പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

ഡോട്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വേണുനമ്പ്യാർ

കൽപ്പാന്തകാലംതൊട്ടേ ലോകത്തിനു അന്നം പകർന്നു കൊടുക്കുന്ന ഈശ്വരിയായതുകൊണ്ട്‌ അമ്മയെ സഖാക്കൾ അന്നപൂർണ്ണേശ്വരിയെന്നു വിളിക്കുന്നു. അമ്മേ ശരണം!

അമ്മയുടെ സന്നിധാനം ഉത്തരമലബാറിലുളള കാനനൂരിലെ.... സ്ഥലപുരാണത്തിന്റെ മലയാളമിറക്കുന്നില്ല; വിമതസഖാക്കൾ ഞെട്ടിപ്പോയാലോ. വാസ്‌തവത്തിൽ അവിടത്തെ വോട്ടർമാർ കണ്ണ്‌ ഊരിയെടുക്കുന്നവരൊന്നുമല്ല. സ്ഥലം താലിബാന്റെ തലസ്ഥാനവുമായിക്കഴിഞ്ഞിട്ടില്ല.

ഒറ്റപ്പെട്ട ആക്രമണങ്ങളെ പർവതീകരിച്ച്‌ ജില്ലയെ മീഡിയ സിൻഡിക്കേറ്റ്‌ കടുംചായത്തിൽ മുക്കി കരിതേച്ച്‌ കാണിക്കയാണ്‌. പുര കത്തുമ്പോൾ കഴുക്കോൽ ഊരിയെടുക്കാൻ തത്രപ്പെടുകയാണ്‌ ബൂർഷ്വാപത്രങ്ങൾ. ജില്ലയുടെ ചുവന്ന താടിക്ക്‌ തീകൊളുത്തി അതിൽനിന്നു ബീഡിക്കു തീ പറ്റിക്കയാണ്‌ പത്രാധിപന്മാർ.

കഥാരത്നത്തെ മിനുക്കിച്ചുരുക്കുവാൻ മുഖപ്രസംഗത്തിലേക്കുതന്നെ മടങ്ങട്ടെ. മാതാന്നപൂർണ്ണേശ്വരിയുടെ വാസം കണ്ണൂരിലെ ചെറുകുന്നിലാണ്‌. പിൻകോഡ്‌ - 670301. എങ്കിലും ഒരു പിൻകോഡിൽ ഒതുങ്ങുന്നതല്ല അമ്മയുടെ മായാവിലാസം! കണ്ണുളളവർക്ക്‌ സംഗതി കാശിതൊട്ട്‌ കോലത്തുനാടോളം പരോക്ഷത്തിലും പ്രത്യക്ഷത്തിലും ഒരുപോലെ അനുഭവമാണല്ലോ! അമ്മ കരുണാമയിയല്ലേ. ഉദാര. ക്ഷിപ്രപ്രസാദ.

ഒരു കാലത്ത്‌ രാത്രിയിൽ അലയുന്ന മോഷ്‌ടാക്കൾക്കുവേണ്ടിപ്പോലും ഈ ചെറുകുന്നത്തമ്മ അമ്പലം അരയാലിന്റെ കൊമ്പത്ത്‌ കുത്തരിച്ചോറും ഉപ്പിലിട്ട മാങ്ങയും നിറച്ച പച്ചോലക്കെട്ടുകൾ തൂക്കിയിട്ടിരുന്നില്ലേ. വിശ്വാസം വരാത്ത യുക്തിമറുകുകൾ തൽക്കാലം ആകാശവാണി കണ്ണൂർ കടം വാങ്ങി പ്രക്ഷേപിച്ച ചലച്ചിത്രഗാനം കേട്ട്‌ ഒരു മൂലയ്‌ക്ക്‌ അടങ്ങിയിരുന്നാൽ മതിഃ അമ്മ, അമ്മേ, അവിടത്തെ മുന്നിൽ ഞാനാര്‌? അമ്മേ, ശരണം! പരമ്പൊരുളെ, ഗച്ചാമി! !

പല പ്രാവശ്യം ഊട്ടിൽ പിച്ചക്കാരുടെയും അഗതികളുടെയും പന്തിയിലിരുന്ന്‌ ഉണ്ടതാണ്‌. അവിടത്തെ ഊട്ടിന്റെ സ്വാദ്‌ അക്ഷരങ്ങളിലെഴുതി ഫലിപ്പിക്കാൻ ആർക്കു കഴിയും!

