പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

‘മാർഗ്ഗ’ത്തിന്റെ സമകാലിക രാഷ്‌ട്രീയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജേഷ്‌ എം.ആർ

ലേഖനം

സാഹിത്യവും സിനിമയും തമ്മിൽ അതിന്റെ ഉത്ഭവഘട്ടം മുതലുണ്ടായിരുന്ന ബന്ധം ചരിത്രത്തിന്റെ പല ഘട്ടങ്ങളിൽ പല സിനിമാസങ്കേതങ്ങൾക്കും വ്യത്യസ്ത പ്രമേയ സ്വീകരണക്രമത്തിലും പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. സാഹിത്യവും സിനിമയും വ്യത്യസ്‌ത മാധ്യമരാഷ്‌ട്രീയ നിലപാടുകളിൽ അനുഷ്‌ഠിതമാണ്‌. എം.സുകുമാരന്റെ ‘പിതൃതർപ്പണം’ എന്ന ചെറുകഥ രാജീവ്‌ വിജയരാഘവൻ ‘മാർഗം’ എന്ന സിനിമയാക്കിയപ്പോൾ ചെറുകഥാപ്രത്യയശാസ്‌ത്ര നിലപാടുകളെ മറ്റൊരു വിധത്തിൽ സമീപിക്കുന്ന വിമർശനാത്മക രാഷ്‌ട്രീയ നിലപാടുകളാണ്‌ മുന്നോട്ട്‌ വയ്‌ക്കുന്നത്‌.

“നൗ ഐ ആം പെർഫെക്‌ടലി ഓൾറൈറ്റ്‌” എന്ന വേണു കുമാരമേനോന്റെ വാക്കുകൾ അത്ര സുഖകരമല്ലാത്ത ഒരു കാലമാണ്‌ വരുന്നതെന്ന സൂചനയാണ്‌ രേഖപ്പെടുത്തുന്നത്‌. സംസ്‌കാരം രാഷ്‌ട്രീയ സംഘട്ടന പ്രത്യയശാസ്‌ത്ര വിമർശനങ്ങൾക്കും മതകേന്ദ്രിത അധികാരങ്ങൾക്കും നടുവിലാണ്‌ സഞ്ചരിക്കുന്നത്‌. 1970 കളിൽ നക്‌സൽ ആശയങ്ങളിൽ ഉണ്ടായ സൈദ്ധാന്തിക പ്രശ്‌നങ്ങളും പ്രയോഗങ്ങളും സമൂഹം അത്‌ സ്വീകരിക്കാതിരുന്നതിന്റെ കാരണവുമാണ്‌ കേരളത്തിൽ നക്‌സൽ പ്രസ്ഥാനം വളരാതിരുന്നതിന്റെ കാരണങ്ങളിൽ ഒന്ന്‌. വേണുകുമാരമേനോൻ എന്ന എം.എസ്‌സി. ഫിസിക്‌സുകാരൻ ഈ പ്രസ്ഥാനത്തിലേക്ക്‌ വരുന്നത്‌ ജന്മിത്വമതാധികാര മൂല്യവ്യവസ്ഥയുടെ തിരസ്‌കാരത്തോടെയാണ്‌. തന്റെ കുടുംബസ്വത്തുപോലും തനിക്ക്‌ അർഹതപ്പെട്ടതല്ലെന്ന ബോധം അയാളുടെ ആശയാധിഷ്‌ഠിത വ്യക്തിത്വത്തിന്‌ തെളിവാണ്‌. അയാളുടെ ബുദ്ധിഭ്രമത്തിന്‌ കാരണം 90കൾക്ക്‌ ശേഷം വരുന്ന നവഹിന്ദുത്വവൽക്കരണവുമായി താരതമ്യപ്പെടുന്നതുകൊണ്ടാണെന്ന്‌ മനസ്സിലാക്കാം.

