പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഇന്ത്യൻ നവോത്ഥാനവും റാനഡെയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ. കനകരാജ്‌

ലേഖനം

ഇന്ത്യൻ നവോത്ഥാനത്തിന്റെ സ്രഷ്‌ടാക്കളിൽ ഒരാളും, ചിന്തകനും, എഴുത്തുകാരനും, സമൂഹ പരിഷ്‌കർത്താവുമായ മഹാദേവ ഗോവിന്ദറാനഡെ അന്തരിച്ചിട്ട്‌ നൂറ്റിയഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ നവോത്ഥാന കാലഘട്ടത്തെ നാമെല്ലാം വളരെ അഭിമാനത്തോടെ സ്‌മരിക്കുന്നുവെങ്കിലും; ആ കാലത്ത്‌ ആത്മാർത്ഥമായി പ്രവർത്തിച്ച പലരെയും നാം മറന്നിരിക്കുന്നുവെന്ന വസ്‌തുത ഒരു ദുഃഖസത്യമായി നിലകൊളളുന്നു.

ഇന്ത്യയുടെ നവോത്ഥാന കാലഘട്ടത്തിൽ പ്രവർത്തിച്ച നേതാക്കൾ പ്രധാനമായും നിലകൊണ്ടത്‌ അന്ന്‌ ഇവിടെ നിലനിന്നിരുന്ന സാമൂഹിവും, മതപരവുമായ അനാചാരങ്ങളെ ഉന്മൂലനം ചെയ്യുന്നതിനായിരുന്നു. രാജാറാം മോഹന്റായ്‌ തുടങ്ങിവെച്ച സമൂഹ പരിഷ്‌കരണ പ്രസ്ഥാനങ്ങളെ വളർത്തി വലുതാക്കി ലക്ഷ്യപ്രാപ്‌തിയിലെത്തിച്ചത്‌ റാനഡെ അടങ്ങുന്ന വലിയൊരു നേതൃനിരയായിരുന്നു. പിന്നീടുണ്ടായ സ്വാതന്ത്ര്യസമരത്തിന്റെ വിത്തുപാകുന്നതിൽ പ്രധാന പങ്കു വഹിച്ചതും ഇവരായിരുന്നു. റാനഡെയുടെ ജീവിതത്തെയും സമൂഹ പ്രവർത്തങ്ങളെയും കുറഞ്ഞ തോതിൽ പ്രതിപാദിക്കുക മാത്രമാണ്‌ ഈ കുറിപ്പുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

ബാല്യവും വിദ്യാഭ്യാസവും

നാസിക്‌ ജില്ലയിലെ നിഫാഡു എന്ന ഗ്രാമത്തിൽ 1842 ജനുവരി 18-ന്‌ ഒരു ബ്രാഹ്‌മണ കുടുംബത്തിൽ റാനഡെ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ്‌ ഗോവിന്ദറാവു നിഫാഡ്‌ ദേശത്തെ തഹസിൽ ദാരായിരുന്നു. കോലാപ്പൂരുളള മറാത്തി പാഠശാലയിലാണ്‌ റാനഡെ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. ഇതേ സ്ഥലത്തുളള ഇംഗ്ലീഷ്‌ സ്‌കൂളിൽ ചേർന്ന്‌ തുടർന്നു പഠിക്കുകയും ചെയ്‌തു. കുട്ടിക്കാലത്ത്‌ ഏറെ ലജ്ജാശീലനും അല്പഭാഷിയുമായിരുന്നു റാനഡെ. വിദ്യാർത്ഥിജീവിതത്തിൽ തോൽവി എന്തെന്ന്‌ അദ്ദേഹം അറിഞ്ഞില്ല. താൻ എഴുതിയ എല്ലാ പരീക്ഷകളും പ്രശസ്‌തമായിത്തന്നെ ജയിച്ചുകൊണ്ടിരുന്നു അദ്ദേഹം. കോലാപ്പൂർ ഇംഗ്ലീഷ്‌ സ്‌കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞതോടു കൂടി ഉപരിപഠനത്തിനായി ബോംബെയിലേയ്‌ക്ക്‌ പോവുകയും; എൽഫിൽസ്‌റ്റൺ കോളേജിൽ അദ്ദേഹത്തിന്‌ പ്രവേശനം ലഭിക്കുകയും ചെയ്‌തു.

