പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വിശപ്പിന്റെ അനുഭവങ്ങൾ-ചില തീക്ഷ്‌ണപാഠങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

ടെലിഫിലിം

വിശപ്പിനെച്ചൊല്ലിയുളള ഏതുതരം സർഗ്ഗാത്മകസൃഷ്‌ടിയും വളരെ പുച്ഛത്തോടെ നിരീക്ഷിക്കപ്പെടുന്ന ‘പുതുപുത്തൻ’ സാംസ്‌കാരിക പരിതസ്ഥിതിയിൽ എം.ജി.ശശി സംവിധാനം ചെയ്‌ത ‘അനുഭവങ്ങൾ’ എന്ന ടെലിഫിലിമിന്റെ പ്രസക്തി മുഖ്യധാരാ മാധ്യമങ്ങളിലൊന്നും ചർച്ചചെയ്യപ്പെടാതെ പോയതിൽ അത്ഭുതപ്പെടാനില്ല. തിന്നുമദിച്ചവരുടെ വ്യർത്ഥഭാവനകളുടെ അയാഥാർത്ഥ്യങ്ങളായ ദൃശ്യാവിഷ്‌ക്കാരങ്ങൾ മാത്രം വാഴ്‌ത്തപ്പെടുമ്പോൾ ജീവിതത്തെ സത്യസന്ധമായും തീക്ഷ്‌ണതയോടെയും അടയാളപ്പെടുത്തുന്ന ഇത്തരം ചെറിയ ശ്രമങ്ങൾ അവഗണിക്കപ്പെട്ടു പോയേക്കാം.

ആയിരത്തിത്തൊളളായിരത്തി നാൽപ്പതുകൾ-വറുതിയുടെയും തൊഴിലില്ലായ്‌മയുടെയും തിക്തഫലങ്ങൾ ജീവിതത്തെ അങ്ങേയറ്റം ദുസ്സഹമാക്കിത്തീർക്കുന്നു. ഈ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നന്തനാരുടെ അനുഭവങ്ങൾ എന്ന നോവലിന്റെ ദൃശ്യഭാഷ സുഖകരമല്ല, തീർത്തും അസുഖകരമായ ഒരു അനുഭവമാണ്‌. പ്രസിദ്ധനായ കഥകളി നടനായിരുന്നിട്ടും തന്റെ ജീവിതത്തിലേക്ക്‌ ഒന്നും അവശേഷിപ്പിക്കാതെ കടന്നുപോയ അച്‌ഛൻ, നിസ്സഹായയായ അമ്മയുടെ നെടുവീർപ്പിന്റെ വിലാപങ്ങൾ, തനിക്കു കീഴെ ചോദ്യചിഹ്‌നം പോലെ വളരുന്ന രണ്ട്‌ അനുജത്തിമാർ-ഇവയൊക്കെയും ഗോപി എന്ന യുവാവിന്റെ ജീവിതത്തെ നിറപ്പകിട്ടുകളില്ലാത്ത, ആഹ്ലാദാനുഭവങ്ങളില്ലാത്ത വിശപ്പിന്റെയും തൊഴിൽരാഹിത്യത്തിന്റെയും തീനാമ്പുകൾ ഇഴയുന്ന വറ്റിവരണ്ട മരുപ്പറമ്പാക്കിത്തീർക്കുന്ന കാഴ്‌ചയാണ്‌ ‘അനുഭവങ്ങൾ’.

ബീഡിക്കമ്പനിക്കാരൻ ദാമു, സ്വന്തം ചേട്ടൻ, ഏറെ താണ്ടിത്താണ്ടിയെത്തി ഒരുപിടി നെല്ലിന്‌ യാചിക്കുമ്പോൾ കൈമലർത്തുന്ന വല്യതിരുമേനി, ദാമുവിന്റെ ജീവിതത്തെ ദുസ്സഹമാക്കിത്തീർക്കുന്ന പ്രതിനായകരുടെ ചേഷ്‌ടകൾ അനുഭവങ്ങളുടെ ദൈന്യതയെ കൂടുതൽ ആഴത്തിൽ അനുഭവിപ്പിക്കുന്നു.

അതിസൂക്ഷ്‌മതയോടെയും തികഞ്ഞ ദീർഘവീക്ഷണത്തോടെയും ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങൾ കഥ സംഭവിക്കുന്ന കാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. ചെറിയ ചില പാളിച്ചകൾ മാറ്റിനിർത്തിയാൽ കലാസംവിധാനത്തിന്റെ മികവ്‌ ചലച്ചിത്രത്തെ വളരാൻ ഏറെ സഹായിക്കുന്നു. റഷീദ്‌ മൂപ്പന്റെ ക്യാമറ അനുഭവങ്ങളെ സത്യസന്ധമാക്കാൻ ഒരു പരിധിവരെ ശ്രമിക്കുന്നു.

ഗോപിയെ അവതരിപ്പിച്ച പുതുമുഖനടൻ സുജേഷിന്റെ തികഞ്ഞ സംയമനത്തോടുകൂടിയുളള അഭിനയശൈലിയും സിനിമയുടെ സാധ്യതകളെ നിർണ്ണയിക്കുന്നുണ്ട്‌. സുജേഷിന്റെ അതിവൈകാരികതയോ നാടകീയതയോ ഇല്ലാത്ത ചേഷ്‌ടകൾക്ക്‌ ഗോപിയെ ഏറെക്കുറെ പൂർണ്ണതയോടെ അവതരിപ്പിക്കാൻ സാധിക്കുന്നു. മാധവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയും അൽപ്പം മങ്ങിയ പ്രകടനമാണ്‌ കാഴ്‌ചവച്ചതെങ്കിലും നടീനടന്മാരെ തിരഞ്ഞെടുക്കുന്നതിൽ സംവിധായകൻ കാണിച്ച ശുഷ്‌ക്കാന്തിയാൽ മാധവി എന്ന കഥാപാത്രത്തിന്റെ ശരീരപ്രകൃതം ഈ നടിക്ക്‌ ഏറെ ഇണങ്ങുന്നു. മുണ്ടൂർ കൃഷ്‌ണൻകുട്ടിയുടെ രാമൻനമ്പൂതിരി വളരെ ആർദ്രമായ ഒരു അഭിനയ അനുഭവം പകർന്നു തരുന്നു.

ചലച്ചിത്രം എന്ന മാധ്യമത്തിന്റെ സാധ്യതകളെക്കുറിച്ച്‌ മികച്ച ബോധ്യമുളള ഒരു സംവിധായകനാണ്‌ എം.ജി.ശശി എന്നത്‌ ‘അനുഭവങ്ങളി’ലൂടെ വ്യക്തമാകുന്നു. ഉപരിമധ്യവർഗ്ഗ ജീവിതത്തിന്റെ പൊങ്ങച്ചപ്പെട്ടിയിലൂടെ പ്രേക്ഷണം ചെയ്യപ്പെടുന്ന സത്തയില്ലാത്ത കാഴ്‌ചകൾക്കിടയിൽ നിന്ന്‌ വ്യത്യസ്തമായി ഇന്നും ഏറെ പ്രസക്തമായ ഒരു പ്രമേയത്തിലധിഷ്‌ഠിതമായ ഈ ഹ്രസ്വചിത്രം മറ്റുളളവർക്കുകൂടി ഒരു പ്രേരണയായാൽ നല്ലതുതന്നെ.

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.