പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ശ്രീ മുത്തപ്പൻ - പുരാവൃത്തവും അനുഷ്‌ഠാന ശബ്‌ദതാരാവലിയും ലിപിവിന്യാസവും - 1

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

ദ്രാവിഡഭാഷകളുടെ മൂലരൂപമായ ആദിദ്രാവിഡത്തിന്‌ സ്വന്തമായ ലിപിവ്യവസ്ഥ ഉണ്ടായിരുന്നു. ഇവയിൽ നിന്നും രൂപപ്പെട്ട വട്ടെഴുത്ത്‌, കോലെഴുത്ത്‌, ഗ്രന്ധാക്ഷരംതുടങ്ങിയ ലിപിഭേദങ്ങളിലൂടെയാണ്‌ തമിഴ്‌-മലയാളം ലിപികൾ പരിണാമവിധേയമായത്‌. അച്ചുകളിൽ വാർത്തുതുടങ്ങിയപ്പോഴാണ്‌ മലയാളലിപികൾ ആധുനികരൂപം കൈവരിച്ചത്‌. അടുത്തകാലത്ത്‌ വർത്തമാനപത്രങ്ങൾ അച്ചടി പരിഷ്‌കരിച്ചപ്പോഴും അക്ഷരങ്ങളിൽ മാറ്റമുണ്ടായി. ഇൻഫർമേഷൻ ടെക്‌നോളജിയുടെ വ്യാപനത്തോടെ ഇപ്പോൾ മുഴുവൻ ലോകഭാഷകളുടെയും ലിപികളെ മാനകീകരിച്ച്‌ യൂനികോഡ്‌ നിലവിൽ വന്നിരിക്കുകയാണ്‌. ശബ്‌ദകോശങ്ങളിലെ അക്ഷരമാലാക്രമവും ഇതോടൊപ്പം മാനകികരിക്കേണ്ടതുണ്ട്‌.

മലയാള ഭാഷയിലെ ആദ്യത്തെ ആധികാരിക ശബ്‌ദകോശം ശ്രീകണ്‌ഠേശ്വരം പത്മനാഭപ്പിള്ളയുടെ ശബ്‌ദതാരാവലിയാണല്ലോ. ജൈവഭാഷയിൽ രചിക്കപ്പെടുന്ന നിഘണ്ടുക്കൾ ഒരിക്കലും സമ്പൂർണ്ണതയിലെത്തുന്നില്ലെന്ന്‌ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്‌. ഒരു ജീവിതകാലം മുഴുവൻ പദസമ്പാദനത്തിനായി ഉഴിഞ്ഞുവെച്ചുകൊണ്ടാണ്‌ ശ്രീകണ്‌ഠേശ്വരം ശബ്‌ദതാരാവലി പൂർത്തിയാക്കിയത്‌. തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ നിർമ്മാണം തുടങ്ങി അൻപത്തിഎട്ടാം വയസ്സിൽ മലയാളപദങ്ങളുടെ ആ ഗാലക്‌സി അദ്ദേഹം ഭാഷയ്‌ക്കു സമർപ്പിച്ചു.

ഭാഷയിൽ ആദ്യമായി ഒരു നിഘണ്ടു രൂപപ്പെടുമ്പോൾ അതോടൊപ്പം ഒരു അക്ഷരമാലാക്രമവും രൂപപ്പെടുന്നുണ്ട്‌. ശ്രികണ്‌ഠേശ്വരം ശബ്‌ദതാരാവലിക്കു രൂപംകൊടുത്തിട്ടുള്ളത്‌ മലയാള ഭാഷയിൽ അതേവരെ നിലനിന്നിരുന്ന അക്ഷരമാലാക്രമത്തെ അഴിച്ചുപണിഞ്ഞുകൊണ്ടാണ്‌. അക്ഷരമാലാക്രമത്തെ അപേക്ഷിച്ച്‌ പദഘടനയ്‌ക്ക്‌ പ്രാധാന്യം നൽകിക്കൊണ്ടാണ്‌ അദ്ദേഹം നിഘണ്ടുവിൽ വാക്കുകൾ വിന്യസിച്ചിട്ടുള്ളത്‌. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘ചുവരുണ്ടായാൽ ചിത്രമെഴുതാൻ പ്രയാസമില്ലല്ലോ.’ ശബ്‌ദാതാരാവലിക്കു പിറകെ വന്ന നിഘണ്ടുകാരൻമാരെല്ലാം പദവിന്യാസത്തിന്‌ ശബ്‌ദത്താരാവലിയെ അതേപടി അനുകരിക്കുകയാണ്‌ ചെയ്‌തിട്ടുള്ളതെന്നു കാണാം. ഡി സി യുടെ ശബ്‌ദസാഗരവും മലയാളം-ഇംഗ്ലീഷ്‌നിഘണ്ടുവും ഇതിൽനിന്നു വ്യത്യസ്‌ഥമല്ല.

