ്യം’ എന്ന മാധ്യമത്തെ വിലയിരുത്താനുളള ശ്രമമാണ്‌ ഇവിടെ. ഇന്ന്‌ മാധ്യമങ്ങളിൽ നാം കാണുന്ന പരസ്യങ്ങൾ നമ്മോട്‌ ഉത്‌പന്നം വാങ്ങുവാൻ നേരിട്ട്‌ പറയുന്നില്ല. പകരം അവ പ്രത്യയശാസ്‌ത്രപരമായ ചില തന്ത്രങ്ങളെ ഉപയോഗപ്പെടുത്തുന്നു. പരസ്യത്തിൽ ഉൾക്കൊളളുന്ന ചിഹ്‌നങ്ങളിലൂടെയാണ്‌ ഇത്‌ സാധ്യമാകുന്നത്‌. അതിന്റെ അർത്ഥഘടനയിലേയ്‌ക്ക്‌ നമ്മെ കൊണ്ടെത്തിക്കുക എന്നതാണ്‌ പരസ്യത്തിന്റെ പ്രാഥമിക ലക്ഷ്യം. ഈ ഘടനയ്‌ക്ക്‌ അകത്ത്‌ അവർ ഭാഷയിലൂടെയും ചിത്രങ്ങളിലൂടെയും മറ്റ്‌ ഗ്രാഫ്രിക്‌ ഇമേജുകളിലൂടെയും വിരിച്ചുവച്ചിരിക്കുന്ന ചിഹ്‌നങ്ങളുടെ സഹായത്താലാണ്‌ അവരുടെ മുഖ്യലക്ഷ്യം പിന്നീട്‌ സാധ്യമാകുന്നത്‌. ഇതിന്‌ സമൂഹത്തിൽ നിലനിൽക്കുന്ന പല ചിഹ്നങ്ങളും മിത്തുകളും ഇവർ ഉപയോഗപ്പെടുത്തുന്നു. കായിക-സിനിമാതാരങ്ങൾ പരസ്യങ്ങളിൽ വരുന്നത്‌ ഇത്തരം പ്രയോഗങ്ങൾക്ക്‌ ഉദാഹരണമാണ്‌. സച്ചിൻ ടെൻഡുൽക്കർ പരസ്യത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പേരിലുളള ലോക റിക്കാർഡുകളും ബാറ്റിങ്ങ്‌ മികവും കായിക ക്ഷമതയും എല്ലാം ചേർന്ന്‌ ഒരാളുടെ മനസ്സിൽ നിർമ്മിച്ചിരിക്കുന്ന സച്ചിൻ എന്ന ‘വിഗ്രഹ’ത്തെ ആണ്‌ പരസ്യം യഥാർത്ഥത്തിൽ പ്രയോജനപ്പെടുത്തുക. (മമ്മൂട്ടി പെപ്സിയുടെ പരസ്യത്തിൽ വന്നാൽ സംഭവിക്കുന്ന ആപത്ത്‌ വലുതായതിനാൽ ആണല്ലോ പലർക്കും ഇതിനെതിരായി പ്രതികരിക്കേണ്ടി വന്നത്‌. ഒരു സാധാരണ മോഡൽ എന്നതിൽ നിന്ന്‌ അദ്ദേഹത്തിന്‌ വരുന്ന വ്യത്യാസത്തിന്‌ കാരണം മുൻപ്‌ സൂചിപ്പിച്ചത്‌ തന്നെയാണ്‌.) ഇതിനെ ബൈക്കിന്റെയും ടയറിന്റെയും മറ്റും പേരിനൊപ്പം ചേർത്ത്‌ ചില പുതിയ വായനകളെ സൃഷ്‌ടിക്കാൻ പരസ്യത്തിന്‌ കഴിയുന്നു. ഇത്‌ പ്രേക്ഷകനിൽ അവനറിയാതെ നടക്കുന്ന ഒരു പ്രത്യയശാസ്‌ത്ര ഇടപെടലാണ്‌. ഇതിലൂടെ സച്ചിൻ&മമ്മൂട്ടി എന്ന പേര്‌ നൽകുന്ന ചിന്തകളെ ഒരു ഉത്‌പന്നത്തിന്റെ പേരിലേയ്‌ക്ക്‌ സംക്രമിപ്പിക്കുകയാണ്‌ പരസ്യം ചെയ്യുന്നത്‌. ഇതിനായി പരസ്യവാചകം എന്ന ഭാഷാചിഹ്നത്തെയും സച്ചിന്റെ&മമ്മൂട്ടിയുടെ ശരീരം എന്ന ബിംബചിഹ്നത്തെയും പരസ്യം ഉപയോഗിക്കുന്നു. ചിഹ്‌നങ്ങൾ വഴി വ്യത്യസ്ത വ്യവസ്ഥകളെ ബന്ധപ്പെടുത്തുകവഴി പുതിയ അർത്ഥവ്യൂഹങ്ങളെ ഇത്‌ നിർമ്മിച്ചെടുക്കുന്നു. ഇതിനായി സമൂഹത്തിൽ നിലനിൽക്കുന്ന പല സങ്കല്പങ്ങളെയും പരസ്യം പ്രയോജനപ്പെടുത്തുന്നു.

