പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

എഴുത്തച്ഛന്റെ പാവനസ്‌മരണക്കായി കൊടുങ്ങല്ലൂർ ഭരണി തന്നെ വേണോ?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മം

ഗുപ്‌തൻനായർ സാറിന്റെ ചങ്ങമ്പുഴ വിമർശം പണ്ട്‌ വിവാദമായപ്പോൾ നിത്യൻ അന്നിങ്ങനെയെഴുതി. ‘ഇരുപതുകളിൽ ഒരാൾ ’എങ്കിലും ചന്ദ്രികേ നമ്മൾ കാണും സങ്കല്പലോകമല്ലീയുലകം‘ എന്നു പാടിയില്ലെങ്കിൽ അവന്ന്‌ തലയിൽ നെല്ലിക്കാത്തളം കെട്ടേണ്ടതും ഇനി എഴുപതുകളിൽ ആരെങ്കിലും അത്‌ പാടിപ്പോകുന്നുവെങ്കിൽ രാവിലത്തെ ചായക്ക്‌ തന്നെ കടിയായി അല്‌പം പാഷാണം കൊടുത്ത്‌ ആ ഗാനപ്രവാഹത്തിന്‌ ശമനമുണ്ടാക്കേണ്ടതുമാണ്‌. അതുകൊണ്ട്‌ ’കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ‘ എന്നു തുടങ്ങുന്ന ജഞ്ഞാനപ്പാനയോ ശ്രീമദ്‌ ഭഗവദ്‌ ഗീതയോ വായിച്ചിരിക്കേണ്ട സമയത്ത്‌ സാർ വെറുതെ രമണൻ വായിക്കേണ്ട വല്ല കാര്യവുമുണ്ടോ?’

അന്നൊരു കവയിത്രി വിളിച്ചതുപോലെ ഉദ്ദണ്ഡശാസ്‌ത്രികൾ എന്നൊന്നും ഗുപ്‌തൻനായർസാറിനെ വിളിച്ചാദരിക്കാൻ മാത്രം നിത്യന്റെ സഭ്യത അനുവദിച്ചില്ല. വീണ്ടും ഇപ്പോൾ അത്തരമൊരു വിഷയം കൈകാര്യം ചെയ്യേണ്ടിവരികയാണ്‌. അതുകൊണ്ട്‌ സഭ്യതയുടെ നാലതിരുകൾക്കുളളിൽ നിത്യന്റെ പേനയെ നിർത്തണമെന്നുളളതുകൊണ്ട്‌ ഒരു മൂധേവിയെയും സ്‌മരിക്കാതെ സാക്ഷാൽ വാഗ്‌ദേവിയെ സ്‌മരിച്ചുകൊണ്ട്‌ തുടങ്ങട്ടെ.

പ്രതിയെ കൊണ്ടുപോകുന്ന പോലീസുകാരനെപ്പോലെയാണ്‌ വിമർശകൻ. പ്രതിയില്ലാതെ പോലീസുകാരന്‌ പ്രസക്തിയില്ല. പ്രതി കൈവിട്ടുപോയാൽ പിന്നെ ജീവിതവുമില്ല. പ്രതിയെ തല്ലിക്കൊല്ലുവാൻ വകുപ്പുമില്ല. വിമർശകൻ സാഹിത്യചോരണത്തിന്‌ തടയിടുന്ന പോലീസ്‌മാനോ ഡോബർമാനോ ആകുന്നത്‌ സമ്മതിക്കാം. തൊണ്ടിയോടെ കളളനെ പിടിച്ചു കഴിയുന്നതോടെ കഴിഞ്ഞു പോലീസുകാരന്റെ ദൗത്യം. വിമർശകന്റെയും. കൃഷ്‌ണൻനായർ മനസ്സിലാക്കാത്ത കാര്യമിതാണെന്നു തോന്നുന്നു.

