പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

കുഞ്ഞാലിക്കുട്ടി പ്രവാചകന്റെ വചനാമൃതങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മം

ഭൂലോകത്ത്‌ ജന്മമെടുത്ത പ്രവാചകൻമാർ നിരവധിയാണ്‌. പണ്ട്‌ മഹാത്മജിയെപ്പറ്റി സഞ്ഞ്‌ജയൻ പറഞ്ഞത്‌ അദ്ദേഹം ദൈവരൂപം പൂണ്ട മനുഷ്യനല്ലെങ്കിൽ തീർച്ചയായും മനുഷ്യരൂപം പൂണ്ട ദൈവമാണെന്നായിരുന്നു. ഇവിടെ ദൈവരൂപം പൂണ്ട മനുഷ്യനോ മനുഷ്യരൂപം പൂണ്ട ദൈവമോ എന്ന സംശയത്തിനൊന്നും ഇനി പ്രസക്തിയില്ല.

കുഞ്ഞാലിക്കുട്ടിതന്നെ സ്വയം പ്രഖ്യാപിച്ച സ്ഥിതിക്ക്‌ സാക്ഷാൽ പ്രവാചകൻ തന്നെയെന്ന വസ്‌തുത മാലോർക്ക്‌ ബോദ്ധ്യപ്പെട്ടിരിക്കാനാണ്‌ സാധ്യത. കാരണം ഇന്നോളം ഒരു കോടതിയും ആരെയും പ്രവാചകനായി പ്രഖ്യാപിച്ചിട്ടില്ല.

അച്ചുതാനന്ദൻ വേണമെങ്കിൽ അതും പറയും. ഹൈക്കോടതി പ്രവാചകനായി പ്രഖ്യാപിക്കണം. പിണറായി വിജയൻ ചീഫ്‌ജസ്‌റ്റിസായുളള ജനകീയ കോടതി പ്രഖ്യാപിച്ചാലും സംഗതി ശുഭം. മറ്റേതാകുമ്പോൾ ബൂർഷ്വാകോടതി എന്നൊരു പേരുദോഷവുമുണ്ട്‌. ജനകീയ കോടതിയിൽ വിധിച്ചുകഴിഞ്ഞാൽ പിന്നെയൊരു അപ്പീലിന്റെ ഏർപ്പാടുമില്ല. വിധി നടപ്പാകുന്ന സുദിനം ജഡ്‌ജിക്കുപോലും തിരുപാടുണ്ടാവുകയുമില്ല. ആരാച്ചാർക്കുമാത്രമേ അറിയുകയുളളു.

ഇത്‌ ഹൈടെക്‌ യുഗമാണെന്ന്‌ ശാസ്‌ത്രവും, കലികാലമാണെന്ന്‌ ജ്യോതിശാസ്‌ത്രവും ഒരുമാതിരിപ്പെട്ട മനുഷ്യൻമാർക്കെല്ലാം അരക്കിറുക്കാണെന്ന മനഃശാസ്‌ത്രവും പ്രവചിച്ചിട്ടുണ്ട്‌. ഒരു കൈയിൽ കമണ്ഡലുവും മറുകൈയിൽ മൊബൈൽ ഫോണുമേന്തിയ സർവസംഗപരിത്യാഗികൾ ഒരുഭാഗത്ത്‌. സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലും ഇംഗ്ലീഷുമീഡിയം സ്‌കൂളുകളും അല്ലറചില്ലറ ശ്വാസംവലിയഭ്യാസങ്ങളും മറ്റുമായി കാലയാപനം കഴിക്കുന്ന സന്ന്യാസിവര്യ-വര്യൻമാർ മറ്റൊരുഭാഗത്ത്‌.

ഇക്കൂട്ടരുടെയെല്ലാം രജനീകാന്തിനെ വെല്ലുന്ന കട്ടൗട്ടുകൾ കാണുമ്പോൾ ഇപ്പറഞ്ഞതെല്ലാം ശരിയാണെന്ന്‌ നിത്യനും തോന്നിയിട്ടുണ്ട്‌. ആർഷഭാരത സംസ്‌കാരത്തിന്റെ നാശത്തിനു കാരണം സംസ്‌കൃതത്തിന്റെ നാശമാണെന്ന്‌ വിലപിക്കുന്നവരും സ്ഥാപിക്കുന്നത്‌ ഇംഗ്ലീഷ്‌ മീഡിയം മാത്രമാവുമ്പോൾ സർവ്വമംഗളം.

