പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മലയാളിയുടെ സ്വന്തം അമ്മ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

ലേഖനം

മാനത്ത്‌ കാർമേഘം കണ്ടാൽ നെഞ്ചു പിടയ്‌ക്കുന്ന പ്രകൃതമായിരുന്നു കൊച്ചുപൊന്നമ്മയുടേത്‌. കളിക്കൂട്ടുകാരില്ലാത്ത ഏകാന്ത ബാല്യത്തിൽ കിളികളും പൂക്കളുമൊക്കെയായിരുന്നു കൂട്ട്‌. പിന്നീട്‌ മനസ്സിലേക്ക്‌ സംഗീതത്തെയും അഭിനയത്തെയും പറിച്ചുനട്ട്‌ മലയാളികളുടെ അമ്മയായി മാറിയ കവിയൂർ പൊന്നമ്മയുടെ ഹൃദയത്തിന്റെ പച്ചപ്പ്‌, സ്‌നേഹമെന്ന വികാരം തന്നെ. ആരെയും വെറുക്കാതെ, സിനിമയിൽ മാത്രമല്ല ജീവിതത്തിലും സ്‌നേഹപൂർണ്ണമായ അമ്മ തന്നെയാണ്‌ കവിയൂർ പൊന്നമ്മ. ബാല്യത്തിന്റെ വിഹ്വലതകളിൽനിന്നും സമാശ്വാസം സ്‌ഫുരിക്കുന്ന അമ്മഭാവത്തിലെത്തിയ കവിയൂർ പൊന്നമ്മയുടെ ജീവിതത്തെക്കുറിച്ച്‌....

സംഗീതമേ ജീവിതം...

ഒരവധിക്കാലത്ത്‌, അച്‌ഛൻ ദാമോദരന്റെ കൈവിരലിൽ തൂങ്ങി, കിളികളോടും പൂക്കളോടും വർത്തമാനം പറഞ്ഞ്‌, പൊൻകുന്നം ഗ്രാമത്തിലെ ഒരിടവഴിയിലൂടെ നടക്കുമ്പോൾ എവിടെനിന്നോ ഒഴുകിവന്ന ഹാർമോണിയത്തിന്റെ ശ്രുതിയാണ്‌ കൊച്ചുപൊന്നമ്മയിലേയ്‌ക്ക്‌ സംഗീതത്തെ പെയ്തിറക്കിയത്‌. കേട്ടത്‌ അപശ്രുതിയാണെങ്കിലും പൊന്നമ്മ അതിനെ തേടിച്ചെന്നു. ഒരു കൊച്ചുവീട്ടിൽ, ഹാർമോണിയത്തിൽ ശ്രുതിമീട്ടുന്ന അച്‌ഛന്റെ അരികിലിരുന്ന്‌ പാടുന്ന പെൺകുട്ടിയെയാണ്‌ അവിടെ കണ്ടത്‌. കൗതുകത്തെക്കാളേറെ വല്ലാത്തൊരാവേശമാണ്‌ ആ ദൃശ്യം പൊന്നമ്മയിൽ നല്‌കിയത്‌. ഒരു ഹാർമോണിയം തനിക്കും വേണമെന്നായി. അച്‌ഛന്റെ സംഗീതതാത്‌പര്യവും മകൾക്ക്‌ കൂട്ടായി. ഹാർമോണിയത്തോടൊപ്പം ഒരു ഗുരുവിനേയും അച്‌ഛൻ മകൾക്ക്‌ തേടിക്കൊടുത്തു. പിന്നെ സംഗീതം നിറഞ്ഞ ബാല്യകാലം.

പതിനൊന്നാം വയസ്സിൽ അച്‌ഛന്റെ നാടായ കവിയൂരിൽ പൊന്നമ്മ അരങ്ങേറ്റം നടത്തുമ്പോൾ എൽ.പി.ആർ വർമ്മയടക്കം അഞ്ചോളം ഗുരുക്കന്മാരുടെ കീഴിൽ സംഗീതം അഭ്യസിച്ചു കഴിഞ്ഞിരുന്നു. അരങ്ങേറ്റത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ പ്രശസ്ത സംഗീതജ്ഞ കവിയൂർ രേവമ്മ പൊന്നമ്മയുടെ ആലാപനത്തിൽ വിസ്‌മയം പൂണ്ട്‌ അഭിനന്ദിച്ചു. അഭിനന്ദനങ്ങൾകൊണ്ട്‌ വീർപ്പുമുട്ടുമ്പോൾ ആരോ പറഞ്ഞു. രേവയ്‌ക്കുശേഷം കവിയൂരിന്‌ ഒരു വലിയ ഗായികയെ കിട്ടിയിരിക്കുന്നുവെന്ന്‌. അങ്ങിനെ കൊച്ചുപൊന്നമ്മ കവിയൂർ പൊന്നമ്മയായി.