പ്രസ്‌തുത കോളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം ബ്രിട്ടീഷുകാരുടെയും മഹാരാഷ്‌ട്രക്കാരുടെയും ഭരണത്തെ താരതമ്യം ചെയ്‌തുകൊണ്ട്‌ ഒരു പ്രബന്ധം തയ്യാറാക്കുകയും അതിൽ ബ്രിട്ടീഷ്‌ ഭരണത്തെ നിശിതമായി വിമർശിക്കുകയും ചെയ്‌തു. അക്കാലത്തുതന്നെ ദേശീയബോധത്തിൽ അടിയുറച്ച ചിന്താഗതിയായിരുന്നു അദ്ദേഹത്തിന്റേതെന്ന്‌ ഇതിൽ നിന്നു വ്യക്തം. ആ പ്രബന്ധം വായിച്ച വെളളക്കാരാനായ പ്രിൻസിപ്പാൾ ഇനി ഇത്തരം ലേഖനങ്ങൾ എഴുതരുതെന്ന്‌ റാനഡെയെ താക്കീതു ചെയ്‌തു. മാത്രമല്ല അദ്ദേഹത്തിന്‌ കോളേജിൽനിന്ന്‌ കൊടുത്തുകൊണ്ടിരുന്ന വിദ്യാർത്ഥിവേതനം കുറച്ചു കാലത്തേയ്‌ക്ക്‌ നിർത്തിവെക്കുകയും ചെയ്‌തു.

1858-ലാണ്‌ ബോംബെ സർവ്വകലാശാലയിൽ ആദ്യത്തെ മെട്രിക്കുലേഷൻ പരീക്ഷ ആരംഭിച്ചത്‌. ആ വർഷത്തിൽ പരീക്ഷയ്‌ക്കിരുന്ന അല്പം വിദ്യാർത്ഥികളിൽ ഒരാൾ റാനഡെ ആയിരുന്നു. ആ പരീക്ഷയിൽ അദ്ദേഹം വിജയിക്കുകയും ചെയ്‌തു. ‘ദക്ഷിണ ഫെല്ലോ’മാർക്ക്‌ പഠിക്കുന്നതോടൊപ്പം പഠിപ്പിക്കുന്ന ജോലിയും ഉണ്ടായിരുന്നു. ‘ജൂനിയർ ഫെല്ലോ’വായി മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ പ്രതിമാസം നൂറ്റിഇരുപതു രൂപ ശമ്പളമുളള ‘സീനിയർ ഫെല്ലോഷിപ്പ്‌’ അദ്ദേഹത്തിന്‌ ലഭിച്ചു. ബി.എ.യ്‌ക്ക്‌ ഒന്നാം ക്ലാസിൽ പാസാവുകയും തുടർന്ന്‌ ചരിത്രം ഐച്ഛിക വിഷയമെടുത്ത്‌ ഓണേഴ്‌സ്‌ പരീക്ഷ രണ്ടാം ക്ലാസിൽ ജയിക്കുകയും ചെയ്‌തു.

1865-ൽ റാനഡെയെ ബോംബെ സർവ്വകലാശാലയിലെ ‘ഫെല്ലോ’വായി തെരഞ്ഞെടുത്തു. ആ സർവ്വകലാശാലയിൽനിന്നും ബിരുദം സമ്പാദിച്ചവരിൽ ആദ്യമായി ഫെല്ലോ സമ്മാനം ലഭിച്ചത്‌ റാനഡെയ്‌ക്കായിരുന്നു. എം.എ, എൽ.എൽ.ബി എന്നീ പരീക്ഷകളിലും, 1871-ൽ ഹൈക്കോർട്ട്‌ അഡ്വക്കേറ്റുമാരുടെ പരീക്ഷയിലും അദ്ദേഹം ഒന്നാം ക്ലാസ്സോടെ ജയിച്ചു. പാഠപുസ്‌തകങ്ങൾക്കു പുറമെ മറ്റു പുസ്‌തകങ്ങളും അദ്ദേഹം വലിയ തോതിൽ വായിച്ചിരുന്നു. അതിൽ ചരിത്ര-ധനശാസ്‌ത്ര ഗ്രന്ഥങ്ങൾക്കായിരുന്നു മുൻതൂക്കം. വിപുലമായ വായനയിലൂടെയും പഠന-മനനങ്ങളിലൂടെയും തന്റെ ഭാവിജീവിതത്തെ ചിട്ടപ്പെടുത്തുകയായിരുന്നു അദ്ദേഹം.