ശ്രീകണ്‌ഠേശ്വരത്തിന്റെ മരണശേഷം ശബ്‌ദതാരാവലി സമഗ്രമായി പരിഷ്‌കരിച്ച്‌ 1952-ൽ നാലാം പതിപ്പ്‌ പുറത്തിറക്കിയത്‌ അദ്ദേഹത്തിന്റെ പുത്രനായ പി. ദാമോദരൻനായരാണ്‌. 1964-ൽ ആദ്യത്തെ എസ്‌.പി.സി.എസ്‌. പതിപ്പ്‌ പുറത്തുവന്നു. 2010വരെ 30 പതിപ്പുകൾ എസ്‌.പി.സി.എസ്‌. പുറത്തിറക്കിയിട്ടുണ്ട്‌. ശ്രീകണ്ഠേശ്വരത്തിന്റെ നിര്യാണത്തിനുശേഷം 64 വർഷം പൂർത്തിയായെങ്കിലും ആദ്യമായാണ്‌ മറ്റുപ്രസാധകരും ശബ്‌ദതാരാവലി പുറത്തിറക്കാൻ മുന്നോട്ടുവരുന്നത്‌.

ശബ്‌ദതാരാവലി നോക്കുന്നവരെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത്‌ അക്ഷരമാലാക്രത്തിൽ അനുസ്വാരപദങ്ങളുടെ വിന്യാസമാണ്‌. നാലാം പതിപ്പിന്റെ പരിഷ്‌കർത്താവുതന്നെ മുഖവുരയിൽ ഇതു സൂചിപ്പിച്ചിട്ടുണ്ട്‌. “ മലയാളഭാഷയിൽ പദങ്ങൾ അക്ഷരക്രമത്തിൽ ശരിയായി അടുക്കുക എന്നത്‌ ക്ഷിപ്രസാദ്ധ്യമായ കാര്യമല്ല. അക്ഷരക്രമമോ പദഘടനയോ മനസ്സിലാക്കാതെ ആരെങ്കിലും ഒരു പദം നോക്കുകയും നോക്കുന്നിടത്തു കണ്ടില്ലെങ്കിൽ അതു നിഘണ്ടുവിലില്ലെന്ന്‌ നിശ്ചയിക്കുകയും ചെയ്യുന്നത്‌ കേവലം സാഹസമാണ്‌. ‘അനംഗൻ’ ‘അനംബരൻ’ എന്നീ പദങ്ങളിലെ അനുസ്വാരം രണ്ടും രണ്ടാണ്‌ ആദ്യത്തേതു ‘ങ’ കാരവും രണ്ടാമത്തേതു ‘മ’ കാരവുമാണ്‌.” - മൃദുവായ സഹിഷ്‌ണുതയുടെ സ്വരത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും പിന്നീടുവന്ന പരിഷ്‌കരിച്ച പതിപ്പുകളിലൊന്നും പദങ്ങൾ കൂട്ടിച്ചേർക്കുകയല്ലാതെ അടിസ്‌ഥാനപരമായ ന്യൂനതകൾ പരിഹരിക്കാൻ ശ്രമമുണ്ടായിട്ടില്ല.

