പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

ഇംഗ്ലീഷ്‌മീഡിയം സ്‌മാർട്ട്‌ ക്ലാസ്സ്‌ റൂം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗിരീഷ്‌ മൂഴിപ്പാടം

കാലത്തുതന്നെ എഴുന്നേറ്റ്‌ പതിവ്‌ കൃത്യങ്ങൾ എല്ലാം കഴിഞ്ഞ്‌ അന്ന്‌ ഹരിക്കുട്ടൻ നേരത്തെ സ്‌ക്കൂളിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു.

സാധനസാമഗ്രികളെല്ലാം പെറുക്കിയടുക്കി ബാഗിൽ വെച്ച്‌ അമ്മ ലഞ്ച്‌ ബോക്‌സുമായി വരുന്നുണ്ടോയെന്ന്‌ ഇടയ്‌ക്ക്‌ നോക്കുന്നുണ്ടായിരുന്നു അവൻ.

അമ്മ അടുക്കളയിൽ ചായയും പലഹാരങ്ങളും ചോറും കറികളും എല്ലാം ഉണ്ടാക്കുന്ന തിരക്കിലാണ്‌. “ഈ അമ്മയുടെ ഒരു കാര്യം, ഇന്നലെ സ്‌കൂൾ വിട്ടുവന്നപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ്‌ നാളെ നേരത്തെ ബസ്സ്‌ വരും, സ്‌കൂളിൽ നേരത്തെയെത്തണം എന്നൊക്കെ, എന്നിട്ടോ? ഇന്നും എല്ലാം പതിവുപോലെതന്നെന്ന” അമ്മേ.... ബസ്സ്‌ വരാറായി അവൻ വിളിച്ചു പറഞ്ഞു. “ഇതാ വരുന്നു... നിന്റെ പേനയും പെൻസിലും എല്ലാം എടുത്തില്ലേ..... ഇനി നിന്റെ പുറകിൽ നടക്കാൻ വയ്യ.... ലഞ്ച്‌ ബോക്‌സുമായി അടുക്കളയിൽ നിന്നും വരുന്നതിനിടയിൽ സുനിത പറഞ്ഞുകൊണ്ടിരുന്നു.

സ്‌കൂൾ ബസ്സ്‌ ഗേറ്റിനടുത്തെത്തി ഹോണടിച്ചതും ഹരിക്കുട്ടൻ ബാഗുമായി ഒറ്റ ഓട്ടമായിരുന്നു. സ്‌കൂൾ ബസ്സ്‌ കണ്ണിൽ നിന്നും മറയുന്നതുവരെ സുനിത നോക്കിനിന്നു. ഉച്ചഭക്ഷണത്തിന്‌ എത്ര അരിയിടണമെന്ന്‌ ചോദിച്ച്‌ വേലക്കാരി സുമതിയുടെ വിളികേട്ടതും അവർ അടുക്കള ലക്ഷ്യംവെച്ചുനടന്നു.

സ്‌കൂളും പരിസരവും ഒരു ഉത്സവ ലഹരിയിലായിരുന്നു. എല്ലാ ഇംഗ്ലീഷ്‌മീഡിയം സ്‌കൂളുകളും സ്‌മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ തുടങ്ങുന്ന കാലമല്ലേ, ഇന്ന്‌ ഹരിക്കുട്ടന്റെ സ്‌കൂളുകളിലും സ്‌മാർട്ട്‌ ക്ലാസ്സ്‌ റൂമിന്റെ ഉദ്‌ഘാടനം നടക്കുകയാണ്‌. കഴിഞ്ഞദിവസം രമ്യ മിസ്സ്‌ പറഞ്ഞത്‌ അവൻ ഓർത്തു. ”ഇനി നിങ്ങൾക്ക്‌ പഠിക്കുന്ന വിഷയങ്ങളുടെ ചിത്രങ്ങളും ലഘുഅനിമേഷനും എല്ലാം നമ്മുടെ ഈ വൈറ്റ്‌ ബോർഡിൽ കണ്ട്‌ രസിച്ച്‌ പഠിക്കാം. നമ്മൾ വീട്ടിൽ ടിവിയും കമ്പ്യൂട്ടറും എല്ലാം കാണുന്നപോലെ“! ആ സുന്ദരകാഴ്‌ച കാണാൻ തയ്യാറായി ഇരിക്കുകയായിരുന്നു ഹരിക്കുട്ടനടക്കം സെവൻത്ത്‌ ക്ലാസ്സിലെ എല്ലാ കുട്ടികളും.

ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിച്ചു. പ്രിൻസിപ്പിൾ സാർ തന്റെ ഇംഗ്ലീഷിലുളള പ്രസംഗത്തിൽ സ്‌മാർട്ട്‌ ക്ലാസ്സിന്റെ ഇന്നത്തെ ആവശ്യകതയെക്കുറിച്ച്‌ വാതോരാതെ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ നമ്മുടെ കേരമുഖ്യൻ സ്‌മാർട്ട്‌ സിറ്റിയെക്കുറിച്ച്‌ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ ഓടിയെത്തി. ”ഈ സ്‌മാർട്ട്‌സിറ്റി അത്ര സ്‌മാർട്ടല്ല“ ഏതായാലും സാറിന്റെ പ്രസംഗം കഴിഞ്ഞ്‌ ജോളി മിസ്‌ ക്ലാസെടുക്കാനായി എത്തി. കുട്ടികളെല്ലാം സ്വന്തം സീറ്റിൽ ഇരുന്ന്‌ ടീച്ചർ ചെയ്യുന്നത്‌ അതീവ സൂക്ഷ്‌മമായി ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ജോളി മിസ്സിന്റെ ഹിസ്‌റ്ററി ക്ലാസ്സ്‌ കഴിഞ്ഞതോടെ ഹരിക്കുട്ടന്റെ മനസ്സിൽ സംശയം കൂടിവന്നതേയുള്ളൂ. നമ്മുടെ സമൂഹത്തിന്റെ കടമയും ഘടനയും കർത്തവ്യവും എല്ലാം അവന്റെ മനസ്സിൽ കൂടികലർന്ന്‌ ഒന്നും വ്യക്തമാകാതെ കിടന്നു.