പിൽക്കാലത്ത്‌, താൻ സ്ഥാനം ഉറപ്പിച്ച നാടകവേദിയോ, സിനിമാലോകമോ നല്‌കാത്ത, തന്റെ സംഗീതം സമ്മാനിച്ച ആ പേരിനെ പൊന്നമ്മ ഇന്നും അഭിമാനത്തോടെ ചേർത്തുപിടിച്ചിരിക്കുന്നു. കവിയൂർ പൊന്നമ്മ എന്ന പേര്‌ മലയാളികളുടെ അമ്മത്തമാണെങ്കിൽ, പൊന്നമ്മയ്‌ക്കത്‌ സംഗീതം നല്‌കിയ പുണ്യമാണ്‌.

വഴിമാറിയൊരു യാത്ര; നാടകവേദിയിലേയ്‌ക്ക്‌....

സ്‌കൂൾ ജീവിതകാലം-ഒരുനാൾ അവിചാരിതമായി ഈ പാട്ടുകാരിയെത്തേടി കുറച്ചുപേരെത്തി. തോപ്പിൽ ഭാസി, നടൻ ശങ്കരാടി, കെ.പി.എ.സിയുടെ സർവ്വസ്വമായിരുന്ന കേശവൻ പോറ്റി എന്നിവരായിരുന്നു അവർ. ദേവരാജൻ മാസ്‌റ്റർ പാടുവാൻ പറഞ്ഞു. തമ്പുരു കൈയ്യിലേന്തി പൊന്നമ്മ ആലപിച്ച കീർത്തനം കെ.പി.എ.സി എന്ന നാടക ലോകത്തേയ്‌ക്കുളള വഴിയായിരുന്നു. അമ്മയുടെ എതിർപ്പുണ്ടായിരുന്നെങ്കിലും അച്ഛന്റെ അകമഴിഞ്ഞ സമ്മതത്തോടെ അന്നുവരെ ഒരു നാടകമോ സിനിമയോ കാണാത്ത പൊന്നമ്മ കെ.പി.എ.സിയിലെത്തി. അങ്ങിനെ പി.ജെ. ആന്റണി സ്ഥാപിച്ച, പിന്നീട്‌ കെ.പി.എ.സി ഏറ്റെടുത്ത പ്രതിഭാ തീയറ്റേഴ്‌സിൽ മൂലധനം എന്ന നാടകത്തിന്റെ പാട്ടുകാരിയായി. എന്നാൽ പാട്ടുപാടാൻ എത്തിയ പൊന്നമ്മയെ സമിതിയുടെ നായികാദാരിദ്ര്യം നടിയാക്കി മാറ്റുകയായിരുന്നു. നായികയാകാൻ നടിയെ കിട്ടാതെ വന്നപ്പോൾ തോപ്പിൽഭാസിയാണ്‌ പറഞ്ഞത്‌, നമുക്കീ പൊന്നമ്മക്കൊച്ചിനെ വേഷം കെട്ടിച്ചാലോ എന്ന്‌. ആദ്യം ഭയന്നു കരഞ്ഞ പൊന്നമ്മക്ക്‌ തോപ്പിൽ ഭാസിയെന്ന നാടകാചാര്യൻ കരുത്തു നല്‌കി. ചെറിയ താളപ്പിഴകളോടെ, മൂലധനം എന്ന നാടകത്തിലൂടെ, നാടകത്തട്ടിൽ അഭിനയത്തിന്റെ ആദ്യപാഠങ്ങൾ പൊന്നമ്മ പഠിച്ചു. പിന്നീട്‌ പാടി അഭിനയിച്ച നാടകങ്ങളും വേദികളും ഒട്ടേറെ. തന്റെ നാടകാഭിനയശേഷിയെ അത്ര നന്നെന്നു പറയാൻ ഇവർ കൂട്ടാക്കുന്നില്ല. അങ്ങിനെ അഭിനയിച്ചുപോയി എന്നുമാത്രം. ‘അൾത്താര’ എന്ന നാടകത്തിലെത്തുമ്പോഴേക്കും താൻ കുറച്ചുകൂടി മെച്ച്വറായി എന്ന്‌ പൊന്നമ്മ കരുതുന്നു. പിന്നെ പാട്ടുപാടാനുളള കഴിവും നിഷ്‌കളങ്കമായ മുഖവും പൊന്നമ്മയെ വേദികൾക്ക്‌ പ്രിയങ്കരിയാക്കി.

