പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

ചിത്രം ചിത്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആർ.രാധാകൃഷ്‌ണൻ

പത്രാധിപരുടെ മുറിയിൽ നിന്നിറങ്ങി സ്‌റ്റാഫ്‌ ചിത്രകാരൻ ഊറിച്ചിരിച്ചു. തന്റെ ‘വരക്കടലാസ്സെ’ടുത്ത്‌ വയ്‌ക്കുന്നതിനു മുമ്പ്‌, പത്രാധിപർ തന്ന ചെറുകഥയ്‌ക്ക്‌ ഇല്ലസ്‌ട്രേഷൻ വരയ്‌ക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതിനും മുമ്പ്‌ ഈ മുഖ്യധാരാ വാരികയുടെ പഴയ അപ്രമാദിത്വത്തെ ആലോചിച്ചു. എത്രപേരെ കൈപിടിച്ചുയർത്തിയ പ്രതിഭാ മിന്നാട്ടം കണ്ടറിഞ്ഞ പത്രാധിപക്കസേരയായിരുന്നു അത്‌.

ഇപ്പോൾ എം.ബി.എ.ക്കാരനായ യുവപത്രാധിപർ പടിഞ്ഞാട്ടുനോക്കി മലയാളം മാസിക വിഭാവനം ചെയ്യുന്നു. മറ്റേ മാസികയുടെ മട്ടും മാതിരിയിലും. സർവശിക്ഷ അഭിയാൻ അഥവാ ഡീപ്പീയീപ്പീ പിള്ളേർക്ക്‌ പ്രോജക്ട്‌ വിഷയം അധ്യാപകൻ കൊടുക്കുമ്പോലെ ഇയാൾ പ്രമുഖരായ കുറേപ്പേർക്ക്‌ ഓരോ ആഴ്‌ചയിലും വിഷയം പറഞ്ഞു കൊടുക്കുന്നു. പ്രണയം, ഭ്രാന്ത്‌, വിരഹം, വിഭ്രാന്തി, കുശുമ്പ്‌, കുന്നായ്മ എന്നിവയെക്കുറിച്ച്‌ ലേഖനം എത്തിക്കൂ- സെക്സിന്റെ “ക്സ്‌” അഥവാ ഇംഗ്ലീഷിലെ ‘എക്സ്‌’ മൂന്ന്‌ എണ്ണം അടുപ്പിച്ച്‌ ട്രിപ്പിൾ ആക്കിയാലും ഇവിടെ ആർക്കും ഹറാമല്ല - ട്രിപ്പിൾ എക്സ്‌ റം കുടിച്ച ലഹരി വായനക്കാർക്ക്‌ ഫ്രീ ഓഫർ പരസ്യങ്ങളിൽ - പുതിയ പത്രാധിപർ കഥ വായിക്കുന്നില്ല - കഥാകാരൻമാരെ തരം തിരിച്ച്‌ ‘ബിൻ നമ്പർ’ കൊടുത്തു കള്ളികളിലാക്കി വച്ചിട്ടുണ്ട്‌. അതി പ്രശസ്തർ, കഥാകാരികൾ ഇവരുടെയൊക്കെ പേരിൽ വരുന്ന എന്ത്‌ ചപ്പും ചവറും വായിച്ചുനോക്കാതെ എനിക്ക്‌ വരയ്‌ക്കാൻ തരും - നല്ല ചായക്കൂട്ടിൽ സൂര്യകാന്തിപ്പൂക്കളുടെ തോട്ട പശ്ചാത്തലത്തിൽ ആദവും ഹവ്വയും ആദ്യാന്ത പാപങ്ങളും വരച്ച്‌ ഞാൻ ചെകുത്താൻമാരുടെ മുന്നിലിട്ട്‌ കൊടുക്കും.

വരച്ച ചിത്രം വായനക്കാരോട്‌ ‘കണ്ടിലയോ കനകമയമൃഗമെത്രയും ചിത്രം ചിത്രം!’ എന്ന്‌ സംവദിച്ച്‌ അവരെ ഉൾക്കാട്ടിലെത്തിച്ച്‌ ട്രിങ്കോമാലിയിലെ പുലികളുടെ വെടികൊണ്ട്‌ “പത്രാധിപരേ രക്ഷിയ്‌ക്കൂ” എന്ന്‌ നിലവിളിയ്‌ക്കുന്ന സ്ഥിതിയുണ്ടാവണം.

