പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

ഏകലവ്യൻമാരുടെ കാലുവാരുന്ന അർജുനൻമാർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മംലേഖനം

വൃക്ഷലതാദികളുടെ നിഴലുകൾ നൃത്തം ചവിട്ടുന്ന നല്ല പൂനിലാവിൽ പ്രണയത്തെപ്പറ്റി ചിന്തിക്കാത്ത യുവഹൃദയമുണ്ടാവുകയില്ല. ഭരണത്തിനുമീതെ മരണത്തിൻ കരിനിഴൽ വീഴുമ്പോൾ പിന്നോക്ക വിഭാഗങ്ങളെപ്പറ്റി ചിന്തിക്കാത്ത രാജാക്കൻമാരുമുണ്ടാവുകയില്ല. നായുടെ വാലൊരു കായതമാകിന കുഴലതിലാക്കി പന്തീരാണ്ടു കഴിഞ്ഞെന്നാലും പണ്ടേപ്പോലെ വളഞ്ഞേ കാൺമൂ എന്നു കുഞ്ചൻ പാടിയത്‌ നായയെ ഉദ്ദേശിച്ചാണോ അതിന്റെ സന്തതി പരമ്പരകളെ ഉദ്ദേശിച്ചാണോ എന്തോ?

തികഞ്ഞ രാജഭക്തിയോടെ പറയട്ടെ, രാജാക്കൻമാരെ സംബന്ധിച്ചിടത്തോളം കുഞ്ചന്റെ നിഗമനം നൂറുശതമാനം ശരി. സായിപ്പ്‌ കെട്ടുകെട്ടിയ ശേഷം അന്നത്തെ രാജാക്കൻമാരെല്ലാം ജോർജ്‌ ആറാമനിൽ നിന്നും കൂറ്‌ അടർത്തിമാറ്റി ജവഹർ ഒന്നാമനിൽ പ്രതിഷ്‌ഠിച്ചു. ലോകചരിത്രത്തിൽ ആദ്യമായി രാജാക്കൻമാർക്ക്‌ മന്ത്രിമാരായി പ്രമോഷൻ ലഭിച്ചു. സായിപ്പിനെ കാണുമ്പോൾ കുറ്റിച്ചൂലന്വേഷിച്ച പഴശ്ശിയെപ്പോലുളളവരുടെ കുഴിമാടം തികഞ്ഞ ജനാധിപത്യമര്യാദപ്രകാരം നമ്മൾ കുളം തോണ്ടി. തറവാടിന്റെ മൂലക്കല്ലുവരെ പറിച്ചെറിഞ്ഞു. കഞ്ഞിക്ക്‌ വകയില്ലാതെ ആ പരമ്പരയിലെ അവസാനകണ്ണികൾ നാളുകളെണ്ണുന്നു.

വി.പി.സിംഗുമാരും അർജുൻ സിംഗുമാരും ജസ്വന്ത്‌ സിംഗുമാരും രാജപദവി പോയിട്ടും അശ്വമേധം നടത്തിക്കൊണ്ടേയിരുന്നു. ആദിവാസികളേയും മറ്റു പിന്നോക്കവിഭാഗങ്ങളേയും ചവിട്ടിമെതിച്ചുകൊണ്ട്‌ അവരുടെ യാഗാശ്വങ്ങൾ ഇന്ദ്രപ്രസ്ഥം പൂകി വെന്നിക്കൊടി പാറ്റി. ചവിട്ടേറ്റ്‌ വീണവർ തന്നെ എഴുന്നേറ്റ്‌ വന്ന്‌ അഭിവാദ്യമർപ്പിച്ചു.