പോലീസുകാരൻ പിടിച്ച പ്രതിയെ അകത്തിടുവാൻ കോടതിയുണ്ട്‌. വിട്ടയക്കുവാനും. സാഹിത്യകാരനാണെങ്കിൽ ജനം ചോര നീരാക്കി അടച്ച നികുതിപ്പണമെടുത്ത്‌ അവാർഡു കൊടുത്താദരിക്കുവാൻ അക്കാദമികളുണ്ട്‌. അവാർഡ്‌ വാങ്ങിയ സാഹിത്യകാരനെ അനർഹമായത്‌ കൈപ്പറ്റിയ വകയിൽ അഴിമതിക്കുറ്റത്തിനും അക്കാദമിയെ ജനദ്രോഹ നടപടികൾക്കും വിചാരണ ചെയ്യുവാൻ തല്‌ക്കാലം കോടതികൾ നിലവിലില്ല.

നാം ശുഭാപ്‌തി വിശ്വാസമുളളവരായിരിക്കുക. നാളിതുവരെയായി കാത്തിരുന്നിട്ടും കാലുകൾ മാറിമാറിപിടിച്ചിട്ടും അവാർഡുകൾ തിരിഞ്ഞുനോക്കാത്ത ഒരവശൻ ജഡ്‌ജിയായും ബാലചന്ദ്രൻ ചുളളിക്കാട്‌ ആരാച്ചാരായും നാരായണപ്പിളള വിശേഷിപ്പിച്ച അക്കാദമിയിലെ റോഗ്‌സ്‌ ഗാലറിയിൽ സ്ഥാനം പിടിച്ചവർ പ്രതികളായും ഒന്നിച്ചണി നിരക്കുന്ന ഒരു കാഴ്‌ച. തൂക്കിക്കൊല്ലുന്ന ശുഭമുഹൂർത്തത്തിന്‌ കാത്തുനിൽക്കാതെ പലരെയും ജനം കല്ലെറിഞ്ഞു കൊല്ലാതിരിക്കുവാൻ പോലീസുകാർ പ്രത്യേകം ശ്രദ്ധിക്കുക.

വിമർശകൻ ഗ്രാമർ പരിശോധിക്കുന്ന ഒരു വൈയാകരണനല്ല. ആവുകയുമരുത്‌. നിർഭാഗ്യവശാൽ കൃഷ്‌ണൻ നായരുടെ പണി അതായിപ്പോയി. വയലാർ കവിയല്ല എന്ന്‌ മൂപ്പർ പറയുന്നത്‌ വയലാറിന്റെ ആയിരക്കണക്കിന്‌ വരികളിൽ നിന്നും ഒരു വരിയെടുത്തിട്ടാണ്‌. നമ്മുടെ കൺമുന്നിൽ പദങ്ങളെത്രയോ ഉണ്ട്‌. പാഴ്‌വൃക്ഷങ്ങൾ, പാഴ്‌മുളം തണ്ട്‌, റണ്ണിംഗ്‌ റൂം... പാഴ്‌വൃക്ഷത്തടിയിൽ നിന്നുമാണ്‌ തീപ്പെട്ടിക്കോൽ ഉണ്ടാക്കുന്നതെന്ന്‌ കേട്ടിട്ടുണ്ട്‌. അപ്പോൾ അതെങ്ങിനെയാണ്‌ പാഴ്‌ ആവുക. പാഴ്‌മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർക്കുമ്പോൾ ആ മുളംതണ്ട്‌ എങ്ങിനെയാണ്‌ പാഴ്‌ ആവുക. ഭൂലോകത്ത്‌ മുറികൾ ഓടുന്ന പതിവില്ലെങ്കിലും ഇന്ത്യൻ റയിൽവെയിൽ അങ്ങിനെയൊരു സംഗതിയുണ്ട്‌. വണ്ടിയോടിക്കുന്നവരുടെ ഓഫീസ്‌ റണ്ണിംഗ്‌ റൂം എന്നാണ്‌ അറിയപ്പെടുന്നത്‌. ഇനിയിതെല്ലാം പോകട്ടെ. മഹാത്മാവ്‌ എന്നൊരു പദമുണ്ടല്ലോ. ഏറ്റവും മഹത്താണ്‌ ആത്മാവ്‌ എന്നിരിക്കേ, ആത്മാവിൽ തന്നെ മഹത്വം ആവോളമിരിക്കെ പിന്നെന്തിനാണ്‌ മഹാത്മാവെന്നൊരു പ്രയോഗം. ആത്മാഗാന്ധി എന്നുവിളിച്ചാൽ പോരേ സർ?