മലയാളഭാഷ ശരിയായി അറിയാത്ത എം.ബി.എക്കാരൻ കംപെൽ ചെയ്ത വാരികകൾ ആരും വായിയ്‌ക്കാതെ വീടുകളിലെ ഡ്രോയിംഗ്‌ റൂം ടീപോയിൽ അലങ്കാരമാകുന്നു, പഴയ പ്രതാപവും തറവാട്ടുമഹിമയും പ്രസരിപ്പിച്ച്‌. പ്ലസ്‌ടു കുട്ടികളുടെ പ്രോജക്ടുകൾ അധ്യാപകർ വായിക്കാതെ അടുക്കിവയ്‌ക്കുന്നതുപോലെ തുറന്ന്‌ നോക്കപ്പെടാതെ അവ കിടന്നു. പത്രാധിപരുടെ അസൈൻമെന്റ്‌ കിട്ടുന്നവർക്ക്‌ വിവരം എത്തിക്കാൻ വിവര സാങ്കേതിക വിദ്യയും സഹായിക്കാനാനെത്തും. ഇന്റർനെറ്റിൽ തപ്പിത്തിരിഞ്ഞ്‌ എന്തും സ്വന്തമാക്കി ആധികാരികമായി പറഞ്ഞുവയ്‌ക്കുമ്പോൾ ലേഖകരുടെ ഉള്ളിലേയ്‌ക്ക്‌ സർഗാത്മകത വരെ ഡൗൺലോഡ്‌ ചെയ്യപ്പെടുന്നു.

എം.പി.നാരായണപിള്ള പണ്ടെഴുതിയിട്ടുണ്ട്‌ - എം.ബി.എക്കാരെപ്പറ്റി.

ആട്ടിൻകാഷ്‌ഠവും കൂവക്കിഴങ്ങും തിരിച്ചറിയാത്തവർ, ജനങ്ങളുടെയിടയിലിറങ്ങാത്തവർ തിയറികൾ ചമച്ച്‌ സാമ്പത്തിക പരിഷ്‌ക്കാരം നടത്തുന്നതിനെപ്പറ്റി ചിത്രകാരനായ താൻ ഈ രണ്ടു വസ്‌തുക്കളെയും ഉൽപ്രേക്ഷാഖ്യയലംകൃതിയുടെ വര വരച്ചു നോക്കിയപ്പോൾ പിള്ളയുടെ പ്രതിഭയേയും മൻമോഹൻസിംഗിനേയും ചിദംബരത്തേയും ഓർത്ത്‌ മനസ്സുകൊണ്ട്‌ നാരായണപിള്ളയെ പൂവിട്ട്‌ തൊഴുതു. അദ്ദേഹം പറയാറ്‌ വായനക്കാരെ പൂവിട്ട്‌ തൊഴണം എന്നാണല്ലോ -

അയാൾക്ക്‌ ഇപ്പോൾ ഒരു തമാശ ഓർമ്മവന്നു. ഒരു ബി.കോംകാരനും ഒരു എം.ബി.എക്കാരനും രാത്രി ഒരു ടെന്റിലുറങ്ങാൻ കിടന്ന കഥ. രാത്രി എപ്പോഴോ ബി.കോം എം.ബി.എയെ തട്ടിയുണർത്തി പറയുന്നു - “നോക്കൂ, ആകാശത്തേയ്‌ക്ക്‌ നോക്കൂ - നിനക്ക്‌ എന്തു തോന്നുന്നു?”

എം.ബി.എ വിവരിക്കാൻ തുടങ്ങുന്നു “ കോടിക്കണക്കിനു നക്ഷത്രത്തെ ഞാൻ കാണുന്നു. ജ്യോതിഷപരമായി പറഞ്ഞാൽ ഏകദേശം മൂന്നേകാൽ മണി - ദൈവശാസ്‌ത്രപരമായി പറഞ്ഞാൽ ‘സർവശക്തനായ ജഗത്‌നിയന്ത്രിതാവിന്റെ കയ്യിൽ നാമൊക്കെ അശുക്കൾ - കാലാവസ്ഥ പ്രവചിച്ചാൽ നാളെ തെളിഞ്ഞ പകലായിരിക്കും. നിനക്ക്‌ എന്തു തോന്നുന്നു.

