പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പഴയൊരു നീർമാതളം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആർ.എസ്‌.കുറുപ്പ്‌

(മാധവിക്കുട്ടിയുടെ ഒരു ആദ്യകാലരചനയെക്കുറിച്ച്‌)

കഥാരചനയുടെ ആദ്യകാൽനൂറ്റാണ്ട്‌, അതായത്‌ തൊള്ളായിരത്തി അമ്പതുകളുടെ തുടക്കം മുതൽ എഴുപതുകളുടെ മദ്ധ്യംവരെയായിരുന്നു ഒരു കഥാകാരി എന്ന നിലയിൽ മാധവിക്കുട്ടിയുടെ സുവർണ്ണകാലം. ആ കാലത്ത്‌ മാധവിക്കുട്ടിയോ അവരുടെ ആസ്വാദകരോ നീർമാതളത്തെക്കുറിച്ച്‌ ഒച്ചവെച്ചിരുന്നില്ല. എന്നാൽ അക്കാലത്തെ ഒരു കഥയിൽ നീർമാതളം പ്രധാന്യത്തോടെ പരാമർശിക്കുപ്പെടുന്നുണ്ട്‌. ആ കഥയുടെ പേരുതന്നെ ‘നീർമാതളത്തിന്റെ പൂക്കൾ’ എന്നാണ്‌. 1957ൽ പുറത്തുവന്നതാണ്‌ ഈ കഥ. സ്വഭാവേന നിയമാനുസാരിയല്ലാത്ത, സ്വാർത്ഥതാല്‌പരമായ മനുഷ്യസ്വഭാവത്തിന്റെ സൂചകങ്ങളായാണ്‌ നീർമാതളവും അതിന്റെ പൂക്കളും ഈ കഥയിൽ പ്രത്യക്ഷപ്പെടുന്നത്‌.

പതിനഞ്ചാം വയസ്സിൽ നാട്ടുമ്പുറം വിട്ട്‌ പതിനഞ്ചുകൊല്ലം നഗരവാസിയായിക്കഴിഞ്ഞ യൂവതി. ആളൊഴിഞ്ഞ തന്റെ തറവാട്ടിൽ തിരിച്ചെത്തുകയാണ്‌. പക്ഷേ നിലവിളക്കും ഓട്ടുവിളക്കുകളും മറ്റുംപോലെ തന്റെ മുത്തശ്ശിയും മുത്തശ്ശനും മറ്റുള്ളവരുമെല്ലാം അവിടത്തന്നെയുണ്ടെന്ന്‌ അവൾ സ്വയം വിശ്വസിപ്പിക്കുന്നു. “രൂപമില്ലാത്ത കൊല്ലങ്ങൾ കന്‌മതിലുകളല്ല. കാണാൻ കഴിയാത്തവയിൽ ഞാനെന്തിനു വിശ്വസിക്കണം.?”

കാണാൻ കഴിയാത്ത, തൊട്ടറിയാൻ കഴിയാത്ത കാലത്തെ അവഗണിച്ച്‌ മുത്തശ്ശനേയും മുത്തശ്ശിയെയും മറ്റുള്ളവരെയും സാക്ഷിനിർത്തി അവൾ തന്നോടൊപ്പം വന്നുചേർന്ന യുവാവിനെ വിവാഹം കഴിക്കുന്നു. അയാളോടൊപ്പം അന്തിയുറങ്ങുക എന്നതായിരുന്നു വിവാഹചടങ്ങ്‌. അംഗീകൃത മൂല്യങ്ങളെ മാധവിക്കുട്ടി എന്ന കഥാകാരി വെല്ലുവിളിച്ചു തുടങ്ങുന്നത്‌ ഈ കഥയിലാണ്‌.

പുലർച്ചക്ക്‌ മറ്റാളുകൾ കാണുമുമ്പ്‌ കഥാനായികയും സ്‌നേഹിതനും സ്‌ഥലം വിടുന്നു. കുറച്ചു ദൂരം നടന്നു തിരിഞ്ഞു നോക്കുമ്പോഴാണ്‌ ആ മരം അവളുടെ ദൃഷ്‌ടിയിൽ പെട്ടത്‌. ആ മരത്തിൽ ഇലകളൊന്നുമുണ്ടായിരുന്നില്ല; വെണ്ണയുടെ നിറത്തിലുള്ള പൂക്കുലകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അത്‌ നീർമാതളമാണെന്ന്‌ അയാൾക്കും അറിയാമായിരുന്നു. ആ പൂക്കൾ ബാല്യത്തിൽ അവൾ എന്തു ചെയ്‌തിരുന്നുവെന്ന്‌ അയാൾ കൃത്യമായിപ്പറയുന്നു. “നീ അതെടുത്തു മണത്തുനോക്കും. വാസനയില്ലെന്നു കണ്ടാൽ നിലത്തെറിയും.”

മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ഉൾക്കാഴ്‌ചനിറഞ്ഞ ഈ നിരീക്ഷണം അവരുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥകളിലെ പാത്രങ്ങളുടെ മൂല്യനിഷേധിയെന്ന്‌ വിശേഷിപ്പിക്കപ്പെട്ട ജീവിത വീക്ഷണത്തെക്കുറിച്ചുള്ള ഒരു പ്രവചനമായി കണക്കാക്കും. അറുപതുകളിൽ പ്രത്യക്ഷപ്പെട്ട ഈ കഥകളിൽ ഉള്ളടക്കം ശില്‌പ ഭദ്രതയെ ഭഞ്ജിക്കുന്നില്ല. കഥയുടെ സ്‌ഥലകാലനൈരന്തര്യത്തിൽ പ്രതിപാദ്യം വിശ്വസനീയത കൈവിടുന്നില്ല. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ നിയമസംഹിതകളെ ധിക്കരിക്കുന്ന കഥാപുരുഷരോട്‌ വായനക്കാർക്ക്‌ സഹഭാവം തോന്നുന്നു. അവരുടെ മനോഭാവങ്ങൾ നമുക്ക്‌ വളരെക്കുറഞ്ഞ വാക്കുകളിൽ അനുഭവവേദ്യമാക്കുന്നു കാഥിക. അങ്ങിനെ ആ കഥകൾ മലയാളസാഹിത്യത്തിന്റെ അമൂല്യങ്ങളായ ഈടുവെപ്പുകളാവുന്നു.

പിൽക്കാലത്ത്‌ ആരാധകരും മാധ്യമങ്ങളും എല്ലാംകൂടി ആക്കിത്തീർത്ത ഒരു കെട്ടു കാഴ്‌ചയുടെ ഭാഗമാവാനായിരുന്ന മാധവിക്കുട്ടിയെപ്പോലെ നീർമാതളത്തിന്റെയും ദുർവിധി. ഒരു പക്ഷിയായെങ്കിലും തന്റെ നീർമാതളത്തിനരികിൽ തനെത്തിച്ചേരുമെന്ന്‌ ഒരഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു.

ഒരു പക്ഷി നീർമാതളത്തെ വട്ടമിട്ടുപറക്കുന്നുണ്ടാവണം ഇപ്പോൾ.

ആർ.എസ്‌.കുറുപ്പ്‌

സൗപർണ്ണിക, 139,

താമരശ്ശേരി റോഡ്‌,

പൂണിത്തുറ,

എറണാകുളം,

കൊച്ചി - 682 038.


Phone: 9847294497




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.