പദഘടനയനുസരിച്ചുള്ള ലിപിവിന്യാസത്തിൽ വാക്കുകളുടെ മൂലരൂപത്തിനാണ്‌ പ്രാധാന്യം കൈവരുന്നത്‌. അനുസ്വാരങ്ങളെ ‘ങ’ കാരാനുസ്വാരം, ‘ന’ കാരാനുസ്വാരം, ‘മ’ കരാനുസ്വാരം എന്നിങ്ങനെ പദഘടനയനുസരിച്ച്‌ വിഭജിച്ചാണ്‌ ശബ്‌ദതാരാവലിയിൽ വാക്കുകൾ ക്രമീകരിച്ചിട്ടുള്ളത്‌. ക്ഷ, ‘ക’ കാരത്തോടൊപ്പവും ൽ, ‘ത’ കാരമായും ‘ല’ കാരമായും വിഭജിച്ചും ചേർത്തിരിക്കുന്നു. അക്ഷരങ്ങളെ ഇങ്ങനെ പദഘടനയനുസരിച്ച്‌ ഭിന്നിപ്പിച്ചിരിക്കുന്നതിനാൽ അനുസ്വാരചിഹ്നം വരുന്ന വാക്കുകൾ ചിതറപ്പെട്ട നിലയിലാണ്‌ നിഘണ്ടുവിൽ കാണാൻ കഴിയുക.

ശബ്‌ദതാരാവലി നോക്കുന്ന സാധാരണക്കാരന്‌ വാക്കുകൾ തിരയുമ്പോൾ പദഘടന മനസ്സിൽവെച്ചുകൊണ്ട്‌ പേജുകളുടെ വ്യത്യാസത്തിൽ പദങ്ങൾ തിരയേണ്ടിവരുന്നു. ഉദാഹരണത്തിന്‌ ‘അ’ കാര ത്തിൽ വരുന്ന ‘അംശം’ മുതൽ ‘അംഹ്രി’ വരെയുള്ള പദങ്ങൾ ആരംഭത്തിൽത്തമന്ന കൊടുത്തിരിക്കുമ്പോൾ ‘അംഗം’ മുതലുളള ‘ങ’ കാരാനുസ്വാരപദങ്ങൾ ‘അങ്ക്യം’ എന്ന വാക്കിനുശേഷവും (എട്ടാംപതിപ്പ്‌ പേജ്‌ 58) ‘മ’ കാരത്തിൽവരുന്ന ‘അംബ’ മുതലുള്ള പദങ്ങൾ ‘അമ്പോറ്റി’ എന്ന വാക്കിനുശേഷവും (പേജ്‌ 181) ചേർത്തിരിക്കുന്നതുകാണാം. അംബയെ കണ്ടെത്തണമെങ്കിൽ ഭകാരവും കഴിഞ്ഞ്‌ മകാരത്തിലെത്തണം. നിഘണ്ടുനോട്ടക്കാരനെ സംബന്ധിച്ചിടത്തോളം വള്ളി, പുള്ളി തുടങ്ങിയ ചിഹ്നങ്ങൾ പോലെ അനുസ്വാരവും ഒരു ചിഹ്നമായിട്ടാണ്‌ ദൃശ്യമാവുന്നത്‌. അതിനാൽ അക്ഷരമാലാക്രമത്തിൽ പദങ്ങൾ വിന്യസിക്കുമ്പോൾ ദൃശ്യരൂപത്തിന്‌ പ്രാമുഖ്യം നൽകിയാലാണ്‌ എളുപ്പം ‘കണ്ടെത്താൻ’ കഴിയുക. പദഘടനയെ അടിസ്‌ഥാനമാക്കി വാക്കുകൾ അടുക്കിയിരിക്കുന്നതിനാലാണ്‌ അവതാരികാകാരൻ ചൂണ്ടിക്കാട്ടിയതുപോലെ ചില പദങ്ങൾ നിഘണ്ടുവിലില്ലെന്ന പരാതിയുണ്ടായത്‌. പരിഷ്‌കർത്താക്കൾ ശ്രദ്ധിക്കുകയാണെങ്കിൽ പുതിയ പതിപ്പിൽ ഈ പ്രശ്‌നം എളുപ്പം പരിഹരിക്കാവുന്നതേയുള്ളു.

