പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

മൊബൈൽ ടെക്‌സ്‌റ്റൈൽസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബു ആലപ്പുഴ

അവധി ദിവസമായതിനാൽ അലസമായും വിശാലമായും കിടന്നുറങ്ങിയശേഷം മൂരിനിവർത്തി എഴുന്നേറ്റ്‌ - പത്രത്താളുകളിലെ ലഹരി നുണയുകയായിരുന്നു ഹരീന്ദ്രൻ. അപ്പോഴാണ്‌ ഗേറ്റ്‌ തുറക്കുന്ന ശബ്‌ദം കാതിൽ വന്നുവീണത്‌.

മുഖമുയർത്തി നോക്കുമ്പോൾ മുന്നിൽ പാൽപുഞ്ചിരിപൊഴിച്ചുനിൽക്കുന്നു. ഒരു ചെറുപ്പക്കാരൻ! ഇരുകൈകളിലും തടിമാടൻ സ്യൂട്ട്‌കേസുകൾ!

“ഗുഡ്‌മോണിംഗ്‌ സാർ.”

“ഗുഡ്‌മോണിംഗ്‌...എന്താ?”

“മൊബൈൽ ടെക്‌സ്‌റ്റൈൽസ്‌ ആണ്‌ സാർ...”

“എന്നുവച്ചാൽ?”

“സഞ്ചരിക്കുന്ന തുണിക്കട... തുണികൾ മിതമായ വിലയ്‌ക്ക്‌ തരാം സാർ.”

“വേണ്ട... ഇവിടെ ആവശ്യത്തിന്‌ തുണികളൊക്കെയുണ്ട്‌.... നിങ്ങൾക്ക്‌ പോകാം......”

“അങ്ങനെ പറയരുത്‌ സാർ.... ഞാനൊരു എഞ്ചിനീയർ ബിരുദധാരിയാ.... തൊഴിലൊന്നും കിട്ടാതെ വന്നപ്പോഴാ ഈ തൊഴിൽ തുടങ്ങിയത്‌.

ഹരിന്ദ്രൻ ചെറുപ്പക്കാരന്റെ മുഖത്തേയ്‌ക്ക്‌ അലിവോടെ നോക്കി.

”ഇൻസ്‌റ്റാൾമെന്റുണ്ടോ?‘

“ഇല്ലസാർ.... റഡികാഷാ.... പകരം മറ്റൊരു പ്രത്യേകതയുണ്ട്‌. ഓരോ തുണിക്കും ഇൻഷ്വറൻസുണ്ട്‌... ഒരു വർഷത്തെ ഇൻഷ്വറൻസ്‌.... തുണി വാങ്ങി ഒരു വർഷത്തിനുള്ളിൽ നിറം പോകുകയോ കീറുകയോ ചെയ്‌താൽ പണം തിരിച്ചു തരും. മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌ സാർ.... ഈ വസ്‌ത്രം ധരിച്ചു നടക്കുന്ന ആൾക്ക്‌ എന്തെങ്കിലും അപകടം സംഭവിക്കുകയോ മരിക്കുകയോ ചെയ്‌താൽ ഇൻഷ്വറൻസ്‌ തുകയും ലഭിക്കും....”

“ശരി.... തുണി നോക്കട്ടെ...”

ചെറുപ്പക്കാരൻ സ്യൂട്ട്‌കേസുകൾ രണ്ടും വിശാലമായി തുറന്നുവച്ചു.

അപ്പോഴേയ്‌ക്കും അകത്തെമുറിയിൽ നിന്നും ഭാര്യയും മക്കളും പുറത്തുവന്നു. ചുറ്റിനും കൂടിനിൽപ്പായി.

“ഈ സാരിക്കെന്താവില?” ഭാര്യ തിളങ്ങുന്നസാരിയിൽ കയറിപ്പിടിച്ചു.

ചെറുപ്പക്കാരൻ സാരിയെടുത്ത്‌ നിവർത്തി.

“ചേച്ചി.... ഇതിന്‌ വെറും ആയിരത്തിഅഞ്ഞൂറ്‌ രൂപയേ വിലയുള്ളു....”

ഭാര്യയുടെ മുഖത്ത്‌ അദ്‌ഭുതവും ആശ്ചര്യവും മിന്നിമറഞ്ഞു.

