പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

ഇസ്രയേലിൽ നിന്നും പഠിച്ചത്‌ ഃ അവിടുത്തെ 28 സമം ഇവിടത്തെ 82

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മം

കാലാകാലമായി നമ്മളിന്ത്യക്കാർ തുടർന്നുവരുന്ന ഒരു ആചാരമുണ്ട്‌. ഭരണം കിട്ടിയാലുടനെ ഒരു ലോകഭൂപടം സംഘടിപ്പിക്കുക. അതിൽ തിരിച്ചറിയാൻ പറ്റാവുന്നതും നാലുകാശുണ്ടാക്കാൻ പറ്റുന്നതുമായ ഏതെങ്കിലും രാജ്യം കണ്ടുപിടിക്കുവാൻ പാദസേവകരെ ശട്ടം കെട്ടുക. ഒപ്പം അടിയന്തിരവിദേശയാത്രക്കുളള ഒരു കാരണവും ഗണിച്ചു കണ്ടെത്തുക. ഇങ്ങനെ നേതാക്കൻമാരും പാദസേവകരും പിന്നെ കുഴലൂത്തുകാരായ ഒരുപറ്റം മാദ്ധ്യമപ്രവർത്തകരും കൂടി ജനത്തിന്റെ ചിലവിൽ നടത്തുന്ന അടിപൊളി യാത്രയാണ്‌ മന്ത്രിമാരുടെ വിദേശപര്യടനം എന്നു ചരിത്രത്തിൽ അറിയപ്പെടുന്നത്‌.

ഒറ്റ യാത്രകൊണ്ട്‌ രാജ്യത്തിനുണ്ടായ നേട്ടവും തുടർന്ന്‌ അങ്ങോട്ട്‌ ഒരു പത്തുയാത്ര നടത്തേണ്ടതിന്റെ ആവശ്യകതയും മാലോകരെ ബോദ്ധ്യപ്പെടുത്തേണ്ടതിനെപ്പറ്റിയൊന്നും ആരും ബേജാറാവേണ്ടതില്ല. അതു കുഴലൂത്തുകാർക്ക്‌ വിട്ടുകൊടുക്കുമ്പോഴാണ്‌ പത്രധർമ്മത്തിന്റെ പുതിയ മേഖലകൾ അനാവരണം ചെയ്യപ്പെടുന്നത്‌.

വിശേഷിച്ച്‌ ഒരു കാരണവും മഷിയിട്ടുനോക്കിയിട്ടും തരപ്പെടുന്നില്ലെങ്കിൽ വേറൊരു വഴിയുണ്ട്‌. പ്രതിപക്ഷത്തെ രണ്ടുമൂന്നാളുകളെയും കൂട്ടുക. യാതൊരുവിധ ഒച്ചപ്പാടിനും പിന്നെ സ്‌കോപ്പില്ല. അവിടം സമ്പൂർണ ഹർത്താൽ. ചൈനയിൽ വച്ച്‌ അവിടുത്തെ പുരോഗതിയും ഇവിടുത്തെ അധോഗതിയും നേരിട്ടുകണ്ട്‌ ജനാബ്‌ കുഞ്ഞാലിക്കുട്ടിയും സഖാവ്‌ കോടിയേരിയും കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരഞ്ഞ സംഗതിയൊക്കെ ചുരുങ്ങിയത്‌ ചൈനീസ്‌ വൻമതിലുളള കാലംവരെ ജനമനസ്സുകളിൽ തങ്ങിനില്‌ക്കാതിരിക്കില്ല. വിദേശയാത്രകളെക്കൊണ്ട്‌ അങ്ങിനെ പലേ ഉപകാരങ്ങളുമുണ്ട്‌.

