പുഴ.കോം > പുഴ മാഗസിന്‍ > നോവല്‍‌ > ഗൗതമൻ ഇപ്പോഴും സ്വപ്നങ്ങളിൽ ജീവിക്കുന്നു > കൃതി

ഒന്ന്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം പൊന്നൻ

നോവൽ

കൃഷ്‌ണപക്ഷത്തിലെ ഒരു സന്ധ്യയ്‌ക്ക്‌ നേരിയ ചാറ്റൽമഴയും കൊണ്ട്‌ ഗൗതമന്റെ അമ്മയെത്തി. കൂടെ വലിയ കണ്ണുകളും മെലിഞ്ഞ ശരീരവും വെളളക്കൽ മൂക്കുത്തിയുമായി കൊതിപ്പിക്കുന്ന നടത്തത്തോടെ, നീണ്ട മുടിയുളള അയലത്തെ പെൺകുട്ടിയും. അവൾക്ക്‌ ഏറിയാൽ പതിനെട്ട്‌. വൃദ്ധയെ അവളാണ്‌ പിടിച്ചു നടത്തിയിരുന്നത്‌. ആശുപത്രിയുടെ വരാന്തയിൽ നനഞ്ഞ കോഴികളെ ഓർമ്മിപ്പിച്ചു കൊണ്ട്‌ ഇരുവരും നിന്നു. രോഗികളുടെ തിരക്കുണ്ടായിട്ടും ഡ്യൂട്ടിനേഴ്‌സിന്‌ അവരെ തിരിച്ചറിയാൻ കഴിഞ്ഞു.

“ഗൗതമന്റെ അമ്മയല്ലേ?”

അമ്മ ഒരു തേങ്ങലുകൊണ്ട്‌ മറുപടി പറഞ്ഞു.

“വരൂ, ഗൗതമൻ നല്ല ഉറക്കത്തിലാണിപ്പോൾ.” നേഴ്‌സ്‌ അവരെ ഗൗതമന്റെ മുറിയിലേക്ക്‌ നടത്തി. പെൺകുട്ടിയുടെ പദചലനങ്ങൾക്ക്‌ വെളളിക്കൊലുസ്സിന്റെ സംഗീതം സ്വന്തമായിരുന്നു. അമ്മയ്‌ക്ക്‌ നെടുവീർപ്പുകളും. ഗൗതമന്റെ മുറിയുടെ കതക്‌ പാതി ചാരിയിരുന്നു. അകത്ത്‌ ഡോക്‌ടർ രമേഷ്‌ ഗൗതമന്റെ ഏറ്റവും പുതിയ കവിത വായിച്ചു തീർക്കുന്ന തിരക്കിലാണ്‌.

വാതിൽ കടക്കുംമുമ്പ്‌ നേഴ്‌സ്‌ പെൺകുട്ടിയെത്തന്നെ നോക്കിക്കൊണ്ട്‌ അമ്മയോടു പറഞ്ഞു.

“ഉറങ്ങാനുളള ഇൻജക്ഷൻ കൊടുത്തിരിക്കുകയാണ്‌. കരഞ്ഞ്‌ ഉണർത്തരുത്‌.”

അമ്മയുടെ കണ്ണുനീർ നിശ്ശബ്‌ദം നിലത്തു വീണുടഞ്ഞു. അവർ അകത്തു കടന്നപ്പോൾ ഡോക്‌ടർ രമേഷ്‌ കവിത വായിച്ചുതീർത്ത്‌ എഴുന്നേറ്റു.

“അമ്മ” നേഴ്‌സ്‌ ഡോക്‌ടറോട്‌ ശബ്‌ദം താഴ്‌ത്തിപ്പറഞ്ഞു.

