പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഹർത്താൽ - പ്രസന്നകുമാറിനോട്‌ ചില സംശയങ്ങൾ....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനീസ്‌, കോഴിക്കോട്‌

പ്രതികരണം

പ്രസന്നകുമാറിന്റെ ആദ്യത്തെ ലേഖനം (പാഠം ഒന്ന്‌ ഹർത്താൽ) വായിച്ച്‌ അത്‌ സ്ഥാപിക്കാൻ ശ്രമിച്ചതെന്താണ്‌ എന്ന്‌ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കാതിരിക്കുമ്പോഴാണ്‌ അതിനൊരു വിശദീകരണമെന്നോണം രണ്ടാമത്തെ ലെഖനം വരുന്നത്‌. അതോടെ സംശയങ്ങൾ ഇരട്ടിയായി. ആദ്യത്തെ ലേഖനത്തിൽ താങ്കൾ തന്നെ എഴുതുന്നു “ഇവിടെ ഞാൻ ഹർത്താൽ എന്ന സമരമുറയെ പൂർണ്ണമായും പിന്താങ്ങുവാൻ ശ്രമിക്കുകയല്ല”. ഇതിൽ നിന്നും ഹർത്താലിനെ കണ്ണടച്ച്‌ പിന്താങ്ങുന്നവരുടെ കൂട്ടത്തിൽ അല്ല താങ്കൾ എന്ന്‌ വിശ്വസിക്കട്ടെ. കേരളത്തിലെ ബഹുഭൂരിപക്ഷ ജനങ്ങളും ഈ ഒരു കൂട്ടത്തിൽ പെടുന്നവരായിരിക്കും എന്നാണ്‌ എന്റെ വിശ്വാസം. വ്യാപാരി വ്യവസായികളും, ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ യൂണിയനും ഇപ്പോൾ ഹർത്താലിനെ എതിർക്കുന്നതിലെ ഇരട്ടത്താപ്പിനെയും താങ്കൾ എതിർത്തു കണ്ടു. ഈ സംഘടനകൾ പണ്ടു നടത്തിയിട്ടുളള അനാവശ്യ സമരങ്ങളെ കുറിച്ചും, മനഃപൂർവ്വമാണോ എന്നറിയില്ല, താങ്കളുടെ ലേഖനത്തിൽ പരാമർശമുണ്ട്‌. ഇനി എന്റെ സംശയങ്ങളിലേക്ക്‌ വരാം.