പണ്ട്‌ വിപ്ലവകാരികളെല്ലാം കൂടി നടത്തിയ കനഡായാത്രയും ചരിത്രത്തിലിടം പിടിച്ച ഒരു യാത്രയാണ്‌. ദണ്ഡിയാത്രപോലെ. ദണ്ഡിയിലേത്‌ അങ്ങോട്ട്‌ കെട്ടുകെട്ടിക്കാനായിരുന്നെങ്കിൽ ഇത്‌ ഇങ്ങോട്ട്‌ കെട്ടിയെടുപ്പിക്കുവാനായിരുന്നു എന്നൊരു ചെറിയ വ്യത്യാസം. ഒരു കരാറുകാരനെയും തേടിയുളള ആ യാത്ര ആർക്കാണ്‌ മറക്കാൻ കഴിയുക. കനഡയുടെ മുഴുവൻ പ്രകൃതി സൗന്ദര്യവും അണപൊട്ടിയൊഴുകുന്ന ലൊക്കേഷനിൽ നിന്നുപോലും പിണറായിമന്ത്രിഹൃദയം സംസ്ഥാനത്തിനുവേണ്ടി തുടിച്ചു എന്ന്‌ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. സംഗതിക്ക്‌ സാക്ഷ്യം വഹിച്ച ഒരു ബൂർഷ്വാപത്രപ്രവർത്തകൻ പോലും രേഖപ്പെടുത്തിയിരുന്നത്‌ അങ്ങിനെയാണെങ്കിൽ തീർച്ചയായും അതൊരു മിനി വിപ്ലവം തന്നെയായിരുന്നു. ബൂർഷ്വാപത്രപ്രവർത്തകനായതുകൊണ്ട്‌ അത്രയേ എഴുതിക്കാണുകയുളളൂ.

ദാരിദ്ര്യമെന്തെന്നറിയുവാൻ അംഗോളയിലോ എയ്‌ഡ്‌സിന്റെ ഭീകരതയറിയുവാൻ അമ്പതുശതമാനം ജനത എയ്‌ഡ്‌സ്‌ രോഗികളായ ബോട്‌സ്‌വാനായിലോ നമ്മൾ വഴിതെറ്റിപ്പോലും എത്തിപ്പോയ ചരിത്രമില്ല. എവിടെപ്പോയാലും ഒരു തിരിച്ചുവരവുണ്ടെങ്കിൽ അതു ഗൾഫ്‌ വഴി എന്നതാണ്‌ നടപ്പുസമ്പ്രദായം. ജീവിതത്തിൽ തൂമ്പതന്നെ കണ്ടിട്ടില്ലാത്തവരും അതുകണ്ടിട്ടുളളവരെ കണ്ടിട്ടില്ലാത്തവരും കൂടി നടത്തിയ ഡസൻ കണക്കിന്‌ വിദേശയാത്രകൾ കൊണ്ട്‌ സമ്പന്നമായ കാർഷികമേഖലയാണ്‌ കേരളത്തിലിന്നുളളത്‌.

മാലോകരെല്ലാരും മനസാ-വാചാ-കർമ്മണാ സമ്മതിക്കുന്നതും ഇന്ത്യക്കാർ സമ്മതിക്കാത്തതുമായ ഒരു വസ്‌തുതയുണ്ട്‌. യുവതലമുറയുടെ നേതൃപാടവം. ഇന്ത്യക്കാരെന്നാൽ ഇന്ത്യയിലെ കടൽകിഴവൻമാരുടെ രാഷ്‌ട്രീയനേതൃത്വം. കിഴവൻമാരെക്കൊണ്ടെന്ത്‌ പ്രയോജനം എന്ന്‌ ചോദിക്കാനൊന്നും ഏതായാലും നിത്യന്‌ പദ്ധതിയില്ല.

ഭൂലോകത്ത്‌ ഇസ്രയേൽ എന്നൊരു രാജ്യമുണ്ട്‌. ജൂതൻമാർ എന്നൊരു ജനതയും. ഒരു പകുതി ഹിറ്റ്‌ലറും മറുപകുതി മുസ്ലീം തീവ്രവാദികളും കൂടി ചുട്ട്‌ ചാരമാക്കിയ ഒരു രാജ്യം. പില്‌ക്കാലത്ത്‌ ലോകം കണ്ടത്‌ ഒരു ഫീനിക്‌സ്‌ പക്ഷിയെപ്പോലെ അവർ ഉയിർത്തെഴുന്നേൽക്കുന്നതാണ്‌. അർപ്പണബോധവും രാജ്യസ്‌നേഹവും കൊണ്ട്‌ ലോകഭൂപടത്തിൽ ഒരു സ്ഥാനം ഉറപ്പാക്കിയവരാണ്‌ ജൂതൻമാർ.