ഡോക്‌ടർ രമേഷ്‌ അമ്മയെ നോക്കി ഭവ്യനായി. പക്ഷേ അമ്മ ഡോക്‌ടറെ കണ്ടില്ല. ചുണ്ടുപിളർന്ന്‌ വാ മെല്ലെ തുറന്ന്‌ ഗാഢനിദ്രയിലായിരുന്ന ഗൗതമനേയും കണ്ടില്ല. അമ്മയുടെ കണ്ണുകൾ, ഗൗതമന്റെ കട്ടിലിനു ചുറ്റും നിലത്തു ചിതറിക്കിടന്ന വെളുത്ത കടലാസു ചുരുളുകളെ ആവാഹിച്ചെടുക്കുകയായിരുന്നു. അതറിഞ്ഞിട്ടെന്നോണം പെൺകുട്ടി താഴെ കുനിഞ്ഞിരുന്ന്‌ അവയെല്ലാം പെറുക്കിയെടുക്കാൻ തുടങ്ങി. അവളുടെ നനവുളള നീണ്ട മുടിയിഴകൾ നിലത്തു പെയ്തിഴഞ്ഞു. പൊട്ടിക്കരഞ്ഞു തുടങ്ങിയപ്പോൾ ഡോക്‌ടർ രമേഷ്‌ അമ്മയെ ചേർത്ത്‌ പിടിച്ച്‌ വിശ്രമമുറിയിലേയ്‌ക്ക്‌ കൊണ്ടുപോയി. മുറിയിൽ പെൺകുട്ടിയും നേഴ്‌സും തനിച്ചായി. താൻ പെറുക്കിയെടുത്ത കടലാസുകഷ്‌ണങ്ങളുമായി പെൺകുട്ടി ഗൗതമന്റെ കിടക്കയ്‌ക്കരുകിൽ ചെന്നുനിന്ന്‌, നേഴ്‌സിനോടായി ചോദിച്ചു.

“ഇവിടേം കവിതയെഴുത്തന്ന്യാ...ല്ലേ?”

അവളുടെ ശബ്‌ദത്തിലെ അപരാധഭാവത്തെക്കുറിച്ച്‌ വിസ്‌മിച്ചുകൊണ്ട്‌ നേഴ്‌സ്‌ മറുപടി പറഞ്ഞു.

“ഞാൻ ഗൗതമന്റെ കവിതകൾ ഒരുപാട്‌ വായിച്ചിട്ടുണ്ട്‌. ഗൗതമനെന്ന കവിയെ ഒന്നടുത്തു കിട്ടിയ സന്തോഷം ഇപ്പോഴും മാഞ്ഞിട്ടില്ല, എന്റെ മനസ്സില്‌.”

പെൺകുട്ടിയുടെ മിഴികൾ എന്തിനാണു നിറയുന്നത്‌?

“....നിക്കതെല്ലാം കാണാപ്പാഠാ...” അവൾ തൊണ്ടയിടറി പറഞ്ഞു. ഗൗതമൻ ഉറക്കത്തിൽ മെല്ലെ മന്ദഹസിച്ചു. അവന്റെ അടഞ്ഞ മിഴികൾക്കുളളിലെ നിശ്ശബ്‌ദ സ്വപ്നത്തിൽ ഒരു മാലാഖക്കുഞ്ഞ്‌ വെളളിച്ചിറകു വീശിപ്പാടി തുടങ്ങി. പെൺകുട്ടി മിഴി തുടച്ചു. എന്നിട്ട്‌ പെറുക്കിയെടുത്ത കടലാസുകഷ്‌ണങ്ങൾ ഓരോന്നായി വിടർത്തി പരിശോധിക്കാൻ തുടങ്ങി. വിരലുകളിൽ വിറയലുണ്ടായിരുന്നു.

നേഴ്‌സ്‌ അവളോട്‌ ഗൗതമന്റെ കവിതകളിലെ പ്രണയത്തെക്കുറിച്ച്‌ വർണ്ണിക്കാൻ തുടങ്ങുമെന്ന്‌ എന്തിനോ അവൾ പേടിച്ചു.

വിശ്രമ മുറിയിൽ ഡോക്‌ടർ രമേഷിന്റെ മുന്നിൽ അമ്മ തളർന്നിരുന്നു.

“അവനെ നശിപ്പിച്ചതീ കവിതയെഴുത്താ...” അമ്മ തേങ്ങി.