ഔദ്യോഗിക ജീവിതം

1866 മെയ്‌ 28-നാണ്‌ റാനഡെ ഗവൺമെന്റ്‌ സർവ്വീസിൽ പ്രവേശിച്ചത്‌. വിദ്യാഭ്യാസവകുപ്പിൽ ഒരു മറാത്തി പരിഭാഷകന്റെ ജോലിയാണ്‌ അദ്ദേഹത്തിന്‌ ആദ്യമായി കിട്ടിയത്‌. കുറച്ചുകാലം അക്കൽക്കോട്ട്‌ എന്ന സ്ഥലത്തെ ദിവാനായി. അവിടെ ചെയ്‌ത സേവനങ്ങളുടെ അടിസ്ഥാനത്തിൽ കോലാപ്പൂരിലെ ന്യായാധിപനായി അദ്ദേഹത്തെ നിയമിച്ചു. എന്നാൽ ഹൈക്കോർട്ട്‌ അഡ്വക്കേറ്റുമാരുടെ പരീക്ഷ എഴുതിയിട്ടില്ലാതിരുന്നതുകൊണ്ട്‌ ആ സ്ഥാനം ഒഴിയേണ്ടിവന്നു. തിരിച്ച്‌ എൽഫിൻസ്‌റ്റൺ കോളേജിലേക്ക്‌ വരികയും അവിടത്തെ ഇംഗ്ലീഷ്‌ പ്രൊഫസറാവുകയും ചെയ്‌തു. ഒരു കൊല്ലക്കാലം അദ്ധ്യാപകനായി തുടരുകയും അതിനിടയിൽ ഹൈക്കോർട്ട്‌ അഡ്വക്കേറ്റ്‌ പരീക്ഷയെഴുതി ജയിക്കുകയും ചെയ്‌തു.

പ്രസ്‌തുത പരീക്ഷ പാസായതോടെ അദ്ദേഹം ബോംബെ മൂന്നാം ക്ലാസ്‌ പോലീസ്‌ മജിസ്‌ട്രേറ്റായി നിയമിതനായി. തുടർന്ന്‌ സ്‌മാൾക്കസ്‌ കോർട്ടിലെ നാലാം ജഡ്‌ജിയായും, ചീഫ്‌ കോർട്ട്‌ സബ്‌ ജഡ്‌ജിയായും അദ്ദേഹത്തെ നിയമിച്ചു. വസ്‌തു-പണ സംബന്ധമായ നിരവധി കേസുകൾ അദ്ദേഹത്തിന്റെ മുന്നിൽ വന്നുകൊണ്ടിരുന്നു. അവയ്‌ക്കെല്ലാം വളരെ നീതിപൂർണ്ണവും ന്യായയുക്തവും നിഷ്പക്ഷവുമായ വിധികളാണ്‌ അദ്ദേഹം പ്രസ്താവിച്ചത്‌.

കർഷകരെ സംരക്ഷിക്കുന്നതിനുവേണ്ടി ഒരു നിയമം ബ്രിട്ടീഷ്‌ സർക്കാർ അക്കാലത്ത്‌ കൊണ്ടുവരുകയുണ്ടായി. പൂന, സത്താറ മുതലായ സ്ഥലങ്ങളിലെ കർഷകരായിരുന്നു കൂടുതൽ കഷ്‌ടത അനുഭവിച്ചിരുന്നത്‌. അഹോരാത്രം പണിയെടുത്തിട്ടും ഒരു നേരത്തെ ആഹാരം പോലും വയറുനിറയെ കഴിക്കാൻ അവർക്കുണ്ടായിരുന്നില്ല. കാരണം, അവരുടെ പൂർവ്വികർ വരുത്തിവെച്ച കടം പലിശയും കൂട്ടുപലിശയുമായി ഭീമമായ തുകകൾ അവർക്കു വീട്ടി തീർക്കുവാനുണ്ടായിരുന്നു. ബന്നിയവർഗ്ഗത്തിന്റെ പിടിയിൽ നിന്നും കർഷകരെ രക്ഷിക്കുക എന്നതായിരുന്നു ആ നിയമത്തിന്റെ ലക്ഷ്യം. ആ നിയമം ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിന്‌ സ്പെഷ്യൽ ഒന്നാം ക്ലാസ്‌ ജഡ്‌ജിയായി ഡോ. പെല്ലനേയും, പെല്ലന്റെ കീഴിൽ സബ്‌ജഡ്‌ജിയായി റാനഡെയെയുമാണ്‌ സർക്കാർ നിയമിച്ചത്‌.

