പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മാറുന്ന മലയാളി ജീവിതം- അരനൂറ്റാണ്ടിന്റെ കേരളം; തിരിഞ്ഞ്‌ നടക്കുന്ന ജനത

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.സി. ശ്രീലേഖ

ലേഖനം

എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ നിന്നായിരുന്നു ആ വാർത്ത. തമ്പി എന്ന വയസ്സനായ ഒരാങ്ങളയും അയാളുടെ കൊടും പീഢനങ്ങളേറ്റ്‌ രണ്ട്‌ വൃദ്ധ സഹോദരിമാരും. ഒരു പെങ്ങൾ വിസർജ്യങ്ങളുടെ കട്ടകുത്തുന്ന ദുർഗന്ധം കെട്ടിക്കിടക്കുന്ന ഇരുൾ മുറികളിൽ പൊട്ടിയൊലിച്ച്‌, മരിച്ചു. മറ്റേയാൾ രക്ഷിക്കണേ എന്ന്‌ കരഞ്ഞ്‌ കാമറകൾക്ക്‌ മുന്നിലെത്തി. പട്ടിണിയായിരുന്നു. കൊടും പട്ടിണി. ഒരിറക്ക്‌ വെളളമില്ലാതെ വരണ്ടചുണ്ടുകൾ പതുക്കെയനക്കി എവിടേങ്കിലും പോയാൽ മതിയെന്ന്‌ അവർ കരഞ്ഞു പറയുന്നത്‌ നമ്മുടെ സ്വീകരണമുറികളിലും കേട്ടു. മരിച്ചവളുടെ ശവം പൊതിഞ്ഞുകെട്ടുന്നതു കണ്ടു. മാസങ്ങളായി തുടരുന്ന നരക ജീവിതത്തിന്റെ കെട്ടുകൾ അഴിഞ്ഞു. കോട്ടപോലെ കനത്ത വീട്ടകത്തെ ദുരിതം കേരളമറിഞ്ഞു. മുളന്തുരുത്തിയും.

മുളന്തുരുത്തിയും ഒരു ഗ്രാമമാണ്‌. കുടുംബശ്രീയും ജനകീയാസൂത്രണവും തഴച്ചുവളരുന്ന കേരളീയ ഗ്രാമം. രണ്ട്‌ വൃദ്ധജീവിതങ്ങൾ ഇവിടെ ചീഞ്ഞു തുടങ്ങുമ്പോൾ തന്നെയാണ്‌ അഞ്ചാണ്ടത്തെ ഭരണാധികാരം തേടി സ്ഥാനാർത്ഥികൾ വീടുകൾ കേറിയിരുന്നത്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌. ആരുമില്ലാത്ത, ഒന്നുമില്ലാത്തതായിരുന്നില്ല ആ ജീവിതങ്ങൾ. തലമുറകളുടെ സ്വാസ്ഥ്യത്തിനും സമൃദ്ധിക്കും വേണ്ടി പൂർവ്വികർ സമ്പാദിച്ച കണക്കറ്റ സ്വത്തുണ്ടാവിരുന്നു അവർക്ക്‌. ഓർമ്മയിലുളളത്‌ തിട്ടപ്പെടുത്തിയാൽ കോടിയോളം. നിധി കാക്കുന്ന ഭൂതംപോലെ അവിവാഹിതനായ വയസ്സൻ തമ്പി, അതിന്‌ കാവൽനിന്നു. മഹാദുരിതം ആരുമറിഞ്ഞില്ല. മുളന്തുരുത്തിക്കാർ, അവരുടെ ഉറ്റവർ, അറിഞ്ഞിട്ടും ചാനൽക്കണ്ണുകൾ എത്തുംവരെ തിരിഞ്ഞ്‌ നോക്കാതെ നിന്നു.

