പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

പച്ചത്തെറി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വേണുനമ്പ്യാർ

ഔചിത്യമില്ലാത്ത നമ്പ്യാരെ, ഉരുളയുണ്ണാൻ വാ.

ഉരുളയ്‌ക്കെന്താ ഉപ്പേരി?

ഉപ്പ്‌.

ഉപ്പുംകൂട്ടി വിഴുങ്ങാൻ പറ്റില്ല ജീവിതം. ലഗ്‌നം ജലരാശിയിൽ വാട്ടിസടിക്കാൻ പോവ്‌​‍്വാ.

നാലാമിടം പൊളിഞ്ഞു നാറാണക്കല്ല്‌ കാണും, തോന്നുമ്പം പോയി വാട്ടീസടിച്ചാൽ; കേട്ടൊ.

അടിച്ചില്ലെങ്കിൽ പിടിച്ചുകുടയും മയിലേ വിഡ്രോവൽസിൻഡ്രോം. വിറച്ചാ ചത്തു ഭസ്‌മമാവുന്നതിനെക്കാളും ഭേദം സ്ലോമോഷനിൽ നീന്തുന്നതാ. എരിയാതെ, പൊരിയാതെ, കുളിരാതെ. പോരാതെ ബ്രഹ്‌മചാരി മന്മഥൻ നമ്പ്യാരുടെ അനുയായിയാകാമെന്നു ജനിച്ചപ്പോൾ സത്യവാങ്ങ്‌മൂലം കൊടുത്തിട്ടുമില്ല.

വാട്ടീസടിച്ചാൽ നിങ്ങൾക്ക്‌ കണ്ണ്‌ കാണില്ല. വേണ്ടാത്തതു കാട്ടും.

ഫസ്‌റ്റ്‌ ഷോ, സെക്കൻഡ്‌ ഷോ, ഉത്‌സവത്തിന്റെ കൊടിയേറ്റമാണെങ്കിൽ തേർഡ്‌ ഷോയും.

എന്നിട്ടും ഒരു കുഞ്ഞിനെ തരാത്ത അച്ചീ നിന്നെ കെട്ടാനുളള കയർ എന്റെ കച്ചയിൽത്തന്നെയുണ്ടല്ലോ.

ഞാൻ ഈ നാട്ടുകാരിയല്ലേ; എനിക്ക്‌ ഈ കവിതയൊന്നും മനസ്സിലാവില്ല.

പറഞ്ഞത്‌ കവിതയാണെങ്കിൽ പച്ചത്തെറിക്ക്‌ പിന്നെന്തു പേരിടും! തെങ്കിലെ വെളളം ചങ്കിലെ ചെന്നാൽ ചങ്കരനാനയും ചിങ്കു കളിക്കും. മങ്കയ്‌ക്ക്‌ നാലുണ്ട്‌ കൊങ്ക, മാമാങ്കക്കൂലോത്തെ വരിക്കപ്പിലാവിന്റെ തെക്കെ തുഞ്ചത്തെ ചക്ക, മാരാത്തെ കുഞ്ഞിമാരാച്ചെക്കനെ ഞെക്കിക്കൊല്ല്‌ണ ചക്ക.

തപാലിൽ ആ കിണ്ണാങ്കൃതി തിരുമ്പിവന്താച്ച്‌. സ്ഥലപരിമിതിമൂലം പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. തുടർന്നും ധാരയായി കണ്ണീർ പൊഴിക്കണം, എന്ന്‌ അനൽപ്പമായ ആശ്വാസത്തോടെ പത്രാധിപരുടെ ഉത്‌സാഹക്കമ്മിറ്റി.

ദേർ ആർ മെനി സ്ലിപ്പ്‌സ്‌ ബിറ്റ്‌വീൻ കപ്പ്‌സ്‌ ആന്റ്‌ ലിപ്‌സ്‌. സ്ഥലപരിമിതിയുടെ പാടത്ത്‌ അപനിർമ്മാണം നടത്തി ഹൃദയപരിമിതിയെന്നു വായിച്ചാൽ സുഖം കിട്ടും.

മാറ്റർ തിരിച്ചുകിട്ടാൻ വേണ്ടിമാത്രം എത്ര കാശാ നിങ്ങൾ പൊടിച്ചുകളയുന്നത്‌. ആ പണമൊക്കെ ഒരു ഭണ്‌ഡാരത്തിലിട്ടുവെച്ചിരുന്നെങ്കിൽ....