ഈ ജോലിയിൽ പ്രവേശിച്ച ഉടനെ പൂന, സത്താറ മുതലായ സ്ഥലങ്ങളിലെ പഞ്ചായത്തുകളെ കാര്യക്ഷമമാക്കുന്നതിലാണ്‌ റാനഡെ കൂടുതൽ ശ്രദ്ധിച്ചത്‌. കഴിവും വിദ്യാഭ്യാസവുമുളള അഞ്ചുപേരെ ഓരോ ഗ്രാമത്തിൽ നിന്നും തെരഞ്ഞെടുക്കുകയും, അങ്ങനെ പഞ്ചായത്തു കമ്മറ്റികൾ രൂപീകരിക്കുകയും ചെയ്‌തു. അതാതു പഞ്ചായത്തിലെ കമ്മറ്റി അംഗങ്ങൾ കൂട്ടായി ആലോചിച്ചാണ്‌ അവരവരുടെ സ്ഥലങ്ങളിലെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടിരുന്നത്‌. ഈ നിയമം കൊണ്ട്‌ പ്രധാനമായും രണ്ടു ഗുണങ്ങളാണ്‌ ഉണ്ടായത്‌. ഒന്ന്‌ ബന്നിയവർഗ്ഗത്തിന്റെ കയ്യിൽനിന്നും കർഷകരെ മോചിപ്പിക്കാൻ സാധിച്ചത്‌. മറ്റൊന്ന്‌ കർഷകൻ വീട്ടി തീർക്കുവാനുളള കടങ്ങൾ പലിശ ഇളവുചെയ്‌ത്‌ ഗഡുക്കളായി കൊടുത്തു തീർക്കുന്നതിനുളള സമയം അവർക്ക്‌ അനുവദിക്കുകയും അങ്ങനെ കർഷകരെ കടവിമുക്തരാക്കുവാനും സാധിച്ചത്‌.

കടം കൊടുത്തവർക്കും അത്‌ വാങ്ങിയവർക്കും ദോഷം വരാത്ത രീതിയിലാണ്‌ നിയമം നടപ്പിലാക്കിയത്‌. എന്നാൽ ആ നിയമത്തെ വിമർശിച്ചുകൊണ്ട്‌ അക്കാലത്തെ ചില പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ പത്രപ്രസ്താവനകൾ നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ നിയമം നടപ്പിൽ വരുത്തിയതിൽ വല്ല പാകപിഴകളും സംഭവിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിക്കുവാൻ ഒരു അന്വേഷണ കമ്മീഷനെ സർക്കാർ നിയമിക്കുകയും ചെയ്‌തു. കമ്മീഷൻ വിപുലമായ ഒരന്വേഷണം നടത്തുകയും പത്രപ്രസ്താവനകൾ സത്യവിരുദ്ധമാണെന്നും, ശരിയായ രീതിയിൽ തന്നെയാണ്‌ നിയമം നടപ്പിലാക്കിയിട്ടുളളതെന്നും വിധിയെഴുതി.

മേൽ പ്രസ്താവിച്ച നിയമം നടപ്പിൽ വരുത്തുന്നതിനു പിന്നിൽ പ്രവർത്തിച്ചത്‌ റാനഡെയായിരുന്നു. 1885-ൽ ഡോ.പെല്ലൻ ഇംഗ്ലണ്ടിലേക്ക്‌ പോവുകയും, ആ സ്ഥാനത്ത്‌ റാനഡെയെ നിയമിക്കുകയും ചെയ്‌തു. 1893 സെപ്തംബറിൽ റാനഡെ ബോംബെ ഹൈക്കോർട്ട്‌ ജഡ്‌ജിയായി നിയമിതനായി. സർക്കാരിന്റെ ഈ തീരുമാനത്തെ അനുമോദിച്ചുകൊണ്ട്‌ അന്നത്തെ പ്രമുഖ പത്രങ്ങൾ മുഖപ്രസംഗമെഴുതി. റാനഡെയെ പ്രശംസിച്ചുകൊണ്ട്‌ നിരവധി കത്തുകളും കമ്പികളും ഇന്ത്യയ്‌ക്കകത്തുനിന്നും ഇംഗ്ലണ്ടിൽനിന്നും വന്നുകൊണ്ടിരുന്നു. പൂനാനഗരം അദ്ദേഹത്തിന്‌ ഗംഭീരമായ യാത്രയയപ്പാണ്‌ നല്‌കിയത്‌.