ക്യാമറയ്‌ക്കു മുന്നിൽ.....

കവിയൂർ പൊന്നമ്മ ആദ്യമായി മൂവി ക്യാമറയെ അഭിമുഖീകരിച്ചത്‌ ‘ശ്രീരാമപട്ടാഭിഷേക’ത്തിലൂടെയായിരുന്നെങ്കിലും പുറത്തിറങ്ങിയ ആദ്യസിനിമ ‘കുടുംബിനി’ ആയിരുന്നു. അതും രണ്ട്‌ കുട്ടികളുടെ അമ്മയായി. ‘ഓടയിൽ നിന്ന്‌’, ‘റോസി’ എന്നീ ചിത്രങ്ങൾക്കുശേഷം അഭിനയിച്ച ‘തൊമ്മന്റെ മക്കൾ’ എന്ന സിനിമയാണ്‌ പൊന്നമ്മയിലെ അമ്മയെ യഥാർത്ഥത്തിൽ മലയാളികൾക്ക്‌ സമ്മാനിച്ചത്‌. ചിത്രത്തിന്റെ സംവിധായകൻ ശശികുമാർ തെല്ലാശങ്കയോടെയാണ്‌ പൊന്നമ്മയെ ഒരു വയസ്സിത്തളളയെ അവതരിപ്പിക്കാൻ ക്ഷണിച്ചത്‌. യാതൊരു മടിയും കൂടാതെ ഒരു വെല്ലുവിളിയായി ആ കഥാപാത്രത്തെ പൊന്നമ്മ ഏറ്റെടുത്തു. അങ്ങിനെ, തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ കസറി. ഇതിന്റെ റീമേക്കായ ‘ബന്ധമെവിടെ സ്വന്തമെവിടെ’ എന്ന സിനിമയിലും അമ്മവേഷം പൊന്നമ്മയ്‌ക്കുതന്നെയായിരുന്നു.

സത്യൻ മുതൽ പൃഥ്വിരാജ്‌ വരെ, മലയാള സിനിമാലോകത്ത്‌ കടന്നുവന്ന ഒട്ടെല്ലാ അഭിനേതാക്കളുടെയും പ്രിയപ്പെട്ട അമ്മയാകാനുളള ഭാഗ്യം പൊന്നമ്മയ്‌ക്കുണ്ടായി. അമ്മവേഷത്തിന്റെ ഭദ്രതയിൽ 1972- ൽ ‘തീർത്ഥയാത്ര’ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച സഹനടിക്കുളള പുരസ്‌കാരത്തിന്‌ അർഹയായി. തൊട്ടടുത്ത രണ്ടുവർഷങ്ങളിലും ഈ പുരസ്‌കാരം പൊന്നമ്മയ്‌ക്കുതന്നെയായിരുന്നു. അറിയപ്പെടുന്നതും അല്ലാത്തതുമായ എത്രയോ പുരസ്‌കാരങ്ങൾ ഈ അമ്മവേഷനടിയെ തേടിയെത്തി എന്നത്‌ ഇവരുടെ അഭിനയസൂക്ഷ്‌മതയെ വെളിവാക്കുന്നവയാണ്‌.