വരമൊഴികളെ ദൃശ്യതലത്തിലേക്ക്‌ മാറ്റിയപ്പോൾ ചെറുകഥയുടെ സാധ്യതകൾക്കപ്പുറം സിനിമയുടെ രീതിശാസ്‌​‍്‌ത്രത്തിലേക്ക്‌ കഥ മാറുകയുണ്ടായി. വർത്തമാനകാല അവസ്ഥകളോട്‌ ബന്ധിപ്പിക്കാൻ സിനിമയിൽ ചില കഥാപാത്രങ്ങൾ കൂടുകയുണ്ടായി. ടെലിഫിലിം&സീരിയൽ നിർമ്മാണരംഗത്ത്‌ പ്രവർത്തിക്കുന്ന കഥാപാത്രം ഇത്തരത്തിൽ കൂട്ടിച്ചേർക്കപ്പെട്ടതാണ്‌. മാധ്യമരംഗത്ത്‌ പ്രവർത്തിക്കുന്നവർപോലും തൊഴിൽമേഖലയിലെ നിലനിൽപ്പിന്റെ അനശ്ചിതത്വത്തിലാണ്‌ ജീവിക്കുന്നത്‌. കൂടാതെ വേണുകുമാരമേനോന്റെ പഴയകാല നക്‌സൽ സുഹൃത്തുക്കൾ കമ്യൂണിസ്‌റ്റ്‌ ആശയങ്ങളിൽ നിന്നകന്ന്‌ സ്വകാര്യവൽക്കരണ&ആഗോളവൽക്കരണ ആശയ പ്രതിനിധികളായി മാറിയ കാഴ്‌ചയും സിനിമയുടെ കൂട്ടിച്ചേർക്കലാണ്‌. പിതൃതർപ്പണം കഥയിലെ മകൻ പത്താംക്ലാസ്‌ കഷ്‌ടിച്ച്‌ പാസായി പ്രൈവറ്റായി വീഡിയോ മെക്കാനിസം പഠിക്കുന്നതായാണ്‌ കാണുന്നത്‌. എന്നാൽ ‘മാർഗ’ത്തിൽ സെൽഫ്‌ ഫൈനാൻസിങ്ങ്‌ ബിസിനസ്‌ മാനേജ്‌മെന്റ്‌ കോഴ്‌സ്‌ പഠിക്കുകയാണ്‌. വർത്തമാനകാലത്തെ വിദ്യാഭ്യാസമേഖലയിലെ സ്വകാര്യവൽക്കരണവും കച്ചവടവൽക്കരണവും ഇവിടെ സൂചിപ്പിക്കുകവഴി യുവതലമുറ ഇത്തരം പരിവർത്തനങ്ങളെ സ്വാഗതം ചെയ്യുന്നതായും കാണുന്നു. ക്രിക്കറ്റ്‌ കളിയിൽ കരിയർ കളയാതെ ലോകത്ത്‌ എന്തുവിധേനയും നിലനിൽക്കാൻ ഇവർ ആഗ്രഹിക്കുന്നു.

വേണുകുമാരമേനോന്റെ ആശയങ്ങളിൽ പങ്കെടുക്കുവാനും, ചോദ്യങ്ങൾ ചോദിക്കുവാനുമുളള തന്റേടം മകളായ പ്രകൃതിക്ക്‌ കൊടുത്തിരിക്കുന്നത്‌ നാളത്തെ സ്‌ത്രീപക്ഷ മുന്നേറ്റങ്ങളുടെ പ്രതിനിധിയെന്ന താല്‌പര്യം കൊണ്ടായിരിക്കും. മതമോ, ജാതിയോ, ദേശമോ ഇല്ലാത്ത ഒരു പേരാണ്‌ പ്രകൃതി. മകൻ ഒഴുക്കിനനുസരിച്ച്‌ പോകുന്ന അധീശപ്രത്യയശാസ്‌ത്ര പ്രചാരകനാവുമ്പോൾ ബദൽ അന്വേഷണങ്ങളുടെ തലമാണ്‌ പ്രകൃതിയിൽ കാണുന്നത്‌. ഫെമിനിസ്‌റ്റ്‌ ആശയാവലികളിൽ അധിഷ്‌ഠിതമായ സാംസ്‌കാരിക മുന്നേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തിലേക്ക്‌ “തന്നെ മറ്റാരും താങ്ങാനില്ലെന്ന ഉൾബോധത്തോടെ” പ്രകൃതി നിലകൊളളുന്നു.