റാനഡെയുടെ ഔദ്യോഗികചരിത്രം വായിച്ചാൽ ബ്രിട്ടീഷുകാർക്കു വിധേയനായ ഒരാളായിരുന്നു അദ്ദേഹമെന്ന്‌ ധരിക്കാൻ ഇടയുണ്ട്‌. അതു ശരിയല്ല. ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ തന്റെ കടമകൾ നിർവ്വഹിക്കുന്നതിൽ അദ്ദേഹം ഒരിക്കലും വീഴ്‌ച വരുത്തിയിരുന്നില്ല. ആത്മാഭിമാനവും, രാജ്യസ്‌നേഹവും എവിടെയും അടിയറ വെയ്‌ക്കാതെയാണ്‌ അദ്ദേഹം തന്റെ ഔദ്യോഗികജീവിതം പൂർത്തിയാക്കിയത്‌. വിദ്യാഭ്യാസവകുപ്പിലെ ഒരു പരിഭാഷകനിൽനിന്ന്‌ ഹൈക്കോർട്ട്‌ ജഡ്‌ജിവരെ ഉയർന്നപ്പോഴും സ്വന്തം നാടിനുവേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുളളു. അദ്ദേഹം എന്നും ഭാരതത്തിന്റെ പുത്രൻ തന്നെയായിരുന്നു.

സമൂഹ പ്രവർത്തനം

ബ്രഹ്‌മസമാജം, പ്രാർത്ഥനാസമാജം, ആര്യസമാജം എന്നീ പേരുകളിൽ രൂപം കൊണ്ട സമൂഹ പരിഷ്‌കരണ പ്രസ്ഥാനങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ശ്രദ്ധേയമായ ചില പരിവർത്തനങ്ങൾ വരുത്തിക്കൊണ്ടിരുന്ന സമയത്താണ്‌ റാനഡെ സമൂഹ പ്രവർത്തനത്തിന്റെ പാതയിലേയ്‌ക്ക്‌ ഇറങ്ങി ചെല്ലുന്നത്‌. 1869-ൽ മഹാരാഷ്‌ട്രയിൽ സ്ഥാപിതമായ പ്രാർത്ഥനാസമാജത്തിലായിരുന്നു റാനഡെ പ്രവർത്തിച്ചത്‌. ഈ സമാജത്തിൽ ചേരുന്നതിനു മുൻപുതന്നെ അദ്ദേഹം സമൂഹപരിഷ്‌കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

