പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

പിണാസുര വിജയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഹരികുമാർ

“ആരവിടെ?” പിണാസുരൻ അലറി.

എ.കെ.ജി. സെന്റർ കിടുങ്ങി. ഒരു സംസ്‌ഥാന കമ്മറ്റിഅംഗം വന്നു സല്യൂട്ട്‌ ചെയ്‌തുനിന്നു.

“ലാൽസലാം”

“ആരാണവിടെ അഴിമതി അഴിമതി എന്നു പിറുപിറുക്കുന്നത്‌? ഈ കൊട്ടാരത്തിൽ അഴിമതി എന്ന്‌ ഉച്ചരിക്കരുതെന്ന്‌ നാം കല്‌പിച്ചതല്ലേ? പിന്നെ ഏതു കശ്‌മലനാണ്‌.......?”

“കമ്മറ്റി അംഗം തല ചൊറിഞ്ഞു നിന്നു.

” അ...അ...അത്‌...അത്‌......“

”എന്താണ്‌ പറയാനിത്ര വിഷമം? പറയൂ നമ്മുടെ തിട്ടൂരം ലംഘിച്ച ആ മനുഷ്യാധമൻ ആര്‌?“

”തിരുവുള്ളക്കേട്‌ ഉണ്ടാവരുത്‌. പി.ബി. അംഗവും നമ്മുടെ പ്രജാപതിയുമായ അച്ചുകുമാരനാണ്‌“

പിണാസുരന്റെ പുരികക്കൊടികൾ വളഞ്ഞു. കണ്ണുകൾ ചുവന്നു. പല്ലു ഞെരിച്ചുകൊണ്ട്‌ പിണാസുരൻ അലറി.

”ആ കുലം കുത്തിയെ നമ്മുടെ മുന്നിൽ ഹാജരാക്കൂ.“ റെഡ്‌ വാളന്റിയർമാർ അച്ചുകുമാരനെ തൂക്കി എടുത്ത്‌ പിണാസുരന്റെ മുന്നിലെത്തിച്ചു.

”ഛീ. ധിക്കാരി, നിനക്കിത്ര നെഗളിപ്പോ. ഈ കൊട്ടാരത്തിൽ അഴിമതി എന്ന വാക്ക്‌ ഉച്ചരിക്കാൻപാടില്ലെന്ന്‌ നാം പറഞ്ഞിട്ടുള്ളതല്ലേ?“

ഭയം വെടിഞ്ഞ്‌ പിണാസുരനെ വന്ദിച്ചുകൊണ്ട്‌ അച്ചുകുമാരൻ പറഞ്ഞു.

”സഖാവേ, കോപം അടക്കിയാലും. ലാവ്‌ലിൻ അഴിമതിക്കേസ്‌ അങ്ങനെ പെട്ടന്നൊന്നും തീരുകില്ല. നിയമത്തിനു വഴങ്ങി അതിനെ അനുസരിക്കുക. അതാണ്‌ ജനാധിപത്യപരം“

അച്ചുകുമാരന്റെ വാക്കുകൾ അഗ്നിയായി പിണാസുരനു തോന്നി. പിണാസുരൻ മദം കൊണ്ട്‌ അലറി. എ.കെ.ജി. സെന്റർ കിടുങ്ങി വിറച്ചു. ഭയം കൊണ്ട്‌ മാധ്യമ സിൻഡിക്കേറ്റുകാർ ഓടി ഒളിച്ചു.

”ഉപദേശിക്കാൻ തക്കവണ്ണം നീ വളർന്നു. അല്ലേ ധിക്കാരി? എവിടെയാണ്‌ നീ പറയുന്ന മൂല്യം? പ്രത്യയശാസ്‌ത്രം?“

അച്ചുകുമാരൻ സൗമ്യനായി പറഞ്ഞു.

”സഖാവേ പ്രത്യായശാസ്‌ത്രവും മൂല്യങ്ങളും ഈ പ്രപഞ്ചമാകെ നിറഞ്ഞു നിൽക്കുന്നു. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും പി.ബിയിലും...“

”ഹഹഹ... എന്റെ ഈ കൊട്ടാരത്തിന്റെ തൂണിൽ പ്രത്യയ ശാസ്‌ത്രമോ മൂല്യമോ നല്ല തമാശതന്നെ. എങ്കിൽ അതൊന്നു കാണട്ടെ“ എന്നലറിക്കൊണ്ട്‌ പിണാസുരൻ കൈയ്യിലിരുന്ന അരിവാൾകൊണ്ട്‌ തൂണിൽ ആഞ്ഞുവെട്ടി.

വെട്ടേറ്റ്‌ തൂണ്‌ രണ്ടായിപിളർന്നു.