കഥാഗതിക്കൊരു വിഘ്‌നം വരാതിരിപ്പാൻ പറയാംഃ

ലാളിത്യത്തിൽ ഫൈവ്‌സ്‌റ്റാറും തോറ്റു തൊപ്പിയിടും!

അത്‌ കേട്ടതും അരിശം നൂറ്റെട്ടു ഡിഗ്രിയോളം കുമറി വന്നു തന്ത്രിസാറിന്‌. അല്ല, മാഷേ, ഏന്തിനാ ഭുവനമോഹിനിയായ അമ്മയ്‌ക്ക്‌ പബ്ലിസിറ്റി, അതും ഒരജ്ഞാനിയുടെ?

സംശയനിവാരണത്തിനു സാക്ഷാൽ അമ്മയെത്തന്നെ സമീപിച്ചോളൂ...

ഇ മെയിൽ വിട്ട്‌ സംശയം തീർക്കാന്ന്‌ച്ചാൽ, അയച്ചുകൊടുപ്പാൻ അമ്മയ്‌ക്ക്‌ ഒരു ഐഡിയുണ്ടോ.

രൂപ-താ-വേദാന്തമേ, താങ്കളൊക്കെ ജീവിക്കുന്ന കാലമേതാ?

കാലം ഒരിക്കലും വേദാന്തികളുടെ ലൈനായിരുന്നില്ല. സ്ഥലകാലങ്ങൾ മായയാ. നടപ്പുനൂറ്റാണ്ടിലെ രണ്ട്‌ സൈലൻസറാ.

വിഷയത്തിൽ എന്നാൽ സൈലൻസർ ഫിറ്റാക്കുന്നതാകും ഭംഗി. വാസ്‌തവത്തിൽ തോന്നലുകളുടെ കൈമാറ്റമല്ല, തത്വരാശിയുടെ താഴ്‌വരയിലെ അപാരമൗനദീക്ഷയാണ്‌ മനസ്സിനു പരമാനന്ദം.

അമ്മയുടെ ഐഡി കൈവശംവച്ച്‌ ആളെ കളി കളിപ്പിക്കയാണൊ. തരുന്നെങ്കിൽ താ, തരില്ലെങ്കിൽ തന്നെ കെട്ടിയെടുക്കട്ടെ അന്ധതാമിസ്രമെന്ന നരകത്തിലേക്ക്‌.

അരിശപ്പെടാതെ, കുറിച്ചെടുക്ക കുറിതൊട്ടപ്പനെ.

പറഞ്ഞു തുലക്കെടോ, നാസ്‌തീകനക്രമേ!

ഡോട്ട്‌!

വാട്ട്‌?

ഡോട്ട്‌!

ഡോട്ടാണോ ടെഹൽക്കാഡോട്ട്‌ കോമാണൊ? അതോ ഫുഡ്‌ സബ്‌സിഡി ഡോട്ട്‌ കോമോ?

പറയാപ്പുറം എഴുതിവായിക്കണ്ട. ഡോട്ടെന്നു പറഞ്ഞാൽ വെറും ഡോട്ട്‌! !

മലയാണ്‌മയിൽ അച്ചടി?

സുധാബിന്ദു.

വല്ല ചട്ടമ്പിസ്വാമിക്കുംമറ്റും പറിച്ചു കീറാനുളള ഒരു ജോഡി മൈനർ നാടോടിപ്പെൺകുട്ടികളുടെ പേരാണോ ജഗത്‌ജനനിയുടെ ഇവിലാസം?

ഇഹവിലാസത്തിന്റെ മൂർച്ഛനയിൽ സുധയെ കുറച്ചോളൂ. പക്ഷെ ബിന്ദുവെ മുകർന്ന്‌ ആലിംഗനം ചെയ്‌ക.

ബിന്ദു വിരാമമല്ലെ. സർവതിന്റെയും അവസാനം.

തുടക്കവും മറ്റൊന്നല്ല.

കുതർക്കത്തിനു തെളിവ്‌?

സ്വയം സംസാരിക്കുന്ന വെളിവിനു തെളിവന്വേഷിക്കുന്നയാൾ തന്ത്രിയാവില്ല.

പൂർവ്വാശ്രമത്തിൽ മുട്ടും കവിയുന്ന മന്ത്രിജുബ്ബയിൽ ഒരു ടേം സുഖിച്ചതായി സ്‌മരണയുണ്ട്‌.

അന്ന്‌ ജലശുക്‌ളസേചനമായിരുന്നില്ലേ വകുപ്പ്‌?

ഉവ്വ്‌. ഇടയ്‌ക്ക്‌ ഒരു ഷോക്കിനായി വൈദ്യുതിവകുപ്പിന്റെ ഭാരം പോസ്‌റ്റിൽ വേറെയും.

