പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കാമപൂജ - ഉത്തരകേരളത്തിലെ മഹോൽസവം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ദിനേശൻ കണ്ണപുരം

ലേഖനം

ഉത്തരകേരളത്തിലെ ആചാര-അനുഷ്‌ഠാനകലകളിൽ ഏറെ മുഴച്ചു നിൽക്കുന്നതും പ്രശോഭിക്കുന്നതുമായ തെയ്യോൽസവം പോലെ തന്നെ മഹത്‌വൽക്കരിക്കപ്പെട്ടതും ഭക്തിസാന്ദ്രവുമായ മഹോത്സവമാണ്‌ പൂരോത്സവം.

വസന്തകാല പൂക്കളിൽ പ്രഥമവും സമൃദ്ധവുമായി പ്രകൃതിയൊരുക്കുന്ന ചെടപ്പൂക്കൾ വളളിക്കാടുകളിലും മറ്റും പൂത്തുലഞ്ഞ്‌ നിറഞ്ഞു കിടക്കുമ്പോൾ പൂരത്തിന്റെ വരവ്‌ കൊച്ചുകുട്ടികളുടെ മനസ്സിൽപോലും തട്ടിയുണർത്തുവാൻ തുടങ്ങും.

ചെടപ്പൂക്കൾക്കും ചെമ്പകപ്പൂക്കൾക്കും മുരിക്കിൻപൂക്കൾക്കുമെന്നും പൂരോൽസവ ഐതിഹ്യത്തിൽ സ്ഥാനമില്ലെങ്കിലും പൂരത്തിന്‌ ഈ പൂക്കൾ തന്നെയാണ്‌ ഏറെ പ്രിയം. കാരണം ഈ കാലാവസ്ഥയിൽ ഏറെ ലഭ്യത ഈ പൂക്കൾ തന്നെയാണ്‌.

പണ്ടൊക്കെ കുട്ടികൾ പൂക്കൾ ശേഖരിച്ചിരുന്നത്‌ ചൂരൽ കൊണ്ടും മുളകൊണ്ടും ഓടകൊണ്ടും ഓലകൊണ്ടും മറ്റും ഉണ്ടാക്കിയ ചെറു കൊട്ടകളിലും കുരിയകളിലുമായിരുന്നു. ഗ്രാമീണ സംസ്‌കൃതിയുടെ കൗതുകകരമായ ഈ ഉൽപ്പന്നങ്ങൾ ഇന്ന്‌ പ്ലാസ്‌റ്റിക്‌ കൂടുകൾക്കും മറ്റും വഴിമാറി കൊടുത്തതോടെ പൂരക്കുട്ടികൾ പൂക്കൊട്ടയുമായി പൂക്കൾ ശേഖരിച്ചു നടക്കുന്ന നാടൻ കാഴ്‌ചകൾ നമ്മുടെ ഓർമ്മകളിൽ വരച്ചിട്ട ചിത്രങ്ങളായി തീർന്നിരിക്കുന്നു. പഴയ ശാലീനത ഇന്ന്‌ നഷ്‌ടപ്പെട്ടുപോയെങ്കിലും പൂരോൽസവത്തിന്റെ മാഹാത്മ്യം ഇന്നും വടക്കെ മലബാറുകളിൽ കാത്തുസൂക്ഷിച്ചു വരുന്നുണ്ട്‌.

മീനമാസത്തിലെ കാർത്തികനാളിലാണ്‌ പൂരം തുടങ്ങുക. വീടുകളിലും കാവുകളിലും പൂവിട്ടും പൂവിനു വെളളം കൊടുത്തും പത്തുനാൾ നീണ്ടുനിൽക്കുന്ന കാമദേവപൂജയും അനുബന്ധ അനുഷ്‌ഠാനങ്ങളും പൂരോൽസവമായി അറിയപ്പെടുമ്പോൾ ഈ ആരാധനക്കും ആഘോഷത്തിനും പിന്നിലെ പൗരാണിക കഥ നമ്മിൽ കൗതുകം ജനിപ്പിക്കും.

