പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

ഭാരത സ്‌ത്രീതൻ ഭാവശുദ്ധി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നവീൻ മുണ്ടുകോട്ടയ്‌ക്കൽ

നർമ്മലേഖനം

ചന്ദനത്തിന്റെ തണുപ്പിനെയും സുഗന്ധത്തിനെയും പറ്റി പല കവികളും നോൺസ്‌റ്റോപ്പായി എഴുതിയിട്ടുണ്ട്‌. കാമിനിമാരും കാമുകൻമാരും ചന്ദനലേപം ചാർത്തി ധാരാളം നടക്കുന്നുമുണ്ട്‌. എന്നാൽ ചന്ദനത്തിന്‌ ഇത്ര തണുപ്പ്‌ വരാൻ കാരണമെന്താണെന്ന ചിന്ത എന്റെ പഴമനസ്സിൽ കടന്നുവന്നു. ഞാനൊരു സി.പി.രാമനോ പെട്രോൾ രാമനോ (തമിൾമകൻ) ആകാനല്ല ഇങ്ങനെ ചിന്തിച്ചത്‌. എന്നിട്ടും തണുപ്പിന്റെ കാരണം തേടി എന്റെ തല ചൂടായത്‌ മിച്ചം. വീട്ടുകാർ പറഞ്ഞു ഇവന്റെ തലയ്‌ക്ക്‌ ചൂടാണ്‌ ചന്ദനത്തളം വയ്‌ക്കാൻ. അവിടേയും ദാ.....ചന്ദനത്തണുപ്പ്‌. അങ്ങനെ ഞാൻ കുറെ തിങ്ക്‌ ചെയ്‌തപ്പോൾ വളരെ രസകരമായ ഒരു സ്‌റ്റോറിഫയൽ എന്റെ മെമ്മറിയിൽ ഓപ്പൺ ആയി. അറിവുളളവർ (മാന്യ വായനക്കാരെയല്ല) ഇതിനെ പഴങ്കഥ എന്നുപറഞ്ഞ്‌ തളളിക്കളയുമായിരിക്കും. എങ്കിലും ഞാൻ കഥിക്കാം.

സ്‌പോൺസൺമാരില്ലാത്ത, പരസ്യങ്ങളില്ലാത്ത ഒരു ഏഴുമണി സീരിയലിലെപോലെ ഒരു ഫ്ലാഷ്‌ബാക്കായി രംഗങ്ങൾ തെളിഞ്ഞു. ഒരു തനി നാട്ടിൻപുറം. മീനച്ചൂടിൽ പൊളളിനിൽക്കുന്ന ഗ്രാമം. (ഇത്‌ കലികാലമാണേ! മീനച്ചൂടെന്നാൽ മീനത്തിലെ ചൂടെന്ന്‌ കരുതരുത്‌. ഇപ്പോൾ സൂര്യനും ചന്ദ്രനും ഏതു സമയമാണ്‌ ശക്തരാകുകയെന്ന്‌ പറയാൻ പ്രയാസം, കാരണം പുണ്യപുരാണ സീരിയലുകളിൽ നിന്നും ഫ്രീ ആകുന്ന സമയത്തല്ലേ അവർക്ക്‌ തങ്ങളുടെ പഴയ ജോലി നോക്കാൻ പറ്റൂ). ആണും പെണ്ണും അകമണ്ണും പുറമണ്ണും കുളവും പുഴയും തിളയ്‌ക്കുന്ന ചൂട്‌. ഒരു കൊറ്റിനും വറ്റിനുമായി കുളക്കോഴികൾ അക്കര ദേശം പൂകി. വെളളക്കൂമ്പാള പോലെ വിളറി നില്‌ക്കുന്ന ആകാശം. (റ്റെഡിന്റെ ഒരു രൂപാ വെൺമയല്ല). വെളളത്തിന്റെ കാര്യം പോലും വെളളത്തിലാകുന്ന ചൂട്‌. ഗ്രാമത്തിന്റെ ഹൃദയം തേങ്ങുന്നു, ഉടൽ വിണ്ടു കീറുന്നു. ആകെ സംഭ്രമജനകമായ അന്തരീക്ഷം (വായനക്കാരുടെ കഴിവനുസരിച്ച്‌ ഏറ്റക്കുറച്ചിൽ വരാം).