അമ്മത്തം നല്‌കിയ ചങ്ങലക്കുരുക്ക്‌

സ്‌നേഹം നിറഞ്ഞ ഒരമ്മയുടെ മാറ്റമില്ലാത്ത അഭിനയസാധ്യതകൾ ഈ നടിയിൽ കുറെയേറെ വിരസത സൃഷ്‌ടിച്ചുവെന്നത്‌ നേര്‌. വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറെ ആഗ്രഹം ഒരുകാലത്ത്‌ പൊന്നമ്മയിൽ നിറഞ്ഞിരുന്നു. ഈ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴൊക്കെ സഹപ്രവർത്തകരും സംവിധായകരും സ്‌നേഹപൂർവ്വം പറഞ്ഞത്‌ ഒന്നുതന്നെ-പൊന്നമ്മച്ചീടെ മുഖം അമ്മയാകാൻ മാത്രമെ പറ്റൂവെന്ന്‌. ഒരിക്കൽ ഏറെ അഭിനയസാധ്യത ഉൾക്കൊണ്ടിട്ടുളള ഒരു തെരുവുവേശ്യയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം കൈവന്നപ്പോൾ, പൊന്നമ്മയെക്കൊണ്ട്‌ ഒരിക്കലും ഇത്‌ ചെയ്യിക്കരുതെന്ന്‌ സംവിധായകന്‌ കർശനനിർദ്ദേശം നല്‌കിയത്‌ പ്രേംനസീറായിരുന്നു. എന്തിന്‌, സുകൃതം എന്ന ചിത്രത്തിൽ മുഖം കറുപ്പിച്ച്‌ ഒരു ഡയലോഗ്‌ പറഞ്ഞതിന്‌ പരിഭവം നിറച്ചെഴുതിയ കത്തുകൾ ഏറെയാണ്‌ പൊന്നമ്മയെ തേടിയെത്തിയത്‌. സുകുമാരിയും കെ.പി.എ.സി ലളിതയുമടക്കം പല അമ്മ വേഷക്കാരും വ്യത്യസ്‌ത കഥാപാത്രങ്ങളെ പലരീതിയിൽ അഭിനയിക്കുമ്പോഴും തന്നെ എന്തുകൊണ്ടാണ്‌ ആരും ഇത്തരം വേഷങ്ങൾക്ക്‌ പരിഗണിക്കുന്നില്ല എന്ന ചോദ്യം തിരിച്ച്‌ പൊന്നമ്മ ഉയർത്തുന്നുണ്ട്‌. ഇങ്ങനെയൊക്കെയെങ്കിലും ഒരു വ്യത്യസ്ത വേഷം കിട്ടിയാൽ അത്‌ തന്റെ അമ്മത്തത്തെ പ്രതികൂലമായി ബാധിക്കുമെങ്കിൽ അവതരിപ്പിക്കാൻ ഇനി ഇവർ തയ്യാറല്ല. കാരണം മലയാളികളുടെ അമ്മസ്വരൂപങ്ങളിൽ ഒന്നായി താൻ പ്രതിഷ്‌ഠിക്കപ്പെട്ടുവെന്ന്‌ ഇവർ തിരിച്ചറിയുന്നുണ്ട്‌.

പൊന്നമ്മയിലെ അമ്മത്തത്തിന്റെ തീവ്രതയ്‌ക്കു കാരണം, ഒരു നടിയുടെ പക്ഷത്തുനിന്നുളള അഭിനയ രീതികളും മുഖഭാവവും മാത്രമാണെന്ന്‌ പറയുക വയ്യ. മലയാള സിനിമയ്‌ക്ക്‌ കവിയൂർ പൊന്നമ്മയെന്ന അമ്മയുളളതുപോലെ ഒരച്ഛനില്ല എന്നത്‌ നാം മനസ്സിലാക്കേണ്ട ഒന്നാണ്‌. തിക്കുറിശ്ശിയും തിലകനുമടക്കം പലരും അച്‌ഛൻ വേഷത്തിന്റെ സകല സാധ്യതകളും അഭിനയിപ്പിച്ചു ഫലിപ്പിച്ചപ്പോഴും ഇവരെയാരെയും ഇതാണ്‌ മലയാള സിനിമയുടെ പിതാരൂപം എന്ന്‌ ചൂണ്ടിക്കാണിക്കുവാൻ ആരും തുനിഞ്ഞില്ല എന്നുമാത്രമല്ല ആലോചനയിൽ പോലും വന്നില്ല. പുരുഷ കേന്ദ്രീകൃതമായ സിനിമാ അനുഭവമുളള മലയാളിക്ക്‌ അച്ഛനെക്കാളേറെ ഇവിടെ അത്യന്താപേക്ഷിതം അമ്മയെ ആണ്‌.