അവിടമാകെ പുകപടർന്നു.

ഭയത്തോടെ സഖാക്കളും ബുജികളും നിന്നുവിറച്ചു.

അച്ചുകുമാരൻ മാത്രം ഭയമില്ലാതെ അക്ഷോഭ്യനായിനിന്നു ഉറക്കം തൂങ്ങി.

പുക ഒതുങ്ങി.

ഇടിയൊച്ചനിലച്ചു.

ചുവന്നപ്രകാശം അവിടമാകെ പരന്നു.

ആ പ്രകാശത്തിൽനിന്ന്‌ ഒരു അഭൗമതേജസ്‌ ഉയർന്നു.

കാരാട്ട്‌ സിംഹം!

തീപ്പൊരിപാറുന്ന കണ്ണുകൾ.

വലിയ കണ്ണട.

വളഞ്ഞു തടിച്ചു പുരികക്കൊടി.

വെള്ളിപൂശിയ കുറ്റിത്തല മുടി.

കൈയ്യിൽ കറുത്ത ബാഗ്‌.

കറുത്ത പാന്റ്‌സ്‌, മുറികൈയ്യൻ ഷർട്ട്‌.

എല്ലാരും ഉച്ചത്തിൽ മുദ്രവാക്യം വിളിച്ചു.

എല്ലാവരുടെയും മുഖത്ത്‌ ആകാംഷ.... ശ്വാസം അടക്കിപ്പിടിച്ച്‌ കൂലി എഴുത്തുകാരും മാധ്യമസിൻഡിക്കേറ്റുകാരും. കാരാട്ട്‌ സിംഹം അലറിവിളിച്ച്‌ അച്ചുകുമാരന്റെ നേരെ പാഞ്ഞടുത്തു. ഒറ്റക്കുത്തിന്‌ അച്ചുകുമാരനെ പിടിച്ചു മടിയിൽ കിടത്തി. കൂർത്ത ദംഷ്‌ട്രകൾ കാട്ടി ഭയാനകമായി ചിരിച്ചു. നഖമുനകൾ അച്ചുകുമാരന്റെ ഉദരം പിളർന്നു കുടൽമാല പുറത്തെടുത്തു. കുടൽമാല കണ്ട്‌ വാഴനാരാണെന്ന്‌ ചുറ്റും കൂടി നിന്ന ബുജികൾ പറഞ്ഞു. അതേപറ്റി അവർ മാധ്യമസിൻഡിക്കേറ്റുകാരോട്‌ വിശകലനങ്ങൾ നടത്തി.

രക്തം ചീറ്റിയൊഴുകി. അത്‌ തുള്ളിയും തൂവിപ്പോകാതെ പിണാസുരൻ കൈകളിൽ സംഭരിച്ച്‌ പാനം ചെയ്‌തു. ഹൃദയവും ചങ്കും പുറത്തെടുത്തു അമ്മാനമാടി. അതുകെണ്ടിട്ട്‌ ചെമ്പരത്തിപ്പൂവാണെന്ന്‌ ബുജികൾ വിലയിരുത്തി. കൈകാലുകൾ തല്ലി ഒടിച്ചു. കണ്ണുകൾ ചൂഴ്‌ന്ന്‌ എടുത്തു. കർണപുടങ്ങൾ തല്ലിതകർത്തു.

എന്നിട്ടും കാരാട്ട്‌ സിംഹത്തിന്റെ ശൗര്യം കുറഞ്ഞില്ല. ഒടുവിൽ പിണാസുരൻ കാരാട്ട്‌ സിംഹത്തിന്റെ അപദാനങ്ങൾ വാഴ്‌ത്തി. കാരാട്ട്‌ സിംഹം പിണാസുരനെ മടിയിലിരുത്തി ലാളിച്ചു. പാർട്ടിയും കൊട്ടാരവും മറ്റുസ്‌ഥാവരജംഗമസ്വത്തുക്കളും പിണാസുരനെ ഏൽപ്പിച്ചു അച്ചുകുമാരന്റെ അനന്തരനടപടികൾ ചെയ്യാൻ ഏൽപ്പിച്ചു. അച്ചുകുമാരന്റെ അനന്തര നടപടികൾ ചെയ്യാൻ ഏൽപിച്ചിട്ട്‌ കാരാട്ട്‌ സിംഹം ഡൽഹിവിമാനം കയറി.

പിണാസുരനും കിങ്കരൻമാരും സുഖമായി ശിഷ്‌ടകാലം വാണു.

ഹരികുമാർ

Hari Ohm,

Near ST> Antonys L.P.S,

Vadakkumbhagom,

Kazhakkoottam,

Tiruvananthapuram


E-Mail: hakuchathan@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.