നമ്മുടെ രാഷ്‌ട്രീയനേതാക്കളുടെ സംഘം അവിടം സന്ദർശിച്ചു. ഇന്ദ്രപ്രസ്ഥത്തിൽ നിന്നും തികഞ്ഞ ഐക്യത്തോടുകൂടി പുറപ്പെട്ട കോൺഗ്രസുകാരും ബി.ജെ.പിക്കാരും വിപ്ലവകാരികളും അന്തംവിട്ട്‌ കുന്തം വിഴുങ്ങിനിന്നുപോയ സംഗതി കടലാസിൽ കണ്ടു. ഇവിടുന്ന്‌ പോയ കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന നേതാക്കളോട്‌ കാര്യങ്ങൾ ചർച്ചചെയ്‌തത്‌ ഇരുപത്തിയെട്ടുളള രണ്ടു പിളേളർ. അവർ അവിടുത്തെ പ്രധാനമന്ത്രിയുടെ ഉപദേശകർ.

ചരിത്രത്തിൽ നിന്നും ഒന്നും പഠിക്കുന്ന ശീലമില്ലാത്തവരുടെ തലയിൽ ചരിത്രം ആവർത്തിക്കുന്നു എന്നു തെളിയിച്ചുകൊണ്ട്‌ ഇവിടെ ഓരോ തിരഞ്ഞെടുപ്പും വരുന്നു. എയ്‌റ്റി പ്ലസുകാർ അരങ്ങുതകർക്കുന്നു. ഇന്ത്യൻ പത്രങ്ങൾക്ക്‌ ഇന്ന്‌ അറുപതുവയസ്സുകാരൻ യുവാവാകുന്നു. മുപ്പതുകാരനെ വിളിക്കുവാൻ പുതിയ വാക്ക്‌ തേടേണ്ട ഗതികേടിലാണ്‌ നാം.

ഒന്നും ഉൾക്കൊളളാതിരിക്കുവാനാണ്‌ നമ്മുടെ ഓരോ യാത്രകളും. അല്ലെങ്കിൽ ഒരൊറ്റ ഇസ്രയേൽ യാത്രകൊണ്ട്‌ കാർഷികകേരളം രക്ഷപ്പെട്ടേനെ. കേരളത്തിലെ കാർഷികമുന്നേറ്റത്തിനാവശ്യമായ ചില നിർദ്ദേശങ്ങൾ പണ്ടത്തെ കൃഷിമന്ത്രി കൃഷ്‌ണൻ കണിയാംപറമ്പിലിനുമുന്നിൽ വച്ചപ്പോൾ മന്ത്രി പുഞ്ചിരിതൂകി എന്നാണ്‌ അന്ന്‌ ഇസ്രയേലുകാർ പറഞ്ഞത്‌. അതായത്‌ വിദേശയാത്രക്കുമാത്രമാണ്‌ നമുക്ക്‌ താല്‌പര്യം. ദയവായി ഒന്നും പഠിക്കുവാനോ നടപ്പിലാക്കുവാനോ മാത്രം പറയരുത്‌.

കേരളത്തിൽ വന്ന്‌ ഇവിടത്തെ മണ്ണും അമൃതവാഹിനികളായ നദികളും പച്ചപ്പും കണ്ട്‌ കണ്ണുതളളിപ്പോയവരാണ്‌ ഇസ്രയേലുകാർ. എല്ലാംകൊണ്ടും അനുഗ്രഹീതമായിട്ടും വല്ലതും ഞണ്ണണമെങ്കിൽ മഴയും വെളളവുമില്ലാത്ത തമിഴകത്തുനിന്നും കിട്ടണമെന്ന്‌ പറഞ്ഞപ്പോൾ അവർക്ക്‌ തലകറക്കം അനുഭവപ്പെട്ടുവെന്നും തുടർന്ന്‌ കുന്നിടിച്ച്‌ വയൽ നികത്തി കുടിവെളളം തന്നെ മുട്ടിക്കുന്ന ശ്ലാഘനീയമായ നമ്മുടെ പ്രവർത്തനമാതൃക കേട്ടപ്പോൾ ബോധം പോയെന്നുമാണ്‌ അറിയാൻ കഴിഞ്ഞത്‌. ഇസ്രയേലിലെ കൃഷിക്കുളള മണ്ണും വെളളവും എല്ലാം ഇറക്കുമതി ചെയ്‌തതുപോലെ അർപ്പണബോധവും ലക്ഷ്യബോധവുമുളള കുറച്ചു തലകളാണിവിടെ ഉടൻ ഇറക്കുമതി ചെയ്യേണ്ടതെന്ന അഭിപ്രായം സന്ദർശക ഡയറിയിൽ അവർ കുറിച്ചിട്ടിട്ടുണ്ടാകും.