കല്ല്യാണത്തിരക്കിനിടയിൽ ഫാദറിൻലാ എനിക്കുവേണ്ടി വാങ്ങാൻ മറന്നുപോയ നാലുപവന്റെ ആ സ്വർണ്ണമാല, വാങ്ങിച്ചിടാമായിരുന്നു ഇപ്പോൾ തന്റെ കഴുത്തിൽ, അല്ലേ?

അല്ല, കോലായപ്പുറത്ത്‌ ഒരു വാരിക തുടങ്ങാമെന്നു വിചാരിക്കയായിരുന്നു.

നോട്ട്‌ ഏ ബാഡ്‌ ഐഡിയാ. നിന്റെ ഐ ക്യൂവെക്കുറിച്ച്‌ ആരും ദോഷം പറയില്ല. എന്റെ നാക്കൊടിയിലിതാ ഒരു ഹൈക്കൂഃ

കാശിൽ

കവിതയില്ല

അതുകൊണ്ട്‌

കവിതക്ക്‌

കാശില്ല

കവിക്കു കഞ്ഞിയില്ല

അതുകൊണ്ട്‌

കഞ്ഞിയിൽ പാറ്റയില്ല

കൂകു കൂകു ഹൈവേയിൽ

കവേ കൂകു കൂകു

കൊക്കരേക്കൊ!!

ഊയ്‌! കാതിനെന്തൊ ഒരു വലച്ചിൽ.

കിടക്കുംമുമ്പ്‌ ഒരൗൺസ്‌ ഈയമുരുക്കിയൊഴിക്കുന്നുണ്ട്‌. തന്റെ കർണ്ണന്റെ പുടത്തിൽ. തൽക്കാലം മനസ്സിൽനിന്നു റിലീസായിക്കൊണ്ടിരിക്കുന്ന മറ്റൊരു വിമോചനകവിത കേൾഃ

രക്‌തസാക്ഷികൾ ചോദിക്കുന്നുഃ

നമ്മൾ പോയതിനുശേഷം കുന്തങ്ങൾ

നിങ്ങളെന്തു ചെയ്‌തു

മനഃസാക്ഷി ചോദിക്കുന്നുഃ

എന്നെ ബന്ദിയാക്കിയത്‌

ഏതറയിലാണ്‌

വിഷയദാരിദ്ര്യം മൂർച്ഛിക്കുമ്പോൾ കവിതാംഗനെയെത്തന്നെ കേറിപ്പിടിക്കുന്ന കവിവാര്യരും ദളിതരുമുണ്ട്‌ മലയാണ്‌മയിൽ. (തന്നെ കെട്ടിയവന്റെ സ്ഥിതിയും ഡിറ്റോ.) പെണ്ണാളെ, സെന്തുരപ്പൂവേ, തെന്നൽക്കാറ്റേ, മന്തിര്യപ്പോട്ടേ മറ്റൊന്നു കേട്ടോളൂഃ

ദൈവം തരുന്ന കേട്ടെഴുത്താ കവിത

ചോര കൊണ്ടെഴുതേണ്ടത്‌

കണ്ണീരണിഞ്ഞു വായിക്കേണ്ടത്‌

ഇന്നല്ലെങ്കിൽ നാളെ

ഒരജ്ഞാതനെ കരയിപ്പിച്ചു വിടേണ്ടത്‌.

ഒരു കവിതകൊണ്ട്‌

നിങ്ങളെന്തുചെയ്യും

ചുട്ടു തിന്നുമൊ

ചുറ്റി നാണം മറക്കുമൊ

നിരപരാധിയായ ഒരു അയൽക്കാരനെ വധിക്കുമൊ

സ്വപ്‌നംപോലെ ഉറപ്പില്ലെങ്കിലെന്ത്‌

ഇതൊരു ചുണ്ടൻവളളമല്ലയൊ

പങ്കായമല്ലയൊ

നങ്കൂരമല്ലയോ

ആർപ്പുംകുരവയിമിടുന്നവർ ഏറെയുളളപ്പോൾ

ആഞ്ഞുപിടിച്ചു തുഴയുന്നവർ വിരളമല്ലയോ

ഈ നിളാതീരത്തിൽ വിരളമല്ലയൊ!