യാതൊരു വ്യാകരണത്തിനും വിലകല്പിക്കാതെ എഴുതിയ ഷേക്‌സ്‌പിയർ മോശം സാഹിത്യകാരനാണെന്ന്‌ സാർ പറയുമോ? ദി മോസ്‌റ്റ്‌ അൺകൈൻഡസ്‌റ്റ്‌ കട്ട്‌ ഓഫ്‌ ഓൾ എന്നു പറഞ്ഞത്‌ ഷേക്‌സ്‌പിയറല്ലേ. വയലാറിനെക്കൊണ്ടു പറഞ്ഞ അതേ കാരണം വച്ച്‌ ഷേക്‌സ്‌പിയർ സാഹിത്യകാരനല്ലെന്ന്‌ സാറിന്‌ പറയാവുന്നതേയുളളു. ഡോ.ജോൺസൺ മൺമറഞ്ഞുപോയതുകൊണ്ട്‌ യാതൊരുവിധ ഭയത്തിന്റെ ആവശ്യവുമില്ല. ഒരു നേർരേഖയാണ്‌ സാഹിത്യമെങ്കിൽ അതെഴുതുവാൻ ഭാവനയുടെ ആവശ്യമൊന്നുമില്ല. ഒരു റൂൾത്തടിയും കൃഷ്‌ണൻനായരും തന്നെ ധാരാളം. കലയും ജീവിതവും തമ്മിലുളള ബന്ധം തന്നെ അതാണ്‌. രണ്ടിന്റെയും സഞ്ചാരം നേർരേഖയിലല്ല. ജീവിതത്തിൽ ഒന്നും ഒന്നും കൂട്ടിയാൽ ചൈനയിൽ ഒന്നും ഇന്ത്യയിൽ രണ്ടും പാക്കിസ്ഥാനിൽ പതിനൊന്നുമൊക്കെയാണ്‌ കിട്ടുക. ഗണിതശാസ്‌ത്രത്തിൽ മാത്രമാണ്‌ രണ്ട്‌ ഉത്തരമായി ഭവിക്കുക.

ഗുപ്‌തൻനായർ സാറിന്റെയും കൃഷ്‌ണൻനായർ സാറിന്റെയും ശിഷ്യസമ്പത്ത്‌ വലുതാണ്‌. ഗുപ്‌തൻനായർ സാറിന്റെ ക്ലാസിലിരുന്നത്‌ ഒരു മഹാഭാഗ്യമായി കരുതുന്നു. കൃഷ്‌ണൻനായർ സാറിന്റെ ക്ലാസാണ്‌ എന്നെ ഞാനാക്കിയത്‌ എന്നെല്ലാം വിളിച്ചുപറഞ്ഞ്‌ തെറിയഭിഷേകത്തിൽ കക്ഷിച്ചേരുന്ന പൂർവ്വവിദ്യാർത്ഥികൾക്ക്‌ സ്‌തുതി. വിദ്യാർപ്പണം പാത്രമറിഞ്ഞു വേണം എന്നാരോ പറഞ്ഞിട്ടുണ്ട്‌. പാത്രമറിയാതെ വിളമ്പിപ്പോയതാണ്‌ തെറ്റ്‌. നമ്മൾ പഠിപ്പിച്ച മുയിമനാളുകളും സാഹിത്യകാരൻമാരായിപ്പോയി എന്ന്‌ ലോകത്തിലെ ഒരൊറ്റ സാഹിത്യകാരൻ കം വാദ്ധ്യാരും പറയുകയില്ലെന്നാണ്‌ നിത്യന്റെ വിശ്വാസം. അപ്പോൾ തീർച്ചയായും അതിൽ കുറെ കളളൻമാരും കൊളളക്കാരും വേശ്യകളും കൊലപാതകികളും രാഷ്‌ട്രീയക്കാരും ഒക്കെ കാണുമല്ലോ. അവരാരും തന്നെ കൃഷ്‌ണൻനായർ അല്ലെങ്കിൽ ഗുപ്‌തൻനായർ പഠിപ്പിച്ചതുകൊണ്ടാണ്‌ എന്റെ കിടപ്പ്‌ പൂജപ്പുരയിലായത്‌ എന്നൊന്നും അവകാശപ്പെടുന്നില്ലല്ലോ. അവർ അങ്ങിനെ വിളിച്ചു പറയാത്തതല്ലേ സർ യഥാർത്ഥ ഗുരുദക്ഷിണ.

