പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

നാർസിസസ്സിന്റെ പുതിയ അവതാരങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.പി .ഹമീദ്‌

ഗ്രീക്ക്‌ പുരാണത്തിലെ ഒരസാധാരണ കഥാപാത്രമാണ്‌ നാർസിസ്സസ്‌. അന്യാദൃശ്യസൗഭഗമുള്ള കുമാരൻ. ഒരു പാട്‌ സുന്ദരികൾ അവനെ പ്രണയിച്ചു. പക്ഷെ അവൻ ആരെയും സ്‌നേഹിച്ചില്ലെന്നു മാത്രമല്ല, എല്ലാവരെയും അവൻ വെറുത്തു, നശിപ്പിക്കാനും ശ്രമിച്ചു. പകരം, നദിയിൽ കണ്ട അവന്റെ പ്രതിഛായയെ മാത്രം അവൻ കണ്ണെടുക്കാതെ നോക്കിനിന്നു. പ്രണയലഹരിയിൽ ആത്മരതിയിൽ, അഭിരമിച്ചു ഏകാന്തതയുടെ അഗാതയിലേക്കു താഴ്‌ന്നുപോയി. നിരാശരായ പ്രണയാർത്ഥികളുടെ പിരാക്കിന്റെയും കുശുമ്പിന്റെയും ഫലം- അഥവാ നിയോഗം, ദുർവ്വിധി. (നെമെസ്സിസ്‌ എന്നു ആംഗലവും ഗ്രീക്കും). പ്രശസ്‌തനായ റോമൻ കവി ഓവിഡിന്റെ കഥനം അങ്ങനെ പോകുന്നു.... ഈയിടെയായി നാർസിസ്സസ്സിന്റെ കോമളരൂപം മനസ്സിൽ ഓടിക്കയറുന്നത്‌ ചില വാർത്തകൾ കാണുമ്പോഴാണ്‌.

വഴിയോരക്കാഴ്‌ചകൾ ഇപ്പോഴുള്ളതൊന്നും പോരെന്നു തോന്നിയിട്ടാവാം നമ്മുടെ ഭരണാധികാരികൾക്കു ഒരു നല്ല ബുദ്ധി തോന്നുന്നു, ഒരു സുപ്രഭാതത്തിൽ. അവർക്കു നല്ല ബുദ്ധിയല്ലേ തോന്നൂ, ഇപ്പോഴൊക്കെ. രാജ്യത്തു തലങ്ങും വിലങ്ങുമുള്ള ദേശീയപാതകളിൽ ഓരോ ഇരുപത്തഞ്ചു കിലോമീറ്റർ കടക്കുമ്പോഴും ഓരോ വലിയ ബോർഡ്‌. നീളം ഇരുപതടി, വീതി പത്തടി.

അതിൽ നമുക്കു സുപരിചിതരായ രണ്ടു പേരുടെ വലിയ സുന്ദരമായ വർണ്ണചിത്രങ്ങൾ.

വടിവൊത്ത മടക്കുകളുള്ള, വലതുവശം ഗോപുരം പോലെ ഉയർന്ന, നേർമ്മയുള്ള വർണ്ണത്തുകിൽ കൊണ്ട്‌, ദീർഘനേരത്തെ ശ്രമഫലമായി മെനഞ്ഞെടുത്ത, തലപ്പാവ്‌, കണ്ണട, അരിഞ്ഞൊതുക്കിയ നേർത്തവെള്ളത്താടി, എഴുപതിന്റെ മദ്ധ്യാഹ്‌നം കഴിഞ്ഞ, ചിരപരിചിതരൂപം. ചിരിയോ കരച്ചിലോ എന്നു പിടികൊടുക്കാത്ത ഭാവം. ഡേക്‌ടറാണ്‌, മനോമോഹനമാണു പേരുപോലും! ചിത്രത്തിനു ചുവടെ അദ്ദേഹം വഹിക്കുന്ന സ്‌ഥാനപ്പേരും എഴുതിയിരിക്കുന്നു.