മലയാളം അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ പരിശോധിച്ചാൽ ‘അ’ യിൽത്തുടങ്ങി ‘ഔ’ വിനുശേഷമാണ്‌ അനുസ്വാരചിഹ്നസ്‌ഥാനമായ ‘അം’ വരുന്നത്‌. സ്വാരാക്ഷരങ്ങൾ ‘അ’ മുതൽ ‘അം അഃ’ എന്നാണ്‌ അവസാനിക്കുന്നതെങ്കിലും ശബ്‌ദതാരാവലിയുടെ ആരംഭത്തിൽക്കൊടുത്ത അക്ഷരമാലയിൽ ‘അം. അഃ’ ഭാഗം വിട്ടുകളഞ്ഞതായി കാണാം. പണ്ടുകാലത്ത്‌ നാമജപത്തോടൊപ്പം ഗുണനപ്പട്ടികയും ‘ക കാ കി കീ.... എന്നിങ്ങനെ അക്ഷരമാലയും ഉരുവിട്ടുപഠിക്കുന്ന കുഞ്ഞുങ്ങളുടെ വായ്‌ത്താരിയിൽ മുഖരിതമാവുന്ന ഗ്രാമസന്ധ്യകൾ ഗൃഹാതുരസ്‌മരണകൾ മാത്രമായി. അക്ഷരമാല ചൊല്ലിപ്പഠിച്ചപ്രകാരം ഔ, അം അഃ ക്രമത്തിൽ ’കൗ, കം, ക‘ എന്നരീതിയിൽ നിഘണ്ടുവിൽ അനുസ്വാരങ്ങൾ ക്രമീകരിച്ചിരുന്നെങ്കിൽ അവ ചിതറിപ്പോകുന്നത്‌ ഒഴിവാക്കാമായിരുന്നു.

എന്നാൽ ഏറ്റവും സൗകര്യപ്രദമായ മാർഗം അക്ഷരത്തിന്റെ ആരംഭത്തിൽത്തന്നെ അനുസ്വാരം വരുന്ന പദങ്ങളെല്ലാം ഉൾപ്പെടുത്തുക എന്നതാണ്‌. അക്ഷരക്രമത്തിൽ പദങ്ങൾ ’അം,കം,തം‘- എന്ന രീതിയിൽ ആരംഭിക്കാം. സ്വരാക്ഷരങ്ങൾ ’അം‘ കഴിഞ്ഞ്‌ ’അ‘ വീണ്ടും തുടങ്ങുന്നതിനാൽ ഈ രീതിയിൽ പദങ്ങൾ ക്രമീകരിക്കുന്നത്‌ ഏറ്റവും ഉചിതമാണുതാനും. ശ്രീകണ്‌ഠേശ്വരംതന്നെ ശബ്‌ദതാരാവലിയുടെ ആരംഭത്തിൽ ഈ രീതി സ്വീകരിച്ചിരിക്കുന്നതുകാണാം ’അ‘ കാരത്തിൽ നിഘണ്ടു ആരംഭിക്കുമ്പോൾത്തന്നെ ’അംശം‘ (’മ‘ കാരാനുസ്വാരം) മുതൽ ’അംഘ്രീ (‘ങ’ കാരാനുസ്വാരം) വരെയുള്ള പദങ്ങൾ കൊടുത്തിട്ടുണ്ട്‌. നിഘണ്ടുനിർമ്മാണത്തിന്റെ ആരംഭഘട്ടത്തിൽ അനുസ്വാരങ്ങളെ പദഘടനയനുസരിച്ച്‌ വിഭജിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ലെന്നാണ്‌ ഇതു കാണിക്കുന്നത്‌. ഹിന്ദിഭാഷാനിഘണ്ടുക്കൾ വാക്കുകൾ അനുസ്വാരത്തിൽ തുടങ്ങുന്ന ഈ രീതിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.

