പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

മഹാത്മജിയും 41 കോൺഗ്രസുകാരും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മം

ഒരു ജനുവരി 30 കൂടി കഴിഞ്ഞുപോയി. 1948-ലെ ആയൊരു നാളിലാണ്‌ നാഥുറാം ഗോഡ്‌സേ മഹാത്മജിയെ ഒറ്റത്തവണ വധിച്ചത്‌. എന്തുകൊണ്ട്‌ ഒറ്റത്തവണ എന്നെഴുതുന്നുവെന്ന്‌ ആർക്കെങ്കിലും തോന്നിയേക്കാം. തീർച്ചയായും കോൺഗ്രസുകാർ മഹാത്മജിയെ അന്നുതൊട്ടിന്നോളം നിത്യേന മൂന്നുനേരവും കൊല്ലുന്നതുകൊണ്ടല്ല. ജൂലിയസ്‌ സീസർ എന്ന ഷെയ്‌ക്‌സ്‌പീരിയൻ നാടകത്തിൽ അപകടസാദ്ധ്യതയെപ്പറ്റി മുന്നറിയിപ്പു കൊടുത്തയാളോട്‌ സീസർ പറഞ്ഞത്‌ Cowards die many times before their death എന്നായിരുന്നു. അതായത്‌ ഒരു ധീരന്‌ മരണഭയമില്ലെന്നർത്ഥം. അതുകൊണ്ടു മരണം ഒരിക്കൽ മാത്രം. ഭീരുവിനെ കൊല്ലേണ്ടതില്ല. ആയൊരു വിവരം കിട്ടിയാൽ തന്നെ ഉരുകി ചത്തുകൊളളും.

മഹാത്മജിയുടെ ചരമദിനം രാജ്യം രക്തസാക്ഷിദിനമായി ആചരിക്കുന്നുവെന്നാണ്‌. ഈ വിവരം കിട്ടാത്ത ഒരേയൊരു വിഭാഗമാളുകൾ അൻഡമാൻ നിക്കോബാറിലുളള നൂറ്റിച്ചില്വാനം ജനസംഖ്യയുളള പുരാതന മനുഷ്യർ മാത്രമാണെന്നായിരുന്നു നിത്യരുടെ അപ്പോഴത്തെ ധാരണ. അടുത്ത നാളത്തെ പത്രം കണ്ടപ്പോഴാണ്‌ ആ വിവരം കേരളത്തിലെ കോൺഗ്രസുകാർക്കും കിട്ടിയിട്ടില്ലെന്ന്‌ മനസ്സിലായത്‌. അത്ഭുതകരമായ സാദൃശ്യമാണ്‌ രണ്ടുകൂട്ടരും തമ്മിൽ. ഇക്കഴിഞ്ഞ സുനാമിയും രണ്ടുകൂട്ടരെയും ബാധിച്ചിട്ടില്ല. അന്തമാനിലെ ആദിവാസികൾ ഓടിരക്ഷപ്പെട്ടപ്പോൾ കോൺഗ്രസുകാർ ഗാന്ധിക്കടലാസുകാണിച്ച്‌ കടലിനെ വിലക്കെടുത്തുവെന്നാണ്‌ പറയപ്പെടുന്നത്‌.

ആരെയും പറഞ്ഞിട്ട്‌ കാര്യമില്ല. ചില മരണങ്ങൾ അങ്ങിനെയാണ്‌ - എത്ര വർഷം കഴിഞ്ഞാലും നമുക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞെന്നു വരില്ല. അപ്പോൾ ചരമദിനം ഓർക്കാത്തതിന്‌ കുറ്റപ്പെടുത്തുന്നത്‌ മഹാപാപമാണ്‌. മഹാത്മജിയുടെ കാര്യത്തിലും പറ്റിയത്‌ അതുതന്നെയാണ്‌. മറ്റാരെക്കാളും വലുതാണ്‌ കോൺഗ്രസുകാരെ സംബന്ധിച്ചിടത്തോളം മഹാത്മജി. ഉപജീവനമാർഗ്ഗമാണ്‌. മാർക്‌സിയൻ ഭാഷയിൽ പറഞ്ഞാൽ പണിയായുധം. ഉപജീവനമാർഗ്ഗം നിലച്ചു എന്നത്‌ ആർക്കെങ്കിലും സങ്കൽപ്പിക്കാനാവുമോ?