സുഭഗയായ ഒരു മദ്ധ്യവയസ്‌കയുടെ മുഖമാണു വലതു ഭാഗം. ഒരു നിവൃത്തിയുണ്ടെങ്കിൽ ചിരി ചുണ്ടിലെത്താതെ വറ്റിപ്പോകും പാശ്ചാത്യ ഛായയുള്ള ആ സുന്ദരമുഖത്ത്‌. ഇന്ത്യ മുഴുവൻ ആദരിക്കുന്ന ഒരു മഹാത്മാവിന്റെ പേരിന്റെ ഉത്തരഭാഗം അവരുടെ വിദേശപ്പേരിനൊപ്പം ചേർത്തിട്ടുണ്ട്‌. നല്ല വിപണനസാദ്ധ്യതയുള്ള ബ്രാണ്ട്‌ നെയിം ആയതു കൊണ്ടു പിതാവും പുത്രനും പരിശുദ്ധാത്മാവും ഒക്കെ ആ രണ്ടക്ഷരനാമം തലമുറയായി ഉപയോഗിച്ചു പോരുന്നു. തസ്‌തികയുടെ പേരു ഉപകസേരക്കാരി, യു.പി.എ. ചെയർ പേഴ്‌സൺ, എന്നത്രെ. ഒരേയൊരു മകൻ നീളൻ കുപ്പായമൊക്കെ തയ്‌പ്പിച്ചു നടപ്പാണ്‌, അച്‌ഛനിരുന്ന കസേരയിലിരിക്കാൻ തയ്യാറാണ്‌. മനമില്ലാമനസ്സോടെയാണെങ്കിലും!.

അങ്ങനെ രണ്ടുപേരുടെ ചിത്രങ്ങളാണ്‌ വഴിയോരങ്ങളിൽ നമ്മെ നോക്കി പുഞ്ചിരിക്കാൻ കാത്തിരുന്നത്‌. പക്ഷെ ബോർഡ്‌ വയ്‌ക്കുന്നതിൽ ഒരു ചെറിയ ഒടക്ക്‌!. നീർക്കോലി വിചാരിച്ചാൽ മതിയല്ലോ ഡിന്നർ അഥവാ സപ്പർ മുടങ്ങാൻ! ഇത്തവണ നീർക്കോലിവേഷത്തിൽ വന്നതു ഒരു ആർ.ടി.ഐ. ഹരജിക്കാരനാണ്‌. ഒരു എസ്‌. സീ. അഗ്രവാൾ. അദ്ദേഹം വാൾ ഉറയിൽ നിന്നെടുക്കുന്നു. ചോദ്യരൂപത്തിൽ വീശുന്നു. പ്രധാനമന്ത്രിയുടെ പടം ഇങ്ങനെ ബോർഡിൽ ചേർക്കാൻ അനുമതി പി.എം.ഓ.യുടെ കാര്യാലയത്തിൽ നിന്നു നൽകിയിട്ടുണ്ടോ എന്ന വെറും നിസ്സാര ചോദ്യം! ഇല്ലെന്നു മറുപടി. ഒരു പാക്‌ സൈനിക ഉദ്യോഗസ്‌ഥന്റെ പടത്തിനൊപ്പം പ്രധാനമന്ത്രിയുടെ പടം കൂടി ഒരു പരസ്യത്തിൽ അടിച്ചുവന്നതു വലിയ കോലാഹലമായതിനു ശേഷം, ചൂടു വെള്ളത്തിൽ വീണ പൂച്ചയുടെ കണക്കായി, നമ്മുടെ പി.എം. ഓഫിസ്‌.

