പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കേരളീയ ആധുനികോത്തരത

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജേഷ്‌ എം.ആർ

ലേഖനം

സമകാലീന കേരളീയ പരിസരം ആധുനികോത്തരതയുടെ സാമൂഹ്യാവസ്ഥ പ്രകടിപ്പിക്കുന്നതായി കാണാവുന്നതാണ്‌. കേരളത്തിൽ കഥകളെ സംബന്ധിച്ചാണ്‌ ആദ്യമായി ആധുനികോത്തര സംവാദങ്ങൾ തുടങ്ങിയത്‌. അയ്യപ്പപണിക്കർ, എൻ.ശശിധരൻ, എൻ.പ്രഭാകരൻ, വി.സി.ശ്രീജൻ, പി.പി.രവീന്ദ്രൻ, കെ.പി.അപ്പൻ, വി.സി.ഹാരീസ്‌, സി.ബി.സുധാകരൻ തുടങ്ങിയവർ ചർച്ചയിൽ അവരുടേതായ സംഭാവനകൾ പങ്കുവച്ചു. കൂടാതെ സൈദ്ധാന്തികനായ ഐജാസ്‌ അഹമ്മദ്‌ കേരളത്തിൽ ആധുനികോത്തരത പോയിട്ട്‌ ആധുനികതപോലും ഉണ്ടായിട്ടില്ലെന്ന്‌ പ്രസംഗിച്ചതുമാണ്‌. ആധുനികോത്തരതയെ സമീപിക്കുമ്പോൾ രണ്ട്‌ പ്രശ്‌നങ്ങളാണ്‌ മുഖ്യമായും ഉയർന്നുവരേണ്ടതെന്ന്‌ പി.കെ.പോക്കർ അഭിപ്രായപ്പെടുന്നു. ഒന്ന്‌, ആധുനികോത്തരത ഏത്‌ പ്രശ്‌നപരിസരമാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. രണ്ട്‌, ആധുനികോത്തരമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സാമ്പത്തിക-സാംസ്‌കാരിക പ്രതിഭാസം കേരളത്തിൽ അനുഭവപ്പെടുന്നുണ്ടോ? (പി.കെ.പോക്കർ 1999.193) പി.കെ.പോക്കറുടെ ‘ആധുനികോത്തരതയുടെ കേരളീയ പരിസരം’, കേരളീയ ഭൗതീകാവസ്ഥയിൽ കണ്ടുവരുന്ന ആധുനികോത്തരാവസ്ഥകളെക്കുറിച്ച്‌ സംസാരിക്കുന്നു.

പി.കെ.പോക്കറുടെ അഭിപ്രായത്തെ വിമർശിച്ചുകൊണ്ട്‌ കേരളത്തിൽ ആധുനികോത്തര പരിസരമേ ഇല്ലെന്ന്‌ വാദിക്കുന്ന വി.സി.ശ്രീജന്റെ ആധുനികോത്തരംഃ വിശകലനവും വിമർശനവും എന്ന പുസ്‌തകം വന്നു. ആധുനികോത്തരത പ്രത്യക്ഷപ്പെടാൻ പാകത്തിലുളള ഒരു ഭൗതിക സാഹചര്യം ഇന്ത്യയിൽ ഒരുങ്ങി കഴിഞ്ഞുവെന്ന്‌ സി.ബി.സുധാകരൻ പറയുന്നുണ്ട്‌. ഉയർന്ന സാങ്കേതിക വിദ്യയുടെയും ബഹുരാഷ്‌ട്ര മുതലാളിത്തത്തിന്റെയും ഉപഭോഗസമൂഹത്തിന്റെയും മറ്റും തലമായ ആധുനികോത്തര ഭൗതികപരിസരം നമ്മുടെ നാട്ടിൽ പൂർണ്ണമായ രൂപത്തിൽ വളർന്നു വന്നിട്ടില്ല എന്നാണ്‌ വി.പി.രവീന്ദ്രന്റെ അഭിപ്രായം. സംവാദങ്ങൾ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്‌. ആധുനികതയിൽനിന്ന്‌ വ്യത്യസ്തമായ ഒരു സാമൂഹ്യാവസ്ഥ വളർന്നുകൊണ്ടിരിക്കുകയാണ്‌ എന്നും അത്‌ പാശ്ചാത്യ ആധുനികോത്തരതയാണോ എന്ന ചിന്തയും മുന്നോട്ട്‌ വയ്‌ക്കുന്നു.