തന്റെ ഓമനയായ പൂച്ചക്കുട്ടിയെ രാത്രിയുടെ മറവിൽ ഒരു രാക്ഷസൻ വന്ന്‌ പിടിച്ചുകൊണ്ടു പോയെന്ന്‌ ഒന്നാം ക്ലാസ്സിൽവച്ച്‌ മൂലപൊട്ടിയ സ്ലേറ്റിൽ ചരിഞ്ഞ കയ്യക്ഷരത്തിൽ ഒരു കുഞ്ഞിക്കവിതയെഴുതിയാണ്‌ ഗൗതമൻ കവിയാകാൻ ഇടയായത്‌. പിറ്റേന്ന്‌ അലക്കുകല്ലിന്റെ ചോട്ടിൽ ആ പൂച്ചക്കുട്ടി ഗൗതമന്റെ ഭാവനയ്‌ക്ക്‌ പ്രവചനങ്ങളുടെ നിറം പകർന്നുകൊണ്ട്‌ മരിച്ചു കിടന്നു.

ഒന്നാം ക്ലാസ്സിലെ കൂട്ടുകാരി റഹിയാനത്ത്‌ മാത്രമേ ഗൗതമൻ കവിതയെഴുതിയതും പൂച്ചക്കുട്ടി മരിച്ചതും അറിഞ്ഞുളളൂ. അവരൊന്നിച്ച്‌ പ്രൈമറി സ്‌കൂളിനപ്പുറത്തെ മതിലിടിഞ്ഞ പളളി സെമിത്തേരിപ്പറമ്പിൽ പോയി പൂച്ചക്കുട്ടിക്ക്‌ വേണ്ടി നട്ടുച്ച നേരത്ത്‌ പ്രാർത്ഥിച്ചു. ഇനിമുതൽ കവിതയെഴുതുന്നില്ലെന്ന്‌ ഗൗതമൻ മനസ്സിൽ ഉറപ്പിക്കുകയും ചെയ്‌തു.

പക്ഷേ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌, പഴങ്കഥകൾ മറന്ന ഗൗതമൻ സ്വന്തം അച്ഛൻ മരിച്ചെന്ന്‌ വിലപിച്ചുകൊണ്ട്‌ തന്റെ രണ്ടാം കവിതയെഴുതിയത്‌.

ഗൗതമന്റെ അച്ഛൻ നാട്ടുകാർക്ക്‌ പ്രിയങ്കരനായിരുന്ന ഒരു ശാസ്താംപാട്ടുകാരനായിരുന്നു. ഒരു മതത്തിലും ദൈവങ്ങളിലും അയാൾ വിശ്വസിച്ചിരുന്നില്ലെന്നും ഭാര്യയേയും മകനേയും ജീവനുതുല്ല്യം സ്‌നേഹിച്ചിരുന്ന അയാളുടെ മതം കുടുംബവും ദൈവങ്ങൾ കുടുംബാംഗങ്ങളുമായിരുന്നെന്ന്‌ ഗൗതമന്റെ അമ്മയ്‌ക്കു മാത്രമേ കൃത്യമായി അറിയാമായിരുന്നുളളൂ. എങ്കിലും നാട്ടുകാരെ ബോധിപ്പിക്കാൻ അയാൾ നെറ്റി നിറയെ ഭസ്‌മം പൂശുകയും ഭാര്യയേയും മകനേയും കൂട്ടി ദേവാലയങ്ങളിൽ പോകുകയും കാണിക്കവഞ്ചിയിൽ നാണയങ്ങളിട്ട്‌ കൈകൂപ്പുകയും ചെയ്‌തു. പക്ഷേ ദൈവങ്ങൾ അതൃപ്തരായിരുന്നോ? അയാളുടെ വാഴ്‌ത്തപ്പെട്ട ശബ്‌ദത്തിലുളള ശാസ്താംപാട്ടിന്‌ ദൈവങ്ങൾ കാതു കൊടുത്തിരുന്നില്ലേ?