ഒരച്ഛനും മക്കളും കൂടി സമീപകാലത്ത്‌ നടത്തിയ ഗാന്ധിയൻ മോഡൽ കലാപരിപാടികൾ ഗാന്ധിജിക്കുതന്നെ അഭിമാനിക്കാൻ വകയുളളതാണ്‌. ഗാന്ധിജി കഥാവശേഷനായി അരനൂറ്റാണ്ടോളമായിട്ടും ഒരരഗാന്ധിയെയെങ്കിലും കണ്ടെത്താൻ ഭാരതത്തിനായില്ല. ആയൊരു കുറവും യഥാർത്ഥഗാന്ധിയനായ അച്‌ഛൻ നികത്തി. ഒരരഗാന്ധിയെപ്പോലും കണ്ടെത്താനാവാത്തിടത്ത്‌ മൂപ്പരുടെ സംഭാവന ഒരു ഒന്നൊന്നര ഗാന്ധിയെത്തന്നെയായിരുന്നു. തുടർന്ന്‌ ഒരൊന്നൊന്നര ഇന്ദിരാഗാന്ധിയെയും സംഭാവന ചെയ്‌തിരുന്നു. രണ്ടു ഗാന്ധിമാരെയും ജനം തികച്ചും ജനാധിപത്യപരമായ രീതിയിൽ ആദരിച്ച്‌ തൽക്കാലം നിലത്തിരുത്തിയിട്ടുണ്ട്‌.

കഴിഞ്ഞ കുറെക്കാലമായി മൂപ്പരും കെ.പി.സി.സി ആസ്ഥാനത്ത്‌ ഗാന്ധിയൻ പ്രവർത്തനങ്ങളിൽ വ്യാപൃതനായി കഴിയുകയായിരുന്നു. മുഴുവൻ ഇന്ത്യക്കാർക്കും മേൽവസ്‌ത്രം ധരിക്കാനുളള കപ്പാസിറ്റി വരുന്നതുവരെ ഞാൻ മേൽവസ്‌ത്രമുപേക്ഷിച്ചിരുന്നു എന്ന്‌ ഗാന്ധിജി പറഞ്ഞത്‌ വച്ച്‌ ഒരു പരീക്ഷണത്തിനായിരുന്നു പിന്നെ കേരളം സാക്ഷ്യം വഹിച്ചത്‌. ഉണ്ണിത്താനും ശരത്‌ചന്ദ്രപ്രസാദിനും മാനവകുലത്തിന്റെ ഭാഗ്യംകൊണ്ട്‌ ബാക്കിയായത്‌ കാറ്റ്‌ പിടിച്ച ബാനർ പോലുളള ഒരു ട്രൗസറും. സംഗതി ലൈവായി ചാനലുകൾ ബോദ്ധ്യപ്പെടുത്തിയതാണ്‌.

കുറച്ചുകാലം മലയാളക്കരയിലെ വേറൊരാചാര്യൻ മഹാത്മജിയെ തൻമയത്വത്തോടെ ഉപമിച്ചത്‌ സുലൈമാൻ സേട്ടുവിനോടും മദനിയോടുമായിരുന്നു. ഭാഗ്യത്തിന്‌ ഉപമയ്‌ക്ക്‌ പാത്രീഭവിച്ചയാളും ഉപമിച്ചയാളും ഇന്നില്ല. മഹാത്മജിക്ക്‌ കോയമ്പത്തൂർ ജയിലിൽ കിടക്കേണ്ടിയും വന്നില്ല.

മഹാത്മജിയെ ഓർക്കാൻ കോൺഗ്രസുകാരാരും എത്താത്തതിൽ കരുണാകരൻ പ്രതിഷേധിക്കുകയും തുടർന്ന്‌ ഗാന്ധിജിയുടെ ജീവിതലാളിത്യവും സത്യസന്ധതയും ജീവിതത്തിൽ എല്ലാവരും പകർത്തേണ്ടതാണെന്ന്‌ ഉദ്‌ബോധിപ്പിക്കുകയും ചെയ്‌തായും കടലാസുകളിൽ കണ്ടു. ജീവിച്ചിരിക്കുന്ന ഗാന്ധിയൻമാരിൽ ഒരാളുടെ പ്രതിഷേധമായി ഒരു പത്രം മൂപ്പരുടെ പരാമർശത്തെ വിശേഷിപ്പിച്ചിട്ടുമുണ്ട്‌. ഇതെല്ലാം വന്നത്‌ ഹാസ്യപംക്തിയിലൊന്നുമല്ല. ഹാസ്യത്തിനു വകയുളളതാകാമെന്നത്‌ വേറെ കാര്യം.