ശൂന്യതയിൽ നിന്നും സ്വർണചെയിനെടുക്കുന്ന ബാബയുടെ മാജിക്‌ പോലെയായിരുന്നു അവിടെ കാര്യങ്ങൾ. സ്വന്തമായി മണ്ണും വെളളവും തന്നെയില്ലാത്ത ഇസ്രയേൽ ഇന്ന്‌ യൂറോപ്പിലേക്കും അമേരിക്കയിലേക്കും പച്ചക്കറി കയറ്റിയയക്കുന്നു. സമൃദ്ധമായ 44 നദികളെയും നമ്മൾ മണൽവാരിയും നികത്തി മതിലുകെട്ടിയും ശ്വാസം മുട്ടിച്ചു കൊല്ലുന്നു. നിസ്വാർത്ഥ പ്രവർത്തനം കൊണ്ട്‌ നിള മരുഭൂമിയായിക്കഴിഞ്ഞിരിക്കുന്നു. ഗൾഫിൽ എണ്ണപ്പാടം വളരുമ്പോൾ നാട്ടിൽ സാദാ പാടം കാണെക്കാണെ ഇല്ലാതാവുന്നു. പഠനയാത്രയ്‌ക്ക്‌ മാത്രം യാതൊരു കുറവുമില്ല.

സ്വന്തം മക്കളുടെയും മക്കളുടെ മക്കളുടെയും അതിന്റെ മക്കളുടെയും ഭാവിയിൽ കവിഞ്ഞ രാഷ്‌ട്രീയമൊന്നുമില്ലാത്ത കടൽക്കിഴവൻമാർ നാടുവാണതിന്റെ ഫലമാണ്‌ ഇക്കണ്ടതെല്ലാം. തീരുമാനമെടുക്കാനുളള ആർജവം, എടുത്താൽ അത്‌ നടപ്പിലാക്കാനുളള അർപ്പണബുദ്ധി. ഇതുരണ്ടും വംശനാശം വന്നുപോയ ഒരു ജനതക്കുളള മറുപടിയായിട്ടായിരിക്കാം ഇസ്രയേൽ 82കാരോട്‌ 28കാരെ ചർച്ചക്കിട്ടത്‌. പിളളാരെ ഇങ്ങിനെ ഇത്തരം ഉന്നതസ്ഥാനങ്ങളിൽ നിയമിക്കുന്നതിനെപ്പറ്റി ഇസ്രയേലി നേതാക്കൻമാരോട്‌ ആശങ്കപ്പെടാനും ബി.ജെ.പി അംഗമായ വിജയ്‌ ജോളി മറന്നില്ല. ഞങ്ങൾ ചെറുപ്പക്കാരിൽ വിശ്വസിക്കുന്നു എന്ന ജൂതന്റെ മറുപടികേട്ട്‌ വിഡ്‌ഢിച്ചിരിയും ചിരിച്ച്‌ മടങ്ങിവന്നു യോഗ്യൻമാർ.

നിത്യൻ നേരത്തെ പറഞ്ഞതുപോലെ കൈയ്യിലിരിപ്പുവച്ച്‌ ഇക്കണ്ടതൊന്നും ഇക്കൂട്ടർ പ്രാവർത്തികമാക്കാൻ പോകുന്നില്ല. മറിച്ച്‌ മക്കളും അവറ്റകളുടെ മക്കളുമൊഴിച്ചുളള യുവാക്കളെ എങ്ങിനെയൊതുക്കാമെന്ന്‌ നോക്കുകയല്ലാതെ. ഈ ഉണക്കച്ചുളളികളെ കുടഞ്ഞിടുവാനുളള കരുത്ത്‌ ഇന്ത്യൻ യുവത്വത്തിനുണ്ട്‌. അവർ അത്‌ തിരിച്ചറിഞ്ഞ്‌ ഉണർന്ന്‌ പ്രവർത്തിക്കുന്നില്ലെങ്കിൽ നമുക്ക്‌ നഷ്‌ടമാവുക ഒരു മഹത്തായ സംസ്‌കാരമാണ്‌ നമ്മുടെ ഭൂപ്രകൃതിയാണ്‌.

നിത്യൻ


E-Mail: nithyankozhikode@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.