“എന്ത്‌? വെറും ആയിരത്തഞ്ഞൂറോ!?... ഇതുപോലൊരു സാരി കഴിഞ്ഞദിവസം ആ ലീലാമ്മ ഉടുത്തോണ്ടുവന്നു. അതിന്‌ രണ്ടായിരത്തഞ്ഞൂറ്‌ രൂപയെന്നാ അവൾ പറഞ്ഞേ”!

നീ വല്ലതും പറഞ്ഞോ? “ഹരിന്ദ്രൻ ഭാര്യയെ രൂക്ഷമായി നോക്കി.

”ഏയ്‌ ഒന്നും പറഞ്ഞില്ല.... പക്ഷേ പറയാൻ തുടങ്ങുവാരുന്നു.... ഞാൻ രണ്ട്‌ സാരി എടുത്തോട്ടേ ചേട്ടാ?“

”എടുത്തോളൂ....“

”അച്ഛാ എനിക്ക്‌ ഒരു ചുരിദാർ...“

”മോൾക്കിഷ്‌ടമുള്ളത്‌ സെലക്‌ട്‌ ചെയ്യ്‌... മോന്‌ വേണ്ടേടാ?

“വേണം... ഒരു പാന്റ്‌സും ഷർട്ടും..”

“അപ്പോ ചേട്ടനൊന്നും വേണ്ടേ?

”ഞാനൊരു കാർച്ചീഫ്‌ എടുത്തോളാം.“

”അതെന്താസാർ കർച്ചീഫ്‌ മാത്രമാക്കിക്കളഞ്ഞത്‌? സാറൊരു പാന്റ്‌സും ഷർട്ടും വാങ്ങ്‌.“

”ഓ - വേണ്ട... കർച്ചീഫ്‌ പതിവായി ഉപയോഗിക്കുന്നതാ.... ഒരു വർഷത്തിനുള്ളിൽ പത്തെണ്ണമെങ്കിലും കീറിപ്പോകാറുണ്ട്‌. ഇൻഷ്വറൻസുള്ളതുകൊണ്ട്‌ കീറുമ്പോൾ മാറിക്കിട്ടുമല്ലോ?“

”അതിന്‌ കർച്ചീഫിന്റെ വില സാർ തിരക്കിയില്ലല്ലോ...?

ഈ കർച്ചീഫിന്‌ വില അൻപതു രൂപയാ...“

”ങ്ങേ!? അൻപതു രൂപയോ? ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ ഇത്രയും വില നൽകാൻ?“

”സാറൊരു കാര്യം മറന്നു. കർച്ചീഫിന്‌ യഥാർത്ഥത്തിൽ എട്ട്‌ രൂപയേ വിലയുള്ളു. ഇൻഷ്വറൻസ്‌ തുകയാ സാറേ ബാക്കി നാൽപ്പത്തിരണ്ട്‌ രൂപ.“

എന്നാലെനിക്ക്‌ പാന്റ്‌സും ഷർട്ടും മതി... ഈ പാന്റ്‌സിനും ഷർട്ടിനുംകൂടി എന്താവില?”

“ഇൻഷ്വറൻസുൾപ്പെടെ വെറും നൂറ്റി അൻപത്തഞ്ച്‌ രൂപ”

“അതെന്താ ഇത്ര വിലക്കുറവ്‌?”

“പാന്റ്‌സും ഷർട്ടും അത്രപെട്ടെന്ന്‌ കീറില്ല.... അതുതന്നെ കാരണം.”

ബില്ലെഴുതി പണം കൊടുത്തു കഴിഞ്ഞപ്പോഴാ ഹരീന്ദ്രന്‌ ആ ചോദ്യം ചോദിക്കാൻ തോന്നിയത്‌.

“അപ്പോ ഏത്‌ ഇൻഷ്വറൻസ്‌ കമ്പനിയിലാ ഇൻഷ്വർ ചെയ്‌തിരിക്കുന്നത്‌?”

“അത്‌.. ഞങ്ങളുടെ കമ്പനിക്ക്‌ ഒരു മൊബൈൽ ഇൻഷ്വറൻസ്‌ കമ്പനിയുണ്ട്‌ സാർ അതിലാ...”

ചെറുപ്പക്കാരൻ നടന്നുകഴിഞ്ഞു.

ബാബു ആലപ്പുഴ

സിമി നിവാസ്‌

നോർത്ത്‌ ആര്യാട്‌ പി.ഒ.

ആലപ്പുഴ - 688542


Phone: 0477 - 2248817;
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.