ചെല്ലപ്പൻ - ഒരു സാധാരണ ഗ്രാമീണൻ. രാവിലെ ഉറക്കമുണർന്നു ശ്രദ്ധിച്ചതേ ആകാശത്തിലേക്കാണ്‌. മഴക്കാറിന്റെ വരവിനായി കാത്തിരിക്കുന്ന ഗ്രാമം. ഒരു രക്ഷയുമില്ല. ഒരു കരിനിഴൽ പോലും ആകാശത്തിലെങ്ങും കാണാനില്ല. കരിമുകിലാൾ ആരെയോ ഭയന്ന്‌ ഗ്രാമം വിട്ടതാണോയെന്ന്‌ ഒരു ശങ്ക. (പെൺവാണിഭത്തിന്റെ കാലമാണേ!). കുടിവെളളത്തിനായി ഒരു കിണർ കുഴിക്കാൻ തന്നെ ചെല്ലപ്പൻ തീരുമാനിച്ചു. നാട്ടാരും വീട്ടാരും ഒപ്പം കൂടി. വീടിന്റെ മുറ്റത്തുതന്നെ കിണർ കുഴിക്കാൻ തുടങ്ങി. സ്ഥാനം നോക്കാനറിയാവുന്നവർ തലയനക്കിപ്പറഞ്ഞു, ശരി ഇവിടെത്തന്നെ. മല്ലന്മാർ പണിക്കോപ്പുമായി പണിക്കിറങ്ങി. 7-8 ആൾ അടി താണിട്ടും വെളളമില്ല. ചെല്ലപ്പന്റെ കണ്ണു നിറഞ്ഞതല്ലാതെ കിണർ നിറഞ്ഞില്ല. 12 ആൾ താഴ്‌ചയായി. നോ രക്ഷ നോ വെളളം. ആക്ഷൻ കൗൺസിൽ രൂപം കൊണ്ടു. (പേരിൽ മാത്രമേ ആക്ഷൻ ഉളളൂ എന്നതാണ്‌ സത്യം). എന്തോ പ്രശ്‌നമുണ്ട്‌. പരിഹാരത്തിനായി മന്ത്രവാദിയെ ക്ഷണിച്ചു. തന്ത്രമറിയാത്തവർക്കാണ്‌ മന്ത്രമെന്ന്‌ മന്ത്രിയും പറയാറുണ്ടല്ലോ? ഓം സ്വാഹ മന്ത്രവിധികൾ തുടങ്ങി. രാത്രി 9 മണിക്കുശേഷമുളള മലയാളിയുടെ സ്വീകരണ മുറിപോലെയായി അന്തരീക്ഷം. മൺവെട്ടിത്തിരുമേനിയും കത്തനാരും തുടങ്ങി കളളിയങ്കാട്ടുനീലിവരെയുളളവരുടെ ശബ്‌ദവീചികൾ. കടിച്ചാൽ പൊട്ടാത്തതും വീഡീ രാജപ്പന്റെ പാരഡിക്കാസറ്റിൽപോലും കേട്ടിട്ടില്ലാത്തതുമായ മലയാളപദങ്ങൾ പുറത്തേക്കൊഴുകി. സാമ്പ്രാണിയുടെ ഗന്ധത്തിനുപരിയായി മന്ത്രവാദിയുടെ വായിൽനിന്നും ചാരായത്തിന്റെ പെർഫ്യൂം പരന്നു. അവസാനം മന്ത്രവാദിയദ്യത്തിന്റെ തീർപ്പുവന്നു. ഗന്ധർവ്വ ശാപമുണ്ട്‌. പരിഹാരം സുന്ദരിയും കന്യകയുമായ പെണ്ണിനെ കുരുതി കൊടുക്കണം. (എന്തിനും ഏതിനും ഇപ്പോൾ അതിനാണല്ലോ ഡിമാൻഡ്‌-നാട്ടിൽ വളരെ കുറവാണെങ്കിലും).

വീണ്ടും സമിതി കൂടി. ചേർമാൻ മുതൽ പിന്നണിയാളും അണിയാളും വരെ ആലോചനയായി. കുരുതിക്കായി ആരെ കിട്ടും? നാട്ടിലും മറുനാട്ടിലും അന്വേഷിച്ചെങ്കിലും കുരുതിയ്‌ക്ക്‌ തയ്യാറായി ഒരു കന്യകയേയും കിട്ടിയില്ല. വീണ്ടും കവടി നിരത്തി. കന്യകയില്ലെങ്കിൽ സുന്ദരിയും സത്‌സ്വഭാവിയുമായ ഒരു സ്‌ത്രീ മതിയെന്നായി തീർപ്പ്‌. ചൂണ്ടുപലക വീണ്ടും തുടക്കകാരനിലെത്തി. നാടിന്റെ നന്മ ആഗ്രഹിച്ച ചെല്ലപ്പൻ തന്നെ കുരുതിക്കിടാവിനെ കണ്ടെത്തണം.