ഹൈക്കാമതന്ത്രടെൻഷൻലൈനിലും ത്രിപുരസുന്ദരികളുടെ അണക്കെട്ടിലും മറ്റും പണ്ടത്തെ റേഷ്യോയിൽത്തന്നെ ഇന്നും കസറുന്നുണ്ടോ?

ഇല്ല, വൈറസ്സ്‌ ബാധയെ പേടിയാണ്‌. ഗോദ്‌റേജ്‌ പൂട്ടിട്ടുണ്ട്‌ കോണകത്തിന്‌. താഴ്‌ ഒറിജിനൽ ബിർലാ സിമന്റിന്റെ വാർപ്പാ.

വാഴനാരിൽ പൂ കോർക്കാൻ വരാറുളള നങ്ങ്യാർച്ചിയെ ബാധഭയത്തിനുമുമ്പ്‌ കൊരുത്തിട്ടുണ്ടൊ ത്രിപുശ്ശനിൽ? മറ്റൊരു വിധത്തിൽ ചോദിച്ചാൽ ഉറങ്ങാൻ കൊടുത്തിട്ട്‌ നന്ത്യാർവട്ടത്തെ കിടത്തിയിട്ടുണ്ടൊ കമിഴ്‌ത്താതെ കലവറയിൽ?

ശാന്തം പാപം! ആ സ്‌ത്രീയോനിക്കു മരിച്ച മുത്തശ്ശീടെ പ്രായാ.

ബലാൽസംഗകുതുകികൾ പ്രായേണ പ്രായം നോക്കാത്ത ഒരു ദുരന്തഭൂമിയിലാണിപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ എത്തിനോക്കുന്നത്‌. അതുകൊണ്ട്‌ ചോദിച്ചുപോയതാ. ഒന്നും വിചാരിക്കരുത്‌. മരിക്കുമ്പോൾ മുത്തശ്ശിക്കെത്രയായിരുന്നു പ്രായം?

മുപ്പത്തിയേഴ്‌.

താന്ത്രികന്റെ വായിലെ സ്വർണ്ണപ്പല്ലിന്റെ സംഖ്യ പറയാമൊ.

മുപ്പത്തിരണ്ട്‌.

അപ്പോൾ ശിഷ്‌ടം അഞ്ച്‌. അഞ്ച്‌ മന്മഥവിനോദം രാശിയിൽ കാണുന്നു. നങ്ങ്യാർച്ചിയെ ത്രിപുച്ഛനിൽനിന്നു വേർപെടുത്തിയിട്ട്‌ നൽകിയ കൂലിയുടെ ആദ്യക്ഷരം പയാണ്‌. ഫ ഏപ്പിക്കൂറസ്സേ, തന്നെക്കൊണ്ട്‌ ഞാനതിപ്പം പറയിപ്പിക്കും. പറയെടാ പറക്കുംകൂറേ.

പരുന്തിനു മീതെ പറക്കുന്ന പണമല്ല, മാഷേ, പണപ്പായസമാണേ.

അമ്പലം ദീപസ്‌തംഭവും ബിംബപ്രതിഷ്‌ഠയുമൊഴിച്ച്‌ മിക്കവാറും കാലിയായി. ഓസിനു ഊട്ടിനു വന്ന പട്ടന്മാരും കുരുത്തോലച്ചൂട്ടും കത്തിച്ച്‌ ഏമ്പക്കവും വിട്ടുകൊണ്ട്‌ പാലക്കാട്ടേക്കു യാത്രയായി. ആകാശം ഒരു സെൻകവിതയുടെ സൂക്ഷ്‌മരഹസ്യംപോലെ അനന്തവിശാലം. താഴികക്കുടത്തിനരികെ മറ്റൊരു താഴികക്കുടമായി പൗർണ്ണമിച്ചന്ദ്രര്‌ ചെത്തി വിലസി. കക്ഷി സ്ഥലത്തെ കവിമണ്‌ഡലത്തിന്റെ കണ്ണിൽപ്പെടാതിരിക്കാൻ ഇടയ്‌ക്ക്‌ ഒരു കാളത്താൻ മേഘത്തിനുളളിൽ കയറിക്കൂടി.

ശങ്ക ഇനിയും മാറിയിട്ടില്ല, തന്ത്രശിരോമണി ചോദിച്ചുഃ ബിന്ദുമോൾതന്നെ എങ്ങനെ തുടക്കവും ഒടുക്കവുമാകും.

