പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

നാലോണനാളിലെ പുലിക്കളി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രമ കെ. എൻ.

ലേഖനം

പുലിക്കളി ഇല്ലാത്ത ഒരു ഓണം തൃശൂരിന്റെ ചിന്താമണ്‌ഡലത്തിനുപുറത്താണ്‌. എന്നിരിക്കിലും തൃശൂർക്കാർക്ക്‌ പുലിക്കളിയോട്‌ ഉണ്ടായിരുന്ന ആ ഭ്രാന്തമായ ആവേശം ഇന്നുണ്ടോ? പുലിക്കളിയുടെ പഴയ പ്രൗഢിക്ക്‌ ഇന്നല്പം മങ്ങലേറ്റിട്ടില്ലേ? വർഷംതോറും പുലിക്കളിയുടെ ആകർഷകത്വം നഷ്‌ടപ്പെട്ടുവരികയല്ലേ? പുലിക്കളിയോട്‌ തൃശൂർക്കാർക്കുണ്ടായിരുന്ന അഭിനിവേശം ഇല്ലാതായിവരുന്നു.

ഏതാനും വർഷംമുമ്പുവരെയുളള അവസ്‌ഥ എന്തായിരുന്നു? നാലോണനാളിലെ പുലിക്കളിമത്‌സരം, പൂരത്തോളം കെങ്കേമമായ ആ ആഘോഷം ഇന്ന്‌ ഒരുതരം ഗൃഹാതുരത്വത്തോടെയാണ്‌ പലരും ഓർക്കുന്നത്‌. തിരുവോണനാളിൽ ഉച്ചതിരിഞ്ഞാൽ നഗരത്തിൽ പുലികളിറങ്ങുകയായി. മൂന്നോണനാളിൽ അതിന്റെ ഹരം വർദ്ധിക്കുന്നു. നാലോണനാളിൽ മദ്ധ്യാഹ്‌നത്തോടെ നഗരമൊരു മനുഷ്യമഹാസമുദ്രമായി തീരുന്നു. സ്വരാജ്‌ റൗണ്ടിന്റെ ഇരുകരകളിലും കെട്ടിടങ്ങളുടെ മട്ടുപ്പാവിലും തിങ്ങിനിറഞ്ഞ ജനക്കൂട്ടം. നഗരത്തിലേക്കു വരുന്ന വാഹനങ്ങളൊക്കെ നഗരത്തിൽ കടക്കാതെ നഗരാതിർത്തിയിൽ വന്നു തിരിച്ചുപോകും. അന്നുച്ചമുതൽ പുലിക്കളി മത്‌സരകേന്ദ്രമായ നടുവിലാലിൽ ആ സമയത്ത്‌ മഴ പെയ്‌താൽ തുളളി വെളളം തറയിൽ പതിക്കില്ല. മേടം പിറക്കുമ്പോൾ നഗരത്തിന്റെ പ്രാന്തദേശങ്ങളിൽ പുലിക്കളി കമ്മിറ്റികൾ സ്വയം സംഘടിക്കുന്നു.

ഈ തലമുറയുടെ സംഭാവനയായ ധാരാളം കുട്ടിപുലികൾ ഉണ്ടെങ്കിലും പഴയ പുലികളുടെ വീര്യവും ശൗര്യവും ഇന്നത്തെ പുലികൾക്ക്‌ ഇല്ല. അഭ്യാസപാടവത്തിൽ അന്നത്തെ പുലികളുടെ നാലയലത്തു എത്താവുന്ന പുലികൾ ഇന്നില്ല. ഇവയുടെ വംശപാരമ്പര്യം പരിശോധിക്കുമ്പോൾ ആർക്കും ബോദ്ധ്യമാകുന്ന ചില വസ്‌തുതകളുണ്ട്‌. ഈ പുലികൾക്ക്‌ ഉജ്ജ്വലമായ ഒരു ഭൂതകാലം ഉണ്ട്‌. സമ്പന്നമായ ഒരു ചരിത്രമുണ്ട്‌.