മിശ്രവിവാഹം, മിശ്രഭോജനം, വിധവാവിവാഹം, അയിത്തോച്ചാടനം, അധഃകൃതവർഗ്ഗോദ്ധാരണം, സ്ര്തീ വിദ്യാഭ്യാസം തുടങ്ങിയ സമൂഹ പരിഷ്‌കരണപ്രവർത്തനങ്ങൾ തന്നെയാണ്‌ പ്രാർത്ഥനാസമാജവും നടത്തിയിരുന്നത്‌. ആ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും, അതിന്റെ പ്രവർത്തനഫലങ്ങൾ സമൂഹത്തിൽ വ്യാപകമായി എത്തിക്കുന്നതിലും പ്രധാന പങ്കു വഹിച്ചത്‌ റാനഡെയായിരുന്നു. അദ്ദേഹം പൂനെയിൽ നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും സ്‌മരണീയമാണ്‌. യുവാക്കളെ ഏകോപിപ്പിച്ചുകൊണ്ടാണ്‌ അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു നയിച്ചത്‌. അവരെ കർത്തവ്യബോധമുളളവരും ദേശസ്‌നേഹികളും കർമ്മനിരതരുമാക്കി തീർത്തു അദ്ദേഹം. വിധവാവിവാഹം നടപ്പിൽ വരുത്തുന്നതിനായിരുന്നു പൂനയിൽ അദ്ദേഹം ശ്രമിച്ചത്‌. അതിന്റെ ഭാഗമായി “ഇന്ദുപ്രകാശം” എന്ന പേരിൽ ഒരു പത്രം തുടങ്ങുകയും; സമൂഹത്തിൽനിന്നും തിരസ്‌കൃതരായ വിധവകൾ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെക്കുറിച്ച്‌ അതിൽ അദ്ദേഹം തുറന്നെഴുതുകയും ചെയ്‌തു. മാത്രമല്ല അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൂനയിൽ ആദ്യമായി ഒരു വിധവാവിവാഹം നടന്നതോടുകൂടി ജാതിക്കോമരങ്ങളുടെ കോപം ആളിക്കത്തി. റാനഡെയുടെ പ്രവർത്തനം ശാസ്ര്തവിധിക്ക്‌ എതിരാണെന്ന്‌ സവർണ്ണമേധാവിത്വം വാദിച്ചു. റാനഡെ ഒട്ടും പതറാതെ തന്റെ നിലപാടിൽ തന്നെ ഉറച്ചുനിന്നു. ഈ പ്രശ്‌നത്തിന്‌ ഒരന്തിമ വിധിയ്‌ക്കായി ഇരുകൂട്ടരും മതാചാര്യനായ ശങ്കരാചാര്യരുടെ മുൻപിലെത്തി. ആചാര്യൻ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചു. അത്‌ ഇപ്രകാരമായിരുന്നു. “വിധവാവിവാഹം ശാസ്‌ത്രവിഹിതമോ അല്ലയോ എന്ന്‌ ഇരുഭാഗത്തുനിന്നും സമം സംഖ്യയുളള അംഗങ്ങൾ ചേർന്ന്‌ വാദിക്കുകയും, അതിലെ ജയാപരാജയങ്ങളുടെ അടിസ്ഥാനത്തിൽ വിധി പ്രഖ്യാപനം ചെയ്യാം” എന്നുമായിരുന്നു. സവർണ്ണപക്ഷവും, റാനഡെ പക്ഷവും തമ്മിൽ ഉഗ്രമായ ഒരു വാദപ്രതിവാദം നടക്കുകയും, അതിൽ റാനഡെ പക്ഷം പരാജയപ്പെടുകയും ചെയ്‌തു. പരാജയപ്പെട്ടവരെ ജാതിഭ്രഷ്‌ടരാക്കി വിധി പ്രഖ്യാപിക്കുകയും ചെയ്‌തു ആചാര്യൻ. എന്നാൽ റാനഡെ അതിലൊന്നും കുലുങ്ങിയില്ല. മതാചാര്യനെപ്പോലും വകവെയ്‌ക്കാതെയാണ്‌ അദ്ദേഹം പ്രവർത്തിച്ചത്‌. ഇരുപത്തിമൂന്നു വർഷക്കാലം ജാതിഭ്രഷ്‌ടനായിത്തന്നെ അദ്ദേഹം ജീവിച്ചു. അസാമാന്യ മനോബലവും, ഉയർന്ന ഉദ്യോഗവും കൊണ്ട്‌ മാത്രമാണ്‌ ആ ഭ്രഷ്‌ടിനെ സുധീരം നേരിടാൻ അക്കാലത്ത്‌ റാനഡെയ്‌ക്ക്‌ സാധിച്ചത്‌.

പൂനയിൽ വ്യവസായികവും, സാംസ്‌കാരികവുമായ ഒട്ടേറെ പ്രവർത്തനങ്ങൾ റാനഡെ നടത്തിയിട്ടുണ്ട്‌. പൂനയിലെ നേറ്റീവ്‌ ലൈബ്രറി പുനഃസ്ഥാപിക്കുകയും ഒരു ഭാഷാ പരിഷ്‌കരണ കമ്മറ്റി രൂപീകരിക്കുകയും ചെയ്‌തു. റേ പ്പേർ മിൽ, റേ മ്യൂസിയം, പട്ടു-പരുത്തി വ്യവസായശാലകൾ, നിരവധി പൊതുസ്ഥാപനങ്ങൾ എന്നിവകൊണ്ട്‌ പൂന നഗരം സമൃദ്ധമായി.