മുളന്തുരുത്തി ഒരു ചൂണ്ടുപലകയാണ്‌. അരനൂറ്റാണ്ടിലെ കേരളീയ ജീവിതത്തിന്റെ മാറിമറിയലുകളുടെ സൂചകം. തൊട്ടയലത്തെ അടഞ്ഞ വാതിലുകൾക്കുളളിൽ ചത്തുമലക്കുന്ന ജീവിതങ്ങൾപോലും വാർത്ത മാത്രമായി തീർന്ന ലോകത്തിന്റെ നേർചിത്രം. കൂട്ടുജീവിതത്തിന്റെ വിശാലതയിൽനിന്ന്‌ തുരുത്തുകളിലേക്കുളള തിരിഞ്ഞു നടത്തത്തിന്റെ വഴിയടയാളം. അമ്പത്‌ വർഷത്തെ മലയാളി ജീവിതത്തിന്റെ കണക്കെടുപ്പിനുളള ലസാഗു.

കേരളംഃ നന്മതിന്മകളുടെ വൃക്ഷം

മഞ്ചേശ്വരത്തിനും പാറശാലക്കും ഇടയ്‌ക്കുളള നീണ്ടും പരന്നും കയറിയുമിറങ്ങിയും ലാസ്യരൂപം പൂണ്ട ഭൂമി മാത്രമല്ല ഒരിക്കലും കേരളം. അതൊരു ജീവിതപദ്ധതിയുടെ പേരായിരുന്നു. അതിർത്തികൾ ഭേദിച്ച്‌ വളർന്ന ഒന്ന്‌. ഭൂഖണ്ഡങ്ങൾ കടന്ന്‌ സ്ഥാനമുറപ്പിച്ച ജീവിതം. “ചന്ദ്രനിൽ പോലും തട്ടുകടയുമായി മലയാളി ഉണ്ടാവും” എന്ന നാട്ടുചൊല്ലിലെ പൊരുൾ ചുറ്റുപാടും വളരുന്ന കേരളീയന്റെ ജീവിതമാണ്‌. സാൻഫ്രാൻസിസ്‌കോയിലും ന്യൂയോർക്കിലും ഷാർജയിലും തുടങ്ങി എണ്ണമറ്റ ദേശാന്തരങ്ങളിൽ ജീവിതം പടുത്തുയർത്താൻ മലയാളിയെ സജ്ജനാക്കിയത്‌ അവന്റെ നാട്ടുജീവിതത്തിന്റെ വഴക്കമായിരുന്നു. അമേരിക്കക്ക്‌ പനിക്കുമ്പോൾ പത്തനംതിട്ടയിലെ കുമ്പനാട്‌ പുതക്കുന്നതും അമേരിക്കക്ക്‌ നോവുമ്പോൾ കുമ്പനാട്‌ കരയുന്നതും അറേബ്യയിലെ ചൂടിൽ തൃശൂർ ചാവക്കാട്‌ വിയർക്കുന്നതും അതിശയോക്തി കലർന്ന ചൊല്ലല്ല ഒരിക്കലും. ലോകത്തെ കീഴ്‌മേൽ മറിക്കുന്ന അന്താരാഷ്‌ട്ര അധികാരകേന്ദ്രങ്ങളിൽ മുതൽ ആഫ്രിക്കൻ അടിമത്താവളത്തിൽ വരെ ചെന്നുപറ്റിയ മലയാളി ജീവിതത്തിന്റെ യാഥാർത്ഥ്യബോധം നിറഞ്ഞ വിലയിരുത്തലാണത്‌. ദേശങ്ങൾ കടന്നുവളർന്ന തൊഴിൽ ജീവിതം, ഭാഗികമായെങ്കിലും ഉറപ്പുളള, പുറമേക്കെങ്കിലും പ്രൗഢിയുളള ഒരു “മലയാളി നാടിനെ” സൃഷ്‌ടിക്കുകതന്നെ ചെയ്‌തു. ഭൗതീക സമൃദ്ധിയുടെ കെട്ടുറപ്പുളള ഒരു നാടിനെയും രൂപപ്പെടുത്തി. നിശ്ചയദാർഢ്യമില്ലായ്‌മയും, കക്ഷി രാഷ്‌ട്രിയത്തെ സംബന്ധിച്ച വികലസമീപനങ്ങളും ധാരാളമുണ്ടായപ്പോഴും, തലതിരിഞ്ഞ വികസനരീതികൾ ഇടവിട്ട്‌ സംഭവിച്ചപ്പോഴും ഭൗതീക പുരോഗതിയുടെ സൂചിക താരതമ്യേന മുകളിലേക്ക്‌ തന്നെ കുതിച്ചിരുന്നു. വിദ്യാഭ്യാസത്തിന്റെ സാർവത്രികത, ആരോഗ്യ സംവിധാനം, നിയമവാഴ്‌ച തുടങ്ങി നിരവധി മേഖലകളിൽ ബഹുദൂരം മുന്നോട്ടു പോവുകയും ചെയ്‌തു.