ഏകദേശം രണ്ടു ശതകങ്ങൾക്കു മുമ്പാണ്‌ പുലിക്കളിയുടെ ആവിർഭാവം. യഥാർത്‌ഥത്തിൽ ഈ കളി കേരളീയമല്ല. വടക്കേ ഇന്ത്യയിൽ നിന്ന്‌ ഇവിടേയ്‌ക്കു പറിച്ചു നടപ്പെട്ടതാണ്‌. വടക്കേ ഇന്ത്യയിലെ മുസ്ലീങ്ങൾ മുഹറത്തോടനുബന്ധിച്ച്‌ നടത്താറുളള ഒരു തരം കളിയുടെ രൂപഭേദമാണ്‌ പുലിക്കളി. പഠാണിമുസ്ലീങ്ങളാണ്‌ ഇക്കളി ഇവിടെ കൊണ്ടു വന്നത്‌. വടക്കേ ഇന്ത്യയിൽ നിന്നും ഡെക്കാൻ പീഠഭൂമിയിൽ നിന്നും വ്യാപാര ആവശ്യത്തിനും മറ്റുമായി ഇവിടെ കുടിയേറിപ്പാർത്തവരാണ്‌ പഠാണികൾ. ഇവർ ഷിയാമുസ്ലീങ്ങളാണ്‌. ഹിജറാവർഷത്തിന്റെ മുഹറമാസം 1 മുതൽ 10 വരെയുളള തീയതികൾ ഇവർക്കു ഒരു ഉത്‌സവകാലമാണ്‌. ‘പഞ്ചയെടുക്കൽ’ എന്ന പേരിൽ ഒരു ആഘോഷം ഈ ദിവസങ്ങളിൽ ഇവർ കൊണ്ടാടുന്നു. ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിൽ നബിക്കൊപ്പം പ്രവർത്തിച്ച അലിയുടെ പുത്രന്‌മാരായ ഹസ്സനും ഹുസൈനും യുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ വീരസ്‌മരണ പുതുക്കലാണ്‌ ഈ ഉത്‌സവം. വടക്കേ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക്‌ നബിയെക്കാൾ സ്വീകാര്യനായത്‌ അലിയാണ്‌. കായികശക്തി സംഭരിക്കേണ്ട ഘട്ടങ്ങളിൽ ഇവർ ‘യാ അലി’ എന്നാണ്‌ വിളിക്കാറുളളത്‌.

പോസ്‌റ്റ്‌ ഓഫീസ്‌ റോഡിൽ ഡയമന്റ്‌ ലോഡ്‌ജിനോട്‌ തൊട്ടുകിടക്കുന്ന കമ്പിവേലി കെട്ടിത്തിരിച്ച സ്‌ഥലത്താണ്‌ അന്നു പഞ്ചയെടുക്കൽ നടന്നിരുന്നത്‌. പഴയകാലത്ത്‌ ‘ആഷർഖാന’ എന്നു അറിയപ്പെട്ടിരുന്ന ഈ സ്‌ഥലത്തിന്റെ ഇപ്പോഴത്തെ ഉടമസ്‌ഥാവകാശം ചെട്ടിയങ്ങാടി മുസ്ലീം പളളിക്കാണ്‌.