ബി.കോം അൽപനേരം നിശബ്ദനായശേഷം പറഞ്ഞു ”നമ്മുടെ ടെന്റ്‌ ആരോ മോഷ്ടിച്ചിരിക്കുന്നു“

കഥ ബ്രിട്ടനിലെ തമാശ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയെന്ന്‌ ആരോ പറഞ്ഞത്‌ അയാൾക്ക്‌ ഓർമ്മ വന്നെങ്കിലും അപ്പോൾ അയാൾക്ക്‌ തോന്നിയത്‌ - തന്റെയും കൂട്ടരുടേയും ഉടുവസ്‌ത്രം ആരോ മോഷ്ടിച്ചു കടന്നുകളഞ്ഞു എന്നതായിരുന്നു.

എം.ബി.എക്കാരുടെ സിനർജിയും വിഷനും മിഷനും പോലെ ഒരു ജാർഗൺ ആണ്‌ ബിഗ്‌പിക്‌ചർ! അവർ പറയുന്ന ഈ വാക്കിനെന്താണ്‌ അർത്ഥം എന്നയാൾ പലതവണ ആലോചിച്ചിട്ടുണ്ട്‌. ചിത്രകാരനായ തനിക്ക്‌ മനസ്സിലാക്കാൻ പറ്റിയതിത്രയുമാണ്‌. നിങ്ങൾക്ക്‌ പറയുന്നതൊന്നും മനസിലാവുന്നില്ല - അതിനുള്ള കഴിവില്ല - വേണ്ടാത്ത സംശയം ചോദിയ്‌ക്കാതെ സീ ദ ബിഗ്‌പിക്‌ചർ! ചെറുകഥയ്‌ക്ക്‌ ഇല്ലസ്ര്ടേഷൻ വരയ്‌ക്കാൻ ഇരുന്ന ചിത്രകാരന്‌ ഇപ്പോൾ ചിരി പിടിച്ചുവയ്‌ക്കാനായില്ല.

കഥ എഴുതിയയാളുടെ പേരും കഥയുടെ പേരും മാത്രമേ യുവ പത്രാധിപർ വായിച്ചിട്ടുള്ളൂ എന്ന്‌ തോന്നുന്നു. കഥയെഴുതിയയാൾ പി. അയ്യനേത്ത്‌. കഥയുടെ പേര്‌ ’നിർദ്ധാരണം‘. വായിച്ചതു പാതി, വായിക്കാത്തതു പാതി. അയാൾ ചിത്രകാരന്‌ വച്ചു നീട്ടിയ തീം നിർദ്ധാരണത്തെ ’ഉദ്ധാരണം‘ എന്ന്‌ മാറ്റി മനസ്സിലാക്കിക്കൊണ്ടായിരുന്നു. ആ വാക്കിലെ അശ്ലീലതാ സൂചകം വരയ്‌ക്കാൻ ഏൽപ്പിച്ച ആ മഹാത്മാവിനെ ഓർത്ത്‌ ചിത്രകാരന്‌ ചിരി മാറി കരച്ചിൽ വന്നു.

ഏതായാലും മലയാള വാരികകളുടെ മാനസ ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണം നടത്താൻ ഈയുള്ളവന്റെ ബ്രഷിന്‌ തൽക്കാലം കെൽപില്ല. എം.കൃഷ്ണൻനായർ സ്ഥിരം എഴുതിയിരുന്ന ”ധ്വജഭംഗം“ സംഭവിച്ചത്‌ ആർക്കാണ്‌? പത്രാധിപർക്കോ പത്രമുടമയ്‌ക്കോ എഴുത്തുകാർക്കോ വായനക്കാർക്കോ അതോ ഈയുള്ളവനോ?

ബ്രഷ്‌ കുത്തിയൊടിയ്‌ക്കാൻ കൈ തരിയ്‌ക്കുന്നു....

ആർ.രാധാകൃഷ്‌ണൻ

R.Radhakrishnan, Manager IT centre, Instrumentation Ltd, Palakkad 678623


Phone: 04912569385, 9446416129
E-Mail: rad@ilpgt.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.