ഉച്ചരിക്കുന്ന ശബ്‌ദങ്ങൾ അതേപടി അക്ഷരപ്പെടുത്തിയതാണ്‌ ഇന്തോ-ആര്യൻ, ദ്രാവിഡ ഭാഷകളിലെ അക്ഷരമാലാക്രമം. ഇംഗ്ലീഷ്‌ അടക്കമുള്ള റോമൻ അക്ഷരമായിൽ സ്വരാക്ഷരങ്ങൾ (vowels) അതേപടി ചേർത്താണ്‌ ഉച്ചാരണം രൂപപ്പെടുത്തുന്നത്‌. എന്നാൽ ആര്യദ്രാവിഡ ഭാഷകളിൽ സ്വരചിഹ്നങ്ങളാണ്‌ ഉപയോഗിക്കുന്ന്‌. അതിനാൽ എഴുതുന്ന അതേപോലെത്തന്നെ വായിക്കാൻ കഴിയും എന്നത്‌ ഈ ഭാഷകളുടെ നേട്ടമാണ്‌. സ്വരങ്ങളും വ്യഞ്ജനങ്ങളും ചിഹ്നങ്ങളുമൊക്കെയായി ടൈപ്പുകളുടെ എണ്ണം കൂടുമെന്നത്‌ ഒരു പോരായ്‌മയുമാണ്‌. അതിനാൽത്തന്നെ ഭാഷയുടെ ആൽഫാബിറ്റിക്‌ ഓർഡർ മാനകീകരിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

യൂനികോഡിൽ മറ്റുചിഹ്നങ്ങൾക്കെന്നപോലെ അനുസ്വാരത്തിനും സ്വതന്ത്രമായ കീയുണ്ട്‌. ഐ.എസ്‌.എം. കീബോർഡിൽ ‘ൽ’ ‘ല’ കാരത്തോടുചേർന്നും ‘ക്ഷ’ ‘ക’ കാരത്തോടുചേർന്നുമാണ്‌ വരുന്നത്‌. (കേരളാഗവർമെന്റ്‌ അംഗീകരിച്ച ടൈപ്പ്‌റൈറ്റർ യുഗത്തിനുമാത്രം പാകമാവുന്ന മലയാളം കീബോർഡ്‌ ഇന്ന്‌ ആരും ഉപയോഗിക്കുന്നില്ല. വിജ്ഞാനകൈരളിക്കുപോലും വേണ്ടാത്ത ഈ ലിപിവൈകൃതം ഇനിയെങ്കിലും പിൻവലിക്കണമെന്നാണ്‌ എന്റെ വിനീതമായ അഭിപ്രായം) ശബ്‌ദതാരാവലി പരിഷ്‌ക്കരണം സംബന്ധിച്ച്‌ വിശദമായ നിർദ്ദേശം ഡീ സീയുടെയും എസ്‌.പി.സി. എസ്സിന്റെയും നിഘണ്ടുപരിഷ്‌കരണക്കമ്മറ്റിക്ക്‌ ഈ ലേഖകൻ എഴുതി സമർപ്പിച്ചിരുന്നു. കമ്പ്യൂട്ടർ മോണിറ്ററിൽ രണ്ടു പേജുകൾ ഒരേസമയം ഡിസ്‌പ്‌ളേചെയ്‌ത്‌ ‘സെലക്‌ട്‌-കട്ട്‌-പെയ്‌സ്‌റ്റ്‌’ രീതിയിൽ അനുസ്വാരപദങ്ങൾ പദാരംഭത്തിൽ സ്‌ഥാപിക്കുന്നത്‌ അസാദ്ധ്യമായ ജോലിയൊന്നുമല്ല. അക്ഷരമാലാക്രമം അറിയാവുന്ന രണ്ടുപേർ പരിശ്രമിച്ചാൽ ഇത്‌ എളുപ്പം സാധിക്കാവുന്നതേയുള്ളു.

