പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ലോകം ലോകകപ്പിലേക്ക്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എൻ.എസ്‌. നിസാർ

ലേഖനം

പന്തുകളിയുടെ പുൽമൈതാനത്തിലിനി പോരിശയാർന്ന പോരാട്ടങ്ങളുടെ കാലം. നാല്‌ സംവൽസങ്ങളായി ലോകം സ്വരുക്കൂട്ടിവെച്ച കിനാവുകളിലേക്കിന്ന്‌ പന്തുരുളുകയാണ്‌. അതിരുകൾ അലിഞ്ഞില്ലാതാവുന്ന ഈ ആവേശക്കാഴ്‌ചകളെ നെഞ്ചേറ്റു വാങ്ങാൻ ജർമനിയിലെ 12 പോരിടങ്ങൾ സുസജ്ജമായിക്കഴിഞ്ഞു.

കാത്തിരിപ്പിന്റെ നാളുകളെണ്ണി ഈ ആമോദക്കാഴ്‌ചകൾക്ക്‌ ആറ്റുനോറ്റിരുന്ന കോടാനുകോടി ജനങ്ങളുടെ ഹൃത്തടങ്ങളിലൂടെ ഒരുപാട്‌ സ്വപ്‌നങ്ങൾ കൊരുത്തുവെച്ച ആ പന്ത്‌ ഉൾപ്പുളകമായി ഒഴുകിയിറങ്ങും.

വെളളിയാഴ്‌ച ഇന്ത്യൻ സമയം രാത്രി 9.30ന്‌ മ്യൂണിക്കിൽ ആതിഥേയരായ ജർമനി കോസ്‌റ്ററിക്കയുമായി കൊമ്പു കോർക്കുന്നതോടെ ഒരു മാസക്കാലത്തേക്ക്‌ ലോകത്തിന്റെ വർത്തമാനങ്ങൾ മുഴുവൻ കാൽപ്പന്തുകളിയെ ചുറ്റിപ്പറ്റിയാവും. ജൂലൈ 9-ന്‌ തലസ്ഥാന നഗരിയായ ബർലിനിൽ രാത്രി 11.30ന്‌ തുടങ്ങുന്ന കലാശപ്പോരാട്ടം കത്തിത്തീരും വരെ ഭൂഗോളം മുഴുവൻ ആ പ്രഭാപൂരത്തിലലിയും.

ലോകം അത്രമേലിഷ്‌ടപ്പെടുന്ന കളിയുടെ പതിനെട്ടാമത്തെ പെരുംപോരാട്ടങ്ങൾക്കാണ്‌ ജർമനി അരങ്ങൊരുക്കുന്നത്‌. ആഗോള ജനത കളിയുടെ കുടക്കീഴിലേക്ക്‌ മാത്രമായി ചുരുങ്ങുന്ന പുൽത്തകിടിയിലെ ഈ കൊയ്‌ത്തുൽസവത്തിൽ നിറവാർന്ന പ്രതീക്ഷകളുമായി 32 പടയണികൾ സ്വപ്‌നങ്ങളുടെ വിളവെടുപ്പിനിറങ്ങും. യോഗ്യതാ മൽസരങ്ങളുടെ പൊളളുന്ന പോരാട്ടങ്ങൾ അതിജയിച്ചെത്തുന്ന ഈ നിരകളിൽ ഉന്നം പിടിക്കാനും നിലതെറ്റിക്കാനും അടിതടവുകളേറെ പഠിച്ചെത്തുന്ന 736 രണവീരൻമാരാണ്‌ പടക്കിറങ്ങുന്നത്‌. തടുത്തും തൊടുത്തും 64 തകർപ്പൻ പോരാട്ടങ്ങൾ. കിനാവുകൾ പൂക്കുകയും കൂമ്പടയുകയും ചെയ്യുന്ന ഈ ആവേശങ്ങൾക്കൊടുവിൽ കപ്പു നേടുന്ന കരുത്തരാരെന്ന ചോദ്യത്തിലേക്കാണിനി പന്തിന്റെ നിലതെറ്റിക്കുന്ന ഗതി വിഗതികളോരോന്നും.

ഏഷ്യയിൽ കഴിഞ്ഞ തവണ നടന്ന പെരുങ്കളിയാട്ടത്തിൽ ലോകത്തിന്റെ നെറുകയിലേറിയ ബ്രസീൽനിര കപ്പു കാക്കുമെന്ന്‌ കരുതാനാണ്‌ ആളുകളേറെ. ആധുനിക ഫുട്‌ബോളിലെ അനിഷേധ്യ താരമായ റൊണാൾഡീന്യോയുടെ സാന്നിധ്യമാണ്‌ മഞ്ഞപ്പടക്കൊപ്പം മനസ്സുറപ്പിക്കാൻ കളി വിദഗ്‌ദ്ധരെ പ്രേരിപ്പിക്കുന്നതും. എന്നാൽ ഫേവറിറ്റുകൾ ഇടറി വീഴുന്ന പഴങ്കഥകളെ ഏതുവിധം തരണം ചെയ്യാനാകുമെന്ന സമസ്യക്ക്‌ ഉത്തരം കണ്ടെത്തേണ്ടത്‌ ബ്രസീലിന്‌ ബാധ്യതയാവും.