അമേരിക്കയിൽ വ്യവസായാനന്തര സമൂഹം രൂപപ്പെട്ടതായി ഡാനിയൽ ബെൽ വാദിക്കുന്നുണ്ട്‌. എന്നാൽ ഫ്രഡറിക്‌ ജയിംസൺ ഈ സങ്കല്പനം തളളിക്കളയുന്നുണ്ട്‌. പ്രത്യയശാസ്‌ത്രത്തിന്റെ അന്ത്യം തുടങ്ങിയ സങ്കൽപ്പനവും ചോദ്യം ചെയ്യപ്പെടുന്നു. പുത്തൻ സാമ്പത്തികക്രമമായ ‘ബഹുരാഷ്‌ട്ര മുതലാളിത്തം’ നിലനിൽക്കുമ്പോൾ മാർക്‌സിസത്തിന്റെ അന്ത്യത്തെക്കുറിച്ച്‌ പറയുന്നതിൽ വൈരുദ്ധ്യമുണ്ടെന്ന്‌ സി.ബി.സുധാകരൻ പറയുന്നു. (സി.ബി. സുധാകരൻ 2002ഃ69) കേരളീയ ആധുനികോത്തര ചർച്ചയിലും ഇതേ നിലപാടാണ്‌ കാണുന്നത്‌. മാർക്സിസത്തിന്റെ പ്രാധാന്യം വർദ്ധിച്ചു വരുന്ന കേരളീയ പരിസരം ആധുനികോത്തരമല്ല എന്നു പറയുന്നത്‌ അന്യായമാണെന്നർത്ഥം.

കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങൾ, ചില ഗ്രാമങ്ങളും അതിവേഗം ഉപഭോഗ സമൂഹത്തിന്റെ ഭ്രമാത്മക ലോകത്തിലേക്ക്‌ വന്നുകൊണ്ടിരിക്കുന്നതായി കാണുന്നു. സർവ്വകലാശാലകളും, സ്വകാര്യസ്ഥാപനങ്ങളും നടത്തുന്ന പ്രക്രിയയുടെ ഫലമായി രൂപം കൊളളുന്ന ഉല്പാദകരും ഉല്പന്നങ്ങളും സമൂഹത്തെ ഉപഭോഗാസക്തിയിലേക്ക്‌ മാറ്റുന്നു. ഫാഷൻ ടെക്‌നോളജി കോഴ്‌സുകളും, ഫാഷൻ ഷോകളും കേരളീയ പരിസരത്തിൽ സാധാരണമാകുന്നു. മാധ്യമങ്ങൾവഴി രൂപപ്പെടുന്ന സാംസ്‌കാരിക ചിഹ്നങ്ങൾ കേരളീയ ഉപഭോഗസമൂഹത്തെയാണ്‌ അടയാളപ്പെടുത്തുന്നത്‌. ദൂരദർശന്‌ പരസ്യത്തിൽനിന്ന്‌ 1976-ൽ വെറും ആറ്‌ ലക്ഷം ഡോളറായിരുന്നു വരുമാനമെങ്കിൽ 1990 ആകുമ്പോൾ വരുമാനം 300 ദശലക്ഷം ഡോളറായി മാറിയതും പരസ്യത്തിന്റെ കേന്ദ്രം ആറ്‌ പ്രമുഖ ബഹുരാഷ്‌ട്രകമ്പനികളുടേതായി മാറിയതും ശ്രദ്ധേയമാണ്‌. (പി.കെ.പോക്കർഃ 1999ഃ198) ബഹുരാഷ്‌ട്ര കമ്പനികളുടെ വ്യാപനവും അതുണ്ടാക്കുന്ന സംസ്‌കാരവും സമൂഹത്തിൽ വ്യാപകമാവുന്നു.

