പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

ഒരേയൊരു ലക്ഷ്യവും ഒട്ടനവധി മാർഗ്ഗങ്ങളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മം

നാല്‌പത്തിരണ്ടിന്റെ ഫിക്‌സഡ്‌ ഡിപ്പോസിറ്റും കൊണ്ടുവന്ന ഡിക്ക്‌ ഇപ്പോൾത്തന്നെ ലക്ഷ്യം കണ്ടിരിക്കുകയാണ്‌. നാല്‌പത്തിരണ്ടിൽ നിന്നും പതിനേഴിലേക്ക്‌ വളർന്നു. ആ പതിനേഴിൽ തന്നെ കാലുവാരൽ, പിന്നിൽനിന്നു കുത്തൽ, പാലം വലിക്കൽ തുടങ്ങിയ കലാപരിപാടികളെല്ലാം കഴിയുമ്പോഴേക്കും കക്കാട്‌ പാടിയപോലെ ‘അപ്പോഴാരെന്നു, മെന്തെന്നുമാർക്കറിയാം’. ഡിക്കിനെക്കൊണ്ടുണ്ടായിരുന്ന തൊന്തരവുകളത്രയും ഡിക്ക്‌ പോയതോടുകൂടി അവസാനിച്ചു എന്നായിരുന്നു ചാണ്ടിയും കൂട്ടരും പറഞ്ഞിരുന്നത്‌. പുറത്തുളള കരുണാകരനേക്കാൾ അപകടകാരിയാണ്‌ അകത്തുളള കരുണാകരൻ എന്ന തിരിച്ചറിവായിരുന്നു ചാണ്ടിക്കും കൂട്ടർക്കും കൈവന്നത്‌.

വിഷപ്പാമ്പുകളെയെല്ലാം വേലിക്കുപുറത്താക്കിയ ചാരിതാർത്ഥ്യത്തോടെ ചെന്നിത്തല ചാണ്ടീസമേതനായി ഇരിക്കുമ്പോഴാണ്‌ പേരുകേട്ട വിഷഹാരിയുടെ വരവ്‌. അച്ചുതാനന്ദനും വെളിയവും കൂടി അടിച്ചോടിച്ച്‌ ഒടുക്കം വേലിയിലഭയം പ്രാപിച്ചതിനെ ആന്റണിയെടുത്ത്‌ ചാണ്ടിയുടെ മടിയിൽ വച്ചു കൊടുത്തു. വിഷപ്പാമ്പുകളുമായി ഒരു കരാറും. അച്‌ഛനും മകനും മറ്റനവധി നാഗങ്ങളും തറവാട്ടിലേക്ക്‌ തിരിച്ചുവരണം. അങ്ങനെ എല്ലാ നാഗങ്ങളും വിഷഹാരി ഞാനും കൂടി മൊത്തം ഒരു നാഗാലാന്റ്‌. ഭൂലോകത്തെ സകല വിഷപ്പാമ്പുകളുമായി സഹശയനം നടത്തി പേരെടുത്ത വ്യക്തിയാണ്‌. പാമ്പുകടിയേറ്റ്‌ മരിക്കുകയില്ല. രാജവെമ്പാലയുടെ കടിയേറ്റിട്ടും അവസാനിക്കാത്ത ജന്മമാണ്‌.

പുറത്തുനിന്നാൽ അച്‌ഛനും മകനും തൃണം. അകത്തെത്തിയാൽ പെരുന്തച്ചനും മകനും. അധികാരത്തിലേക്കുളള പാലത്തിലേക്ക്‌ കാലെടുത്തുവെക്കാൻ ചാണ്ടി ചെല്ലുകയാണെങ്കിൽ അച്‌ഛന്റെ പാവ മുഖത്തുതുപ്പും. മകന്റെ പാവ മുക്കാലിയിൽ കെട്ടി അടിക്കും. അപ്പോൾ ഹൈക്കാമാന്റിന്‌ ഈയുളളവൻ തുണ. നായും കുറുക്കനും അടിക്കുമ്പോൾ പന്നി കുന്നുകയറുക. ഈയൊരു തിരിച്ചറിവാണ്‌ ആന്റണിയുടെ വിജയം. ഒരേയൊരു ലക്ഷ്യവുമതാണ്‌. അതിലേക്കുളള ഗാന്ധിമാർഗവും ഇതുതന്നെയാണ്‌.