1861-ൽ രൂപം കൊണ്ട വിധവാവിവാഹ അസോസിയേഷൻ, പ്രസിദ്ധ-ഡെക്കാൺ എജ്യുക്കേഷൻ സൊസൈറ്റി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച്‌ തുടങ്ങിവെച്ച സാമൂഹ്യസമ്മേളനം- ഇതെല്ലാം റാനഡെയുടെ ഉത്സാഹത്തിന്റെ ഫലമായി ഉണ്ടായതാണ്‌. റാനഡെയുടെ പ്രവർത്തനങ്ങളെ മൊത്തത്തിൽ നിരീക്ഷിച്ചുകൊണ്ട്‌ സി.എഫ്‌.ആൻഡ്രൂസ്‌ അഭിപ്രായപ്പെട്ടതു നോക്കുക. “ഇന്ത്യയിലെ നവോത്ഥാനത്തിന്റെ ഒടുക്കത്തതും എന്നാൽ പല കാര്യങ്ങളും വെച്ചു നോക്കിയാൽ സ്ഥായി ആയതും ആയ പ്രവർത്തനങ്ങൾ ഉദയം ചെയ്‌തത്‌ ബോംബെ സംസ്ഥാനത്തിലാണ്‌. ഇവയെല്ലാം ജസ്‌റ്റിസ്‌ റാനഡെയുടെ പേരുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടു കിടക്കുകയും ചെയ്യുന്നു.”

എഴുത്തുകാരനായ റാനഡെ

കോളേജിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹം ധാരാളം ലേഖനങ്ങൾ എഴുതിയിരുന്നു. സാമൂഹിക-സാമ്പത്തിക-ധാർമ്മിക-ചരിത്രവിഷയങ്ങളെ അധികരിച്ചുകൊണ്ട്‌ ലേഖനപരമ്പരകൾ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. നൂൽനൂല്പ്‌, കുടിൽ വ്യവസായം, വസ്‌ത്രവ്യാപാരം എന്നിവ കൂടുതൽ ഉണ്ടാവണമെന്നും അദ്ദേഹം അന്നേ എഴുതിയിരുന്നു. ധനശാസ്‌ത്രത്തെ സംബന്ധിച്ച നിരവധി പ്രബന്ധങ്ങൾ അദ്ദേഹം തയ്യാറാക്കി. അവയെല്ലാം സമാഹരിച്ച്‌ “ഭാരതീയ ധനശാസ്‌ത്രം” എന്ന പേരിൽ ഒരു ഗ്രന്ഥമാക്കിയിട്ടുണ്ട്‌. ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെടണമെങ്കിൽ ഇവിടുത്തെ അസംസ്‌കൃത പദാർത്ഥങ്ങൾ ഇവിടെത്തന്നെ ഉപയുക്തമാക്കി തീർക്കണമെന്നും, കൃഷിയെ മാത്രം ആശ്രയിച്ചുകൊണ്ട്‌ കഴിയരുതെന്നും, മുതലാളിമാർ കർഷകരെ ചൂഷണം ചെയ്യുന്നുണ്ടെന്നും അദ്ദേഹമെഴുതി. ധാരാളം വ്യവസായശാലകൾ ഉയർന്നു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബ്രിട്ടന്റെ ചൂഷണമനോഭാവത്തെ വിമർശിക്കുകയും, സ്വദേശി സാധനങ്ങളുടെ ഉപയോഗം കൂട്ടണമെന്നും വിദേശി സാധനങ്ങൾ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം തുറന്നെഴുതി.

അദ്ദേഹത്തിന്റെ പ്രധാനഗ്രന്ഥം “Rise and Fall of the Maratta Power” (മറാത്ത പ്രഭാവം) ആണ്‌. മഹാരാഷ്‌ട്രത്തിന്റെ സംസ്‌കാരത്തെയും, പൂർവ്വചരിത്രത്തെയും, ശിവജിയുടെ ത്യാഗോജ്ജ്വലമായ ജീവിതത്തെയും കുറിച്ച്‌ സവിസ്‌തരം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം നമുക്കു കിട്ടിയ ഏറ്റവും വലിയ ചരിത്ര ഗ്രന്ഥങ്ങളിൽ ഒന്നാണ്‌. മഹാരാഷ്‌ട്രത്തിന്റെ ചരിത്രമാണ്‌ വലിയ ചരിത്രമാണ്‌ അതിൽ മുഖ്യമായും പറയുന്നതെങ്കിലും ഇന്ത്യയുടെ പൂർവ്വചരിത്രത്തെ ആകമാനം പരിശോധിക്കുന്നുണ്ട്‌ അദ്ദേഹം ആ ഗ്രന്ഥത്തിൽ. അതിന്റെ രചനയ്‌ക്കുവേണ്ടി വിപുലമായ പഠനങ്ങൾ തന്നെ അദ്ദേഹം നടത്തുകയുണ്ടായി. മറാത്ത പ്രഭാവത്തിന്റെ രണ്ടാം ഭാഗം തയ്യാറാക്കാൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും മരണം അദ്ദേഹത്തെ അതിനനുവദിച്ചില്ല.