നഗരങ്ങളും, നാമങ്ങളും കേബിൾ കണക്ഷനും, ഇന്റർനെറ്റ്‌ കഫേകളുമായാണ്‌ കാണപ്പെടുന്നത്‌. ആറോളം മലയാള ചാനലുകൾ ഉൾപ്പെടെ ധാരാളം വിദേശചാനലുകൾ സാംസ്‌കാരികാധിനിവേശവും, ഉപഭോഗാവസ്ഥയും നിർമ്മിച്ചുകൊണ്ടിരിക്കുന്നു. വീടുകളിൽ ഉൽപ്പന്നമെത്തുന്ന കമ്പോളാവസ്ഥയും ഉണ്ടാകുന്നു. ചൈനീസ്‌, അമേരിക്കൻ ഉല്പന്നങ്ങൾ ഗ്രാമങ്ങളിൽ എത്തിപ്പെടുന്നു. പഴയ ലോട്ടറികൾക്കുപകരം പുതിയ ലോട്ടോ കഥ വരുന്നു. കേരളത്തിലെ ജനങ്ങളിൽ ഓരോ മണിക്കൂറും ആഗ്രഹം ജനിപ്പിച്ച്‌ മുതലാളിത്തം വളരുന്നു. സാങ്കേതികത പ്രയോജനപ്പെടുത്തി മുതലാളിത്തം കൊഴുക്കുന്ന ദൃശ്യങ്ങളിലേക്കാണ്‌ ഈ വിധത്തിൽ ലോട്ടോയടക്കം മാധ്യമങ്ങളും പിന്തുടരുന്നത്‌. ഓരോ ഉപഭോക്താവും വിതരണക്കാരനും പരസ്യക്കാരനുമാകുന്ന ആംവെയടക്കമുളള ചെയിൻ സമ്പ്രദായങ്ങൾ രൂപപ്പെടുന്നു.

ആഗോളവൽക്കരണത്തിന്റെ സ്വഭാവങ്ങൾ കേരളത്തിലും വ്യാപിച്ചിരിക്കുന്നു. ദേശീയ രാഷ്‌ട്രങ്ങളെ അതിലംഘിക്കുന്ന ഒരു സാമൂഹ്യസ്ഥലമായി ലോകം മാറിയതിനെയാണ്‌ ആഗോളവൽക്കരണമെന്ന്‌ പറയുന്നത്‌. സാംസ്‌കാരിക ഏകീകരണമോ രാഷ്‌ട്രീയോദ്‌ഗ്രഥനമോ ലക്ഷ്യമാക്കാതെ തന്നെ ലോകം ഒരു സമൂഹമായി മാറുകയും നമ്മുടെ സ്ഥല-കാലാനുഭവങ്ങൾ പരിവർത്തനത്തിനു വിധേയമാവുകയും ചെയ്യുന്നു. അത്യാധുനിക സാങ്കേതിക വിദ്യയുടേയും വിജ്ഞാനവ്യവസ്ഥയുടെയും ഫലമായി സാമ്പത്തിക-സാമൂഹിക പരിവർത്തനങ്ങളുടെയും പ്രതീക്ഷകളുടെയും വേഗത ഒരിക്കലുമില്ലാത്തവിധം വർദ്ധിച്ചിരിക്കുന്നു. ഇന്റർനെറ്റ്‌ വഴി ലോകത്തിലെ ഏത്‌ പ്രശ്‌നങ്ങളറിയാനും, ഇടപ്പെടാനുമുളള അവസരം ലഭിക്കുന്നു. ഉപഭോഗ സംസ്‌കാരം എന്ന അർത്ഥത്തിൽ മനസ്സിലാക്കപ്പെട്ട ആഗോളസംസ്‌കാരം പ്രാദേശികതയെ ആക്രമിക്കുമ്പോൾ ബഹുരാഷ്‌ട്ര ഉൽപ്പന്നങ്ങൾപോലും പ്രാദേശിക ബിംബങ്ങളിലൂടെ ജനസമ്മതിയാർജ്ജിക്കുന്നു.

ബഹുരാഷ്‌ട്ര കമ്പനികൾ ഇന്ത്യയിൽ മൂലധനം നിക്ഷേപിക്കുന്നതിനായി ഗ്ലോബൽ മീറ്റ്‌ സംഘടിപ്പിക്കുന്നു. കുടിവെളള വിതരണംപോലും ഇത്തരം കമ്പനികൾ ഏറ്റെടുക്കുന്നു. (ഇന്ത്യ മൂന്നാംലോക രാജ്യങ്ങളായ ആഫ്രിക്കൻ നാടുകളിൽ നിക്ഷേപം നടത്തുന്നതും ശ്രദ്ധിക്കുക) ഇത്തരത്തിൽ ‘ബഹുരാഷ്‌ട്ര മുതലാളിത്തം’ എന്ന സാമൂഹ്യാവസ്ഥ കേരളത്തിൽ കാണാവുന്നതാണ്‌.