വിവിധയിനം കുപ്പികളിലടക്കപ്പെട്ട കേരളാ കോൺഗ്രസുകാർക്ക്‌ മൊത്തത്തിൽ ഒരൊറ്റ ലക്ഷ്യമാണ്‌. നാക്കിലയിൽ അച്ചാറെന്നപോലെ ഇനിയവശേഷിക്കുന്ന വനമാകുന്നു അത്‌. അതിലേക്കുളള മാർഗ്ഗം പലതാണ്‌. പണ്ട്‌ ഏദൻതോട്ടത്തിൽ വിലക്കപ്പെട്ട കനി ഭക്ഷിച്ച്‌ അദമ്യമായ ആഗ്രഹങ്ങളുടെ പടുകുഴിയിലേക്ക്‌ വീണുപോയ ആദാമിനെയും ഈവിനെയും ഒരൊറ്റ ചവിട്ടിന്‌ ദൈവം തോട്ടത്തിന്‌ വെളിയിലിടുകയാണ്‌ ചെയ്‌തത്‌. നമ്മുടെ ഏദൻതോട്ടത്തിൽ വിലക്കപ്പെട്ട കനി മാത്രമല്ല, അത്‌ കായ്‌ക്കുന്ന മരവും കൂടി വെട്ടിവിഴുങ്ങി ഭൂമിയും വളച്ചുകെട്ടി പേരിലാക്കിയപ്പോൾ ഒരു സർട്ടിഫിക്കറ്റ്‌ ലഭിക്കുകയാണുണ്ടായത്‌. പട്ടയം എന്നാണ്‌ അത്‌ അറിയപ്പെടുക. കർത്താവ്‌ മാണിയും ജോസഫും ജേക്കബ്ബും തോമസുമായി അവതരിച്ചുവെന്നല്ലാതെ എന്തു പറയുവാൻ?

നാട്ടിലൊരാളുണ്ടായിരുന്നു. ഇതുപോലെ ഒരൊറ്റ ലക്ഷ്യമായിരുന്നു മൂപ്പർക്കും. മൃഷ്‌ടാന്നം ഭുജിക്കണം. എത്ര തിന്നാലും മതിയാവുകയില്ല. തിന്നുന്നതിന്‌ കണക്കായിട്ടാണ്‌ ആരോഗ്യം എന്നൊരു ദൃഢവിശ്വാസമായിരുന്നു പാവത്തിന്‌. സാധാരണ നാലഞ്ചാൾക്ക്‌ കഴിക്കേണ്ടത്‌ മൂപ്പർ വിഴുങ്ങും. വയനാട്ടിൽ ആളുകൾ പട്ടിണി കിടന്നു മരിച്ചത്‌ വാർത്തയായി. മൂപ്പർ തിന്നുതിന്ന്‌ മരിച്ചുപോയത്‌ വാർത്തയായില്ല. ആർത്തിപ്പണ്ടാരങ്ങളായ ഈ കേരളകോൺഗ്രസുകാരുടെ അന്ത്യവും വേറൊരുവിധമാകാനുളള സാധ്യതയും കാണുന്നില്ല. കുരിശും പേറിവരുന്ന ചെകുത്താനെ കണ്ടാൽ കർത്താവിന്‌ പോലും രക്ഷ പത്തൊമ്പതാമത്തെ അടവാണ്‌. പ്രാണരക്ഷാർത്ഥം ഓടിയൊളിക്കുക.

പേരിൽപോലും വർഗീയതയില്ലാത്ത ഒരു കക്ഷിയേ കേരളത്തിലുളളൂ. അതാണ്‌ മുസ്ലീം ലീഗ്‌. വർഗീയകക്ഷികളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ പ്രഖ്യാപിച്ച ലീഡറും മകനും ആത്മരക്ഷാർത്ഥം നിലവിളിച്ചോടി അഭയം പ്രാപിച്ച പാണക്കാട്ടെ തങ്ങളുടെ ആത്മീയ നേതൃത്വത്തിലും കുഞ്ഞാലിക്കുട്ടിയുടെ ഭൗതീക നേതൃത്വത്തിലും അനുദിനം ചീർത്തുവരുന്ന മഹാപ്രസ്ഥാനം. ചുരുങ്ങിയ ലക്ഷ്യങ്ങളേയുളളൂ അക്കൂട്ടർക്കും.

