പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

നവംബർ ഒന്ന്‌ കേരളപ്പിറവിദിനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വത്സല ഉണ്ണിക്കൃഷ്‌ണൻ

ലേഖനം

ഈ വർഷം കേരളപ്പിറവിദിനത്തിന്റെ 50-​‍ാം വാർഷികമാണ്‌. 1956-നവംബർ ഒന്നിനാണ്‌ കേരള സംസ്ഥാനം രൂപം കൊണ്ടത്‌. ഇന്ത്യ സ്വതന്ത്രമായപ്പോൾ നമ്മൾ ഇന്നു കാണുന്നപോലൊരു കേരളസംസ്ഥാനം ഉണ്ടായിരുന്നില്ല. അന്ന്‌ മൂന്നു ഭരണതലത്തിൻ കീഴിലായിരുന്നു കേരളം. അതിൽ പ്രമുഖമായ രണ്ടു സംസ്ഥാനങ്ങൾ ഉണ്ടായിരുന്നു. തിരുവിതാംകൂറും കൊച്ചിയുമാണത്‌. (തിരുവിതാംകൂറും കൊച്ചിയുമായി സംയോജിച്ച്‌ തിരുക്കൊച്ചിയായത്‌ 1949 ജൂലൈ ഒന്നിനാണ്‌. ശ്രീ ചിത്തിരത്തിരുനാൾ ബാലരാമവർമ്മയായിരുന്നു അന്നത്തെ ഭരണാധികാരിയായ രാജപ്രമുഖൻ ആയി അവരോധിക്കപ്പെട്ടത്‌) മൂന്നാമത്തേത്‌ മലബാറാണ്‌. മലബാർ നേരിട്ടുളള ബ്രിട്ടീഷ്‌ ഭരണത്തിൻ കീഴിലായിരുന്നു. തിരുകൊച്ചി സംയോജനസമയത്ത്‌ മലബാർ മദ്രാസ്‌ പ്രവശ്യയ്‌ക്കു കീഴിലായിരുന്നു. 1956-ലെ സംസ്ഥാന പുനഃസംഘടന ആക്‌ട്‌ പ്രകാരം തിരുവിതാംകൂർ-കൊച്ചി സംസ്ഥാനവും മലബാറും യോജിപ്പിച്ച്‌ നവംബർ ഒന്നിന്‌ കേരള സംസ്ഥാനത്തിന്‌ രൂപം നൽകി.

ഐതിഹ്യത്തിൽ കേരളം സൃഷ്‌ടിച്ചത്‌ പരശുരാമനെന്നാണ്‌ കണ്ടെത്തുക. പരശുരാമൻ മഴുവെറിഞ്ഞ്‌ കടൽ ഉൾവലിഞ്ഞുണ്ടായതാണത്രെ കേരളം. പരശുരാമന്റെ മഴു വീണ്ടെടുത്തത്‌ ഗോകർണ്ണത്തിനും കന്യാകുമാരിയ്‌ക്കുമിടയിലുളള 160 കദം (ഒരു പഴയ ദൂരക്കണക്ക്‌) ഭൂമിയാണ്‌ കേരളം. മറ്റൊരു ഭാഗത്ത്‌ വിഷ്‌ണുവിന്റെ വാമനാവതാരക്കഥയിൽ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ താഴ്‌ത്തുന്നത്‌ കേരളത്തിൽ വച്ചാണ്‌.

മലയാളികൾക്ക്‌ സ്വന്തമായൊരു സംസ്‌ക്കാരവും ജീവിതാഭിരുചിയുമുണ്ട്‌. ഭാരതത്തിന്റെ തന്നേയും ദ്രാവിഡരുടെയും സംസ്‌കാരത്തിൽനിന്നും ഭിന്നമല്ല ഇത്‌.

പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയിൽ ഏറെനാൾ ഒറ്റപ്പെട്ടു കിടക്കേണ്ടിവന്നതുകൊണ്ടാകാം ഒരുപക്ഷെ ഭാഷയിലും വസ്‌ത്രത്തിലും സംസ്‌ക്കാരത്തിലും പ്രവർത്തിയിലുമെല്ലാം കേരളീയർ ഈ വ്യത്യസ്ഥത പുലർത്തുന്നത്‌. കേരളീയതയുടെ മനോഹാരിത വെളിപ്പെടുത്തുന്ന നാടൻവേഷങ്ങളാണ്‌ യുവാക്കൾ അന്നു ധരിക്കുക. കസവും കരയും, മുന്താണിയിൽ മാനും, മൈലും, ചിത്രശലഭങ്ങളേയും വഹിക്കുന്ന കസവു സെറ്റുസാരിയും ബ്ലൗസുമണിഞ്ഞ്‌ മുടിനിറയെ മുല്ലപ്പൂവും ചൂടി, നെറ്റിയിൽ കുങ്കുമവും ചന്ദനവും തൊട്ട്‌ കോളേജുകുമാരികളും ഉദ്യോഗസ്ഥകളും അന്ന്‌ പുറത്തിറങ്ങി തങ്ങളുടെ ദേശീയതയോടുളള യോജിപ്പ്‌ പ്രകടമാക്കുന്നു. പുരുഷൻമാരാകട്ടെ കസവുമുണ്ടും ജൂബ്ബയുമണിഞ്ഞ്‌ യോജിപ്പു പ്രകടിപ്പിക്കുന്നു. ഗ്രാമീണത തുളുമ്പുന്ന പ്രതീകങ്ങൾ പോലെ... കഴിഞ്ഞുപോയ ഇന്നലെകളുടെ പ്രതിഫലനം പോലെ...

കേരളത്തിന്റെ തീരദേശങ്ങളും മണ്ണിന്റെ ഘടനയും മറ്റും വിശകലനം ചെയ്ത ഭൂമിശാസ്‌ത്ര വിദഗ്‌ദ്ധരുടെ അഭിപ്രായത്തിൽ കടൽ പിൻവലിഞ്ഞുണ്ടായ ഭൂവിഭാഗമാണിത്‌ എന്നതിൽ തർക്കമില്ല. ഒരിക്കലുണ്ടായതിനുശേഷം ഹരിതാഭമായ ഈ ഭൂമി വീണ്ടും കടലെടുക്കുകയും പിന്നീട്‌ വീണ്ടും ഉൾവലിഞ്ഞ്‌ തീരദേശമാവുകയും ചെയ്‌തു. ഈ പ്രതിഭാസം നൂറ്റാണ്ടുകളോളം നിരവധി തവണ ആവർത്തിച്ചുവത്രെ.

ഏതുതരത്തിൽ നോക്കിയാലും കേരളത്തിലെ പൊതുവിൽ ദക്ഷിണേന്ത്യയിലെ ഇന്നുളളവരുടെ പൂർവ്വികർ വടക്കുനിന്നും കടൽ മാർഗ്ഗവും, കരമാർഗ്ഗവും വന്നിറങ്ങിയവരാണെന്നുറപ്പാണ്‌. ഒരുപക്ഷെ പിന്നീടാവാം നമുക്കു നമ്മുടേതായ ഒരു സംസ്‌കാരം രൂപം കൊണ്ടത്‌.

വത്സല ഉണ്ണിക്കൃഷ്‌ണൻ

കണ്ടത്തിൽ, കുരിശുപളളിക്ക്‌ സമീപം, ദേശീയ മുക്ക്‌

വാഴക്കാല, കാക്കനാട്‌, കൊച്ചി - 21.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.