ദേശത്തുടനീളം ഓരോ 25 കിലോമീറ്റർ ദൂരത്തിലുമായി 1500 ബോർഡ്‌ സ്‌ഥാപിക്കാൻ 60 കോടിയുടെ കോൺട്രാക്‌റ്റായിരുന്നു ഒപ്പിടാൻ പേനയും തുറന്നു ദേശീയപാത അതോറിറ്റി ഉദ്യോഗസ്‌ഥർ കാത്തിരുന്നത്‌..... അതോടൊപ്പം കിട്ടാവുന്ന കിക്ക്‌ ബാക്കും കമ്മീഷനും ഒക്കെ കൊളത്തിലായി എന്നു പറഞ്ഞാൽ മതിയല്ലോ. തത്‌കാലം കരാർ ബി.ടി. വഴുതനങ്ങ പോലെ മാറ്റി വച്ചിരിക്കയാണ്‌... ഇന്നല്ലെങ്കിൽ നാളെ അതു ഒപ്പിടും, ബോർഡുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും.... നമുക്കു പാതയോരത്തു ആ മനോമോഹനരൂപങ്ങൾ കാണാനാകും, ഒറപ്പ്‌. ബോർഡുകളില്ലെങ്കിലും നമ്മളൊക്കെ ആ മഹത്തുക്കളുടെ പടങ്ങൾ പത്രമാസികാദികളിലെല്ലാം ദിനേന കാണുന്നുണ്ട്‌.

പക്ഷെ ഒരു സംശയം തലപൊക്കുന്നു. യു.പി.എ. അദ്ധ്യക്ഷ എന്നൊരു തസ്‌തിക നമ്മുടെ ഭരണഘടനയിലൊന്നും പറയുന്നില്ല. പിന്നെ എന്തടിസ്‌ഥാനത്തിലാണ്‌ പ്രധാനമന്ത്രിക്കൊപ്പം, അതേ വലിപ്പത്തിൽ, സർക്കാരിന്റെ പണം മുടക്കി പ്രസിദ്ധപ്പെടുത്തുന്ന പരസ്യങ്ങളിലും ബോർഡുകളിലും അങ്ങനെയൊരു കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്‌? സ്വന്തമായി ഭൂരിപക്ഷമില്ലാത്തതിനാൽ, മറ്റു കക്ഷികളുടെ മുന്നണിയുണ്ടാക്കി ഭരണത്തിലെത്തുന്നതും, ആ മുന്നണിയുടെ ഏകോപനസമിതിയുടെ അദ്ധ്യക്ഷയായി ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ പ്രതിഷ്‌ഠിക്കുന്നതും മനസ്സിലാക്കാം. സർക്കാരിന്റെ ഭാഗമേയല്ലാത്ത വ്യക്തി എങ്ങനെ, എന്തിന്‌, എന്തധികാരത്തിൽ സർക്കാർ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടണം?

കേരളത്തിലെ ഭരണം ഒരു മുന്നണിയാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. അതിനൊരു സമിതിയുമുണ്ട്‌ - ഇടതുജനാധിപത്യമുന്നണി. അതിനൊരു കൺവീനറും. ശ്രീ.വൈക്കം വിശ്വൻ. അദ്ദേഹത്തിന്റെ പടം കൂടി മുഖ്യമന്ത്രി വീയെസ്സിനോടൊപ്പം സർക്കാർ പരസ്യങ്ങളിൽ അടിച്ചു വന്നാൽ!!......., എന്തായിരിക്കും ധാർമ്മികരോഷം?

എല്ലാ ദേശീയ, പ്രാദേശികപത്രങ്ങളിലും, ഏതു ഗവൺമെന്റ്‌ പരസ്യങ്ങളിലും എന്തിനു മന്ത്രിമാരുടെ പടങ്ങൾ അച്ചടിച്ചു വിടണം? പൊതുജനങ്ങളുടെ ചെലവിൽ സ്വന്തം പ്രതിച്ഛായ മിനുക്കാൻ നടത്തുന്ന ഈ ശ്രമങ്ങളെ എങ്ങനെ ന്യായീകരിക്കാനാകും.?