മലയാളഭാഷയിൽ കമ്പ്യൂട്ടർ യുഗത്തിനുകൂടി യോജിക്കുന്ന വിധം ശാസ്‌ത്രീയമായ ഒരു അക്ഷരമാലാക്രം രൂപപ്പെടുത്താനുള്ള അസുലഭമായ അവസരമാണ്‌ ശബ്‌താരാവലിയുടെ പരിഷ്‌കരണത്തിലൂടെ കൈവന്നിരിക്കുന്നത്‌. മലയാളഭാഷയെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികാരികമായ നിഘണ്ടു ശബ്‌ദതാരാവലിതന്നെയാണല്ലോ- മറ്റെല്ലാ നിഘണ്ടുക്കളും ശബ്‌ദതാരാവലിയുടെ പിറകെ വന്നുകൊള്ളും എന്നതാണ്‌ അനുഭവം. കേവലം പദങ്ങൾ കൂട്ടിച്ചേർക്കുന്നതിലുപരിയായി ശാസ്‌ത്രീയമായ പരിഷ്‌ക്കരണത്തിനു വിധേയമാക്കിയ ഒരു എഡീഷനാണ്‌ വിദ്യാർത്ഥികളും ഭാഷാകുതുകികളും കച്ചവടതാത്‌പര്യത്തിനുപരിയായി മലയാളഭാഷയെ സ്‌നേഹിക്കുന്ന പ്രതിബിബം. ചരിത്രവസ്‌തുതകൾ ഒരു കൂട്ടായ്‌മയുടെ മാനസികതലത്തിൽ അതീതയാഥാർത്ഥ്യമായി ആദർശവല്‌ക്കരിക്കപ്പെടുമ്പോഴാണല്ലോ മിത്തുകൾ രൂപംകൊള്ളുന്നത്‌. അഭൗമപരിവേഷമണിഞ്ഞതെങ്കിലും ഗോത്രസ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതീകാത്മകസാക്ഷാത്‌കാരത്തിനുള്ള ഉപകരണമായി അവ നിലനിൽക്കുന്നു.

തെയ്യങ്ങൾ ദൈവികസങ്കല്‌പത്തിന്റെ പ്രതിരൂപമല്ല. സ്വരൂപം തന്നെയാണെന്ന്‌ കാണാൻ പ്രയാസമില്ല. പ്രതിരൂപത്തെ സ്വരൂപത്തിലേയ്‌ക്ക്‌ പരിവർത്തനം ചെയ്യുന്ന ഭ്രമാത്മകപ്രപഞ്ചമാണത്‌. മനുഷ്യകായത്തിന്റെ വേഷപ്പകർച്ചകൊണ്ടുള്ള അതിശയവത്‌കരണം ഇത്രത്തോളം ദൃശ്യമാവുന്ന മറ്റൊരു കലാരൂപം ലോകത്തെവിടെയും കാണാൻ കഴിയില്ല. ഉത്തരകേരളത്തിൽ ആര്യവും വൈദികവുമായ ആദ്ധ്യാത്മികസംസ്‌ക്കാരത്തിനു സമാന്തരമായി അവൈദികമായ ദ്രാവിഡസംസ്‌ക്കാരത്തിന്റെ തനിമ അടയാളസമൂഹം നിലനിർത്തിപ്പോന്നത്‌ തെയ്യം അനുഷ്‌ഠാനങ്ങളിലൂടെയായിരുന്നു. അടിച്ചമർത്തപ്പെട്ടവന്റെ ഉയിർത്തെഴുന്നേൽപ്പുകളുടെയും പോരാട്ടങ്ങളുടെയും വീരഗാഥകളാണ്‌ തെയ്യംകഥകൾ. അമർഷത്തിന്റെയും പ്രതികാരത്തിന്റെയും ഉപാധിയും പരിഹാരവുമായി അവ നിലനിന്നുപോന്നതും അതുകൊണ്ടുതന്നെ. ചരിത്രവസ്‌തുതകളുടെയും ഭ്രമകല്‌പനകളുടെയും സമ്മിശ്രരൂപം മുത്തപ്പൻ അനുഷ്‌ഠാനങ്ങളിലും നമുക്കു ദർശിക്കാം.

സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

പി.ഒ കുറ്റിക്കോൽ, തളിപ്പറമ്പ്‌ - 670141, കണ്ണൂർ ജില്ല.


Phone: 9495723832
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.