വർഷം 1990. ത്യാഗത്തിന്റെ തുലാസിൽ ശിബിക്ക്‌ ലേശം മുകളിലും സോണിയക്ക്‌ ലേശം താഴെയുമായി സ്ഥിതി ചെയ്യുന്ന വിശ്വനാഥ പ്രതാപസിംഹൻ ഇന്ദ്രപ്രസ്ഥം വാഴുന്ന സുവർണകാലം. അധികാരമോഹം ലവലേശം തൊട്ടുതീണ്ടിയിട്ടില്ല മറ്റൊരു രാജർഷി. ഭരണത്തിന്‌ ഭീഷണി വല്ലതുമുണ്ടോ എന്നറിയുവാൻ രാജാവ്‌ ചാരൻമാരെ നാലുഭാഗത്തുമയച്ചു. അവൻ ഇന്റലിജൻസ്‌ വകുപ്പുകൾ എന്നാണറിയപ്പെടുക. ഉടൻ വന്നു റിപ്പോർട്ട്‌. 89-ൽ തന്ന വാക്ക്‌ പിൻവലിച്ച്‌ ബി.ജെ.പി കാവിക്കൊടി വീശി രാമജൻമഭൂമി എന്ന ബ്രഹ്‌മാസ്‌ത്രത്തിനെ ഫ്ലാഗോഫ്‌ ചെയ്യും. പളളി പൊളിയും. ഭരണം വീഴും.

പ്രിൻസിപ്പൽ സിക്രട്ടറിയും കാബിനറ്റ്‌ സിക്രട്ടറിയും തെലുങ്കുദേശവും എൽ.ഡി.എഫും പറഞ്ഞു ചെയ്യരുത്‌. സിംഗ്‌ കേട്ടില്ല. തൊടുത്തു വരുണാസ്‌ത്രം-പിന്നോക്ക സംവരണം. നൂറ്റിച്ചില്വാനം തെരുവിൽ കത്തിയമർന്നു. സിംഹാസനത്തോടുളള സ്‌നേഹമല്ലാതെ സിംഗിന്‌ പിന്നോക്കക്കാരോട്‌ വല്ലതുമുണ്ടായിരുന്നെങ്കിൽ ചെയ്യേണ്ടത്‌ വേറൊന്നായിരുന്നു. ജീവനക്കാർ തീരെ കുറവായിരുന്ന ഓർ ഇന്ത്യാ സർവ്വീസിൽ ആനുപാതിക നിയമനം നടത്തുകയായിരുന്നു. യാതൊരെതിർപ്പിനും ലവലേശം സാദ്ധ്യതയില്ലാതെ. ജോർജ്‌ ആറാമന്റെ ബുദ്ധിയാണ്‌ സിംഗിന്‌ തുണയായത്‌. ഭിന്നിപ്പിച്ച്‌ ഭരിക്കുക.

നാളിതുവരെയുളള ചരിത്രമെടുത്താൽ ഇടതുവലതുഭേദമില്ലാതെ അരയിൽ കെട്ടിയ മാന്ത്രിക ഏലസ്സായി സംവരണം. ആ ഏലസ്സ്‌ നിർമ്മിക്കുന്ന കൊല്ലക്കുടിയായി സെക്യുലാറിസം. രാജാക്കൻമാർക്കായുളള സായിപ്പിന്റെ സംഭാവന. സമുദായ നേതാക്കൻമാരാകട്ടെ ഏലസ്സുകളുടെ മൊത്തവിതരണക്കാരും. ഭിന്നിപ്പിച്ചു ഭരിക്കുവാൻ ഇതിലും നല്ലൊരു സംഗതിയുണ്ടാകുവാൻ സാധ്യതയില്ല. എത്രകണ്ട്‌ കളിച്ചുയരാമോ അത്രയും മികച്ച മതേതരപ്രതിഭയായി വാഴ്‌ത്തപ്പെടുകയും ചെയ്യും.