മലയാളിത്തംഃ മലയാളി

സുഭദ്രമായ ഒരു രാഷ്‌ട്രീയ കേരളം രൂപപ്പെടുമ്പോൾ തന്നെ നാടുകവിഞ്ഞ്‌ പരന്ന മലയാളിയിലൂടെ മലയാളിത്തം എന്ന സവിശേഷത ലോകമറിഞ്ഞു. നാട്ടുനന്മകൾ എന്ന്‌ നിശ്ചയമായും വിലയിരുത്താവുന്ന ജീവിതപദ്ധതിയും മലയാളിക്ക്‌ എന്നുമുണ്ടായിരുന്നു. ആഘോഷങ്ങളിൽ മാത്രമൊതുങ്ങാതെ അവന്റെ നാട്ടുജീവിതങ്ങളിലെ കൂട്ടായ്‌മ എന്നും തുടർന്നു പോന്നു. മതം, ജാതീയത തുടങ്ങിയ വിഭജനങ്ങളെ അതിലംഘിക്കുന്നത്‌ പുരോഗമനത്തിന്റെ അടയാളമായി മലയാളി തിരിച്ചറിഞ്ഞിരുന്നു. പലവിധ കാരണങ്ങളാൽ കമ്യൂണിസ്‌റ്റാകാൻ കഴിയാത്തവരും ജീവിതശീലങ്ങളിൽ സമത്വബോധത്തെ സംബന്ധിച്ച ചില ധാരണകൾ പുലർത്തിയിരുന്നു. മാനവികതാവാദം ഒരു പാശ്ചാത്യ ആശയമായല്ല മറിച്ച്‌ ജീവിതരീതിയായി തന്നെ അവൻ കണ്ടറിഞ്ഞിരുന്നു. ഉളളകങ്ങളിലെ സർവ്വ അധമത്വത്തെയും, അത്‌ ജാതിയുടേതായാലും കുറ്റവാസനയുടേതായാലും കടുത്ത സ്‌ത്രീ വിരുദ്ധതയുടേതായാലും പുരോഗമനേച്ഛയുടെ പുറംമോടിക്കുളളിൽ ഭദ്രമായി മലയാളി മറച്ചുപിടിച്ചിരുന്നു. ഈ മറച്ചുപിടിക്കൽ തെറ്റാണെന്ന്‌ കാണാനുമാവില്ല. വ്യക്തിപരതയുടെ സൂക്ഷ്‌മതയിൽ ഇത്തരം അധമഭാവങ്ങൾ ഉണ്ടാവുന്നതിന്‌ മനഃശാസ്‌ത്രപരമായ കാരണങ്ങളാണുളളത്‌. അതിനെ സൂക്ഷ്‌മമായി മറച്ചുപിടിക്കുന്നത്‌ സംസ്‌കാരത്തിന്റെ ലക്ഷണം തന്നെയാണ്‌. സിവിലൈസേഷന്‌ “ആൻ ഇൻഡയറക്‌ട്‌ റിയലൈസേഷൻ ഓഫ്‌ സപ്രസ്‌ഡ്‌ ഫീലിംഗ്‌സ്‌” എന്നും നിർവ്വചനമുണ്ടല്ലോ. കുപ്പായം ധരിക്കാതെ മുറ്റത്തിറങ്ങാൻ മടിക്കുന്ന മലയാളി ശീലം, മുഖത്ത്‌ ടാൽകം പൗഡർ പൂശുന്ന മലയാളി ശീലം എല്ലാം തന്നെ പരിഷ്‌കാരത്തിന്റെ&സംസ്‌കാരത്തിന്റെ ജീവിതശീലമായിരുന്നു മലയാളിക്ക്‌. ചരിത്രത്തിന്റെ നിർഭാഗ്യകരമായ ഏതോ സന്ധികളിൽ അതു കൈമോശം വന്നു എന്നതിന്റെ ചൂണ്ടുപലകയാണ്‌ മുളന്തുരുത്തിയിൽ നിന്നും, ആകെ കേരളത്തിൽ നിന്നും പുറപ്പെടുന്ന നടുക്കുന്ന വാർത്തകൾ.