ഇങ്ങനെ ഇൻസ്‌റ്റന്റായി പദ്യം വരണതെവ്‌ട്‌ന്നാ?

തുറീയം ഉദ്‌ഭവേ കാവ്യം.

തൂറലിനെക്കുറിച്ചല്ല ചോദ്യം.

മാണ്‌ഡൂക്യോപനിഷത്ത്‌ കണ്ടിട്ടുണ്ടൊ?

കുട്ടിക്കാലത്ത്‌ മാണ്ടൂച്ചിയെന്ന വാക്ക്‌ കേട്ടിട്ടുണ്ട്‌. കണക്കിനു പേടിച്ചരണ്ടിട്ടുമുണ്ട്‌.

മാണ്‌ഡൂക്യോപനിഷിത്ത്‌ പറയുന്ന അതിവിശേഷപ്പെട്ട ഒരവസ്‌ഥയാണ്‌ തൂറിയം. ഇതിനു തോറിയവുമായിട്ടു ഒരു ബന്ധവുമില്ല. മനസ്സിലായോ?

അക്ഷാർത്ഥം ദഹിച്ചു കിട്ടി. ആന്തരാർത്ഥം പക്ഷേ തലക്കുമീതെ അവതരിപ്പിക്കയാണ്‌. ഗരുഡനാട്ടം.

നീണ്ട തീവണ്ടി യാത്രയ്‌ക്കിടയിൽ ടിക്കറ്റെടുത്ത്‌ കയ്യശുദ്ധം വരുത്താത്ത ഒരു മുംക്ഷു റാൻതൂട്ടിമുട്ടി ആസനം അന്വേഷിക്കവെ, കക്ഷി കുടിക്കാണമാക്കിവെച്ചിരിക്കുന്ന ബർത്തിൽത്തന്നെ റഫറിക്കുട്ടി വന്ന്‌ കമോഡിനുപകരം രശീതിബുക്ക്‌ തുറക്കുന്ന അടിയന്തിരാവസ്ഥ. അതാണ്‌ തൂറിയം. യമനിയമങ്ങൾക്കൊത്ത്‌ ചരിക്കുന്ന ചരാചരങ്ങൾക്ക്‌ ഒരനാശാസ്യപ്രവിശ്യയെങ്കിലും ചട്ടമ്പിസ്വാമികൾക്കു ഏറെ മുക്‌തിദായകം. മേമ്പൊടിക്ക്‌ കവനകുസുമാർച്ചിതം. തുറിയം കണ്ടോർക്ക്‌.

ഇല്ലവും വെല്ലവും ​‍്വേണ്ട. അച്ചിയും വേണ്ട, കൊല്ലത്തെ അണ്ടിക്കമ്പനിയും വേണ്ട. മുതലിനെ ലാളിക്കാത്ത നിർവ്വാണമുതലാളിക്കു പരമബോറിലും പൂർണ്ണസുഖം. പരിതൃപ്‌തിയുടെ നിത്യസദ്യതന്നെ ഏമ്പക്കം. നിത്യനൈമിത്തകങ്ങളെല്ലാം ട്രാൻസിൽ. ട്രാൻസിസ്‌റ്ററിൽ സദാ ജാസ്‌, അനാഹതത്തിന്റെ....!

അപ്പഴ്‌ ഭക്‌തകവികളായ പൂന്താനവും പീയും തുറിയം കണ്ടവരാണൊ, ഭർത്തൃഹരേ?

പൂ കണ്ടതാ.

പീയൊ?

പീ ഹോമോയാ. മായാമയൻ. ശൃംഗാരശതകൻ.

മഹാകവിയെക്കുറിച്ച്‌ അങ്ങനെ പറയരുത്‌, മഹാപാപം കിട്ടും.

കളിയച്‌ഛനിൽ അദ്ദേഹം തന്നെയല്ലെ, ബലേ ഭേഷായി വേണ്ടാതനം ചൊല്ലുന്നത്‌ഃ

“തോഴനാം കൊച്ചു മിടുക്കന്റെയുർവ്വശി-

വേഷമിരുട്ടത്തു കണ്ടു മിരണ്ട നാൾ.....!”

വേണുനമ്പ്യാർ

പി.സി. വേണുഗോപാലൻ

എ-34&6 ഒ.എൻ.ജി.സി കോളനി

കൗളാഹർ റോഡ്‌

ഡെറാഡൂൺ, യു.എ.

248 195
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.