കാമമെന്ന വാക്കിന്‌ ലൈംഗിക സുഖാനുഭവത്തിനുളള ആഗ്രഹമെന്ന്‌ അർത്ഥം പറയുമ്പോൾ ഇതിലെ പ്രാകൃതമായ ചിന്തയെ തിരസ്‌ക്കരിച്ചുകൊണ്ട്‌ മറ്റനേകം പര്യായങ്ങളിൽ ഏറെ ജ്വലിച്ചു നിൽക്കുന്നതും കാമത്തെ അർത്ഥവത്താക്കുന്നതും പരിശുദ്ധ സ്‌നേഹം തന്നെയാണെന്ന്‌ തിരിച്ചറിയാൻ കഴിയും.

ശിവപാർവ്വതി കൂടിച്ചേരലിനായി കൈലാസനാഥനിൽ സ്‌നേഹമുണർത്താൻ ദേവന്മാർ കാമദേവനെ സമീപിക്കുന്ന ഭാഗം തൊട്ടാണ്‌ പൂരോൽസവത്തിനുളള ഐതിഹ്യകഥ തുടങ്ങുന്നതെന്നു പറയാം.

സതീദേവിയുടെ വിയോഗത്താൽ മനം നൊന്തു തപസ്സിൽ കഴിയുന്ന കൈലാസനാഥനിൽ പാർവതിയെ കുറിച്ചുളള പ്രേമവും വികാരവും ജനിപ്പിക്കാൻ ദേവന്മാരുടെ അഭ്യർത്ഥന മാനിച്ച്‌ കാമദേവൻ ശിവസമക്ഷത്തിലേക്ക്‌ ഗമിക്കുകയും അദ്ദേഹത്തെ ഉണർത്താൻ കാമബാണം പ്രയോഗിക്കുകയും ചെയ്യുന്നു. കാമബാണമേറ്റുണർന്ന ശിവഭഗവാൻ കോപത്താൽ തൃക്കണ്ണു തുറക്കുകയും കാമദേവനെ ഭസ്‌മമാക്കുകയും ചെയ്യുന്നു. കൈലാസനാഥന്റെ തൃക്കണ്ണിലെ അഗ്‌നിയിൽ ദഹിച്ചുപോയ ഭർത്താവിനെ തിരിച്ചു കിട്ടാനായി ഭാര്യ രതീദേവി ശിവഭഗവാനെ തപസ്സു ചെയ്യുന്നു. ഈ തപസ്സിനെ അനുസ്‌മരിച്ചുകൊണ്ടാണ്‌ പൂരോൽസവത്തിന്റെ തുടക്കം. രതീദേവിയുടെ കഠിന തപസ്സിന്‌ പത്താം നാൾ ആഗ്രഹനിർവൃതി ഉണ്ടാകുന്നു. ശിവഭഗവാൻ പ്രത്യക്ഷനായി കാമദേവനെ പൂനർജ്ജനിപ്പിച്ചിരുന്നു.