പരസ്യം- ഒരു പ്രത്യയശാസ്‌ത്ര ഉപകരണംഃ-

സമ്മതങ്ങളിലൂടെ സമൂഹത്തെ നിയന്ത്രിക്കുന്ന ഒരു പ്രത്യയശാസ്‌ത്ര ഉപകരണമായി പരസ്യശൃംഖലയുടെ സ്ഥാപനത്തെ കാണാവുന്നതാണ്‌. പലവിധത്തിൽ പരസ്യങ്ങൾ തങ്ങളുടെ ആക്രമണം അടിച്ചേല്പിക്കുന്നതും സമൂഹം അത്‌ ഏറ്റെടുക്കുന്നതും കാണാം. ഇവിടെ നിലനിന്നു വരുന്ന പല മത-അനുഷ്‌ഠാന വസ്‌തുതകളെയും ചിഹ്നങ്ങളായി പരസ്യങ്ങൾ ഉപയോഗിക്കുന്നത്‌ ഇതിന്റെ ഭാഗമാണ്‌. മുണ്ടിന്റെയും ജ്വല്ലറിയുടെയും മറ്റും ടെലിവിഷൻ പരസ്യങ്ങളിൽ വ്യത്യസ്തമത ചിഹ്നങ്ങളെ ഉൾപ്പെടുത്തുന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌. ‘ബജാജ്‌’ ബൈക്കിന്റെ പരസ്യത്തിൽ കാവിനുമുൻപിൽ വേഗത കുറച്ച്‌ വണങ്ങുന്നതും കോലം വരച്ചതിനരികിൽ ശ്രദ്ധയോടെ പോകുന്നതും ഇത്തരം പ്രയോഗങ്ങളിൽ പെടുന്നു.

ഇത്തരത്തിൽ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്ന സാമൂഹിക ഘടകങ്ങൾ&ചിഹ്നങ്ങൾ ചില പ്രതിനിധാനങ്ങൾ ആണ്‌, അവ പ്രതിഫലനങ്ങൾ അല്ല. കാരണം അവ പ്രത്യയശാസ്‌ത്ര നിർമ്മിതികൾ ആണ്‌. അതുകൊണ്ട്‌ തന്നെ പലപ്പോഴും പ്രേക്ഷകർ ഇതിനെ സമൂഹത്തിന്റെ പ്രതിഫലനമായി പരിഗണിക്കുന്നു. ഇതുവഴി പരസ്യം വിജയലക്ഷ്യം കാണുന്നു. ഇങ്ങനെ പരസ്യം പ്രേക്ഷകനെ ഒരു വിപണിയും ഒപ്പം ഒരു ചരക്കും ആയി മാറ്റുന്നു. പ്രേക്ഷകന്റെ വിപണനം പരസ്യം സാധ്യമാക്കുക വഴിയാണ്‌ അവൻ സ്വയം ഒരു ചരക്കായി മാറുന്നത്‌.