എന്തു പറ്റിയെന്നറിയില്ല. ഒരു ദിവസം ഉച്ചയുറക്കം വിട്ടെണീറ്റ അയാൾക്ക്‌ മീൻമുളളു തൊണ്ടയിൽ കുടുങ്ങിയപോലെ ഒരു വേദനയുണ്ടായി. നാട്ടുവൈദ്യന്റെ വലുതും ചെറുതുമായ ഗുളികകൾ വിഴുങ്ങിയിട്ടും അരിഷ്‌ടവും ആസവവും മാറിമാറി പ്രയോഗിച്ചിട്ടും വേദന കൂടിക്കൂടി വന്നു. ഒന്നുരണ്ടു ദിവസത്തോടെ അയാളുടെ ശബ്‌ദം നിലച്ചു.

പിന്നീട്‌ വെളളംപോലും ഇറക്കാൻ വയ്യാതായി. പുഴ കടന്ന്‌ നഗരത്തിലെ സർക്കാരാശുപത്രിയിൽ പോയിക്കിടന്ന്‌ തൊണ്ടയിൽ ക്യാൻസറിന്റെ അണുക്കളോട്‌ മല്ലിട്ട്‌ ആ മനുഷ്യൻ മരിച്ചു. ആ ദിവസംതന്നെ, കൃത്യമായി പറഞ്ഞാൽ അച്ഛൻ മരിച്ച അതേദിവസം തന്നെയാണ്‌ ഗൗതമന്റെ കവിതയ്‌ക്ക്‌ ഒന്നാംസമ്മാനം കിട്ടിയത്‌. സ്‌കൂളിൽ കൂട്ടുകാർക്കുമുന്നിൽ ഗൗതമൻ ഞെളിഞ്ഞു നടന്നു. വിജയാഹ്ലാദം അമ്മയെ അറിയിക്കാൻ സ്‌കൂൾ വിട്ടോടിയെത്തിയ ഗൗതമൻ മുറ്റം നിറഞ്ഞ പന്തലും അതു നിറയെ ആളുകളേയും കണ്ടു. അകത്ത്‌ അമ്മയുടെ കണ്ണീരിന്റെ നിറപറ കണ്ടു.

മാനത്ത്‌ മഴമേഘങ്ങൾ കനത്ത്‌ വിങ്ങിയപ്പോൾ ഭാവനയിൽ പ്രവചനങ്ങളുടെ നിറത്തിൽ ചുവപ്പ്‌ രക്താണുക്കൾ ചത്തുപൊങ്ങി. ഇനി കവിതയെഴുതില്ലെന്ന്‌ ഒരിക്കൽക

​‍ൂടി ഗൗതമൻ തീർച്ചയാക്കി.

അച്ഛന്റെ മരണം ഗൗതമനിലുണ്ടാക്കിയ മാറ്റങ്ങൾ അമ്മയോർത്തു. ചിതയ്‌ക്ക്‌ തീവെച്ചു തിരിച്ചുവന്ന ഗൗതമൻ തീർത്തും മൗനിയായി. പിന്നീടങ്ങോട്ട്‌ ടെലഗ്രാം വാചകംപോലെ ചോദിക്കുന്നതിനെല്ലാം ഒറ്റവാക്കിൽ ഉത്തരം പറയൽ അവന്റെ പ്രത്യേകതയായി. മാത്രമല്ല.. മൗനത്തിന്റെ വാത്മീകത്തിൽ കയറിക്കൂടിയ ഗൗതമന്‌ സ്വാഭാവികമായും കൂട്ടുകാരും നഷ്‌ടപ്പെട്ടു. അത്യധികമായ ചിന്താഭാരത്തോടെ നടന്നു പോകുന്ന അവനെക്കണ്ട്‌ പഴയ കൂട്ടുകാർ പറഞ്ഞു.

“അവൻ കവിതയെഴുതി അച്ഛനെക്കൊന്നോനാ.”

“പതുക്കെപ്പറ.. അവൻ കേട്ടാല്‌ നമ്മളെപ്പറ്റിയും വല്ലതും എഴുതിവയ്‌ക്കും.”

“റബ്ബേ... നിയ്‌ക്ക്‌ പേടിയാ. ഞാനതാ ഓന്റെ മുമ്പീപ്പോവാത്തത്‌.”

