പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

www.കേരളം.com

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗിരീഷ്‌ മൂഴിപ്പാടം

'നമസ്കാരം പ്രഭോ'

'നമസ്കാരം വത്സാ'

'ഞാന്‍ വത്സനല്ല പ്രഭോ, നെല്‍സണ്‍'

'ങ്ഹാ. നെല്‍സണങ്കി നെല്‍സണ്‍. എന്തൊക്കെയണ്ട് ഓണവിശേഷങ്ങള്‍?'

'വിശേഷങ്ങളൊക്കെ പറയാം. അതിനുമുമ്പൊരു കാര്യം ചോദിച്ചോട്ടെ, ഇത്തവണ രണ്ടുദിവസം മുമ്പാണല്ലോ അങ്ങ് എത്തിയിരിക്കുന്നത്. എന്താ കാരണം.?

'പാതാളത്തിലാണെങ്കില്‍ ഒരു സ്വസ്ഥതയുമില്ല. ഭൂമിയില്‍ നിന്ന് മണിച്ചെനെന്നൊരുത്തന്‍ വന്ന് അവിടെയും അറകളുണ്ടാക്കാന്‍ തുടങ്ങി.'

'അതെന്തായാലും നന്നായി. ഈ ഓണം നമുക്ക് ശരിക്കൊന്ന് അടിച്ചുപൊളിക്കണം.'

'ആട്ടെ വത്സാ.... സോറി നെല്‍സാ നീ വിശേഷങ്ങള്‍ പറഞ്ഞില്ല.'

'ആകെ വിശേഷങ്ങളാണ് പ്രഭോ. ഭൂമി ഇടയ്ക്കിടെ കുലുങ്ങുന്നു. കണ്ടുകണ്ടങ്ങിരിക്കും.... എന്നു പറഞ്ഞതുപോലെ ഇവിടെ ഇന്നു കണ്ട കിണര്‍ നാളെ കാണില്ല. പകരം റെഡിമെയ്ഡായി മറ്റൊന്ന്. ഇവിടുത്തുകാരെല്ലാം പാതാളത്തിലേക്ക് വരാനിരിക്കുവാ. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും പേരു മാറ്റി സംഭാവന എന്നാക്കി. പിന്നെ സ്ത്രീപീഡനം നടത്തുകയാണെങ്കില്‍ അമ്പതില്‍ കുറയാതെ പ്രതികള്‍ വേണമെന്ന് നിര്‍ബന്ധമുണ്ട്.

കഷ്ടം.

ഒരു കഷ്ടവുമില്ല പ്രഭോ. അങ്ങയുടെ ശിഷ്ടകാലം ഇതെല്ലാം കണ്ട് ആസ്വദിക്കാമല്ലോ. അങ്ങയുടെ ഭരണകാലത്ത് കള്ളവും ചതിയുമൊന്നും ഉണ്ടായിരുന്നില്ലല്ലൊ. ഇപ്പോള്‍ അതൊരു പോരായ്മയേ അല്ല. എല്ലാം മിച്ചമായ കിട്ടാനുണ്ട്. പെണ്‍വാണിഭം പോലും മൊബൈല്ഫോണും ഇന്റ്ര്‍നെറ്റും ഉപയോഗിച്ചല്ലേ നടത്തുന്നത്.

നിര്‍ത്തൂ വത്സാ. എനിക്കിതൊന്നും കേള്‍ക്കാനുള്ള ത്രാണിയില്ല.

അതിന് വഴിയുണ്ട് പ്രഭോ. സെക്രട്ടറിയേറ്റു വരെയൊന്ന് പോയാല്‍ മതി. അവിടത്തെ കാഴ്ചകള്‍ കണ്ടാല്‍ ഏതു പ്രാണിക്കും ത്രാണിയുണ്ടാവും. ങ്ഹാ, പ്രധാനപ്പെട്ടൊരു കാര്യം ചോദിക്കാന്‍ മറന്നു. അങ്ങേയ്ക്ക് ഈ പഴഞ്ചന്‍ ഓലക്കുട മാറ്റി ഒരു ശീലക്കുട വാങ്ങരുതോ?

അതിന്റെയൊന്നും ആവശ്യമില്ലല്ലോ.

ആവശ്യമുണ്ട് പ്രഭോ. ഏതു കമ്പനിയുടെ ശീലക്കുട വാങ്ങിയാലും ഒന്നോ രണ്ടോ ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യമുണ്ട്. അത് ഓലക്കുടയ്ക്കും ബാധകമായേക്കാം.

അതുകൊണ്ട്...?

അതുകൊണ്ടെന്താ? അങ്ങേയ്ക്ക് ഇവിടവെച്ച് എന്തെങ്കിലും സംഭവിച്ചാലും ഇന്‍ഷുറന്‍സ് തുക ബാക്കിയുള്ളോര്‍ക്ക് കിട്ടും.

വര്‍ഷത്തില്‍ ഒരു തവണ വരുന്ന എനിക്കെന്തു സംഭവിക്കാന്‍?