നാണം കെടുന്ന സ്വകാര്യജീവിതം

പൊതുജീവിതത്തിൽ പുരോയാനത്തിന്റെ കൊടികൾ അതിവേഗം ഉയർത്തുമ്പോഴും മലയാളിയുടെ സ്വകാര്യജീവിതം പരത്തുന്ന രൂക്ഷമായ ദുർഗന്ധം അതിനെ മറയ്‌ക്കുകയാണ്‌. ഭദ്രമായി ഒതുക്കി നിർത്തിയിരുന്ന ഉളളകങ്ങളിലെ അഴുക്കുചാലുകൾ വല്ലാത്തൊരു ഭാവത്തോടെ പൊട്ടിയൊലിക്കുന്നു. അടക്കിവെച്ച കാമം നടുക്കുന്ന പെൺവേട്ടകളാവുന്നു. അമർത്തിവെച്ച ആർത്തി ക്രൂരമായ നരഹത്യയാവുന്നു. ഇഴയടുപ്പവും ആർദ്രതയും നിറഞ്ഞിരുന്ന ബന്ധങ്ങളിൽ ശൈഥില്യം പത്തി വിടർത്തുന്നു. സംഭവങ്ങൾ എത്രയെങ്കിലും ഉദാഹരിക്കാം. കഴിഞ്ഞ അമ്പതാണ്ട്‌ വേണ്ട; അമ്പത്‌ ദിവസത്തെ പത്രവാർത്തകൾ കണ്ണോടിച്ചാൽ അഴുക്കുചാലുകൾ ഇരമ്പിവരുന്നത്‌ കാണാനാവും. ഒന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല, തുടർച്ചകൾ...

തിരുവനന്തപുരത്തെ ഒന്നര വയസ്സുകാരി മുതിൽ പാലക്കാട്ടെ എഴുപത്തഞ്ചുകാരിയായ ഭ്രാന്തിവരെ ബലാൽസംഗം ചെയ്യപ്പെട്ടത്‌ ഒരു മാസത്തിനിടെയാണ്‌. അമ്പത്‌ ദിവസത്തിനിടെ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌ത പെൺവേട്ടകൾ 125-ലധികം വരും. അതിൽ മുക്കാൽ പങ്കും നിസ്സഹായരായ ഇരകൾക്ക്‌ മേലുളള കിരാതമായ അതിക്രമമായിരുന്നു. തൃശൂരിൽ വഴിതെറ്റിയെത്തിയ മനോരോഗിയായ യുവതിയെ നാലുപേർ ചേർന്ന്‌ മാനഭംഗപ്പെടുത്തി. ചോരയൊലിപ്പിച്ച്‌ അവൾ ഈ കുറിപ്പെഴുതുമ്പോഴും ആശുപത്രിയിലുണ്ട്‌. മുമ്പ്‌ കുറ്റകൃത്യങ്ങളുടെ യാതൊരു പശ്ചാത്തലവുമില്ലാത്ത തികഞ്ഞ മാന്യൻമാരായവരാണ്‌ പ്രതികളിൽ മൂന്നുപേരും. തെറ്റുന്നത്‌ എവിടെയാണ്‌?