കിരീടം മോഹിച്ചെത്തുന്ന കൊമ്പൻ സംഘങ്ങൾ ഒരുപാടുണ്ട്‌ ഇത്തവണ. ഇംഗ്ലണ്ട്‌, ജർമനി, അർജന്റീന, ഇറ്റലി, ഫ്രാൻസ്‌, ഹോളണ്ട്‌ തുടങ്ങിയ കരുത്തർക്കും നിറവാർന്ന കിനാവുകളാണുളളത്‌. റൂണിയെന്ന ചാട്ടുളിക്കേറ്റ പരിക്ക്‌ മറന്ന്‌ കുതിക്കാനൊരുങ്ങുകയാണ്‌ ഇംഗ്ലണ്ടെങ്കിൽ പുത്തൻ താരോദയം ലയണൽ മെസ്സിയും യുവാൻ റിക്വൽമെയും ചടുലനൃത്തമാടുന്ന മധ്യനിരയിലൂടെ പ്രതീക്ഷകളിലേക്ക്‌ പന്തടിച്ചുകയറ്റാമെന്ന പ്രത്യാശകളിലാണ്‌ അർജന്റീന. തിണ്ണമിടുക്കിന്റെ ബലത്തിൽ കഴിഞ്ഞ തവണത്തെ നിരാശക്ക്‌ പ്രായശ്ചിത്തം ചെയ്യാൻ ജർമനി കോപ്പു കൂട്ടുമ്പോൾ സൈനുദ്ദീൻ സിദാനെന്ന പടക്കുതിരയെ മുൻനിർത്തി തേരു തെളിക്കാനൊരുങ്ങുകയാണ്‌ ഫ്രഞ്ചു പട.

വർണ ശബളിമയാർന്ന മോഹങ്ങളുടെ പച്ചത്തുരുത്തിലേക്ക്‌ അതിമോഹങ്ങളില്ലാതെയെത്തുന്ന സംഘങ്ങളാണ്‌ അധികവും. സാധ്യതാ പട്ടികയിലെ മുമ്പൻമാരുടെ മനസ്സിൽ വെളളിടിയായി വെട്ടാൻ പോന്ന ഈ നിരകളാണ്‌ കപ്പിന്റെ ഭാഗധേയം നിർണയിക്കുന്നത്‌. ഒരു സെനഗലോ കാമറൂണോ കൊറിയയോ, തുർക്കിയോ ആകാൻ വെമ്പുന്ന ഈ വഴിമുടക്കികളെ ഭയപ്പെട്ടേ തീരൂ. ആഫ്രിക്കയിലെ വമ്പൻമാരുടെ ചിറകരിഞ്ഞെത്തുന്ന നവാഗതരായ ഐവറി കോസ്‌റ്റ്‌, ഘാന, ടോഗോ, അംഗോള എന്നിവരെ എഴുതി തളളാനുളള ധൈര്യമൊന്നും ഇത്തവണ ഒരു പ്രഗത്ഭർക്കുമുണ്ടാകില്ല. ഏഷ്യൻ മണ്ണിൽനിന്ന്‌ ജർമനിയിലെത്തുന്ന ഇറാൻ, ജപ്പാൻ, കൊറിയ, സൗദി അറേബ്യ ടീമുകൾക്കും അതികായരെ നിലംതെറ്റിക്കുന്ന അട്ടിമറികളോടാണ്‌ പ്രിയം.

പ്രവചനങ്ങളൊന്നും പഴയപോലെ ഏശാതെ പോകുന്ന ഭൂമികയാണിത്‌. ഒക്കെ കണ്ടറിയുകയെ നിവൃത്തിയുളളൂ. പങ്കെടുക്കുന്ന ടീമുകളിൽ പ്രതീക്ഷയർപ്പിക്കാനും അവ പുലരാൻ പ്രാർത്ഥിക്കാനും ഏതു ഫുട്‌ബോൾ പ്രേമിക്കും അവകാശമുണ്ടെന്ന്‌ മറക്കുന്നില്ല. പക്ഷെ, കളി കളത്തിലാണ്‌. ലോകത്തിന്റെ വിഭിന്നകോണിൽ ആവേശം ഉച്ചസ്ഥായിലായി കഴിഞ്ഞു. മലപ്പുറവും മട്ടാഞ്ചേരിയുമുൾപ്പെടുന്ന മലയാളക്കരയും കളിയാവേശത്തിന്റെ നെറുകയിലാണിപ്പോൾ. കാത്തിരിക്കാം. ജൂലൈ ഒമ്പതിന്റെ അർധരാത്രിയിൽ കപ്പിൽ മുത്തമിടുന്നതാരെന്ന്‌ അതിരറ്റ ആകാംക്ഷയോടെ കൺപാർക്കാം.

എൻ.എസ്‌. നിസാർ

സബ്‌ എഡിറ്റർ, മാധ്യമം, സിൽവർഹിൽസ്‌, കോഴിക്കോട്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.