പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

എം.ടി.യും മലയാളസിനിമയിലെ ഭാവുകത്വപരിണാമവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.ആർ. ഹരികുമാർ

സിനിമ എന്നത്‌ ലോകത്തിനു വേണ്ടിയുളള രൂപകമാണെന്ന ഫ്രഞ്ച്‌ സംവിധായകൻ ഗൊദാർദിന്റെ കാഴ്‌ചപ്പാട്‌, ദർശനത്തിന്റെ രൂപകമാണ്‌ നോവലെന്ന ആൽബേർ കാമുവിന്റെ പ്രസ്‌താവത്തെ പല നിലയ്‌ക്കും ഓർമിപ്പിക്കുന്നു. സാങ്കേതികവിദ്യയിലൂടെ രൂപംകൊണ്ട സിനിമ എന്ന ചിത്രപ്രദർശനരീതി സർഗ്ഗാത്മകതയുടെ തലത്തിൽ കൈവരിച്ച മികവിനെ - സിനിമയുടെ ജൈവപരമായ ഐക്യത്തെ - ഈ പ്രസ്‌താവം സൂചിപ്പിക്കുന്നു. ഇത്തരത്തിൽ ഭാവരൂപതലങ്ങളിൽ സുഘടിതമായ സിനിമയുടെ നേർക്ക്‌ മലയാളിയുടെ ഭാവുകത്വം ആദരസമന്വിതമായ മനോഭാവം കൈക്കൊളളുന്നത്‌ ആയിരത്തിത്തൊളളായിരത്തിഎഴുപതുകളിലാണ്‌.

തിരശ്ശീലയിൽ പകർത്തിവച്ച വിലകുറഞ്ഞ നാടകങ്ങളായിരുന്നു മലയാളത്തിലെ ആദ്യകാല സിനിമകളിൽ മിക്കവയും. ഉപരിപ്ലവമായ ജീവിതബോധവും മാധ്യമസംബന്ധിയായ അറിവില്ലായ്‌മയും ഉടനീളം പ്രതിഫലിപ്പിക്കുന്നതായിരുന്നു അവയിലേറെയും. ജീവിത നൗക(1951), നീലക്കുയിൽ (1954), ന്യൂസ്‌പേപ്പർ ബോയ്‌ (1955) എന്നിങ്ങനെ അപൂർവ്വം ചിലതിലാണ്‌ വ്യത്യസ്‌തരീതിയിലുളള അന്വേഷണങ്ങൾ നടന്നത്‌. ഈ പശ്ചാത്തലത്തിലാണ്‌ മലയാളത്തിലെ പ്രധാന കാഥികരിലൊരാളായ എം.ടി.വാസുദേവൻനായർ മുറപ്പെണ്ണ്‌ (1965) എന്ന തിരക്കഥയുമായി സിനിമയിലേക്ക്‌ കടന്നുവരുന്നത്‌. തുടർന്ന്‌ തന്റെ സാഹിത്യജീവിതത്തിനു സമാന്തരമായി സിനിമയിലും തിരക്കേറിയ ഒരു ജീവിതം തന്നെ എം.ടി. നയിക്കുകയുണ്ടായി. അൻപത്തിയാറോളം ചിത്രങ്ങൾക്ക്‌ തിരക്കഥയെഴുതിയ അദ്ദേഹം ആറു ചിത്രങ്ങൾ സംവിധാനവും ചെയ്‌തു. ആ ചിത്രങ്ങൾ മലയാളസിനിമയിലെ ഭാവുകത്വപരിണാമത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ വിശദാംശങ്ങൾ ആരായുകയാണ്‌ ഈ പ്രബന്ധത്തിന്റെ ലക്ഷ്യം.