ചെല്ലപ്പന്‌ രണ്ട്‌ പെൺമക്കളും ഒരാണും. പെൺകിടാങ്ങളിൽ മൂത്തവൾ ഗംഗ-വീടിന്റെ ഹൈലൈറ്റായി തിളങ്ങുന്നു. രണ്ടാമത്തവൾ യമുന- മുറ്റത്തെ പൂന്തോട്ടത്തിലെ ഓർക്കിഡ്‌ പൂപോലെ എന്ന്‌ നാട്ടുകാർ. മകൻ കണ്ണപ്പൻ നാട്ടുപ്രമാണിയുടെ പടത്തലവൻ. (ഗുണ്ടാപ്പടയാണോയെന്നറിയില്ല). മരുമകൾ സരസ്വതി മുല്ലപ്പൂപോലെ നൈർമ്മല്യവും സൗരഭ്യവുമായി നാടിന്റെ “സ്‌ത്രീരത്ന”മായി വിളങ്ങുന്നു. (പുതിയ സീരിയലിന്‌ പേരായി ഉപയോഗിക്കുന്നവർ കോപ്പിറൈറ്റ്‌ വാങ്ങുക). ചെല്ലപ്പൻ മൂത്തമകളെ സമീപിച്ചു. നാട്ടാർക്കുവേണ്ടി ജീവൻ നൽകാൻ. ഗംഗയുടെ മറുപടി - രണ്ട്‌ ദിവസമായി ഞാൻ കുളിച്ചിട്ടില്ല. എന്നിൽ അഴുക്കു നിറഞ്ഞിരിക്കുന്നു. അതിനാൽ യമുനയോട്‌ പറയുക. യമുന ക്ലോസപ്പിൽ- എന്നേക്കാൾ സൗന്ദര്യം സരസ്വതിയ്‌ക്കാണ്‌, അവൾ സത്‌സ്വഭാവിയുമാണ്‌. അവളോട്‌ പറയുക. (ഗിന്നസ്‌ ബുക്കിൽ വരേണ്ട കാര്യമാണേ- ലോകത്തിലാദ്യമായി ഒരു സ്‌ത്രീ തന്നേക്കാൾ സൗന്ദര്യവും സത്‌സ്വഭാവവും മറ്റൊരാൾക്കാണ്‌ എന്ന്‌ പറയുക).

വീണ്ടും ക്ലോസപ്പ്‌ നിഷ്‌ക്കളങ്കയായ സരസ്വതിയിലേക്ക്‌. നാത്തൂന്മാരുടെ കൈയ്യൊഴിയലും അമ്മായിയമ്മയുടെ കരുനീക്കങ്ങളും കൂടിയായപ്പോൾ നറുക്ക്‌ വീണത്‌ സരസ്വതിയ്‌ക്ക്‌. അവരുടെ ദുഷ്‌ടലാക്ക്‌ മനസ്സിലാക്കി അവൾ ആശ്രയത്തിനായി തന്റെ വീട്ടിലേക്ക്‌ പോയി. സരസ്വതിയുടെ അച്‌ഛൻ കൈയ്യൊഴിഞ്ഞു. നിന്റെ പങ്കു തരാം, തിരികെ പോകുക. ഭർത്താവിന്റെ വീടാണ്‌ നിന്റെ വീട്‌. (മകളെ മറ്റൊരാളുടെ കൈയ്യിൽ ഏൽപ്പിച്ചാൽ താൻ ഫ്രീയായി എന്നാണ്‌ പല അച്ഛന്മാരുടേയും വിചാരം. പണത്തിന്റെ കാരണത്താലാണ്‌ മകൾ മറ്റൊരു വീട്ടിൽ പിണമാകുന്നതെന്നവർ അറിയുന്നില്ല-ഇവരോട്‌ ക്ഷമിക്കേണമേ!) മാതാവു പറഞ്ഞു. നീ ആഭരണങ്ങൾ മുഴുവനുമെടുത്തുകൊളളൂ. നീ ഇപ്പോൾ മറ്റൊരാളുടെ ധനമാണ്‌. (ആഭരണം അന്നുമിന്നും സ്‌ത്രീയുടെ ദൗർബല്യമാണല്ലോ?) സഖികളുടെ ചോദ്യശരങ്ങളിൽ നിന്നും അവൾ തന്റെ നിറകണ്ണുകൾ തിരിച്ചു. അമ്മിക്കല്ലിൽനിന്നും മുളക്‌ കണ്ണിൽ പോയി എന്നും അടുപ്പിൽനിന്നും പുക കണ്ണിലടിച്ചെന്നും മറ്റും മറുപടി നൽകി. (അന്നുമിന്നും എന്നും സത്യം മറച്ചുവയ്‌ക്കാൻ സ്‌ത്രീകൾക്കുളള കഴിവ്‌ അമ്പമ്പോ ചിന്തിക്കാൻ കൂടി വയ്യേ!!). സരസ്വതിയുടെ മനസ്സിൽ പ്രിയപ്പെട്ടവന്റേയും ഉടയവരുടേയും മുഖം നിറഞ്ഞു, എന്നാൽ നാടിന്റെ ദൈന്യതയാർന്ന വിലാപം അവളുടെ കാതിൽ മുഴങ്ങി. നാടിനും നാട്ടാർക്കും വേണ്ടി സ്വജീവൻ കൊടുക്കാൻ അവൾ തയ്യാറായി. (ഭാരത സ്‌ത്രീതൻ ഭാവശുദ്ധി).