രതീദേവിയുടെ തപസ്സും ശിവഭഗവാന്റെ അനുഗ്രഹവും കാമദേവന്റെ പുനർജ്ജനനവും ഭക്തിയാർദ്രതയോടെ സ്‌മരിച്ചുകൊണ്ട്‌ പത്തുനാൾ നടത്തുന്ന ആരാധനയാണ്‌ പൂരോൽസവം. വീടുകളിലും കാവുകളിലും പത്തുനാൾ നീണ്ടുനിൽക്കുന്ന കാമാരാധന വടക്കെ മലബാറിൽ മാത്രം കണ്ടുവരുന്ന ഒരു ആരാധനാ ഉൽസവമാണ്‌. കണ്ണൂർ ജില്ലയിലും കാസർഗോഡ്‌ ജില്ലയിലെ നീലേശ്വരം വരെയുളള പ്രദേശങ്ങളിലുമാണ്‌ പ്രധാനമായും പൂരോൽസവം കൊണ്ടാടുന്നത്‌. വീടുകളിലേയും കാവുകളിലേയും കിണറിനരികിലാണ്‌ കാർത്തികനാളിൽ പൂവിട്ടു പൂവിനു വെളളം കൊടുത്തും കാമാരാധന തുടങ്ങുക. കാമദേവനെ സ്വീകരിക്കുന്ന സങ്കല്പമാണ്‌ പൂവിടൽ. കാമദേവന്റെ പുനർജ്ജനനത്തിനു വേണ്ടിയുളള സങ്കല്പമാണ്‌ പൂവിന്‌ വെളളം കൊടുക്കൽ. കാമനെ ഉണ്ടാക്കുകയും പൂവിടുകയും പൂവിന്‌ വെളളം കൊടുക്കുകയും ചെയ്യുന്ന വ്രതമെടുത്ത കൊച്ചുകുട്ടികളെ പൂരക്കുട്ടികളെന്നാണ്‌ വിളിക്കുക. കാർത്തികനാളിൽ കിണറിനരികിൽ പൂവിടൽ തുടങ്ങിയാൽ നാലാംനാൾ തൊട്ട്‌ വീടിന്റെ പൂമുഖത്തെ മുറ്റത്ത്‌ ചാണകം മെഴുകി ചാണകം കൊണ്ടു തന്നെ കാമനെ ഉണ്ടാക്കി ആരാധന തുടരും. ശുദ്ധിയുടെ പ്രതീകമായിട്ടാണ്‌ ചാണകത്തെ കാണുന്നത്‌. ചില സമുദായക്കാർ മൂന്നും മറ്റ്‌ ചിലർ അഞ്ചും ചാണോ കാമനെ ഉണ്ടാക്കി വീട്ടുമുറ്റത്ത്‌ പൂവിട്ട്‌ ആരാധിക്കുന്നതു കാണാം. മൂന്നു ചാണോകാമനെ ഉണ്ടാക്കി ആരാധിക്കുന്നവരുടെ സങ്കല്പം ശിവഭഗവാൻ, പാർവതീദേവി, ഗണപതി എന്നിങ്ങനെയാണെങ്കിൽ അഞ്ചു ചാണോകാമനെ ഉണ്ടാക്കി ആരാധിക്കുന്നവരുടെ സങ്കല്പം ശിവഭഗവാൻ, പാർവതീദേവി, ഗണപതി, കാമദേവൻ, രതീദേവി എന്നിങ്ങനെയാണ്‌. കാമപൂജയുടെ പത്താംനാൾ ഉണ്ടാക്കുന്ന മൺകാമൻ ഭൗതികരൂപത്തിലേക്ക്‌ എത്തുന്നതിന്റെ പ്രതീകമായിട്ടാണ്‌ കരുതുന്നത്‌. പൂരക്കുട്ടികൾ വ്രതം തുടങ്ങിക്കഴിഞ്ഞാൽ പത്തുനാൾവരെ ദിവസവും ഒറ്റനേരം മാത്രമേ ഭക്ഷണം കഴിക്കാൻ പാടുളളുവെന്നും മൽസ്യമാംസങ്ങളും പഴകിയ ഭക്ഷണസാധനങ്ങളും പൂർണ്ണമായും വർജ്ജിക്കണമെന്നുമാണ്‌ നിബന്ധന. ചിലയിടങ്ങളിൽ പൂരക്കുട്ടികൾ പഴം തേച്ചു കുളിക്കുന്ന ചടങ്ങും. നിലവിലുണ്ടത്രെ. മേനിയുടെ മൃദുലതയും ശുദ്ധതയുമാണ്‌ ഇതിനുപിന്നിലെ ഭക്തിവിചാരം. പൂരക്കുട്ടികൾ വ്രതം അവസാനിപ്പിക്കുന്നത്‌ പൂരക്കഞ്ഞി കുടിച്ചാണ്‌. ഇതും ആയുരാരോഗ്യം ഉദ്ദേശിച്ചുതന്നെ. പത്താംനാൾ സന്ധ്യയോടെ കാമനെ വീട്ടിനടുത്തുളള പ്ലാവിന്റെ കീഴെ കൊണ്ടാക്കുന്നു. പ്ലാവ്‌, പാല, ആല്‌, അരയാല്‌ തുടങ്ങിയ പാലുളള വൃക്ഷങ്ങളുടെ കീഴിലെ കാമനെ കൊണ്ടാക്കാൻ പാടുളളൂ. കാരണം കാമരസത്തിന്റെ (ബീജസങ്കല്പം) പ്രതീകമായിട്ടാണ്‌ ഇത്തരം പാലുളള വൃക്ഷങ്ങളെ തെരഞ്ഞെടുക്കുന്നതത്രെ. മറ്റൊന്ന്‌ കാമന്‌ കൊടുക്കാൻ ഉപ്പില്ലാതെ അപ്പം ഉണ്ടാക്കുമെന്നതാണ്‌. ഇത്‌ നിവേദ്യസങ്കല്പമാണ്‌. ഒപ്പം മധുരം ചേർത്തുളള പൂരടകളും വീടുകളിൽ ഉണ്ടാക്കും. അരിമാവ്‌ കുഴച്ചെടുത്ത്‌ ഒരു കോഴിമുട്ടയുടെ ഇരട്ടിവലിപ്പത്തിൽ അകം പൊളളയായി ഉരുട്ടി എടുത്ത്‌ ഉളളിൽ തേങ്ങ ചിരണ്ടിയതും വെല്ലവും ചേർത്ത്‌ മൂപ്പിച്ച കൂട്ട്‌ നിറച്ച്‌ പ്ലാവിലകൊണ്ട്‌ ചുറ്റി ആവിയിൽ പുഴുങ്ങിയെടുക്കുന്ന പലഹാരമാണ്‌ പൂരട. ഓണത്തിനെന്നപോലെ വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി കഴിക്കുന്നവരും ചിലയിടങ്ങളിലുണ്ട്‌.