രണ്ടടി മണ്ണിനുവേണ്ടിയാണ്‌ വൃദ്ധസഹോദരൻ വൃദ്ധയായ പെങ്ങളെ വെട്ടിക്കൊന്നത്‌. മണ്ണിന്‌ കാത്തുനിൽക്കാതെ അയാൾ ജീവനുമൊടുക്കി. അജ്ഞാതവും ദുരൂഹവുമായ ഒട്ടേറെ സമസ്യകൾ ഓരോ ഹത്യയിലും ചൂഴ്‌ന്നു നിൽക്കുകയാണ്‌. കോടിയോളം സ്‌ത്രീധനം നൽകി വിവാഹം കഴിച്ചയച്ച പെൺകുട്ടിയെ വീണ്ടും പണം ആവശ്യപ്പെട്ട്‌ ഭർത്താവ്‌ കൊലപ്പെടുത്തിയത്‌ കഴിഞ്ഞ ദിവസമാണ്‌. ഈയിനത്തിൽ അമ്പത്‌ ദിവസത്തിനിടയിലെ ഇരുപത്തി രണ്ടാമത്തെ മരണം. ആഗ്രഹിച്ചതൊന്നും വെട്ടിപ്പിടിക്കാനാവാതെ അമ്പത്‌ ദിവസത്തിനിടെ എട്ട്‌ ഗൃഹനാഥൻമാരാണ്‌ സകുടുംബം ജീവനൊടുക്കിയത്‌. കൂട്ട ആത്മഹത്യയിൽ ഒരാളുടേതൊഴികെ ബാക്കിയെല്ലാം പൈശാചികമായ കൊലപാതകങ്ങളാണെന്നോർക്കുക. വിസ്താരഭയം മൂലം ഉദാഹരണങ്ങൾ നിർത്താം.

എന്തുകൊണ്ട്‌ അഴുക്കുചാലുകൾ

ലൈംഗികത, പണം, അത്യാർത്തി&അധികാരം എന്നീ മൂന്ന്‌ കളളികൾക്കിടയിലാണ്‌ കേരളത്തിൽ നിന്ന്‌ പുറത്തുവരുന്ന നടുക്കുന്ന വാർത്തകളുടെ സ്ഥാനം. എല്ലാ സമൂഹങ്ങളിലും കുറ്റകൃത്യങ്ങളുടെ അടിസ്ഥാന വേരുകൾ ഈ പ്രമേയങ്ങളാണ്‌. അകത്തേക്ക്‌ പടരുന്ന സാംസ്‌കാരികതകൊണ്ട്‌ മാത്രം അതിജീവിക്കാൻ കഴിയുന്ന പ്രലോഭനങ്ങളാണ്‌ ഇവ മൂന്നും എന്നറിയുമ്പോൾ മലയാളി ആർജ്ജിച്ചു എന്നു പറയുന്ന നാഗരികത പൊളളയാണെന്ന്‌ പറയേണ്ടിവരുന്നു. [ചില സംഭവങ്ങളെ ഉദാഹരിച്ച്‌ ഒരു സമൂഹത്തെ സംബന്ധിച്ച്‌ നിഗമനങ്ങൾ നടത്തുന്നത്‌ നിശ്ചയമായും അതിവാദമാണ്‌. എന്നാൽ സംഭവങ്ങളുടെ തുടർച്ചയും, അതിലെ പൊതുസ്വഭാവങ്ങളും പരിശോധിക്കുമ്പോൾ ഈ പൈശാചികതകൾ കേരളീയ സമൂഹത്തെ ആഴത്തിൽ ഗ്രസിച്ചിരിക്കുന്ന രോഗമാണെന്ന്‌ കാണാം.]

മേൽപറഞ്ഞ നൃശംസതകളൊന്നും എന്തെങ്കിലും ജാതി&മത&സാമ്പത്തിക&സാമൂഹിക&രാഷ്‌ട്രീയ വിഭാഗങ്ങളിൽ മാത്രമല്ല സംഭവിക്കുന്നത്‌ എന്ന്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌. പെൺവേട്ടകളിൽ ചെവിയാത്തൻമാരും, അബൂബക്കർമാരും തൊട്ട്‌ മുൻമന്ത്രിമാർ വരെയുണ്ട്‌. [അതിലൊരു മന്ത്രിയെ ശിക്ഷിച്ചതും അടുത്തിടെയാണ്‌.] കൊലപാതകങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. അതുകൊണ്ടാണ്‌ ഇതിനെ രോഗാവസ്ഥയെന്ന്‌ പറയേണ്ടിവരുന്നത്‌.