അളള പല കോലത്തിലുമുണ്ടെന്ന്‌ പറഞ്ഞപോലെ പ്രവാചകൻമാരും പലകോലത്തിലുമുണ്ട്‌. ഉടുതുണിക്കുമറുതുണിയില്ലാതെ അലഞ്ഞുനടന്ന്‌ ജനത്തെ ബോധവൽക്കരിച്ചവർ, അന്നന്നത്തെ അന്നം ഭിക്ഷയെടുത്ത്‌ കാലയാപനം നടത്തി പക്ഷികളെപ്പോലെ വിതക്കാതെയും കൊയ്യാതെയും ജീവിച്ചവർ, സ്വശരീരത്തെ പാഴ്‌വസ്‌തുപോലെ തൃണവൽഗണിച്ച്‌ മനസ്സിന്‌ മൂർച്ചകൂട്ടിയ സിനിക്കുകൾ അങ്ങിനെ എത്രയോ പേർ. അക്കൂട്ടത്തിൽ കൃഷ്‌ണൻനായർസാറിന്റെ ഭാഷയിൽ യൂണീക്ക്‌ ആയ ഒരേയൊരു പ്രവാചകൻ ആരെന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുളളൂ-സാക്ഷാൽ കുഞ്ഞാലിക്കുട്ടി പ്രവാചകൻ.

ഇപ്പോൾ വ്യവസായവകുപ്പുമന്ത്രിപ്പണിയും സൈഡ്‌ബിസിനസ്സ്‌ പ്രവാചകവൃത്തിയുമാണ്‌. മുഖ്യപ്രവാചകൻ പാണക്കാട്ടുളളപ്പോൾ തല്‌ക്കാലം ഫുൾടൈം പ്രവാചകവൃത്തിയും സ്വർണ്ണപ്പീടിക ഉദ്‌ഘാടനവും സ്വമേധയാ വേണ്ടെന്നുവച്ചതാണ്‌. സ്വമേധയാ പ്രവാചകനായതുപോലെ തന്നെ. സന്ന്യാസികളായ വിപ്ലവകാരികളെയും തെമ്മാടികളായ സന്ന്യാസികളെയും സന്ന്യാസികളായ തെമ്മാടികളെയുമൊക്കെ ജനം കുറെ കണ്ടു. എന്നാൽ പ്രവാചകനായ വ്യവസായമന്ത്രിയെന്ന പ്രതിഭാസത്തെപ്പറ്റി മുതുകാടും കൂടി ചിന്തിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടാണ്‌ യൂണീക്ക്‌ എന്നുതന്നെ നിത്യന്‌ പറയേണ്ടിവരുന്നത്‌.

കേട്ടത്‌ മധുരമയം കേൾക്കാനിരിക്കുന്നതാവട്ടെ മധുരതരവും എന്ന്‌ കീറ്റ്‌സ്‌ പാടിയപോലെ മൂപ്പരുടെ കണ്ണൂർ പ്രവചനങ്ങൾ ഉഗ്രൻ. വരുംനാളുകളിലേക്കായി ആവനാഴിയിലുളള പ്രവചനങ്ങളാകട്ടെ അത്യുഗ്രൻ. കണ്ണൂർ പ്രവചനത്തിന്‌ ഒരു കമ്മീഷനോടെ സമാധാനം പറയേണ്ടതുളളൂ. ഇനിയങ്ങോട്ടുളള പ്രവചനങ്ങൾക്കുളള സമാധാനം സുപ്രീംകോടതിയിലായിരിക്കും ബോധിപ്പിക്കേണ്ടിവരിക.

ദൈവം പലപ്പോഴും അങ്ങിനെയാണ്‌. കണ്ണുപൊട്ടനെപോലെയാണ്‌ പെരുമാറുക. അതുകൊണ്ടുതന്നെ ദൈവത്തെപ്പോലും കൈപിടിച്ചു നടത്തേണ്ട ചുമതലയാണ്‌ പലപ്പോഴും പ്രവാചകൻമാരിൽ അർപ്പിതമാവുന്നത്‌. പ്രവാചകൻ മുമ്പിലും ദൈവം പിന്നിലുമായി യാത്രചെയ്യുമ്പോൾ രണ്ടുകൂട്ടരും വഴിപിഴച്ച്‌ തൈക്കുണ്ടിൽ വീണുപോയ അപൂർവ്വം സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്‌. അങ്ങിനെയുളള അപൂർവ്വങ്ങളിൽ അത്യപൂർവ്വം സന്ദർഭങ്ങളിലാണ്‌ കാഞ്ചിശങ്കരൻ വടിയും കുന്തവുമായി സെൻട്രൽ ജയിലിൽ പീഠാസക്തനാവുന്നതും മദനി കോയമ്പത്തൂർ ജയിലിൽ നിന്ന്‌ ഭാവി പ്രവചിക്കുന്നതും.