പഞ്ചയെടുക്കൽ ഏതാണ്ട്‌ ഇപ്രകാരമാണ്‌. തറയിൽ ഒരടി ഉയരത്തിൽ ശവക്കല്ലറയുടെ ആകൃതിയിലുണ്ടാക്കിയ ഒരു പീഠം. അതിൽ പച്ചപ്പട്ടു വിരിച്ചിരിക്കും. ഈ പീഠത്തിൻമേൽ ഒരു വടിനാട്ടി അതിൻമേൽ വെളളി കൊണ്ടുണ്ടാക്കിയ ഒരു പഞ്ച (ചോറു കോരുന്ന കൈപ്പത്തിയുടെ ആകൃതിയാണ്‌ ഇതിന്‌) ഉറപ്പിച്ചിരിക്കും. മുഹറം 1 മുതൽ വിവിധ സ്‌ഥലങ്ങളിൽനിന്നും നാനാജാതിമതസ്‌ഥരായ ആബാലവൃദ്ധം ജനങ്ങൾ ഇവിടെയെത്തി ആഗ്രഹ സഫലീകരണത്തിനായി പ്രാർത്‌ഥിക്കുന്നു. ഇത്‌ പത്തുവരെ തുടരും. മുഹറം 10ന്‌ വൈകീട്ടാണ്‌ പഞ്ചയെടുക്കൽ. കുത്തിനിർത്തിയിരിക്കുന്ന പഞ്ച ഒരാൾ കൈയിലെടുക്കും. അശ്വാരൂഢനായ മറ്റൊരാളുടെ കയ്യിലും കാണും പഞ്ച ഒരെണ്ണം. പഞ്ചയേന്തിയ ഇവരെ വലിയൊരു ഘോഷയാത്രയുടെ അകമ്പടിയോടെ മുന്നോട്ടാനയിക്കും. ഈ ഘോഷയാത്രയുടെ മുഖ്യ ഇനം പുലിക്കളിയാണ്‌. ഇന്നത്തെ പുലികളുടെ ചമയം അല്ലായിരുന്നു അന്നത്തെ പുലികളുടേത്‌. എന്നാൽ പിൽക്കാലത്ത്‌ വളരെ പ്രസിദ്ധമായ ‘ഉലക്കയിന്മേൽകളി’ അന്നും ഉണ്ടായിരുന്നു. കോരിത്തരിപ്പിയ്‌ക്കുന്ന അഭ്യാസപ്രകടനങ്ങളാണ്‌ പുലികൾ കാഴ്‌ചവെച്ചിരുന്നത്‌. (ജീവനുളള ആടിനെ കടിച്ചെടുത്തു കുടഞ്ഞു കളയുന്ന പുലിയെക്കുറിച്ചു ചിന്തിച്ചുനോക്കൂ) ഈ ഘോഷയാത്ര കൊക്കാലവരെ പോകും. കൊക്കാല വഞ്ചിക്കുളത്തിൽ പഞ്ചയെ മുക്കിയെടുത്ത ശേഷം പായിൽ കിടത്തി തിരിച്ചു ആഷർഖാനയിൽ എത്തിക്കുന്നു. ഈ ആഘോഷം ദീർഘകാലം നിലനിന്നിരുന്നതായി ചരിത്രം പറയുന്നു. പക്ഷേ, ഏതാണ്ട്‌ അറുപതുകൊല്ലങ്ങൾക്കുമുമ്പ്‌ ഒരുവിഭാഗം മുസ്ലീങ്ങൾ പഞ്ചയെടുക്കലിനെ ‘അനിസ്ലാമിക’മായി ചിത്രീകരിയ്‌ക്കാൻ മുതിർന്നതോടെ പഞ്ചയെടുക്കൽ സംഘർഷത്തിനുളള വേദിയായി മാറി. ഒടുവിൽ അന്നത്തെ പോലീസ്‌ ഇൻസ്‌പെക്‌ടർ പാപ്പാളി ക്രമസമാധാനത്തിന്റെ പേരിൽ പഞ്ചയെടുക്കൽ നിരോധിച്ചു.

ഇൻസ്‌പെക്‌ടർ പാപ്പാളി പഞ്ചയെടുക്കൽ നിർത്തലാക്കിയെങ്കിലും അടുത്ത വർഷം തന്നെ പുലിക്കളി രംഗപ്രവേശം ചെയ്‌തു. ഇത്തവണ മുഹറത്തോടനുബന്ധിച്ചല്ലെന്നുമാത്രം. ഓണത്തിനാണ്‌ പുലിക്കളി വീണ്ടും അരങ്ങേറിയത്‌. ചെട്ടിയാന്മാരായിരുന്നു ഇത്തവണ സംഘാടകരും കളിക്കാരും. മുഹറംനാളിലെ പുലിക്കളിക്ക്‌ മുസ്ലീങ്ങളോടൊപ്പം തോളോടുതോൾ ചേർന്നു നിന്നിരുന്നവരാണ്‌ ചെട്ടിയങ്ങാടിയിലെ ചെട്ടിയാന്മാർ. പിന്നീട്‌ ഓണക്കാലത്ത്‌ ചെട്ടിയാന്മാരുടെ പുലിക്കളി സംഘം രംഗത്തുവന്നു. ആദ്യമായി ഒരു പുലിക്കളി മത്‌സരം സംഘടിപ്പിച്ചത്‌ പ്രമുഖ ക്രിസ്‌ത്യൻ കുടുംബമായ ചിറക്കേക്കാരന്മാരാണ്‌. ചെട്ടിയങ്ങാടി പടിഞ്ഞാറെ നടക്കാവ്‌ ടീമുകൾ തമ്മിലായിരുന്നു മത്‌സരം. രണ്ട്‌ ആളുകൾ വീതം പിടിക്കുന്ന രണ്ടു ഉലക്കകളിന്മേൽ കയറി നിന്നാണ്‌ അന്നു പുലിക്കളികൾക്ക്‌ കളിക്കാനുണ്ടായിരുന്നത്‌. ചെട്ടിയങ്ങാടിയിൽ നിന്നോ, പടിഞ്ഞാറെ നടക്കാവിൽ നിന്നോ ഉലക്കയിന്മേൽ കയറുന്ന പുലിക്ക്‌ നഗരപ്രദക്ഷിണവും നടുവിലാലിലെ മത്‌സരവും തീർന്നാലേ താഴെയിറങ്ങാൻ കഴിയൂ. ഇടയ്‌ക്കു വിശ്രമം ആവശ്യമായി വരുമ്പോൾ ഒരു നീണ്ട വടി പുലിയുടെ സഹായത്തിനെത്തും. അതും കുത്തി പിടിച്ച്‌ അല്പം വിശ്രമിക്കാം. ഈ വടിയാണ്‌ പിന്നീട്‌ ‘പുലിക്കുടം’ ആയി രൂപാന്തരപ്പെട്ടത്‌.