ഹർത്താലിനെതിരെയുളള നേരത്തെ പറഞ്ഞ സംഘടനകളുടെയും മനോരമ പോലുളള പാത്രങ്ങളുടെയും നീക്കങ്ങളും ഉദാഹരണ സഹിതം താങ്കൾ എതിർക്കുകയുണ്ടായല്ലോ? അതുപോലെ ഹർത്താൽ കൊണ്ടു സമീപകാലത്ത്‌ നാം നേടിയെടുത്ത അവകാശങ്ങൾക്കും ചില ഉദാഹരണങ്ങൾ ചൂണ്ടി കാണിക്കാഞ്ഞതെന്താണ്‌? അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പണ്ടു നടന്നിട്ടുളള സമരങ്ങളേയും, നാടിനും നാട്ടാർക്കും വേണ്ടി സ്വന്തം കുടുംബവും ജീവിതവും പണയപ്പെടുത്തിയ സമരനേതാക്കളെയും അഭിമാനത്തോടെ സ്‌മരിച്ചു കൊണ്ടു ചോദിക്കട്ടെ, എന്തിനും ഏതിനും ഹർത്താൽ നടത്തുന്നതിനെ ന്യായീകരിക്കാൻ പഴയ സമരങ്ങളെ കൂട്ടുപിടിക്കുന്നത്‌ ശരിയാണോ? സമീപകാലത്തു നടന്ന ഹർത്താലുകളിൽ എത്രയെണ്ണം ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ ചൊല്ലിയുളളതായിരുന്നു? ഹർത്താലിലൂടെ എത്ര പ്രശ്‌നങ്ങൾക്ക്‌ നാം മറുപടി കണ്ടെത്തി? എല്ലാ സമരങ്ങളും വിജയിക്കണമെന്നില്ല എന്ന സ്ഥിരം ഉത്തരം ആണ്‌ താങ്കൾക്കും നൽകാനുളളതെങ്കിൽ ഒന്നു ചോദിക്കട്ടെ? ഇത്തരം സമരങ്ങളിൽ പലപ്പോഴും ഹർത്താലും അതിനോടനുബന്ധിച്ചു നടക്കുന്ന പൊതുമുതൽ നശിപ്പിക്കലിനും അപ്പുറം ഇക്കൂട്ടത്തിലെ പല സമരങ്ങളും പോകാതിരിക്കുന്നതെന്താണ്‌? ഒരു ഹർത്താലിനും ഒന്നോ അതിലധികമോ ലാത്തിച്ചാർജ്ജുകൾക്കും ശേഷം പിന്നെ മുൻകൈ എടുത്തവർ തന്നെ സമരങ്ങളെ മറക്കുന്നതായി പലപ്പോഴും കാണപ്പെടുന്നതെന്താണ്‌? ഈ പറഞ്ഞതു കൂടാതെ താങ്കൾ തന്നെ പറഞ്ഞുവെച്ച വ്യാപാരി വ്യവസായികളുടെയും ബസ്‌ ഓണേഴ്‌സ്‌ യൂണിയന്റെയും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന്‌ സംഘടനാശേഷി ദുർവിനിയോഗം ചെയ്‌ത സംഭവങ്ങൾ. അപ്പോൾ സമരങ്ങളെയും ഹർത്താലുകളെയും നമുക്ക്‌ 1) ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നവ 2) സംഘടനകളുടെ താല്പര്യം സംരക്ഷിക്കുന്നവ എന്നിങ്ങനെ രണ്ടായി തരം തിരിക്കേണ്ടിവരും. ജനങ്ങൾക്ക്‌ താല്പര്യമില്ലാത്ത&ഗുണമില്ലാത്ത ഒരു ഹർത്താലിനെ പിന്തുണക്കാതിരിക്കാൻ അല്ലെങ്കിൽ എതിർക്കാൻ അവർക്കെന്താണ്‌ ചെയ്യാൻ പറ്റുക? അതിനെതിരെ മറ്റൊരു ഹർത്താലിനാഹ്വാനം ചെയ്യുകയോ?

ലേഖനത്തിന്റെ തുടർന്നുളള ഭാഗത്തിൽ താങ്കൾ ബി.പി.ഒ., ടൂറിസം മുതലായവയെ ഹർത്താലിൽ നിന്ന്‌ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു പറയുന്നുണ്ട്‌. അതിലെ മാനദണ്ഡം എനിക്കു ഒട്ടും മനസ്സിലാക്കാനായില്ല. 24 മണിക്കൂറും പ്രവർത്തിച്ചാലെ പൂർണ്ണതയിലെത്തൂ എന്നതു മാത്രമാണോ അതിനുളള കാരണമായി ചൂണ്ടി കാണിക്കാനുളളത്‌? സാധാരണ മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യംവരെ തടഞ്ഞുകൊണ്ട്‌ നമ്മൾ പ്രതിഷേധിക്കുമ്പോൾ ഈ ഒരു കാരണം പറഞ്ഞു ഈ ഒരു വ്യവസായത്തെ മാത്രം മാറ്റി നിറുത്തുന്നത്‌ ശരിയാണ്‌ എന്നെനിക്ക്‌ തോന്നുന്നില്ല. തുടർന്നു ടൂറിസം വ്യവസായം തകരാതിരിക്കണമെങ്കിൽ, ടൂറിസ്‌റ്റുകളെ ഇതു ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്നും എഴുതി കണ്ടു. ടൂറിസം മേഖലയോട്‌ കാണിക്കുന്ന ആത്മാർത്ഥത മറ്റു മേഖലകളോട്‌ കാണിക്കാത്തതിനുളള കാരണവും അജ്ഞാതം. ഹർത്താൽ അനുഭവിച്ചറിയുന്ന വിദേശികളിൽ മോശമായ ഒരു അഭിപ്രായം രൂപപ്പെടാനും അതുവഴി ഭാവിയിൽ ടൂറിസ്‌റ്റുകളുടെ എണ്ണത്തിൽ സാരമായ കുറവുണ്ടാക്കാനും സാധ്യതയുണ്ട്‌ എന്നു കരുതിയാണ്‌ ഈ നിർദ്ദേശമെങ്കിൽ, ഹർത്താലുകളും അക്രമ സ്വഭാവമുളള സമരങ്ങളും കാരണം കേരളത്തിൽ വരാതിരുന്ന അല്ലെങ്കിൽ കേരളത്തിന്‌ നഷ്‌ടപ്പെട്ട വ്യവസായ തൊഴിലവസരങ്ങളെ കുറിച്ചും, ഏതാണ്ടിതേ പ്രശ്‌നങ്ങൾ കാരണം കേരളത്തിൽ നിന്നും പറിച്ചു മാറ്റപ്പെട്ട വ്യവസായങ്ങളെ കുറിച്ചും രണ്ടു ലേഖനങ്ങളും മൗനം പാലിക്കുന്നതെന്താണ്‌?