പരസ്യത്തിന്റെ പ്രത്യയശാസ്‌ത്ര നിർമ്മിതത്ത്വം വ്യക്തമാകുന്ന ഒരു മേഖലയാണ്‌, പരസ്യങ്ങളിലെ സ്‌ത്രീ പ്രതിനിധാനത്തിന്റേത്‌. “മുതലാളിത്ത ഉല്പാദന ഉപഭോഗ വ്യവസ്ഥയുടെ കലാപ്രയോഗമായ പരസ്യങ്ങൾ സ്‌ത്രീത്വത്തിന്റെ പ്രത്യയശാസ്‌ത്ര പ്രതിനിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതായി” ജാനിസ്‌ വിൻഷിപ്‌ തന്റെ ‘സെഷ്വാലിറ്റി ഫോർ സെയിൽ’ എന്ന ലേഖനത്തിൽ അഭിപ്രായപ്പെടുന്നു. സ്‌ത്രീത്വം എന്നത്‌ മാതൃത്വം, ഗാർഹികത, സൗന്ദര്യം, ലൈംഗികത, സ്‌ത്രീസ്വാതന്ത്ര്യം ഇങ്ങനെ വ്യത്യസ്ത ഘടകങ്ങളുടെ പ്രത്യയശാസ്‌ത്ര നിർമ്മിതിയാകുന്നു. പരസ്യം ഇവയിൽ ഓരോ ഘടകത്തെയോ ചിലതെല്ലാം ചേർത്തോ ഉപയോഗപ്പെടുത്തുന്നു. സോപ്പിന്റെ പരസ്യത്തിൽ സ്‌ത്രീ സൗന്ദര്യത്തിന്റെ പ്രതിനിധാനമായി വരുന്ന മോഡലിനെ പരസ്യ വാചകത്തിലൂടെ സോപ്പിന്റെ പേരിലേയ്‌ക്ക്‌ ബന്ധപ്പെടുത്തി പുതിയ വായനയ്‌ക്ക്‌ ഇടമൊരുക്കുമ്പോൾ അവിടെ സ്‌ത്രീ സൗന്ദര്യം എന്ന ഘടകമാണ്‌ സംക്രമിക്കപ്പെടുന്നത്‌. ഇങ്ങനെ സ്‌ത്രീ, കുടുംബം, മതം തുടങ്ങി നിരവധി സാമൂഹിക ഘടകങ്ങളെ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന പരസ്യങ്ങൾ സമൂഹത്തിന്റെ വ്യത്യസ്ത പ്രതിനിധാനങ്ങളെ ഉൾക്കൊളളുന്നു. അവ മുന്നോട്ടുവക്കുന്ന പ്രത്യയശാസ്‌ത്രം മുതലാളിത്ത കച്ചവടതാത്‌പര്യങ്ങളുടെ നിർമ്മിതിയാണ്‌.