ദൃശ്യഭാഷയുടെ വികാസം

സാഹിത്യത്തിൽ, ചിന്തകളിൽ നിന്ന്‌ ദൃശ്യബിംബങ്ങൾ രൂപപ്പെടുത്തുമ്പോൾ സിനിമയിൽ ദൃശ്യബിംബങ്ങളിൽ നിന്നാണ്‌ നാം ചിന്തകളെ രൂപപ്പെടുത്തുന്നത്‌. സിനിമയുടെ വ്യാകരണത്തെക്കുറിച്ച്‌ റോബർട്ട്‌ റിച്ചാർഡ്‌സൺ ഇങ്ങനെ പറയുന്നു - അമൂർത്തമായ വസ്‌തുക്കളെ പ്രതിനിധീകരിക്കുന്ന വാക്കുകളടങ്ങിയതാണ്‌ ശബ്‌ദകോശം. വ്യാകരണവും പദവിന്യാസക്രമവും വാക്കുകളെ ചിട്ടയായി രൂപപ്പെടുത്തുന്ന ഘടകങ്ങളാണ്‌. സിനിമയുടെ ശബ്‌ദകോശം ദൃശ്യ ബിംബങ്ങളാണ്‌. ഷോട്ടുകളെ ക്രമമായി അടുക്കുന്ന സന്നിവേശസമ്പ്രദായം വ്യാകരണത്തെയും പദവിന്യാസക്രമത്തെയും പ്രതിനിധീകരിക്കുന്നു. ക്യാമറയുടെ നില, വീക്ഷണകോൺ, ലെൻസ്‌ എന്നിവയും പ്രകാശ വിനിമയം, ശബ്‌ദപഥം തുടങ്ങിയവയും സിനിമയുടെ തനതുവ്യക്തിത്വത്തെ നിർണ്ണയിക്കുന്ന ഘടകങ്ങളാണെന്ന്‌ ഇന്ന്‌ നമുക്കറിയാം. സിനിമാസംബന്ധിയായ ഇത്തരമൊരു അവബോധത്തിന്‌ മലയാളത്തിൽ ആദ്യം വഴിയൊരുക്കിയത്‌ എം.ടി.യുടെ തിരക്കഥകളാണെന്ന്‌ പറയാം. കഥയുടെ ഭാഷയല്ല എം.ടി. തിരക്കഥയ്‌ക്കുവേണ്ടി ഉപയോഗിക്കുന്നത്‌ എം.ടി.യുടെ തിരക്കഥകളിൽ മൂന്നു തരം ഭാഷകൾ നമുക്ക്‌ കാണാനാവുന്നു. വെറും കഥയെ സിനിമാറ്റിക്‌ ആയി മാറ്റാൻ വേണ്ടി കൈക്കൊളളുന്ന ഘടനാപരമായ ഭാഷ, തിരക്കഥ സിനിമയായി പരിവർത്തിപ്പിക്കാനാവശ്യമായ നിർദേശങ്ങളുടെ ഭാഷ, തിരക്കഥയിലെ സംഭാഷണഭാഷ എന്നിവയാണവ. ഇത്തരത്തിൽ മാതൃകാപരമായി ദൃശ്യഭാഷയെ വികസിപ്പിച്ചെടുക്കാനുളള - സിനിമയെ കൂടുതൽ സിനിമാറ്റിക്‌ ആയി കാണാനുളള - ഉദ്യമങ്ങളായിരുന്നു ഓളവും തീരവും, നിർമ്മാല്യം, ഇരുട്ടിന്റെ ആത്മാവ്‌, ഓപ്പോൾ, കടവ്‌ തുടങ്ങിയ തിരക്കഥകൾ. വെറും വായനയിൽപോലും ഇവ പുതിയൊരു ദൃശ്യാനുഭവം പകർന്നു നൽകാൻ പാകത്തിലുളളവയാണ്‌.