അതൊന്നും കണക്കാക്കണ്ട പ്രഭോ. അങ്ങ് അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന്റെ നിറം ഏതാണെന്നു നോക്കും. പിടിക്കാത്തതാണെങ്കില്‍ എതിര്‍പാര്‍ട്ടിക്കാര്‍ തട്ടിക്കളയും.

അയ്യോ...

പേടിക്കണ്ട. ഞാനൊരു മുന്നറിയിപ്പുതന്നന്നെ ഉള്ളു.

ഓണമായിട്ട് ഇവിടെ ഒരുക്കങ്ങളൊന്നും കാണുന്നില്ലല്ലോ വത്സാ.

അങ്ങ് ശ്രദ്ധിക്കാഞ്ഞിട്ടാണ്. ആ നാടന്‍ കലാകേന്ദ്രത്തിലെ തിരക്കു കണ്ടില്ലേ?

ഹാവൂ... സമാധാനമായി. കഥകളിയും കൂടിയാട്ടവും കുച്ചിപ്പുടിയുമൊക്കെ ഉണ്ടെന്നു തോന്നുന്നു.

എന്തായാലും അതൊക്കെ കണ്ടിട്ടെ ഇനി നാം പാതാളത്തിലേക്കുള്ളു.

അയ്യേ..... അത് അങ്ങുദ്ദേശിക്കുന്ന നാടന്‍ കലാകേന്ദ്രമല്ല. കൊട്ടുവടി, മൂലവെട്ടി, ഭാര്യാമര്‍ദ്ധിനി, എട്ടടി, റോഡ്ബ്ലോക്ക്, ഉയിര്‍ത്തെഴുന്നേല്പ്പ്, മണവാളന്‍ തുടങ്ങിയ നാടന്‍ വാറ്റുല്പ്പന്നങ്ങളാണ് അവിടെ സുലഭമായി കിട്ടുക. എല്ലം മണിച്ചന്‍ ബ്രാന്റ് ഓണം സ്പെഷ്യല്‍.

അങ്ങനെയോ, എങ്കില്‍ ഈ ഓണം നാം ബഹിഷ്ക്കരിക്കുകയാണ്. ഇതിലും ഭേദം പാതാളം തന്നെ. അടുത്ത വര്‍ഷം വീണ്ടും കാണാം നെല്‍സാ...

അക്കാര്യത്തില്‍ എനിക്കൊരുറപ്പുമില്ല പ്രഭോ. ജീവനോടെ ഉണ്ടായിട്ടു വേണ്ടേ തമ്മില്‍ കാണാന്‍? നാളെ ഞാന്‍ കണ്ണൂരില്‍ പോകുവാ. ഒരു സുഹൃത്തിനെ കാണാന്‍.

ശരി. എങ്കില്‍ പതിനാറടിയന്തിരത്തിന് പാതാളത്തില്‍ വെച്ചു കാണാം. പോട്ടെ മോനെ നെല്‍സാ സോറി ദിനേശാ....

ഗിരീഷ്‌ മൂഴിപ്പാടം

ചിത്രകലാ അധ്യാപകൻ, കാർട്ടൂണിസ്‌റ്റ്‌, പത്രപ്രവർത്തകൻ, ഡിസൈനർ എന്നീ നിലകളിൽ അറിയപ്പെടുന്നു. മലയാള മനോരമ ആഴ്‌ചപതിപ്പ്‌, മാതൃഭൂമി, ചന്ദ്രിക, മലപ്പുറം വോയ്‌സ്‌, സ്‌റ്റുഡൻസ്‌ വോയ്‌സ്‌, വോയ്‌സ്‌ പബ്ലിക്കേഷൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ഇല്ലസ്‌ട്രേഷൻ ആർട്ടിസ്‌റ്റായും, മലർവാടി, യൂറിക്ക, ബാലരമ എന്നീ കുട്ടികളുടെ മാസികകളിൽ ചിത്രകഥകളും, ബാലസാഹിത്യ രചനകളും ചെയ്യുന്നതോടൊപ്പം തമാശ കാർട്ടൂൺ മാസിക, നക്ഷത്രരാജ്യം വാരിക, മറുമൊഴി മാസിക തുടങ്ങിയവയിൽ കാർട്ടൂൺ ഇല്ലസ്‌ട്രേറ്ററായും പ്രവർത്തിക്കുന്നു. അരീക്കോട്‌ മജ്‌മഅ ഇംഗ്ലീഷ്‌ സ്‌കൂൾ, മൈസസ്‌ പബ്ലിക്‌ സ്‌കൂൾ എന്നിവിടങ്ങളിൽ ചിത്രകലാ അധ്യാപകനായും പ്രവർത്തിക്കുന്നു.

വിലാസംഃ

ഗിരീഷ്‌ മൂഴിപ്പാടം,

കാർട്ടൂണിസ്‌റ്റ്‌,

ചൈത്രം,

കാവനൂർ പി.ഒ.,

മലപ്പുറം - 673644.


Phone: 9946906154
E-Mail: giricartoonist@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.