അപ്പണ്ണൻ, മുത്തണ്ണൻ എന്നിവരായിരുന്നു അന്നത്തെ പ്രശസ്‌ത പുലിവേഷക്കാർ. തികച്ചും ആരോഗ്യകരമായ മത്‌സരമായിരുന്നു അക്കാലത്തൊക്കെ. അന്നു പുലികൾ ‘വെളളം’ കുടിക്കുക പതിവില്ലായിരുന്നു.

പിന്നെ, പിന്നെ പുലിക്കൂട്ടങ്ങളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി. കൂർക്കഞ്ചേരി, കൊക്കാല, തിരുവമ്പാടി, പടിഞ്ഞാറേക്കോട്ട, ചെമ്പൂക്കാവ്‌, കോട്ടപ്പുറം, പറവട്ടാനി, എന്നിവിടങ്ങളിൽ നിന്നൊക്കെ ടീമുകൾ പുറപ്പെടാൻ തുടങ്ങി. പുലിക്കളി കാണാൻ ക്രമാതീതമായ തിരക്കും ഉണ്ടായി തുടങ്ങി. പുലിക്കളിയുടെ സുവർണ്ണ കാലം ഇതായിരുന്നു. ഇന്ന്‌ പുലിക്കളിയുടെ വീറും വാശിയും ഒക്കെ എങ്ങോ നഷ്‌ടപ്പെട്ടിരിക്കുന്നു. പുലികൾ പാരിതോഷികമായി ലഭിക്കുന്ന ‘വെളളം’ അടിച്ചു സഭ്യതയുടെ വഴിവിട്ടുളള കളി ഇപ്പോൾ പതിവാണ്‌. ചില്ലറ കശപിശകളും പുലിക്കളിയുടെ ഭാഗമാണ്‌. ഇപ്പോൾ ഓണക്കാലത്ത്‌ കുറെ പണമുണ്ടാക്കാനുളള ഏർപ്പാടായി മാറിയിരിക്കുന്നു പുലിക്കളി. പുലിക്കളി കമ്മറ്റികൾ പിരിവിനുവേണ്ടി പരക്കംപായുന്നു. കടകളിൽനിന്നും വാഹനങ്ങളിൽനിന്നും വീടുകളിൽനിന്നുമൊക്കെ നിർബന്ധിത പിരിവുതന്നെ. ഇന്ന്‌ ജനങ്ങൾ പുലിക്കളിയെ പേടിക്കുന്നു. പുലികൾ തെരുവിലിറങ്ങിയാൽ വീട്ടുകാർ വീടുപൂട്ടി സ്‌ഥലംവിടുന്നു. വാഹനങ്ങൾ വഴിമാറ്റി വിടുന്നു. കടകൾ ഷട്ടറുകൾ താഴ്‌ത്തുന്നു. പൊതുവേ നമ്മുടെയിടയിലുണ്ടായ വ്യാപാര സംസ്‌ക്കാരം പുലികളെയും ഗ്രസിച്ചിരിക്കുന്നു എന്നല്ലാതെ ഈ ദുര്യോഗ്യത്തിന്‌ ആരെയെങ്കിലും കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല.

കലാരൂപങ്ങൾ വ്യാപാരവല്‌ക്കരിക്കപ്പെടുന്നതോടെ അവക്കു മൂല്യശോഷണം സംഭവിക്കുന്നു. ഇതെല്ലാം പറഞ്ഞുതന്ന ആവേദകൻ സെയ്‌താമി ചില വൻപുലികളുടെ ഗുരുനാഥനാണ്‌. കുപ്പാറ ഔസേപ്പ്‌, കാട്ടാളൻ പൊറിഞ്ചു, അർജ്ജുനൻ ചെട്ടിയാർ തുടങ്ങി പലരും സെയ്‌താമിയുടെ ശിഷ്യൻമാരാണ്‌. പുലികളെ പെയിന്റ്‌ ചെയ്യുന്ന പ്രശസ്‌തനായ ആൾ ആണ്‌ നാച്ചിമുത്തു. ഇവർ ഇന്ന്‌ വാർദ്ധക്യത്തിന്റെ അവസാന നാളുകളിലാണ്‌.

രമ കെ. എൻ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.