പരസ്യത്തിന്റെ മനഃശാസ്‌ത്ര പ്രയോഗങ്ങൾഃ-

പരസ്യം അതിന്റെ പ്രത്യയശാസ്‌ത്ര പ്രതിനിധാനങ്ങളെ പ്രേക്ഷകരിലേക്ക്‌ എത്തിക്കുന്നതിനായി മുഖ്യമായി അവലംബിക്കുന്നത്‌ മനഃശാസ്‌ത്രത്തെയാണ്‌. എം.എൻ.വിജയൻ പറയുന്നു. “ലോകം നന്നാക്കുക എന്നതിനർത്ഥം ഞാനൊഴിച്ചുളളവരെ ഇല്ലാതാക്കുക എന്നാണ്‌. എല്ലാവരെയും ഉറക്കിക്കിടത്തുക എന്നിട്ട്‌ സ്വന്തം ഉല്പന്നങ്ങൾ വിൽക്കുക. ഒരു കമേഴ്‌സ്യൽ പരസ്യത്തിന്റെ ഉദ്ദേശ്യവും ഇതുതന്നെയാണ്‌.” ഇത്തരത്തിൽ മറ്റുളളവരെ ഉറക്കിക്കിടത്തുന്നതിനുളള മാന്ത്രികത പരസ്യം പ്രയോഗിക്കുക അതിന്റെ മനഃശാസ്‌ത്ര സമീപനങ്ങൾ വഴിയാണ്‌.

ഓരോ പുതിയ ഉല്‌പന്നവും വിപണിയിൽ എത്തുക അതിന്റെ ആവശ്യകത ഉപഭോക്താവിനെ ബോധ്യപ്പെടുത്തിക്കൊണ്ടാണ്‌. വിയർപ്പുഗന്ധം ഉളളതിനാൽ നിങ്ങൾക്കുണ്ടാകുന്ന ‘നഷ്‌ടങ്ങളെ’ കാണിച്ചുതന്ന്‌ സ്വന്തം ഗന്ധത്തിൽ സംശയാലുവാക്കുകയാണ്‌ പരസ്യം ആദ്യം ചെയ്യുന്നത്‌, തുടർന്ന്‌ അത്‌ ‘പരിഹാരമായി’ പുതിയ ഉത്‌പന്നം പരിചയപ്പെടുത്തുന്നു. ഇവിടെ കൗമാരത്തിൽ ഓരോ വ്യക്തിയിലും ഉളള പ്രണയം, സൗഹൃദം, സൗന്ദര്യബോധം തുടങ്ങിയവയെയെല്ലാം പരസ്യം പ്രയോജനപ്പെടുത്തുന്നു. ഒരു തരത്തിലുളള ഭയം ജനിപ്പിച്ച്‌ പ്രതിവിധിയായി ഉത്‌പന്നത്തെ അവതരിപ്പിക്കുന്നതാണ്‌ മറ്റൊരു രീതി. മുഖക്കുരു, കറുത്തപാടുകൾ എന്നീ സ്വാഭാവികമായി ഉണ്ടാകുന്ന കാര്യങ്ങൾ ഏറെ ഗൗരവതരമാക്കി മാറ്റേണ്ടതാണ്‌ എന്ന ധാരണ പരസ്യങ്ങൾ നിർമ്മിച്ച്‌ പ്രയോജനപ്പെടുത്തുന്നു. കൃത്യത, വ്യക്തത എന്നീ ഗുണങ്ങൾക്ക്‌ ഉപഭോക്താക്കൾ ഏറെ ശ്രദ്ധിക്കുന്നു. എന്നറിഞ്ഞ്‌ ഇക്കാര്യത്തിൽ ഒരു മനഃശാസ്‌ത്ര സമീപനം പരസ്യം കൈക്കൊളളുന്നു. സ്വർണ്ണ വിപണിയിലെ ‘പരിശുദ്ധ സ്വർണ്ണം’ എന്ന ആണയിടലും സോപ്പിന്റെയും മറ്റും പരസ്യങ്ങളിൽ ലാബും ഡോക്‌ടറും മറ്റും വരുന്നതും ഇതിനായിത്തന്നെ.