എല്ലാം കൊണ്ടും നിത്യന്‌ തീരെ മനസ്സിലാകാത്ത ഒരു വിഭാഗമായി മാറിയിരിക്കുന്നു ഗാന്ധിയൻമാർ. കോൺഗ്രസിൽ ഗാന്ധിയൻമാർക്കാണ്‌ അംഗത്വം എന്നുകേട്ടു. നിത്യന്‌ നേതാവല്ലാതെ അണിയാകുവാൻ താത്‌പര്യമില്ലാത്തതുകൊണ്ട്‌ ആ വഴിക്കുപോയില്ല. ഗാന്ധിയെന്ന പേരു കേട്ടാൽ അവിടെ നമസ്‌കരിക്കുന്ന കെ.ഇ.മാമ്മൻ സംഗതിയറിഞ്ഞ്‌ ഒരപേക്ഷയും നാലണയും സമർപ്പിച്ചു. ആ കാലയളവിൽ പേരുകേട്ട ഒരു ഒന്നൊന്നര ഗാന്ധി തന്നെയായിരുന്നു അന്നത്തെ പ്രസിഡണ്ട്‌.

മാമ്മന്‌ വേണ്ട യോഗ്യതകൾ മുഴുവനും ഇല്ലാത്തതുകൊണ്ട്‌ അപേക്ഷ തളളിയതായാണ്‌ വിവരം കിട്ടിയത്‌. എന്തുകൊണ്ടെന്നാൽ

1. മാമ്മൻ കല്യാണം കഴിച്ചിട്ടില്ല. അതുകൊണ്ട്‌ വംശവർദ്ധന നടത്തി ഭാവിയിൽ രാജ്യത്തിനായി മഹാത്മാഗാന്ധിമാരെയും ഇന്ദിരാഗാന്ധിമാരെയും സംഭാവന ചെയ്യാൻ കഴിയുന്നതല്ല.

2. ബിർളപോലുളള വ്യവസായികളുമായി ബന്ധമില്ലെങ്കിലും ചുരുങ്ങിയത്‌ മണിച്ചൻമാരുമായെങ്കിലും ഇതിനകം ബന്ധപ്പെടേണ്ടതായിരുന്നു. അതുമുണ്ടായില്ല.

3. ഗാന്ധിജിയുടെ ഫോട്ടോയോട്‌ അനാദരവുകാണിച്ചാലും രശീതുപുസ്‌തകത്തോട്‌ അനാദരവ്‌ പാടില്ല. മാമ്മന്‌ ഫോട്ടോയോടാണ്‌ പഥ്യം.

4. തിമിരം വന്നുമൂടിയാലും യഥാർത്ഥ കോൺഗ്രസുകാരന്റെ കണ്ണ്‌ 500ന്റെ നോട്ടുകണ്ടാൽ മഞ്ഞളിക്കണം. മാമ്മൻ അക്കാര്യത്തിലും തികഞ്ഞ പരാജയം.

ആ നാലണ തിരിച്ചുകിട്ടിയോ എന്നത്‌ മാമ്മനോട്‌ തന്നെ ചോദിക്കണം. അപേക്ഷയുടെ പ്രോസസ്സിങ്ങ്‌ ഫീയായി മുതൽകൂട്ടാക്കപ്പെടുവാനുളള സാദ്ധ്യതയും തളളിക്കളയാവുന്നതല്ല.

ഗാന്ധിജി മരിച്ചു എന്ന സത്യം ഉൾക്കൊളളാൻ പറ്റാത്തതുകൊണ്ടാകാം കുറെ കോൺഗ്രസുകാർക്ക്‌ ചടങ്ങിനെത്തിപ്പെടാൻ പറ്റാതിരുന്നത്‌. ഗാന്ധിജി മരിച്ചു ഇനി എന്നെപ്പോലുളള യോഗ്യൻമാരേയുളളൂ എന്നു മനസ്സിലാക്കിയവരായിരിക്കാം കാലേക്കൂട്ടി ചടങ്ങിനെത്തിയത്‌.

ഏതായാലും ഒരു കാര്യം ഉറപ്പ്‌. ഇങ്ങിനെയൊരു നാളിൽ ഗാന്ധിജി ഉയിർത്തെഴുന്നേല്‌ക്കുന്നുവെന്ന്‌ കരുതുക. ഈ കോൺഗ്രസുകാരെ മുഴുവൻ കല്ലറക്കുചുറ്റും കണ്ടെന്നാൽ എന്താണ്‌ സംഭവിക്കുക. ഒന്നുകിൽ ഒരു “ഹേ റാം” വിളിയോടെ പിന്നോട്ട്‌ മറിഞ്ഞുപോകും. അല്ലെങ്കിൽ ഗോഡ്‌സേയെ അന്വേഷിക്കാൻ ആഭയെയും മനുവിനെയും രണ്ടുവഴിക്കുവിടും. എല്ലാം കൊണ്ടും നല്ലത്‌ കോൺഗ്രസുകാർ ആ വഴിക്കു പോകാതിരിക്കുകയാണ്‌. അവർക്കു നല്ലതു വരട്ടെ.

നിത്യൻ


E-Mail: nithyankozhikode@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.