അക്ഷരമറിയുമെങ്കിൽ സ്വന്തം പേര്‌ കടലാസിലെഴുതിക്കാണിക്കൂ.

പുഷ്‌പാഞ്ഞ്‌ജലിയുടെ രശീതിക്കു പിറകിൽ തന്ത്രിയെഴുതിഃ സിറിവല്യ നീലകണ്‌ഠര്‌.

അക്ഷരം കൂട്ടിയെഴുതി ഭാഷയെ കുട്ടിച്ചോറാക്കുന്ന ഒരു കുട്ടിയുടെ കൈപ്പട. കൊച്ചിയിൽനിന്നു കൊയിലാണ്ടിയിലേക്കാണ്‌ കൈപ്പടയുടെ പിക്‌നിക്‌.

മൗനത്തിന്റെ ആലിപ്പഴം പൊഴിഞ്ഞു വീണ നിമിഷങ്ങൾ.

സരളവും മനോഹരവും.

എല്ലാം അറിയുമ്പോഴും എന്തോ ഒന്ന്‌ അറിയപ്പെടാനാകാതെ അവശേഷിക്കുന്നു.

ബിന്ദുക്കളുടെ അദൃശ്യമായ ഘോഷയാത്ര... ക്രിസ്‌ ക്രോസിംഗ്‌.

സുതാര്യതയുടെ നൈരന്തര്യം മുറിക്കുന്ന രഹസ്യത്തിന്റെ കൊച്ചു പർദ്ദകൾ, പച്ചത്തുരുത്തുകൾ.

ഇന്ന്‌ ഒന്നുമല്ല. നാളെയും ഒന്നുമല്ല. അജ്ഞേയമായ ഒരു ബിന്ദുവിന്റെ നിഗൂഡതമാത്രമായിരിക്കുമോ ജീവൻ.

ഒരു ഹിരണ്‌മയനാണയത്തിന്റെ ഇരുപുറങ്ങളിൽ ഒന്ന്‌ മാത്രം എന്തിനു തിരഞ്ഞെടുക്കണം. ജ്ഞാനം പോലെ അജ്ഞാനവും സുഖദസുന്ദരമല്ലേ.

തന്ത്രിക്ക്‌ പക്ഷെ സംഗതി പിടികിട്ടിയില്ല. കമ്പി മിസ്‌റ്റിസിസത്തിൽ നിരക്ഷരനാണല്ലോ.

അത്‌ മായം, അതമേയം. അത്‌ മായുന്നതുമല്ലുലകിൽ, അമ്മയുടെ പൊൻകോരികയിലെ അന്നബ്രഹ്‌മത്തെ സ്‌മരിച്ചുകൊണ്ട്‌ അഹം ബ്രഹ്‌മാസ്‌മിയായി വിസ്‌തരിച്ചുഃ Dot is the divine factor, the alfa and the omega of Life. If you do not bother to realize the essence of dot, you will be sentenced to Life again and again.

മാഷേ, നിങ്ങളെന്റെ കണ്ണ്‌ തുറപ്പിച്ചു. കണ്ണുണ്ടായിട്ടും ജീവിതത്തിന്റെ മണൽക്കാട്ടിൽ ഞാൻ കാണാതെ പോയത്‌ ഒരു പെൺഒട്ടകത്തെ!

ധന്യനായ സ്ഥിതിക്ക്‌ തൽക്കാലം കമ്പിത്താൻ, റൊക്കമായി കിട്ടിയ അപരോക്ഷഡാറ്റാനുഭൂതിക്ക്‌ നന്ദി പറ.

ധന്യവാദ്‌!

കുമ്പിട്ട്‌ അഹോഭാവത്തിൽ ഒന്നുകൂടി മന്ദ്രമധുരമായി വിസ്‌തരിക്കൂ.

ധന്യവാദ്‌! മഹാശയ്‌, ധന്യവാദ്‌! !

ഭേഷ്‌! പിരിയുംമുമ്പ്‌ നെഞ്ചിൽ കൊത്തിവെക്കാൻ ഇതാ വിരക്‌തിയുടെ ഒരു ദോഹഃ

ജീവിതം രണ്ട്‌ നാളിന്റെ,

എന്നും കഴിയേണ്ടവരല്ലിവിടെ നാം

നമ്മളൊ വെറും യാത്രികർ

ലോകം വഴിയമ്പലം.

വേണുനമ്പ്യാർ

പി.സി. വേണുഗോപാലൻ

എ-34&6 ഒ.എൻ.ജി.സി കോളനി

കൗളാഹർ റോഡ്‌

ഡെറാഡൂൺ, യു.എ.

248 195




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.