മൗനത്തിന്റെ സാദ്ധ്യതകൾ

നിശബ്‌ദസിനിമയുടെ കാലം കഴിഞ്ഞ്‌ ശബ്‌ദപഥം കൈവന്നപ്പോൾ ചലചിത്രത്തിന്റെ കലാപരമായ പൂർണ്ണതയ്‌ക്ക്‌ വിഘാതമുണ്ടാക്കാൻ പാകത്തിൽ പുതിയ സംവേദനോപാധികൾ ഉപയോഗിക്കാനാണ്‌ ഏറെപ്പേരും ഉൽസാഹം കാട്ടിയത്‌. മനുഷ്യന്റെ ഭാവബദ്ധതകൾ ആവിഷ്‌ക്കരിക്കാൻ മൗനത്തിന്റെ മുഹൂർത്തങ്ങൾക്ക്‌ എത്ര കണ്ട്‌ കഴിവുണ്ടെന്ന്‌ മലയാളസിനിമ വളരെ വൈകിയാണ്‌ മനസ്സിലാക്കിയത്‌. സിനിമയുടെ ശിൽപഘടനയിൽ നിശബ്‌ദതയുടെ ഇടവേളകൾ എത്രത്തോളം സാർത്ഥകമാണെന്ന്‌ ആദ്യം കണ്ടറിഞ്ഞ മലയാളത്തിന്റെ തിരക്കഥാകാരൻ ഒരു പക്ഷേ, എം.ടി.യായിരിക്കും. മറ്റുളളവർ അദ്ദേഹത്തിന്റെ തിരക്കഥകൾ ഉപയോഗിച്ചപ്പോൾ ഇത്തരം സന്ദർഭങ്ങൾ വേണ്ടത്ര പ്രയോജനപ്പെടുത്തിയോ എന്നതിൽ സംശയമുണ്ട്‌. എം.ടി. സംവിധാനമേറ്റെടുത്ത ആറ്‌ ചിത്രങ്ങളിലും മൗനത്തിന്റെ സാദ്ധ്യതകൾ ഒരു പരിധി വരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്‌. എന്നാൽ പില്‌ക്കാലത്ത്‌ മനുഷ്യശബ്‌ദത്തെ തീരെ ഒഴിവാക്കി മൗനത്തിന്റെ മാത്രം ഉപാസകരായി മാറിയ ചലചിത്രകാരൻമാരുടെ പാതയിൽ എം.ടി. യെ നാം കാണുന്നില്ല. വാക്കിന്റെയും മൗനത്തിന്റെയും ഉചിതസംയോജനം കാഴ്‌ചവയ്‌ക്കുന്ന ആ ചിത്രങ്ങൾ ഉന്നതമായൊരു ജീവിതബോധത്തെ സൗന്ദര്യാത്മകമായി പകർന്നു നൽകുന്നു.

ശരീരഭാഷയുടെ വിനിമയം

ഒരു കഥ ദൃശ്യഭാഷയിലേക്ക്‌ മൊഴിമാറ്റം നടത്തുക മാത്രമല്ല തിരക്കഥകൊണ്ട്‌ സാധിക്കേണ്ടതെന്ന്‌ നമുക്കറിയാം. ആഖ്യാനത്തിലെ പ്രധാനഘടകമായ കഥാപാത്രങ്ങളുടെ വ്യക്തിത്വം സംശയാതീതമായി സ്ഥാപിച്ചെടുക്കേണ്ട ഉത്തരവാദിത്വം കൂടി തിരക്കഥാകൃത്തിനുണ്ട്‌. ഇതിന്‌ അയാളെ ഏറെ സഹായിക്കുന്ന ഒന്നാണ്‌ കഥാപാത്രങ്ങളുടെ ശരീരഭാഷ. കഥാപാത്രങ്ങളുടെ ശരീരഭാഷയെ വ്യക്തമായി അടയാളപ്പെടുത്തി അവർക്ക്‌ സ്ഥലകാലോചിതമായ വ്യക്തിത്വം നൽകുന്നതിൽ ശ്രദ്ധയുളള തിരക്കഥാകൃത്താണ്‌ എം.ടി. ശരീരഭാഷയുടെ മികവുകൊണ്ട്‌ മലയാളസിനിമയിൽ ശ്രദ്ധേയരായ കഥാപാത്രങ്ങളിൽ ചിലത്‌ എം.ടി.യുടെ പേനത്തുമ്പിൽ നിന്നും രൂപം കൊണ്ടതാണ്‌. ഒരു വടക്കൻ വീരഗാഥയിലെ ചന്തു എന്ന കഥാപാത്രത്തിലൂടെ കേരളീയന്റെ സങ്കല്പത്തിലുളള ഒരു വീരനായകന്റെ ശരീരഭാഷ ശ്രദ്ധാപൂർവം അവതരിപ്പിച്ചതുകൊണ്ടാണ്‌ ആ ചിത്രം സ്‌മരണീയമായത്‌. പഞ്ചാഗ്‌നിയിലെ ഇന്ദിരയും ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്‌. പുറമേ ശാന്തശീലയും വിഷാദവതിയും ഉളളാലെ ആദർശധീരയും പ്രതികരണസന്നദ്ധതയും തന്റേടക്കാരിയുമായ ഈ ഗ്രാമീണ യുവതി ഒരിക്കൽപോലും പ്രേക്ഷകനെക്കൊണ്ട്‌ അവളുടെ നിലപാടുകൾ തെറ്റായിരുന്നുവെന്ന്‌ പറയിക്കുന്നില്ല. ഇത്‌ ആ കഥാപാത്രത്തിന്റെ ശരീരഭാഷ കൈവരിച്ച പ്രാധാന്യം വ്യക്തമാക്കുന്നു.