ഐ.ഐ.എം. ഐ.ഐ.ടി. പോലുളള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലുളളതിന്‌ പുറമേ 27 ശതമാനം സംവരണമാണ്‌ അർജുൻസിംഗ്‌ നടപ്പാക്കാൻ പോയത്‌. പണ്ട്‌ മുരളി മനോഹർ ജോഷി ഫീസ്‌ കുറച്ച്‌ ഐ.ഐ.എമ്മുകളെ ശ്വാസം മുട്ടിച്ച്‌ കൊല്ലാൻ നോക്കി. ഇന്ന്‌ സിങ്ങ്‌ സംവരണവിഷം കൊടുത്ത്‌ കാലപുരിക്കയക്കുവാൻ നോക്കുന്നു. ലോകനിലവാരത്തിലുളള സ്ഥാപനങ്ങളെ വളർത്തിക്കൊണ്ടുവരിക വലിയ വിഷമമാണ്‌. അതുകൊണ്ട്‌ എളുപ്പം തകർത്തുകളയുകയാണ്‌.

അത്യാവശ്യം പിടിപാടൊന്നുമില്ലാത്ത ഒരു പിന്നോക്കക്കാരനെ പിടിച്ചുകൊണ്ടുപോയി എ.ഐ.എം.എസിൽ മെഡിസിന്‌ ചേർത്തു എന്നു കരുതുക. എല്ലാം പഠിച്ച്‌ അവിടെനിന്നും പാസാവുക ചില്ലറ വിഷമമായതുകൊണ്ട്‌ പാതിപഠിച്ചാൽ മതിയാവുമോ? കീറുന്നത്‌ പഠിച്ചാൽ മതി തുന്നുന്നത്‌ വിട്ടേക്ക്‌ എന്നാണെങ്കിൽ സംഗതി ശരി. ഇനി ജലദോഷത്തിനുപോലും ബിലാത്തിക്കു പറക്കാതെ സിങ്ങുമാർ അവരുടെ ഉപദേശം തേടുമോ? ഇതുതന്നെയാണ്‌ ഐ.ഐ.ടി.കളിലും ഐ.ഐ.എമ്മുകളിലും സംഭവിക്കുക. മടലിലല്ലാതെ കടലാസിൽ കണലെടുത്താലുളള അവസ്ഥ.

നമ്മൾ ഒരാൾക്ക്‌ തണലാവുമ്പോൾ അയാൾക്ക്‌ വെളിച്ചവും കൂടി നിഷേധിക്കുകയാണ്‌. വെയിലിൽ വാടിപ്പോകാത്ത കരുത്ത്‌ നേടിയെടുക്കാൻ അയാളെ പ്രാപ്തനാക്കുകയാണ്‌ ചെയ്യേണ്ടത്‌. വടവൃക്ഷത്തിന്‌ ചുവടെ മറ്റൊന്നും വളരാത്തത്‌ വെയിൽ കിട്ടാത്തതുകൊണ്ടാണ്‌. തണലില്ലാത്തതുകൊണ്ടല്ല.

പ്രവേശനപരീക്ഷയും മറ്റു കടമ്പകളും കഴിഞ്ഞെത്തുന്നവരുടെ ബൗദ്ധിക നിലവാരത്തിന്‌ അനുയോജ്യമായ സിലബസ്സാണ്‌ ഉന്നതവിദ്യാഭ്യാസരംഗത്തെ മഹാപ്രസ്ഥാനങ്ങളായ ഐ.ഐ.ടികളിലും മറ്റുമുളളത്‌. ആ സിലബസ്‌ നിലവാരം താഴ്‌ത്തിയാൽ ഐ.ഐ.എമ്മും മറ്റു സ്‌കൂളുകളും തമ്മിലുളള അന്തരം നികന്നുകിട്ടും. ഇനി ഐ.ഐ.എമ്മുകളുടെ ആഴം അതേപടി നിർത്തി റിസർവേഷൻ വഴി പിന്നോക്കക്കാരെ നീന്തി കരകയറാൻ തളളിവിട്ടാൽ അവർ കൈകാൽ കുഴഞ്ഞ്‌ താഴെപ്പോകുന്നതിന്‌ സാക്ഷ്യം വഹിക്കേണ്ടിവരും. എൻട്രൻസ്‌ എഴുതി സീറ്റു നേടുവാൻ അവരെ പ്രാപ്‌തരാക്കുകയല്ലേ വേണ്ടത്‌?