ഇന്ന്‌ ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങളിൽ സംഗീതാത്മകതയും ദൃശ്യഭംഗിയും പ്രേക്ഷകനെ ഏറെ ആകർഷിക്കുന്നു. ഇതുവഴി അവന്റെ മനസ്സിലേക്ക്‌ ഉളള പ്രവേശനം പരസ്യങ്ങൾ എളുപ്പമാക്കുന്നു. ചലച്ചിത്രങ്ങളുടെ വരവ്‌ പരസ്യത്തെ ഈവിധം ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. സിനിമകളിൽ ഉപയോഗിക്കുന്ന വസ്‌തുക്കൾ പരസ്യത്തെക്കാൾ ജനത്തെ സ്വാധീനിക്കുന്ന അവസ്ഥയിലാണ്‌ മാഗസിനുകളിലും മറ്റും വരുന്ന പരസ്യചിത്രങ്ങൾ സിനിമാരംഗങ്ങൾക്ക്‌ സമാനമായത്‌ എന്ന്‌ മക്‌ലൂഹൻ നിരീക്ഷിക്കുന്നു. ഇങ്ങനെ പലവിധം മനഃശാസ്‌ത്ര സമീപനങ്ങൾ ഈ മേഖലയിൽ നടക്കുന്നു.

പരസ്യം - പ്രത്യക്ഷപ്പെടുന്ന ഇടങ്ങൾ, വിധങ്ങൾഃ-

പരസ്യം വരുന്ന ഇടം, ശൈലി എന്നിവയെല്ലാം ഏറെ പ്രധാനം ആണ്‌. അച്ചടി-ദൃശ്യമാധ്യമങ്ങൾ തന്നെയാണ്‌ ഇവയുടെ പ്രധാന വിളനിലം. ഇതിന്‌ പുറമെ പരസ്യപ്പലകകൾ, റേഡിയോ തുടങ്ങി മറ്റ്‌ പല മേഖലകളും പരസ്യത്തിനായി കണ്ടെത്തുന്നു. ഇന്ന്‌ പ്രധാന റോഡരികുകളെല്ലാം പരസ്യപ്പലകകൾ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. പ്രകൃതിഭംഗിയുടെ സ്ഥാനത്ത്‌ ഇന്ന്‌ യാത്രയിൽ കാണുക ‘പരസ്യഭംഗി’യാണ്‌.

‘മംഗളം’, ‘മലയാള മനോരമ’ തുടങ്ങിയ ആഴ്‌ചപ്പതിപ്പുകളിൽ വരുന്ന പരസ്യങ്ങൾ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വക്കുമ്പോൾ ‘വനിത’യും ‘ഗൃഹലക്ഷ്‌മി’യും മറ്റും ലക്ഷ്യമാക്കുക മറ്റൊരു വിഭാഗത്തെയാണ്‌. ഇവയിൽ വരുന്ന പരസ്യങ്ങളിലെ ഉല്പന്നങ്ങളുടെ വില, ആവശ്യകത എന്നിവ പരിശോധിച്ചാൽ ഇത്‌ മനസ്സിലാക്കാം.

അച്ചടി മാധ്യമങ്ങളിൽ പരസ്യങ്ങളുടെ അധീശത്വം വർദ്ധിച്ച്‌ വരുന്നതായാണ്‌ ഇപ്പോൾ കാണുന്നത്‌. വാർത്തയെയും പരസ്യത്തെയും വേർതിരിക്കുന്ന ഘടകങ്ങളെ ഇവർ ഇല്ലാതാക്കുന്നു. വാർത്തയുടെ സ്ഥലക്രമീകരണം ഇവിടെ പരസ്യത്തിന്റെ സൗകര്യാർത്ഥം ആയി മാറുന്നു. പൗഡറിന്റെ പരസ്യത്തിൽ ചിത്രശലഭങ്ങൾ ഒരു പത്രപ്പേജിന്റെ പല ഭാഗങ്ങളിലായി സ്ഥാനം പിടിക്കുമ്പോൾ ഈ മാറ്റമാണ്‌ നടക്കുന്നത്‌. വാർത്തയുമായി ലയിച്ച്‌ കിടക്കുന്ന പരസ്യങ്ങൾപോലും ഇന്ന്‌ പത്രത്തിൽ വരുന്നു.