അനുവർത്തനത്തിന്റെ ആദ്യമാതൃകകൾ

ഏതെങ്കിലുമൊരു മാധ്യമത്തിൽ ആവിഷ്‌ക്കരിക്കപ്പെട്ട ഒരു കലാസൃഷി മറ്റൊരു മാധ്യമത്തിൽ പുനരാവിഷ്‌ക്കരിക്കുന്നതിനെയാണ്‌ അനുവർത്തനം എന്നു പറയുന്നത്‌. പല മാധ്യമങ്ങൾ തമ്മിലും ഇത്‌ നടക്കാറുണ്ടെങ്കിലും സാഹിത്യത്തിൽ നിന്ന്‌ സിനിമയിലേക്കുളള അനുവർത്തനമാണ്‌ കൂടുതലും പഠനവിധേയമായിട്ടുളളത്‌. സാഹിത്യവും സിനിമയും ആഖ്യാനതലത്തിൽ പുലർത്തുന്ന സമാനതയായിരിക്കാം ഇത്തരം അനുവർത്തനങ്ങളുടെ എണ്ണക്കൂടുതലിനു കാരണം.

മലയാളസിനിമയിൽ ആദ്യമായി അനുവർത്തനം നടന്നത്‌ 1931 -ൽ മാർത്താണ്ഡവർമ പുറത്തിറങ്ങിയപ്പോഴാണ്‌. തുടർന്ന്‌ സാഹിത്യകൃതികളെ ഉപജീവിച്ച്‌ ഒട്ടേറെ സിനിമകൾ നിർമ്മിക്കപ്പെട്ടെങ്കിലും അനുവർത്തന പ്രക്രിയയിൽ അവശ്യം പാലിക്കേണ്ട മാധ്യമബോധം പ്രകടമാക്കിയ രചനകൾ വളരെക്കുറവായിരുന്നു. എം.ടിയുടെ ആദ്യതിരക്കഥ തന്നെ - മുറപ്പെണ്ണ്‌ - ഒരു അനുവർത്തനമായിരുന്നു. “സ്നേഹത്തിന്റെ മുഖങ്ങൾ” എന്ന സ്വന്തം ചെറുകഥയുടെ തിരനാടകമായിരുന്നു അത്‌. ഏത്‌ അല്ലെങ്കിൽ ആരുടെ കഥ സിനിമയ്‌ക്കുവേണ്ടി മാറ്റിയെഴുമ്പോഴും സാഹിത്യകാരന്റെ ഇഷ്‌ടങ്ങളിൽ നിന്ന്‌ മുക്തിനേടാനും തിരക്കഥാകാരന്റെ സ്വാതന്ത്ര്യങ്ങളിൽ പൂർണ്ണമായി മുഴുകാനും എം.ടി.യ്‌ക്ക്‌ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ്‌ നിർമ്മാല്യം, കുട്ട്യേടത്തി, ഓളവും തീരവും, കടവ്‌ എന്നിങ്ങനെ ഇക്കാര്യത്തിൽ എണ്ണമറ്റ മാതൃകകൾ സംഭാവന ചെയ്യാൻ അദ്ദേഹത്തിന്‌ കഴിഞ്ഞത്‌. സിനിമാ-സീരിയൽ രംഗത്ത്‌ തിരക്കഥയെഴുതാൻ തയ്യാറെടുക്കുന്നവരുടെ പാഠപുസ്‌തകങ്ങളായി അവ മാറിയതിന്റെ കാരണവും മറ്റൊന്നല്ല.