റഹിയാനത്തെന്ന പഴയ കൂട്ടുകാരി അവന്റെ നേരെ നോക്കാൻ ഭയപ്പെട്ട്‌ മാറി നടന്നു. പക്ഷേ... ആരുമറിയാതെ നട്ടുച്ചകളിൽ അവൾ അവന്‌ വേണ്ടി പ്രാർത്ഥിച്ചു. രാത്രികളിൽ അവനെയോർത്ത്‌ കരഞ്ഞു. സ്‌ക്കൂളിൽ ആയിരത്തിയഞ്ഞൂറോളം കൂട്ടുകാർക്കിടയിൽ ആയിരത്തിയഞ്ഞൂറോളം കൂട്ടുകാരേയും നഷ്‌ടപ്പെട്ട്‌ ഗൗതമൻ ഗതിയറ്റ ആത്മാവുപോലെ അലഞ്ഞു. പരീക്ഷകളിൽ എന്നിട്ടുമവൻ ഒന്നാമനായി. സത്യത്തിൽ അതവന്റെ പ്രകൃതമായിരുന്നു. ഗൗതമൻ രണ്ടാമനാകാനോ മൂന്നാമനാകാനോ അറിയില്ലായിരുന്നു.

ഗ്രാമം വിട്ട്‌ കോളേജിലെത്തിയശേഷം ഗൗതമൻ അമ്മയ്‌ക്കയച്ച കത്തുകൾ കവിതാരൂപത്തിലായിരുന്നു. ആ കത്തുകൾ പോസ്‌റ്റുമാനെ കാത്തിരുന്നു വാങ്ങി അടുത്ത വീട്ടിലെ പെൺകുട്ടി അമ്മയ്‌ക്ക്‌ കൃത്യമായി എത്തിച്ച്‌ ഈണത്തിലാക്കാൻ ബദ്ധപ്പെട്ട്‌ വായിച്ചു കേൾപ്പിക്കുമായിരുന്നു. അമ്മ നടുങ്ങി. ഒറ്റയ്‌ക്ക്‌ ആ വലിയ വീട്ടിൽ താമസിക്കുമ്പോൾ തോന്നിയതിനേക്കാൾ ഭീതിയുണ്ടായി അമ്മയ്‌ക്ക്‌ ആ കവിതാമയമായ വരികൾ കേൾക്കുമ്പോൾ.

തന്റെ കവിതകളിലെ ഗൃഹാതുരതയും സ്‌നേഹവും ഗൗതമനിപ്പോൾ സ്വന്തം രോഗമാക്കി മാറ്റിയെടുത്തിരിക്കുകയാണെന്ന്‌ ഡോക്‌ടർ രമേഷ്‌ അമ്മയെ ധരിപ്പിച്ചു. അമ്മ അതേക്കുറിച്ച്‌ ചിന്തിക്കാൻ പോലും മറന്ന്‌ വെറുതെ കേട്ടിരുന്നു.

ഇരുട്ടിൽ നഗരത്തിലെ ഒരു വിളക്കുകാലിൻ ചുവട്ടിൽ തളർന്നിരിക്കുന്ന ഗൗതമനെ കാറിന്റെ ഹെഡ്‌ലൈറ്റിലാണ്‌ ഡോക്‌ടർ രമേഷ്‌ കണ്ടെത്തിയത്‌. അതിനുമുൻപേ കവിതകളിലൂടെ രമേഷ്‌ ഗൗതമനെ അറിഞ്ഞിരുന്നു. ഗൗതമന്റെ കവിതകളിൽ കണ്ണീരിന്റെ ഉപ്പും നിശ്വാസത്തിന്റെ ഉഷ്ണവും അധികമാണെന്ന പരാതി ഡോക്‌ടർക്കുണ്ടായിരുന്നു. പക്ഷേ കവി സമ്മേളനങ്ങളിൽ ഘനഗാംഭീര്യമാർന്ന ശബ്‌ദത്തിൽ ഗൗതമന്റെ കവിതകൾ മുഴങ്ങി കേൾക്കുമ്പോൾ ഡോക്‌ടർ രമേഷ്‌ തന്റെ പരാതികൾ മറന്നു പോവാറായിരുന്നു പതിവ്‌. അപ്പോഴൊക്കെ ഗൗതമനെ ഒന്ന്‌ പരിചയപ്പെടണമെന്നും അത്‌ മറക്കാനാവാത്ത ഒരു കൂടിക്കാഴ്‌ചയാക്കി മാറ്റണമെന്നും ഏതൊരാരാധകനേയുംപോലെ ഡോക്‌ടർ രമേഷും തീർച്ചപ്പെടുത്താറുണ്ട്‌. ആയിടയ്‌ക്കാണ്‌ വിധി വിളക്കുകാലിന്റെ ഇത്തിരിവെട്ടത്തിലേയ്‌ക്ക്‌ ഗൗതമനെ എറിഞ്ഞിട്ടതും ഡോക്‌ടർ രമേഷിനെ കാറിൽ അതുവഴി വരാൻ പ്രേരിപ്പിച്ചതും.