തിരക്കിട്ട ജീവിതത്തിനിടയിലും എഴുത്തിനും വായനയ്‌ക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. തന്റെ ആശയങ്ങൾ ആവിഷ്‌കരിക്കുന്നതിലും തനിക്ക്‌ സത്യമെന്നു തോന്നിയ വസ്‌തുതകൾ തുറന്നെഴുതാനും അദ്ദേഹം മടിച്ചില്ല. എഴുത്തുകാരനായ റാനഡെ സമൂഹപരിഷ്‌കർത്താവും ഉദ്യോഗസ്ഥനുമായ റാനഡെയിൽ നിന്നും വ്യത്യസ്‌തനായിരുന്നു. അത്‌ അദ്ദേഹത്തിന്റെ സ്വത്വത്തിന്റെ പരമകാഷ്‌ഠയത്രെ!

റാനഡെയുടെ സമൂഹ പ്രവർത്തനങ്ങളെയും ജീവിതത്തെയും കൃതികളെയും കുറിച്ച്‌ ചുരുക്കം പഠനങ്ങളേ ഉണ്ടായിട്ടുളളു. മലയാളത്തിൽ അദ്ദേഹത്തിന്റെ ഒരു ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പണ്ഡിതർ ടി. കരുണാകരപണിക്കർ എഴുതിയതും, വി.സുന്ദരയ്യൻ സൺസ്‌ പ്രസിദ്ധീകരിച്ചതുമായ പ്രസ്തുത ഗ്രന്ഥം ഇന്നു ലഭ്യമല്ല. റാനഡെയെക്കുറിച്ച്‌ ഇറങ്ങിയ പഠനങ്ങളിൽ ശ്രദ്ധേയം ഡോ. ബി.ആർ. അംബേദ്‌ക്കറുടെ ‘റാനഡെ, ഗാന്ധി, ജിന്ന’ എന്ന ഗ്രന്ഥമാണ്‌.

ദീർഘകാലത്തെ വിശ്രമരഹിതമായ പ്രവർത്തനങ്ങൾ കൊണ്ട്‌ റാനഡെയുടെ ആരോഗ്യം ക്ഷയിച്ചു. ഔദ്യോഗികരംഗത്തു നിന്നും വിരമിച്ചുവെങ്കിലും, സാമൂഹികരംഗത്തുനിന്നും മാറാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. തന്റെ അനാരോഗ്യത്തെ വകവെക്കാതെ അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരുന്നു. മരണം ആർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ. 1901 ജനുവരി 16-ന്‌ അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞു. ഏകാഗ്രമായ ലക്ഷ്യബോധം, അചഞ്ചലമായ സത്യനിഷ്‌ഠ, അഗാധമായ സ്വരാജ്യസ്‌നേഹം, നിശിതമായ വിമർശനപാടവം, കണിശവും നിഷ്പക്ഷവുമായ നീതിപാലനം, അനീതിയോടുളള സന്ധിയില്ലാസമരം, നിർഭയത്വവും, സേവനോത്സുകതയും, സഹജീവികളോടുളള അളവറ്റ കരുണയും അദ്ദേഹത്തെ ഇന്ത്യയുടെ നവോത്ഥാന നേതാക്കളിൽ പ്രമുഖനാക്കി.

റാനഡെയുടെ ദീർഘദർശിത്വമുളള പ്രവർത്തനങ്ങൾ ഇന്ത്യയ്‌ക്ക്‌ പിന്നീട്‌ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്‌ എന്ന വസ്‌തുത നാം വിസ്‌മരിക്കരുത്‌. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക്‌ പ്രവേശിച്ച നാം ജീവിതത്തിന്റെ നാനാമേഖലകളിൽ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ റാനഡെ അടങ്ങുന്ന ആ പഴയ തലമുറയുടെ പ്രവർത്തനങ്ങളെയും ജീവിതത്തെയും കുറിച്ച്‌ ആഴത്തിൽ പഠിക്കുവാനും, കുറഞ്ഞ തോതിലെങ്കിലും അവ സ്വജീവിതത്തിലേയ്‌ക്ക്‌ പകർത്തുവാനും നാം സന്നദ്ധരാവണം.

കെ. കനകരാജ്‌

വിലാസം

പുറയത്ത്‌ വീട്‌

മങ്കര പി.ഒ.

പാലക്കാട്‌ - 678 613.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.