അടിവേരുകൾ പിഴുതെറിയുമ്പോൾ

ജാതീയതയുടെയും മതപരതയുടെയും രൂക്ഷമായ തിരിച്ചുവരവും ഇക്കൂട്ടത്തിൽ ചർച്ച ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. കാരണം പൊതുസംഘടന അഥവാ പൊതുഇടം എന്ന പദവിയിലേക്കല്ല മറിച്ച്‌ സ്വകാര്യമായ ശീലങ്ങളായും അക്രമവാസനകളായും ആണ്‌ ഇവ തിരിച്ച്‌ വരുന്നത്‌. അതുകൊണ്ട്‌ തന്നെ അടിവേരുകളിലേക്കിറങ്ങിയുളള പറിച്ചെറിയലുകൾ ഈ രോഗത്തിനും അത്യാവശ്യമാണെന്ന്‌ വരുന്നു. രാഷ്‌ട്രീയ പ്രബുദ്ധതയുടെ പുറംമോടികൾക്കുളളിൽ നിന്ന്‌ പൊട്ടിയൊലിക്കുന്ന അധമത്വങ്ങളെ നിർണ്ണയിക്കേണ്ടിയിരിക്കുന്നു.

ചുരുക്കത്തിൽ രാഷ്‌ട്രീയ കേരളത്തിന്റെ പിറവിയുടെ അമ്പതാണ്ട്‌ തിരിച്ചറിയലിന്റെയും നവീകരണത്തിന്റെയും തുടക്കമാവണം. ഒളിപ്പിച്ച്‌ വച്ച ദംഷ്‌ട്രകൾ പുറത്തുവന്നു കഴിഞ്ഞു. അവ പിഴുതെറിയുകതന്നെ വേണം. കുടുംബം, പൊതുജീവിതം തുടങ്ങിയ ഭദ്രസ്ഥലികളിൽ നാം മറച്ചുവെച്ച കാമം പുറത്തുവന്നു കഴിഞ്ഞു. ശരീരം മുഴുവൻ ഉദ്ധരിച്ച ലിംഗങ്ങൾ മുളച്ചു കഴിഞ്ഞു. പൗഡർ പൂശിയും കുപ്പായം വെടിപ്പാക്കിയും ഈ ദുർഗന്ധം മറച്ചുവെക്കാനാവില്ല.

കൈകളിൽ കൊഴുത്ത ചോര പറ്റിയിരിക്കുന്നു. തുടച്ചാലും കഴുകിയാലും പോകാത്ത ചോര. നിശ്ചയമായും സംഘടിതമായ ഉണർച്ചയ്‌ക്ക്‌ സമയമായിരിക്കുന്നു. പാലക്കാട്ടെ കോട്ട മൈതാനിയിൽ കൂട്ടബലാൽസംഗം ചെയ്യപ്പെട്ട്‌ ചോരവാർന്നു മരിച്ച ഭ്രാന്തി നമ്മുടെ മുത്തശ്ശിയാണ്‌. അവരുടെ മാറാപ്പിന്റെ ദുർഗന്ധം നമ്മുടെ ചരിത്രമായിരുന്നു. വഴിയരികിലെ ഉപേക്ഷിക്കപ്പെട്ട ചാക്കുകെട്ടിൽ തല്ലിക്കൊന്ന യുവാവിന്റെ ശവമാണ്‌. പുഴുവരിച്ചു തുടങ്ങി. അയൽവീടിന്റെ അടഞ്ഞ വാതിലിനുളളിൽ പട്ടിണികൊണ്ട്‌ ചത്തുപോയ വൃദ്ധജീവിതങ്ങളുണ്ടാകാം. നിങ്ങൾക്ക്‌ മുന്നിലൂടെ തലകുനിച്ച്‌ നടന്നുപോകുന്ന ആ മനുഷ്യന്റെ കയ്യിൽ വിഷക്കുപ്പിയുണ്ട്‌. അമ്മിഞ്ഞയുണ്ടുറങ്ങിയ ഇളം കുരുന്നിന്റെ അടിവസ്‌ത്രം ചോരയും രേതസും കുഴഞ്ഞ്‌ പുഴയോരത്ത്‌ കിടക്കുന്നു. മണലിൽ അവളുടെ മാന്തിക്കീറപ്പെട്ട ഓമൽക്കവിളുകൾ. ചുറ്റുമുയരുന്ന ദുർഗന്ധം, നിലവിളി, കൊലവിളികൾ അവഗണിച്ച്‌ മുന്നോട്ട്‌ പോകാതിരിക്കണം. കാരണം നാമിപ്പോൾ തിരിഞ്ഞ്‌ നടക്കുകയാണ്‌.

കെ.സി. ശ്രീലേഖ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.