ഏറ്റവും കൂടുതൽ എം.പി.മാരെയും പ്രധാനമന്ത്രിമാരെയും സംഭാവന ചെയ്‌തിട്ടുള്ള ഉത്തർപ്രദേശ്‌ മുഖ്യമന്ത്രിയാണ്‌ ഇക്കാര്യത്തിൽ എല്ലാ റെക്കാർഡുകളും തല്ലിയുടച്ചത്‌. എല്ലാ പ്രാദേശിക പത്രങ്ങളിലും മുഴുവൻ പേജ്‌ പരസ്യം, അതും ഹിന്ദിയിൽ. പകുതി സ്‌ഥലം നിറഞ്ഞു നിൽക്കുന്നു, നമ്മുടെ ബഹൻജി. ബാക്കി ഭാഗം ഹിന്ദിയിലുള്ള വീൺ വാക്കുകൾ. അതും പോരെങ്കിൽ നാടാകെ സ്വന്തം പ്രതിമകളും. നമ്മുടെ എം.പീമാരും എമ്മെല്ലെമാരും ഒന്നും മോശക്കാരല്ല കേട്ടോ, ഗവൺമെന്റ്‌ ചെലവിൽ പ്രശസ്‌തി നേടാനുള്ള ശ്രമങ്ങളിൽ. എം.പീ& എമ്മെല്ലെ ഫണ്ട്‌ ചെലവാക്കി ഒരു കക്കൂസോ വെയ്‌റ്റിംഗ്‌ ഷെഡോ റോഡരുകിൽ പണിയിച്ചു, വലിയ അക്ഷരത്തിൽ സ്വന്തം പേരെഴുതി വെക്കുന്നതു കാണാം. “നാണമില്ലാക്കുട്ടന്റെ എം.പീ & എമ്മെല്ലെ ഫണ്ടുപയോഗിച്ചു നിർമ്മിച്ചത്‌” ഏതെങ്കിലും കാർന്നോന്മാരു വഴിയിൽ തടഞ്ഞു നിർത്തി“ മഹാത്മൻ, ഇതിനൊള്ള ചെലവ്‌ അങ്ങയുടെ തറവാട്ടീന്നാണോ?” എന്നു ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകും.

സ്വന്തം പ്രതിഛായ പൊതുമുതൽ കൊണ്ടു മിനുക്കിയെടുക്കാനുള്ള അധാർമ്മികമായ കുറുക്കുവഴികൾ! എത്ര കോടി രൂപയാണ്‌ വർഷം തോറും ഗവണമെന്റിൽ നിന്നും ഇത്തരം പരസ്യങ്ങൾക്കു ചെലവഴിക്കുന്നതെന്നും, അതിലൂടെ എന്തു പൊതുനന്മയാണ്‌ നികുതിദായകർക്കു കിട്ടുന്നതെന്നും അന്വേഷിക്കുന്നതു നന്നായിരിക്കും. മറ്റു ജനാധിപത്യരാജ്യങ്ങളിൽ ഇങ്ങനെ പൊതു മുതൽ ഉപയോഗിച്ചു ഭരണാധികാരികളുടെ ചിത്രപ്രദർശനം നടത്തുന്നുണ്ടോയെന്ന്‌, വിദേശത്തുള്ള സുഹൃത്തുക്കൾ, വിദേശമാധ്യമങ്ങൾ ശ്രദ്ധിക്കുന്നവർ, എഴുതിയാൽ പൊതുക്ഷേമതൽപരർക്കു പ്രയോജനകരമായിരിക്കും. വേണമെങ്കിൽ ഒരു പൊതുതാൽപര്യഹർജിയുമാകാം, നാർസിസസ്സിന്റെ ഈ പുതു അവതാരങ്ങൾക്കെതിരെ.

പി.പി .ഹമീദ്‌

34,

Shamiyana,

S.N. Nagar,

Pettah,

Trivandrum-695 024.


Phone: 0471-2477074, 9495718504
E-Mail: pphamd@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.