കുരുതിയ്‌ക്കുളള സമയമായി. ഗംഗയും യമുനയും കുളിക്കാതെ മാറിനിന്നു. സരസ്വതി ഒരു കിണ്ടി ജലത്തിൽ സ്‌നാനം കഴിച്ച്‌ നാടിനുവേണ്ടി കിണറ്റിലേക്കിറങ്ങാൻ തയ്യാറായി. ഗന്ധർവ്വനെത്തേടി ശാപമോക്ഷത്തിനുളള യാത്ര. പൂജ കഴിഞ്ഞപ്പോൾ സരസ്വതി കിണറ്റിലേക്കിറങ്ങി. ഓരോ പടി ഇറങ്ങുമ്പോഴും ജലനിരപ്പ്‌ കൂടിവന്നു. അവൾ താഴേക്ക്‌ താഴേക്കിറങ്ങി അദൃശ്യയായി. അവൾ ഗന്ധർവ്വസന്നിധിയിൽ എത്തിയോ ആവോ?

ഈ സമയം സരസ്വതീ ഭർത്താവ്‌ കണ്ണപ്പൻ പടവെട്ടാൻ ദൂരദേശത്ത്‌ പോയിരിക്കുകയായിരുന്നു. ദുഃസ്വപ്‌നത്തിൽ പ്രിയതമയ്‌ക്ക്‌ അത്യാഹിതം സംഭവിച്ചതായി കണ്ട്‌ ഉടൻതന്നെ അവൻ വീട്ടിലെത്തി. (മൊബൈലില്ലാതിരുന്ന കാലമായിരുന്നതിനാൽ വാർത്താവിനിമയം നടന്നിരുന്നത്‌ സ്വപ്‌നങ്ങളിൽക്കൂടിയാണ്‌. അനാർക്കലിയും ഉണ്ണിയാർച്ചയും എന്തിന്‌, കണ്വാശ്രമത്തിലെ ശകുന്തളവരെ ഇത്തരം സ്വപ്‌നങ്ങൾ ധാരാളം കണ്ടിരുന്നതായി കഥകൾ). കണ്ണപ്പൻ വീട്ടിലെല്ലാം സരസ്വതിയെ തിരഞ്ഞു. കാൺമാനില്ല. ഭാര്യാവീട്ടിലെത്തി. അവർക്കറിയില്ലെന്ന മറുപടി. അന്വേഷണം തുടങ്ങി. (സീബീഐ ഡയറിക്കുറിപ്പിന്‌ ഒരു പാർട്ടുകൂടിയാവാമല്ലേ?) ഭാര്യയുടെ സഖിമാരിൽനിന്ന്‌ അവൻ കഥകളെല്ലാമറിഞ്ഞു. അവൻ താപകോപങ്ങളാൽ ജ്വലിച്ചു. അമ്മ ഭയന്നു, പെങ്ങന്മാർക്കുത്തരമില്ലാതായി. അവൻ പത്‌നിയെ തേടി കിണറ്റിലിറങ്ങി. അടിത്തട്ടിലിരുന്ന സരസ്വതി കണ്ണപ്പന്റെ കോപം കണ്ട്‌ കൂടുതൽ ഉൾവലിഞ്ഞു. അവൻ ഭാര്യയുടെ സമീപമെത്തി. അവിടെ അവൾക്ക്‌ സാന്ത്വനം നൽകി സമാധിയായി.

അങ്ങനെ സരസ്വതി ഭൂമിക്കടിയിലൂടെ തന്റെ നിർമ്മലമായ സ്‌നേഹം ഒഴുക്കിക്കൊണ്ടേയിരുന്നു. കണ്ണപ്പൻ ചന്ദനമരമായി മറ്റുളളവർക്ക്‌ തണുപ്പും തണലുമായി നിലകൊളളുന്നു. എന്നാൽ ഗംഗയോ അഴുക്കും ദുർഗന്ധവും പേറി ഇന്നും യാത്ര തുടരുന്നു. യമുന ദിവസംതോറും സൗന്ദര്യം മങ്ങി മെലിഞ്ഞുണങ്ങിക്കൊണ്ടിരിക്കുന്നു.

നവീൻ മുണ്ടുകോട്ടയ്‌ക്കൽ


E-Mail: naveen_mla@hotmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.