മനോനില തെറ്റിയ മട്ടിൽ പിറുപിറുത്തു കൊണ്ടിരുന്ന ഗൗതമനെ ഡോക്‌ടർ രമേഷ്‌ ഒരു പൂച്ചക്കുട്ടിയെ കൈകാര്യം ചെയ്യുന്നപോലെയാണ്‌ ചികിത്സിച്ചത്‌. അങ്ങനെ വീണ്ടും ഗൗതമൻ തന്റെ പ്രജ്ഞയിലേയ്‌ക്ക്‌ തിരിച്ചു നടക്കാൻ തുടങ്ങി.

അയാൾ പക്ഷേ മന്ദഹസിക്കാൻ മറന്നുപോയിരുന്നു. എന്നാൽ സുന്ദരിയായ ഡ്യൂട്ടീനേഴ്‌സിനെക്കൊണ്ട്‌ ഡോക്‌ടർ രമേഷ്‌ ഗൗതമന്റെ കവിതകൾ അയാൾ കേൾക്കേ പാടിപ്പിക്കുമ്പോൾ... അയാൾ ഏതോ ഒരു ഭാഗ്യലക്ഷ്‌മിയെപ്പറ്റി എന്തൊക്കെയോ മന്ത്രിച്ചു. വെളുത്ത കടലാസും പേനയും വേണമെന്ന്‌ ഗൗതമൻ വാശിപിടിച്ചു. പിന്നീടങ്ങോട്ട്‌ ഡോക്‌ടർ രമേഷിന്‌ കുറെയേറെ പുതിയ കവിതകൾ കിട്ടി. മനോവിഭ്രാന്തിയുടെ ഒഡേസാ പടവുകളിലിരുന്ന്‌ ഗൗതമൻ എഴുതിക്കൂട്ടിയ ‘മീറ്ററും മാറ്ററു’മില്ലാത്ത ഭ്രാന്തൻ കവനങ്ങൾ...!

ഡോക്‌ടർ രമേഷ്‌ ആ പടവുകളിലൂടെ ഗൗതമന്റെ മനസ്സിലേയ്‌ക്ക്‌ കടക്കുവാൻ തന്നെ തീർച്ചപ്പെടുത്തി. അതുകൊണ്ടാണ്‌ അയാൾ എവിടെന്നോ തേടിപ്പിടിച്ച മേൽവിലാസത്തിൽ ഒരു കത്തയച്ച്‌ ഗൗതമന്റെ അമ്മയേയും അയലത്തെ പെൺകുട്ടിയെയും തന്റെ ഹോസ്‌പിറ്റലിൽ വരുത്തിയത്‌.

“..എന്തു കോലായീന്റെ കുട്ടി....!”

അമ്മ കരച്ചിലിന്റെ ഇടവപ്പാതി കടക്കാൻ മടിച്ചു.

 Next

ശ്രീമൂലനഗരം പൊന്നൻ

വിലാസംഃ

ശ്രീമൂലനഗരം പൊന്നൻ

ശ്രീമൂലനഗരം പി.ഒ.

പിൻ - 683 580.

(പ്രശസ്ത നാടകക്യത്തും സംവിധായകനുമായ ശ്രീമൂലനഗരം വിജയന്റെ മകനാണ്‌.)


Phone: 9847724618
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.