അതുകൊണ്ടുതന്നെ അവൻ അച്ഛനോടു ചോദിച്ചു.

”എന്താണച്ഛാ ഈ സമൂഹം?“

”നിനക്കതൊക്കെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാ“.

എങ്കിലും ഒരു ഉദാഹരണത്തിലൂടെ പറയാം. വിജയൻ നായർ മകനെ അടുത്തിരുത്തി പറഞ്ഞു. ”നോക്കുമോനെ, നമ്മുടെ കുടുംബം ഒരു സമൂഹമാണെങ്കിൽ അതിനെ മൂലധനദാതാവാണ്‌ അഥവാ പണം മുടക്കുന്നയാളാണ്‌ ഞാൻ. ഞാൻ നിങ്ങൾക്കുവേണ്ടി പണം മുടക്കുന്നു. ആ പണം വേണ്ടതുപോലെ വിനിയോഗിക്കുന്നത്‌ നിന്റെ അമ്മയാണ്‌. അതുകൊണ്ട്‌ അമ്മയെ ഭരണം എന്നുപറയാം. നമുക്കു വേണ്ടി പണിയെടുക്കുന്ന വേലക്കാരിയെ തൊഴിലാളി എന്നും നിന്റെയും നിന്റെ കൊച്ചനുജത്തിയുടെ ഭാവിയ്‌ക്കും നന്മയക്കും വേണ്ടി ഞങ്ങൾ നിലകൊള്ളുന്നു.“

പക്ഷേ ഇത്രയൊക്കെ കേട്ടിട്ടും കുട്ടിക്കൊന്നും മനസ്സിലായില്ല. എന്തൊക്കെയോ മനസ്സിലായെന്നവൻ നടിച്ചു.

ഒരു രാത്രിയിൽ കൊച്ചനുജത്തിയുടെ കരച്ചിൽ കേട്ടുണർന്ന അവൻ കണ്ടത്‌ ഒന്നുമറിയാത്തപോലെ സുഖമായുറങ്ങുന്ന അമ്മയെയാണ്‌. വേലക്കാരിയുടെ മുറിയിൽ നിന്നും അടക്കിപ്പിടിച്ച സംസാരം അവൻ കേട്ടു. അന്ന്‌ അവന്‌ സമൂഹം എന്താണെന്നു മനസ്സിലായി. മൂലധനദാതാവ്‌ തൊഴിലാളിയെ നന്നായി ചൂഷണം ചെയ്യുന്നു. നശിപ്പിക്കുന്നു. മറുവശത്ത്‌ നല്ലൊരു നാളേയ്‌ക്കുവേണ്ടി ഭാവി കിടന്നു കരയുന്നു. പക്ഷെ ഇതൊന്നും കണ്ടില്ലെന്നു നടിച്ച്‌ ഭരണം നന്നായുറങ്ങുന്നു. ഇതാണ്‌ സമൂഹം തന്റെ കുടുംബംതന്നെ ഒരു സ്‌മാർട്ട്‌ ക്ലാസ്സ്‌ റൂമെന്ന്‌ അവന്‌ തോന്നി.

ഗിരീഷ്‌ മൂഴിപ്പാടം

ചിത്രകലാ അധ്യാപകൻ, കാർട്ടൂണിസ്‌റ്റ്‌, പത്രപ്രവർത്തകൻ, ഡിസൈനർ എന്നീ നിലകളിൽ അറിയപ്പെടുന്നു. മലയാള മനോരമ ആഴ്‌ചപതിപ്പ്‌, മാതൃഭൂമി, ചന്ദ്രിക, മലപ്പുറം വോയ്‌സ്‌, സ്‌റ്റുഡൻസ്‌ വോയ്‌സ്‌, വോയ്‌സ്‌ പബ്ലിക്കേഷൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ഇല്ലസ്‌ട്രേഷൻ ആർട്ടിസ്‌റ്റായും, മലർവാടി, യൂറിക്ക, ബാലരമ എന്നീ കുട്ടികളുടെ മാസികകളിൽ ചിത്രകഥകളും, ബാലസാഹിത്യ രചനകളും ചെയ്യുന്നതോടൊപ്പം തമാശ കാർട്ടൂൺ മാസിക, നക്ഷത്രരാജ്യം വാരിക, മറുമൊഴി മാസിക തുടങ്ങിയവയിൽ കാർട്ടൂൺ ഇല്ലസ്‌ട്രേറ്ററായും പ്രവർത്തിക്കുന്നു. അരീക്കോട്‌ മജ്‌മഅ ഇംഗ്ലീഷ്‌ സ്‌കൂൾ, മൈസസ്‌ പബ്ലിക്‌ സ്‌കൂൾ എന്നിവിടങ്ങളിൽ ചിത്രകലാ അധ്യാപകനായും പ്രവർത്തിക്കുന്നു.

വിലാസംഃ

ഗിരീഷ്‌ മൂഴിപ്പാടം,

കാർട്ടൂണിസ്‌റ്റ്‌,

ചൈത്രം,

കാവനൂർ പി.ഒ.,

മലപ്പുറം - 673644.


Phone: 9946906154
E-Mail: giricartoonist@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.