ദൈവത്തിന്‌ പ്രവാചകൻമാരെ അഗ്നിപരീക്ഷകൾക്ക്‌ വിധേയരാക്കി പരിശോധിക്കുന്ന ഒരേർപ്പാടുളളതായി കുഞ്ഞാലിക്കുട്ടി പ്രവാചകൻ ഓർമ്മിപ്പിച്ചിട്ടുളളത്‌ ഈയവസരത്തിൽ സ്‌മരണീയമാണ്‌. അത്തരമൊരു അഗ്നിപരീക്ഷയെയാണ്‌ മൂപ്പർ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്‌. പത്തുപന്ത്രണ്ടായിരം പ്രവാചകൻമാരിൽ ആരെയും ദൈവം റജീനയെ അയച്ചു പരീക്ഷിച്ചതായി അറിവില്ല. നമുക്കറിയാത്തതുകൊണ്ട്‌ അയച്ചിട്ടില്ലെന്ന്‌ പറയുന്നത്‌ ശാസ്‌ത്രീയമായി ശരിയല്ല. അന്ന്‌ അച്യുതാനന്ദൻമാരും ജനകീയ കോടതികളും ഇല്ലാത്തതുകൊണ്ടും പെൺവാണിഭം എന്ന പദമില്ലാത്തതുകൊണ്ടും സംഭവിച്ചതാകുവാനേ വഴിയുളളൂ.

ബൈബിൾ ഉല്‌പത്തിപ്പുസ്‌തകത്തിൽ ആദം വിലക്കപ്പെട്ട കനി ഭുജിച്ചുപോയത്‌-നഗ്നതയെപ്പറ്റി ചിന്തിച്ചുപോയത്‌-ഈവിന്റെ പ്രേരണയിലാണ്‌. എന്നാൽ കണ്ണുപൊട്ടനായ ദൈവം ആദത്തിനെ അറിയാതെ ചെയ്‌തുപോയ അപരാധത്തിനും ഈവിനെ പ്രേരണാക്കുറ്റത്തിനുമൊന്നുമല്ല ശിക്ഷിച്ചിട്ടുളളത്‌. രണ്ടുകൂട്ടരെയും ഒറ്റച്ചവുട്ടിന്‌ ഏദൻതോട്ടത്തിന്‌ വെളിയിലിടുകയാണുണ്ടായത്‌. ഇവിടെയും അങ്ങിനെ സംഭവിച്ചുപോയാൽ സമുദായം പ്രവാചകനെ കൈവിട്ടുകളയരുത്‌ എന്നൊരഭ്യർത്ഥനയെ നിത്യനുളളൂ.

വായനക്കാരാ, ഒന്നു ചെവി വട്ടം പിടിച്ചേ. അതാ കേൾക്കുന്നില്ലേ, പ്രവാചകന്റെ തിരുവചനം-“കേരളത്തിലെ ജനങ്ങളേ, വാനരനിൽ സൃഗാലബുദ്ധി സന്നിവേശിപ്പിച്ച്‌ ദൈവം മനുഷ്യനെ സൃഷ്‌ടിച്ചപ്പോൾ ഒരബദ്ധം ചെയ്‌തുപോയിട്ടുണ്ട്‌. മനുഷ്യനാവശ്യമില്ലാത്ത ഒരു നട്ടെല്ല്‌ വച്ചുകെട്ടിയപ്പോൾ രണ്ടുസംഗതികൾക്ക്‌ ഒരെല്ലെങ്കിലും ഫിറ്റാക്കുവാൻ ദൈവം മറന്നുപോയി. ഫലമോ? ഒന്നെടുത്ത്‌ മൈക്കിനുമുന്നിൽവച്ചു വളച്ചാൽ മാറാട്‌ കമ്മീഷൻ സമാധാനം ചോദിക്കും. മറ്റതെടുത്തുകളിച്ചാൽ ഏദൻതോട്ടത്തിന്‌ പുറത്തും.”

ഏതെങ്കിലും ഒരു പ്രവാചകനെ അവസാനിപ്പിക്കാൻ ദൈവം കുറെ ശിഷ്യൻമാരെ അങ്ങോട്ടയച്ചു കൊടുക്കുന്നു എന്നാരോ പറഞ്ഞിട്ടുണ്ട്‌. ഒരു പ്രവാചകന്റെ പരാജയം അദ്ദേഹത്തിന്റെ ശിഷ്യൻമാരാണെന്നും. മഹാത്മാഗാന്ധിയെ ഒറ്റത്തവണ കൊല്ലാനെ ഗോഡ്‌സേക്ക്‌ കഴിഞ്ഞിട്ടുളളൂ. നിത്യേന കൊല്ലാനുളള സർട്ടിഫിക്കറ്റ്‌ നേടിയത്‌ കോൺഗ്രസുകാരാണ്‌. നബിതിരുമേനിയെയും യേശുക്രിസ്‌തുവിനെയും ആദിശങ്കരനെയും ശ്രീനാരായണനെയും മാർക്‌സിനെയുമെല്ലാം കൊന്നുകൊലവിളിക്കുവാൻ വേറെയാർക്കാണാവുക. ശിഷ്യഗണങ്ങൾക്കല്ലാതെ.

നിത്യൻ


E-Mail: nithyankozhikode@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.