വളളുവനാടൻ ഭാഷയുടെ മാസ്‌മരികത

ശരീരഭാഷയോട്‌ ചേർത്തുവച്ച്‌ ചർച്ച ചെയ്യേണ്ടതാണ്‌ സംഭാഷണതലത്തിലെ പ്രത്യേകതകൾ. കാരണം, അതും വിശാലമായ അർത്ഥത്തിൽ ആദ്യം പറഞ്ഞതിൽ അന്തർഭവിക്കുന്നു. നിശബ്‌ദതയിൽ നിന്നും ശബ്‌ദതലത്തിലേക്ക്‌ മാറിയപ്പോൾ സിനിമയ്‌ക്ക്‌ കൈവന്ന സൗകുമാര്യത്തിന്‌ പ്രധാനകാരണം മനുഷ്യന്റെ സംഭാഷണചാതുരിയേയും പ്രകൃതിശബ്‌ദങ്ങളെയും സൗന്ദര്യാത്മകമായി ഉപയോഗിക്കാൻ കഴിഞ്ഞതാണ്‌. ദൃശ്യങ്ങളും സംഭാഷണവും വേണ്ടരീതിയിൽ കൂട്ടിക്കലർത്തിക്കൊണ്ടാണ്‌ തിരക്കഥയുടെ ആഖ്യാനം നിർവഹിക്കപ്പെടുന്നത്‌. കഥയുടെ സവിശേഷതയും സന്ദർഭങ്ങളുമാണ്‌ ഇവയുടെ അനുപാതത്തെ നിർണ്ണയിക്കുന്നത്‌. കാഴ്‌ചയും ഭാഷയും സമ്മേളിക്കുന്ന തിരക്കഥയിൽ ഉദ്വേഗജനകവും ആസ്വാദ്യവും സൗന്ദര്യാത്മകവുമായ രീതിയിൽ കഥയെ മുന്നോട്ടു നയിക്കുന്നത്‌ സംഭാഷണമാണ്‌. എം.ടി.യുടെ രചനകളിൽ കഥാപാത്രങ്ങൾക്ക്‌ ത്രിമാനത സമ്മാനിക്കുന്നതിൽ സംഭാഷണത്തിന്‌ വലിയ പങ്കുണ്ട്‌. ശബ്‌ദക്രമീകരണത്തോടു കൂടിയ സംഭാഷണം കഥാപാത്രങ്ങളുടെ ആന്തരിക ലോകത്തെ അഭിവ്യക്തമാക്കാൻ ഏറെ സഹായകരമാണ്‌. മുഖ്യധാരയിലെ നടീനടന്മാർപോലും എം.ടി.യുടെ സ്‌ക്രിപ്‌റ്റിൽ അഭിനയിക്കുമ്പോൾ വന്നുചേരുന്ന മാറ്റം അത്ഭുതാവഹമാണ്‌. ബന്ധനം, വാരിക്കുഴി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ എം.ടി.യുടെ അപരവ്യക്തിത്വമെന്ന വിശേഷണത്തിന്‌ വരെ അർഹനാകാൻ നടൻ സുകുമാരന്‌ കഴിഞ്ഞത്‌ ഇവിടെ ഓർക്കാവുന്നതാണ്‌.