അത്യാവശ്യം നാലുമുക്കാലുകൊണ്ടുവരുന്ന രണ്ടുമൂന്നു വകുപ്പുകൾ. സേവിച്ച്‌ സേവിച്ച്‌ വിദ്യാഭ്യാസത്തെ പണ്ടേ കുളിപ്പിച്ച്‌ കിടത്തി. ഇപ്പോൾ പേപ്പർ ചോർത്തി ആ മൃതദേഹത്തെ മാനഭംഗം ചെയ്യുകയാണ്‌ യോഗ്യൻമാർ. മരക്കച്ചവടവും വിദ്യാഭ്യാസവും തമ്മിലുളള വ്യത്യാസമറിയാത്ത ലക്ഷണം കെട്ടവർ ഒന്നിനുപിറകെ ഒന്നായി വന്ന്‌ സേവിച്ചു. ഇന്ത്യയിലെ ആദ്യത്തെ നൂറിലൊന്നിൽപോലും വരാത്തവിധം നമ്മുടെ കലാശാലകളെ വളർത്തി. വ്യവസായം അന്നന്ന്‌ അഭിവൃദ്ധി പ്രാപിച്ചു. കാസർഗോഡുനിന്ന്‌ പുറപ്പെട്ട്‌ തിരുവനന്തപുരത്തെത്തുമ്പോഴേക്കും പതിനാലുവിധത്തിൽ ഒപ്പിടുന്ന യോഗ്യൻമാരെല്ലാം വ്യവസായ വിദഗ്‌ദ്ധൻമാരായി സർക്കാരിന്റെ കമ്പനികളെ സേവിച്ചു. വ്യവസായത്തിന്റെ അന്ത്യഗതിയറിയുവാൻ നടത്തിയ യാത്രകളുടെ എണ്ണം നോക്കിയാൽ മതി. ചന്ദ്രനിലേക്ക്‌ തല്‌ക്കാലം യാത്രയില്ലാത്തതുകൊണ്ട്‌ ആയുർദൈർഘ്യം ലേശം നീട്ടിക്കിട്ടിയതാണ്‌.

എക്‌സ്‌പ്രസ്‌ ഹൈവേ മുന്നിൽ കണ്ട്‌ കുന്നായ കുന്നെല്ലാം വിലക്കെടുത്തു. ഇപ്പോൾ അഭിപ്രായവ്യത്യാസം പേരിൽ മാത്രമാണെന്ന്‌ ചില വിപ്ലവകാരികൾ തുറന്നു പറഞ്ഞിട്ടുണ്ട്‌. മലയാളികളുടെ ‘പെരുവഴിപ്പാത’ എന്നോ ‘വിപ്ലവപന്ഥാവ്‌’ എന്നോ ഒരു പേരിട്ട്‌ അത്‌ പുതിയ വീഞ്ഞായി അവതരിപ്പിക്കാം. അപ്പോൾ വിലക്കെടുത്ത കുന്നെല്ലാം പാതയിൽ നിരത്താൻ ഒരവസരം. ഇനി പാത ഒരു തരത്തിലും വരുന്നില്ലെങ്കിൽ അവശേഷിക്കുന്ന വയലുകൾ കൂടി നിരത്തിക്കളയാനുളള സാഹചര്യം. (ആ വയലുകൾക്ക്‌ കുളം തോണ്ടിയ കുന്നിന്റെ പേരിട്ടുകൊടുക്കുക. പ്രായശ്ചിത്തവുമായി-ഒരു നിർദ്ദേശമായി പരിഗണിക്കാവുന്നതാണ്‌.)

വോട്ട്‌ ചെയ്യാനുളളതല്ല അത്‌ വില്‌ക്കാനുളളതാണ്‌ എന്ന്‌ പതിറ്റാണ്ടുകളായി അടിയുറച്ച്‌ വിശ്വസിക്കുന്ന ഒരു കൂട്ടരുണ്ട്‌ കേരളത്തിൽ. ലക്ഷ്യവും മറ്റൊന്നല്ല. താമര നല്ല ഐശ്വര്യമുളള ചിഹ്നമാണ്‌. താമരപോലെ തന്നെയാണ്‌ ബി.ജെ.പിയുടെ പ്രവർത്തനവും. ചളിക്കുണ്ടിലാണ്‌ സാധാരണ താമര വിരിയുക. മനുഷ്യന്റെ ഭൗതീകജീവിതം താമരപോലെയായിരിക്കണം എന്ന്‌ കൃഷ്‌ണൻ പറഞ്ഞിട്ടുണ്ട്‌. അതായത്‌ താമര വെളളത്തിൽ വളരുന്നു. എന്നാൽ വെളളം തട്ടി നനയുന്നില്ല. മാർക്‌സിസ്‌റ്റുകാരെപ്പോലെ സംഘപരിവാരങ്ങൾക്കും യാതൊരുവിധ പാർലമെന്ററി വ്യാമോഹങ്ങളുമില്ല. നാട്ടുനടപ്പുപ്രകാരം താമരക്കും വളർന്നേ പറ്റൂ. അതുകൊണ്ട്‌ ജനാധിപത്യത്തിന്റെ ചളിക്കുണ്ടിൽ വളരുന്നു. വോട്ട്‌ തട്ടി നനഞ്ഞുപോകാതിരിക്കാൻ രഹസ്യമായി അല്ലെങ്കിൽ പരസ്യമായി കരാർ ആദ്യമേ ഉറപ്പിക്കുന്നു.

നിത്യൻ


E-Mail: nithyankozhikode@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.