രതീദേവിയുടെ പ്രാർത്ഥനയാണ്‌ കാവുകളിലെ പൂരോൽസവം. പൂരംകളി അർത്ഥമാക്കുന്നത്‌ വ്രതം തീർത്ത്‌ കാമദേവനെ സ്വീകരിക്കുന്ന സങ്കല്പമായിട്ടാണ്‌. കാമദേവൻ പുനർജ്ജനിച്ച ശേഷം അപ്‌സരസ്സുകൾ നടത്തുന്ന ആഘോഷത്തിന്റെ പ്രതീകമാണ്‌ പൂരക്കളി. അപ്‌സരസ്സുകളുടെ ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ വാഗ്‌വാദത്തിന്റെ സങ്കല്പമായിട്ടാണ്‌ പിന്നീട്‌ മറത്തുകളി രൂപപ്പെട്ടത്‌. പൂരോൽസവത്തിനു മാറ്റുകൂട്ടുന്ന രണ്ട്‌ പ്രധാന ഇനങ്ങളാണ്‌ പൂരക്കളിയും മറത്തുകളിയും. പൂരക്കളിയുടെ താളവും മറത്തുകളിയുടെ വിജ്ഞാനരസവും കാവുകളിൽ നിറയുമ്പോൾ നമ്മുടെ കൊച്ചുകുട്ടികൾ പോലും അവരുടെ ഭാവനയിൽ പാട്ടുകൾ രചിച്ചു പാടാറുണ്ട്‌.

കൊച്ചുകുട്ടികളുടെ നിഷ്‌കളങ്കമായ പാട്ടുകളിൽ ചിലതിങ്ങനെയാണ്‌.

പൂരം വന്നു.

പൂക്കൾ വിരിഞ്ഞു

പൂരക്കുട്ടികൾ പുത്തടുത്തു

പൂമുറ്റത്തുകാമനിരുത്തി

പൂക്കുടചൂടി പുഞ്ചിരിച്ചു.

പൂത്തിരി കത്തി പൂക്കളിട്ടു.

പൂരക്കുട്ടികൾ പൂജ നടത്തി

പൂരപ്പാട്ടും പൂരക്കളിയും

പൂമാലക്കാവിൽ പൊടിപൂരമായി.

ദിനേശൻ കണ്ണപുരം

പ്രീതിലതാസദനം, പി.ഒ.മൊട്ടമ്മൽ, കണ്ണൂർ - 670 331.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.