കവിയൂർ പൊന്നമ്മയിലെ അമ്മയെ നിർണ്ണയിച്ചത്‌ രണ്ടു ഘട്ടങ്ങളിലായി, രണ്ടു നടന്മാരാണ്‌. ആദ്യകാലത്ത്‌ പ്രേംനസീറും, പിന്നീട്‌ മോഹൻലാലും. മലയാളത്തിലെ ആൺസൗന്ദര്യബോധത്തെ സൃഷ്‌ടിച്ച പ്രേംനസീറിനും അതേ പാറ്റേണിലായിരുന്ന മോഹൻലാലിനും കവിയൂർ പൊന്നമ്മയെന്ന നടിയെ മാറ്റിനിർത്തുവാൻ കഴിഞ്ഞില്ല. ഏതു രീതിയിലുളള ആൺകഥാപാത്രങ്ങളുടെ അസ്ഥിത്വത്തിനും കവിയൂർ പൊന്നമ്മ മുന്നോട്ടുവച്ച അമ്മത്തം ഏറെ ബാലൻസു ചെയ്‌തു എന്നതാണ്‌ ശരി. നായകകഥാപാത്രങ്ങൾ പലവഴിയിലൂടെ സഞ്ചരിച്ചാലും അമ്മയെന്ന സ്‌നേഹപൂർണ്ണമായ മടിത്തട്ട്‌ എന്നും ഒരുപോലെ തന്നെയായിരുന്നു. അതിന്‌ വ്യത്യസ്തമായ ഭാവങ്ങൾ ആവശ്യമില്ലായിരുന്നു.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ‘ത്രിവേണി’ എന്ന ചിത്രത്തിൽ ഒരു പെണ്ണിന്റെ (ശാരദ) അമ്മയാകുമ്പോൾ, സ്‌ത്രീയുടെ പ്രശ്‌നങ്ങളിലേയ്‌ക്കാണ്‌ വലിച്ചിഴയ്‌ക്കപ്പെടുന്നത്‌. ഒരു നെഗറ്റീവ്‌ കഥാപാത്രത്തിന്റെ സാധ്യതകൾ ത്രിവേണിയിലൂടെ നല്ല രീതിയിൽ അവതരിപ്പിച്ചുവെങ്കിലും, പൊന്നമ്മയെ മലയാളസിനിമയും പ്രേക്ഷകരും ആ വഴിക്ക്‌ തിരിച്ചു വിടാതിരുന്നത്‌ ആണാധിപത്യത്തിന്‌ നല്ലൊരമ്മയെ വേണം എന്നതുകൊണ്ട്‌ തന്നെയാണ്‌.

ഒരു നടിയുടെ സാധ്യതകളെ തന്നിൽ അടിച്ചേൽപ്പിക്കപ്പെട്ട അമ്മത്തം ചങ്ങലയ്‌ക്കിട്ടെങ്കിലും കവിയൂർ പൊന്നമ്മ സന്തോഷവതിയാണ്‌. എന്തിനേക്കാളും വലുത്‌ നല്ല അമ്മയാകുക എന്നതാണ്‌ എന്ന വിശ്വാസം ഇവർക്കുണ്ട്‌. നഷ്‌ടപ്പെട്ട വ്യത്യസ്ത വേഷങ്ങളേക്കാളുപരി, മലയാളി പതിച്ചു നല്‌കിയ അമ്മത്തത്തിനാണ്‌ ഇവർ ഏറെ വില കല്പിക്കുന്നത്‌. ഈ ചങ്ങലക്കുരുക്ക്‌ കവിയൂർ പൊന്നമ്മ മനസ്സുതുറന്ന്‌ സ്വീകരിക്കുന്നു എന്നതാണ്‌ യാഥാർത്ഥ്യം.

പെരിയാറിൻതീരത്ത്‌....