പിതൃതർപ്പണം ചെറുകഥയിൽ വേണുകുമാരമേനോൻ ആത്മഹത്യ ചെയ്യുന്നത്‌ തന്റെ നിത്യജീവിതത്തിൽ നിമിഷം തോറും അന്യമായി കൊണ്ടിരിക്കുന്ന ആശയപ്രയോഗതലത്തെ നേരിടുന്നതിലുളള പരാജയം കൊണ്ടാണ്‌. മാർഗ്ഗത്തിൽ വേണുകുമാരമേനോൻ ആത്മഹത്യ ചെയ്യാത്തതും ഇത്തരമൊരു അവസ്ഥയെ വിമർശനപരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന സൂചനയാണ്‌. മാനസിക വിഭ്രാന്തി പ്രത്യയശാസ്‌ത്ര പ്രതിസന്ധിയാണെന്ന തിരിച്ചറിവ്‌ പ്രകൃതി അച്ഛന്‌ ഉപദേശിച്ചു കൊടുക്കുന്നു. സമൂഹത്തിൽ ആരും ഒന്നും ചെയ്യാതെ ഇരിക്കുമ്പോൾ തനിക്ക്‌ ആകുന്നത്‌ ചെയ്യുന്നത്‌ പ്രതിഷേധപ്രതിരോധങ്ങളാണെന്ന വിമർശനബുദ്ധിയോടെ സിനിമ അവസാനിക്കുന്നു. ആത്മീയ മേലങ്കിയാൽ മനുഷ്യവിമോചനം സാധ്യമാകുമെന്ന നമ്മുടെ കാലത്തിന്റെ മതിഭ്രമത്തെ പ്രശ്‌നവൽക്കരിക്കുന്ന ആഖ്യാനമായിട്ടാണ്‌ പിതൃതർപ്പണത്തിൽ നിന്ന്‌ മാർഗ്ഗം വ്യത്യസ്തമാകുന്നത്‌.

രാജീവ്‌ വിജയരാഘവനും, അൻവർ അലിയും ചേർന്നെഴുതിയ തിരക്കഥയുടെ പരിസരം ആഗോളവൽക്കരണകാലത്തെ തൊഴിലില്ലായ്‌മ, കമ്യൂണിസ്‌റ്റ്‌ ആശയപ്രതിസന്ധി, നവമതമൗലികത, മത കമ്പോളവൽക്കരണം, സ്വകാര്യവൽക്കരണം എന്നിവ ഉൾക്കൊളുന്നതാണ്‌. ആത്മീയതയുടെ മോഹമുക്തികൾ യഥാർത്ഥ അവസ്ഥകളെ സമകാലിക പരിസരത്തുനിന്നു മാറ്റുന്നവയും അത്‌ താത്‌കാലികമായ ബുദ്ധിഭ്രമം മാത്രമാണെന്നും സിനിമ മുന്നോട്ട്‌ വയ്‌ക്കുന്നു. ചെറിയ ചെറിയ പ്രതിഷേധസ്വരങ്ങൾ പോലും ഇക്കാലത്ത്‌ പ്രതിരോധമാണെന്നു തിരിച്ചറിഞ്ഞ്‌ സമൂഹത്തെ മാറ്റിമറയ്‌ക്കുകയാണ്‌ വേണ്ടതെന്ന്‌ സ്‌ത്രീസ്വത്വ പ്രതിനിധാനത്തിലൂടെ മാർഗ്ഗം ചിത്രീകരിക്കുന്നു.

രാജേഷ്‌ എം.ആർ

മാതാപിതാക്കൾഃ രാജൻ എം.കെ., ലളിതാ രാജൻ.

വിദ്യാഭ്യാസം ബി.എഡ്‌. മലയാളം. സംസ്‌കൃത സർവ്വകലാശാല കാലടി കേന്ദ്രത്തിൽ എം.എ മലയാളം പഠിക്കുന്നു. കഥകളും കവിതകളും എഴുതാറുണ്ട്‌. 2001 സംസ്‌കൃത സർവ്വകലാശാല യുവജനോത്സവത്തിൽ ‘ചെറുകഥ രചനാ മലയാളം’ മത്‌സരത്തിൽ ഒന്നാംസ്‌ഥാനം നേടിയിട്ടുണ്ട്‌. സർവ്വകലാശാല ലിറ്റിൽ മാഗസിൻ ‘കാഴ്‌ച’യുടെ അണിയറയിൽ പ്രവർത്തിക്കുന്നു.

വിലാസംഃ

രാജേഷ്‌.എം.ആർ.,

മാളിയേക്കൽ വീട്‌,

കുറുമശ്ശേരി പി.ഒ.

എറണാകുളം.

683 579
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.