ആദിവാസികളെ നന്നാക്കാൻ ചെലവഴിച്ച കോടികളുടെ കണക്കെടുത്താൽ അത്‌ ആളെണ്ണം ആദിവാസികൾക്ക്‌ വീതിച്ചുകൊടുത്തിരുന്നെങ്കിൽ ആയിരങ്ങൾ അവർക്ക്‌ പ്രതിമാസം പലിശയായി മാത്രം ലഭിക്കുമായിരുന്നു. കർത്താവ്‌ സഹായിച്ച്‌ ആദിവാസിയുടെ പ്രിയപ്പെട്ട കാടുകളെല്ലാം നാടായി. ആദിവാസികളെ ഉദ്ധരിക്കാൻ പോയവരെല്ലാം നല്ലനിലയിലുമായി. ആദിവാസി മാത്രം കാട്ടി നക്കിയ മരം പോലെ.

അവരുടേത്‌ ഒരു സ്വയംപര്യാപ്‌ത സമൂഹമായിരുന്നു. അവരെ ഉപദ്രവിക്കാതിരുന്നാൽ മാത്രം മതിയായിരുന്നു. അവരുടേത്‌ നമ്മൾ കൊളളയടിക്കാതിരുന്നാൽ മാത്രം മതിയായിരുന്നു. ആടിനെ വെടിവെക്കാൻ മാത്രമറിയുന്ന യോഗ്യൻമാർക്ക്‌ അവരെ വെടിവെച്ചിടാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. മുട്ടനാടിനെയല്ലാതെ സിംഹത്തെ എവിടെയും ബലി കൊടുത്തതായി അറിയില്ല. ഒരു ശതമാനം വരുന്ന കാടിന്റെ മക്കളെക്കൊണ്ടെന്തു പ്രയോജനം. ആർക്കു പ്രയോജനം?

എന്നാൽ മറ്റ്‌ പിന്നോക്ക സമുദായങ്ങൾ വോട്ടു ബാങ്കുകളാണ്‌. അതായത്‌ അടിമകൾ. അതങ്ങിനെതന്നെ നിലനിർത്തുവാൻ ഏറ്റവും നല്ലത്‌ അവരെ ഒരിക്കലും നന്നാവാതെ നോക്കുകയാണ്‌. സ്വന്തം കാലിൽ നില്‌ക്കാൻ മാത്രം പഠിപ്പിക്കരുത്‌. അഥവാ അങ്ങിനെ വല്ലതും സംഭവിച്ചാൽ അവറ്റകൾ ഒറ്റക്കാലിൽ നിന്നു മറ്റേക്കാൽ നമ്മുടെ ദന്തനിരകളെ ലക്ഷ്യമാക്കി പറഞ്ഞയക്കുന്ന കാലം വിദൂരമായിരിക്കില്ല. നമ്മുടെ ദന്തനിരകളുടെയും ദന്തഗോപുരങ്ങളുടെയും ശോഭനമായ ഭാവി ഓർത്തെങ്കിലും അവരെ സംവരണത്തിന്റെ ഐസിലിട്ട്‌ സൂക്ഷിക്കുക. യാതൊരു മാറ്റവുമില്ലാതെ.

സഹായിക്കേണ്ട ഘട്ടം സമാഗതമായെന്നു തോന്നുമ്പോൾ ഇങ്ങിനെയുളള സഹായങ്ങൾ ചെയ്‌തു കൊടുക്കുക. ദുർബലമായ ആ ശരീരത്തിന്റെ ശിരസ്സിൽ ഒരു ക്വിന്റൽ ഉന്നതവിദ്യാഭ്യാസം കയറ്റിവച്ചു കൊടുക്കുക. കഴുത്തൊടിഞ്ഞ്‌ വീഴുന്നവർക്കായി ഓരോ ശവപ്പെട്ടി ഫ്രീ.

നിത്യൻ


E-Mail: nithyankozhikode@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.