ഹർത്താലുകളിൽ പൊതുമുതൽ നശിപ്പിക്കുന്നതിനെ എതിർക്കപ്പെടേണ്ട പ്രവണതയാണെന്ന്‌ പറയുന്നതിനോടൊപ്പം തന്നെ അതിനെ കാൻസർ ചികിത്സയോടുപമിച്ചും കണ്ടു. ശരി തന്നെ. പക്ഷെ, ഒരാൾക്ക്‌ കാൻസറുണ്ട്‌ എന്ന്‌ തിരിച്ചറിഞ്ഞ ഉടനെ ബാധിക്കപ്പെട്ട അവയവം മുറിച്ചു കളയുക എന്നതാണോ അതിന്റെ രീതി? മറ്റു വഴികൾ അടയുന്നു എന്നുറപ്പായ ശേഷമേ ഈ ഒരു രീതിയെക്കുറിച്ചു ചിന്തിക്കുകയുളളൂ. ഇവിടെ രജനി ആത്മഹത്യ ചെയ്‌തു എന്നു കേൾക്കലും സമരമായി, സർക്കാർ വാഹനങ്ങൾ കത്തിക്കലായി. ആത്മഹത്യ ചെയ്യാനിടയാക്കിയ സാഹചര്യമെന്ത്‌, സമരം ചെയ്‌തും പൊതുമുതൽ നശിപ്പിച്ചും നമ്മൾ നേടിയെടുത്തതെന്ത്‌ എന്നീ ചോദ്യങ്ങൾക്കിന്നും ആരുടെ കൈയ്യിൽ ഉത്തരമില്ല.

കഴിഞ്ഞ ലോകസഭാ തിരഞ്ഞടുപ്പിൽ കേരളത്തിൽ നിന്നു ജയിച്ചു കയറിയ 19 പ്രതിപക്ഷ എം.പിമാർ കേരളീയർ ഹർത്താലിന്‌ നൽകിയ നല്ല സർട്ടിഫിക്കറ്റ്‌ ആണ്‌ എന്ന്‌ പറയുന്നത്‌ മലയാളികളെ മൊത്തത്തിൽ അപമാനിക്കലാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. പ്രതിപക്ഷത്തോടുളള മതിപ്പിനേക്കാൾ കൂടുതൽ ഭരണപക്ഷത്തോടുളള എതിർപ്പാണ്‌ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന്‌ പ്രതിപക്ഷം തന്നെ പരോക്ഷമായെങ്കിലും സമ്മതിച്ചിട്ടുണ്ട്‌. നാം മലയാളികളെ സംബന്ധിച്ചിടത്തോളം, അനാവശ്യ സമരങ്ങളെയും, സംഘടനകളുടെ സ്വാർത്ഥതാല്പര്യങ്ങളെയും നാം ഒറ്റപ്പെടുത്തുകയും എതിർക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു എന്നു തന്നെയാണ്‌ എന്റെ വിശ്വാസം. ഞാൻ ആദ്യം പറഞ്ഞപോലെ ഇതെല്ലാം എന്റെ എളിയ ബുദ്ധിയിൽ തോന്നിയ കാര്യങ്ങളാണ്‌. തെറ്റാണെങ്കിൽ തിരുത്തി തരുമെന്ന്‌ പ്രതീക്ഷിക്കുന്നു.

അനീസ്‌, കോഴിക്കോട്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.