‘ഭാര്യ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്‌ പെരിയാറിന്റെ സൗന്ദര്യം കവിയൂർ പൊന്നമ്മ അറിഞ്ഞത്‌. അന്ന്‌ മനസ്സിൽ കുറിച്ചിട്ടു; ഒരു വീട്‌ വയ്‌ക്കുമെങ്കിൽ അത്‌ പെരിയാറിന്റെ തീരത്തുതന്നെ. സിനിമാത്തിരക്കുകൾക്കിടയിൽ ചെന്നൈയിൽ സ്ഥിരതാമസമാക്കിയെങ്കിലും ഒടുവിൽ ഒരു വീട്‌ വയ്‌ക്കാൻ തീരുമാനിച്ചത്‌ മുൻനിശ്ചയംപോലെ. കഴിഞ്ഞ മൂന്നരവർഷമായി വലിയ സിനിമാ ബഹളങ്ങളിൽ നിന്നും മാറിനിന്ന്‌, ആലുവ പെരിയാറിന്റെ തീരത്തുളള വീട്ടിലാണ്‌ പൊന്നമ്മയിപ്പോൾ. പെരിയാറിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയ പൊന്നമ്മയുടെ സാന്നിധ്യം ആലുവാനഗരത്തിന്‌ പുണ്യമായി എന്നു കരുതുവാൻ കാരണമുണ്ട്‌. നൂറുകണക്കിന്‌ അനാഥബാല്യങ്ങൾക്ക്‌ ആശ്വാസമേകിയ ആലുവ ജനസേവാ ശിശുഭവന്റെ പ്രമോട്ടർമാരിൽ ഒരാളാണ്‌ കവിയൂർ പൊന്നമ്മ. ശിശുഭവനിലെ അന്തേവാസികളായ കുട്ടികളുടെ ദുഃഖത്തിലും സന്തോഷത്തിലും പങ്കുച്ചേരാൻ ഈ അമ്മ എന്നും സന്നദ്ധയാണ്‌. കൂടാതെ അനാഥബാല്യങ്ങളുടെ സംരക്ഷണത്തിനായി ജസ്‌റ്റിസ്‌ വി.ആർ.കൃഷ്ണയ്യർ, ജോസ്‌ മാവേലി എന്നവരോടൊപ്പം ചേർന്ന്‌ ദേശീയതലത്തിൽ ‘ഇന്ത്യൻ സ്‌ട്രീറ്റ്‌ വോയ്‌സ്‌’ എന്ന സംഘടന രൂപീകരിക്കാനുളള ശ്രമത്തിലാണ്‌ ഇപ്പോൾ. അഭ്രപാളികളിൽ അമ്മവേഷം കെട്ടി നമ്മെ ഏറെ ആശ്വസിപ്പിച്ച കവിയൂർ പൊന്നമ്മ, ജീവിതത്തിൽ അശരണരായ ബാല്യങ്ങളെക്കുറിച്ചും ദുരന്തമനുഭവിക്കുന്ന സ്‌ത്രീകളെപ്പറ്റിയും ആശങ്കപ്പെടുന്നതും അവർക്കുവേണ്ടി മനസ്സറിഞ്ഞ്‌ പ്രവർത്തനത്തിനിറങ്ങുന്നതും ഒരു വഴികാട്ടലായി നമുക്ക്‌ തിരിച്ചറിയാം. ഇങ്ങനെയൊക്കെ പ്രവർത്തിക്കുമ്പോൾ തന്നെയൊരു സിനിമാനടിയായി മാത്രം കാണരുതെന്നാണ്‌ ഈ അമ്മയുടെ അപേക്ഷ.

സിനിമാലോകത്തിന്റെ നിറക്കൂട്ടുകളിൽ നിന്നും ജീവിതത്തിന്റെ നേർക്കാഴ്‌ചകളിലേക്ക്‌ തിരിഞ്ഞുനോക്കാൻ കവിയൂർ പൊന്നമ്മയെ പ്രാപ്തയാക്കിയത്‌ മലയാളി ഈ അമ്മയ്‌ക്കു നല്‌കിയ സ്‌നേഹത്തിന്റെ കരുത്താണെന്ന്‌ നമുക്കനുമാനിക്കാം. അത്‌ കൈനിറയെ തിരിച്ചു നല്‌കാനും ഈ അമ്മ തയ്യാറാണ്‌. അമ്മവേഷം നന്നായി ചെയ്യുന്ന ഒരു നടി എന്നതിനപ്പുറം കവിയൂർ പൊന്നമ്മ മലയാളികൾക്ക്‌ വലിയൊരു പ്രതീക്ഷ നല്‌കുന്നുണ്ട്‌. കാരണം, ഈ അമ്മയുടെ മനസ്സും പ്രവർത്തിയും സഹജീവികളുടെ വേദനയറിയാതെ എന്നും ഉത്സവലഹരിയിൽ അഭിരമിക്കുന്നവർക്കുനേരെയുളള ചൂണ്ടുവിരലാണ്‌. വിശക്കുന്നവന്‌ ഒരുരുള ചോറ്‌ നല്‌കുന്നതിലേറെ സന്തോഷകരമായി ജീവിതത്തിലെന്തുണ്ട്‌ എന്ന്‌ ചിന്തിക്കുന്ന കവിയൂർ പൊന്നമ്മ മലയാളികളുടെ സ്വന്തം അമ്മയാകാതിരിക്കുന്നതെങ്ങനെ?

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.