കേരളത്തിലെ വാസ്‌തുവിദ്യയിൽ ആധുനികോത്തര സ്വാധീനം കാണുന്നു. പഴമയെ പുതുമയാക്കുന്ന നവീനരീതിയിലുളള വാസ്‌തുവിദ്യ പുതിയ അവസ്ഥയെ അടയാളപ്പെടുത്തുന്നു. കലാസാഹിത്യരംഗങ്ങളിലും ഉത്തരാധുനികത പ്രകടമായി കാണുന്നു. അതികഥാതന്ത്രങ്ങളും, പാരഡിയും, സൈബർ സ്‌പേസുമെല്ലാം ആധുനികോത്തര സാഹിത്യത്തിൽ കാണുന്നു. ഉത്തമകല, അധമകല എന്ന വിവേചനം അവസാനിച്ച്‌ ജനപ്രിയ കലകൾ രൂപപ്പെടുന്നു. ജനപ്രിയ കലാരൂപങ്ങളായി സിനിമാറ്റിക്‌ ഡാൻഡ്‌, വീഡിയോ ആൽബം എന്നിവ ഉടലെടുക്കുന്നു. പഴയ ഗാനങ്ങൾ റീമിക്‌സ്‌ ചെയ്ത്‌ വരുന്നതും ആധുനികോത്തര പ്രവണതയായി ചൂണ്ടി കാട്ടുന്നുണ്ട്‌. കേരളീയ സമൂഹം ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കുന്നതായി കാണാവുന്നതാണ്‌.

പ്രകൃതിയെ സംരക്ഷിച്ച്‌ നിലനിർത്തുവാൻ പരിസ്ഥിതിവാദികൾ പുതിയ സമരമുറകൾ തുടരുന്നു. ദളിത്‌ സംഘടനകൾ അവരുടെ ഭൂമിക്കുവേണ്ടിയുളള സമരം ഊർജ്ജിതമാക്കുന്നു. സെക്രട്ടറിയേറ്റ്‌ സത്യാഗ്രഹവും വനഭൂമിയിൽ താമസമാക്കുന്നതും കേരളത്തിൽ അരങ്ങേറുന്നു. ഫെമിനിസ്‌റ്റ്‌ സംഘടനകൾ അവരുടെ അവകാശങ്ങൾക്കായി സർക്കാരിനെ സമീപിക്കുന്നു. ഇങ്ങനെ പലവിധത്തിൽ കേരളീയ സാമൂഹ്യാവസ്ഥ ആധുനികോത്തര സ്വഭാവമാണ്‌ പ്രകടിപ്പിക്കുന്നത്‌.

കേരളീയ ആധുനികോത്തരത പാശ്ചാത്യ ആധുനികോത്തരതയുടെ കണ്ണാടി ബിംബമല്ല. പാശ്ചാത്യ നിർവ്വചനമനുസരിച്ച്‌ കേരളീയ ആധുനികോത്തരതയെ ഒന്നിനോടൊന്ന്‌ അളക്കുന്നതും ഉചിതമല്ല. കേരളീയമായ ആധുനികോത്തരതയുടെ സ്വഭാവമന്വേഷിക്കുകയാണ്‌ ഇനിയുളള ഉത്തരാധുനിക സംവാദങ്ങളിൽ കാണേണ്ടത്‌.

രാജേഷ്‌ എം.ആർ

മാതാപിതാക്കൾഃ രാജൻ എം.കെ., ലളിതാ രാജൻ.

വിദ്യാഭ്യാസം ബി.എഡ്‌. മലയാളം. സംസ്‌കൃത സർവ്വകലാശാല കാലടി കേന്ദ്രത്തിൽ എം.എ മലയാളം പഠിക്കുന്നു. കഥകളും കവിതകളും എഴുതാറുണ്ട്‌. 2001 സംസ്‌കൃത സർവ്വകലാശാല യുവജനോത്സവത്തിൽ ‘ചെറുകഥ രചനാ മലയാളം’ മത്‌സരത്തിൽ ഒന്നാംസ്‌ഥാനം നേടിയിട്ടുണ്ട്‌. സർവ്വകലാശാല ലിറ്റിൽ മാഗസിൻ ‘കാഴ്‌ച’യുടെ അണിയറയിൽ പ്രവർത്തിക്കുന്നു.

വിലാസംഃ

രാജേഷ്‌.എം.ആർ.,

മാളിയേക്കൽ വീട്‌,

കുറുമശ്ശേരി പി.ഒ.

എറണാകുളം.

683 579
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.