ജനപ്രിയമായ സർഗ്ഗാത്മകത

ഇന്ത്യൻ സിനിമയുടെ ആധുനികമുഖം രൂപംകൊളളുന്നത്‌ എഴുപതുകളിലാണ്‌. പുതിയ സിനിമ മുഖ്യമായും രണ്ട്‌ ചേരികളിലായാണ്‌ നിലയുറപ്പിച്ചത്‌. ഒന്ന്‌ -ഇറ്റാലിയൻ നിയോറിയലിസത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട്‌ സത്യജിത്ത്‌ റായിലൂടെ വികാസം നേടിയ യാഥാർഥ്യവാദിയായ സിനിമ. രണ്ട്‌ - യാഥാർത്ഥ്യത്തെ നിഷേധിക്കുന്നതും ലോകസിനിമയിലെ പരീക്ഷണവ്യഗ്രതകളെ ഉൾക്കൊളളുന്നതുമായ സിനിമ. എം.ടി.യുടെ തുടക്കം മുതലേ നിലയുറപ്പിച്ചിരുന്നത്‌ ജീവിത യാഥാർഥ്യത്തിന്റെ പക്ഷത്തായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ ക്ലാസ്സിക്കൽ ചലചിത്രസങ്കല്പങ്ങളിൽ നിന്ന്‌ രൂപംകൊണ്ട സ്ഥിരവും പരിചിതവുമായ മാനദണ്ഡങ്ങളെ എപ്പോഴും ആദരിക്കുന്നവയാണ്‌. ഗഹനമായൊരു പാരായണരീതി പ്രേക്ഷകനിൽ നിന്നാവശ്യപ്പെടാതെതന്നെ ഉന്നതമായ ജീവിതാവബോധം സൗന്ദര്യാത്മകമായൊരു ദൃശ്യഭാഷയിലൂടെ അയാൾക്ക്‌ പകർന്നു കൊടുക്കാനായിരുന്നു തുടക്കം മുതൽ എം.ടി. യുടെ ശ്രമം. മലയാളത്തിൽ എഴുപതുകൾ തൊട്ട്‌ ശക്തിപ്പെട്ടുവന്ന നവതരംഗസിനിമയ്‌ക്ക്‌ എല്ലാവിധത്തിലും ഊർജം പകരുന്നതായിരുന്നു എം.ടി.യുടെ രചനകൾ. ചുരുക്കത്തിൽ, തന്റെ തിരക്കഥകളിലൂടെയും സംവിധാനശ്രമങ്ങളിലൂടെയും മലയാളസിനിമയുടെ ഭാവുകത്വപരിണാമത്തിന്‌ ഗതിവേഗം കൂട്ടിയ കലാകാരനാണ്‌ എം.ടി. മാത്രമല്ല, മലയാളത്തിന്റെ ഭൂതകാലപ്രകൃതിയും മലയാളിയുടെ മാനസിക പ്രകൃതിയും ഭാവിതലമുറയ്‌ക്ക്‌ നോക്കിക്കാണാൻ ആ രചനകൾ പോലെ ഇത്ര സഹായകമായ മറ്റെന്തെങ്കിലും ഉണ്ടോ എന്നു സംശയവുമാണ്‌. ഇതു തന്നെയാണ്‌ മലയാളസിനിമയിൽ എം.ടി.യുടെ പ്രസക്തി.

പി.ആർ. ഹരികുമാർ

1960-ൽ ആറ്റിങ്ങലിൽ ജനനം. ഗവ.ആർട്‌സ്‌ കോളേജ്‌, യൂണിവേഴ്‌സിറ്റി കോളേജ്‌, കാലിക്കറ്റ്‌ സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം.. മലയാളത്തിൽ എം.എ, എം.ഫിൽ ബിരുദങ്ങൾ. കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചൻ സ്‌മാരക സമ്മാനം (1988) ലഭിച്ചിട്ടുണ്ട്‌. അങ്കണം കഥകൾ, ആറാം തലമുറക്കഥകൾ എന്നീ സമാഹാരങ്ങളിൽ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

കൃതികൾഃ നിറം വീഴുന്ന വരകൾ (കഥകൾ), അലിയുന്ന ആൾരൂപങ്ങൾ (കഥകൾ), വാക്കിന്റെ സൗഹൃദം (നിരൂപണം). 1986 മുതൽ കാലടി ശ്രീശങ്കരാകോളേജിൽ അദ്ധ്യാപകൻ.

വിലാസം

പി.ആർ.ഹരികുമാർ, എം.എ., എം.ഫിൽ,

ലക്‌ചറർ, മലയാളവിഭാഗം,

ശ്രീശങ്കരാകോളേജ,​‍്‌

കാലടി -683574

website: www.prharikumar.com


Phone: 0484 462341 0484 522352/9447732352
E-Mail: prharikumar@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.