വാർത്ത തന്നെ പരസ്യമാക്കി മാറ്റുന്ന മറ്റൊരു പ്രയോഗം ഇന്ന്‌ നാം അറിയാതെ കാണുന്നുണ്ട്‌. മലയാളത്തിലെ പ്രമുഖ ദിനപ്പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ഓഡിറ്റ്‌ ബ്യൂറോ ഓഫ്‌ സർക്കുലേഷൻ (എ.ബി.സി) റിപ്പോർട്ട്‌ ഉദ്ധരിക്കുന്ന വാർത്തകൾ ഇതിന്‌ ഉദാഹരണമാണ്‌. ഈ വാർത്തകളിൽ തങ്ങളുടെ സ്ഥാപനത്തിന്റെ പ്രസിദ്ധീകരണങ്ങൾക്ക്‌ ആദ്യസ്ഥാനം വരുന്ന ഭാഗം മാത്രമാണ്‌ ഇവർ ഉൾപ്പെടുത്തുക. ഇവിടെ ‘വാർത്ത=പരസ്യം’ എന്ന്‌ വാർത്തകൾ മാറ്റപ്പെടുന്നു. ഇങ്ങനെ പ്രേക്ഷകർ അറിയാതെതന്നെ അവനോട്‌ അടുക്കുവാനും കൂടുതൽ വിശ്വാസ്യത വരുത്തിത്തീർക്കാനും പരസ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഉപസംഹാരംഃ-

പരസ്യം പ്രത്യക്ഷമായും പരോക്ഷമായും സാമൂഹിക ബന്ധങ്ങളെയും വിശ്വാസങ്ങളെയും മറ്റും കച്ചവട താത്‌പര്യങ്ങൾക്കായി, ഉപഭോഗ സംസ്‌കാരത്തിന്റെ പ്രത്യയശാസ്‌ത്രങ്ങൾക്ക്‌ അനുസൃതമായി ഉപയോഗിക്കുന്നു. വിശ്രമവേളകളും കുടുംബത്തിലെ സന്തോഷവും മാർക്കറ്റിൽ വാങ്ങാൻ ലഭിക്കുമെന്ന്‌ പരസ്യം നിങ്ങളെ വിളിച്ചറിയിക്കുന്നു. നമ്മുടെ സംസ്‌കാരത്തിൽ നിലനിന്നു വരുന്ന സ്വകാര്യ ആദർശങ്ങളെ ഗ്രാഫിക്‌ റെവലൂഷന്റെ വരവ്‌ കുത്തക പ്രതീകങ്ങളിലേയ്‌ക്ക്‌ വഴിമാറ്റി. ഇതുതന്നെ ആണ്‌ യഥാർത്ഥത്തിൽ പരസ്യങ്ങൾ ചെയ്യുന്നത്‌ എന്ന്‌ മക്‌ലൂഹൻ അഭിപ്രായപ്പെടുന്നു. പരസ്യങ്ങൾ സ്വകാര്യാനുഭവങ്ങൾക്ക്‌ പകരം ഏവർക്കും ഉപയോഗ്യമായ അല്ലെങ്കിൽ ആർക്കും യോഗ്യമല്ലാത്ത ഒരു ജീവിതശൈലിയാണ്‌ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. ഇതിന്‌ പിന്നിലെ സൂക്ഷ്‌മ അധികാര ബലതന്ത്രങ്ങൾ പ്രത്യയശാസ്‌ത്ര നിർമ്മിതിയാണ്‌. സമ്മതങ്ങളുടെ നിർമ്മിതിയിലൂടെ പ്രേക്ഷകനെ മാറ്റിയെടുക്കുന്ന പരസ്യത്തിന്റെ പിന്നിലെ പ്രത്യയശാസ്‌ത്ര നിർമ്മിതിയാകട്ടെ നവമുതലാളിത്ത ഉത്‌പാദന വ്യവസ്ഥയുടേതും.

ആത്‌മൻ

ഏൽപ്പറമ്പിൽ വീട്‌

ആഴകം പി.ഒ.

പിൻ - 683 577.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.