ഗുരുഭൂതൻമാരും ശിഷ്യഗണങ്ങളും സാഹിത്യകാരൻമാരും സാംസ്‌കാരിക നായകൻമാരും മൊത്തം അണിനിരന്നു കൊണ്ടാണ്‌ വർഷാവർഷം തുഞ്ചൻപറമ്പിനെ ഞെളിയൻപറമ്പാക്കിക്കൊണ്ടിരിക്കുന്നത്‌. ആത്മാഭിമാനത്തിന്റെ തലേക്കെട്ട്‌ അഴിച്ച്‌ തോളിലിട്ട്‌ ഓച്ഛാനിച്ചു നിൽക്കുന്ന പേനയുന്തുകാരന്‌ രാഷ്‌ട്രീയക്കാരൻ വലിച്ചെറിഞ്ഞുകൊടുക്കുന്ന എല്ലിൻകഷണത്തിനുവേണ്ടി കടിപിടികൂടുന്ന, ഗുരുപാദവും ശിഷ്യപാദവും മാറിമാറി തഴുകുന്ന ഗുരുശിഷ്യവൃന്ദത്തെക്കാളും യോഗ്യർ പൂജപ്പുരയിലെ ശിഷ്യൻമാരല്ലേ സർ.

ഒരൊറ്റ രാമായണം മാത്രം മതി എഴുത്തച്ഛന്റെ എക്കാലത്തേക്കുമുളള സ്‌മാരകമായി. അതുളളപ്പോൾ പിന്നെയൊരവാർഡിന്റെ ആവശ്യമൊന്നുമില്ല. ഇനി എഴുത്തച്ഛന്റെ പേരിൽ മാത്രമല്ല സാക്ഷാൽ വാല്‌മീകിയുടെ പേരിലൊന്നും വ്യാസമഹർഷിയുടെ പേരിൽ മറ്റൊന്നും കാളിദാസന്റെ പേരിൽ വേറൊന്നും കിട്ടിയാലും കൈയ്യിലിരിപ്പ്‌ വച്ച്‌ ഭൂരിഭാഗത്തിന്റെയും സ്‌മരണ ജനത്തിന്റെ സ്‌മൃതിപഥങ്ങളിൽ സർക്കാർവക വെടിയൊച്ച നിലക്കുന്നതുവരെയായിരിക്കും.

അതുകൊണ്ട്‌ എഴുത്തച്ഛന്റെ പാവനസ്‌മരണക്കായി വർഷാവർഷം ഒരു ഭരണിപ്പാട്ടിന്റെ ആവശ്യമുണ്ടോയെന്ന്‌ ബന്ധപ്പെട്ടവർ ആലോചിക്കുക. സാംസ്‌കാരിക നായകൻമാരും സാഹിത്യകാരൻമാരുമൊക്കെ നാലാൾ കേൾക്കാൻ കൊളളാത്ത ഭാഷയിൽ തെറിയഭിഷേകം തുടങ്ങിയ സ്ഥിതിക്ക്‌ നമ്മുടെ സാംസ്‌കാരികവകുപ്പിന്റെ പ്രവർത്തനം ഫലം കണ്ടതായാണ്‌ തോന്നുന്നത്‌. അതുകൊണ്ട്‌ ഇനി അതുകൂടി താമസിയാതെ പിരിച്ചുവിടുക. ജനം സംസ്‌കാരസമ്പന്നരാവുന്നതിൽ സർക്കാരിന്‌ എതിർപ്പൊന്നുമില്ലല്ലോ.

സാഹിത്യകാരൻമാരിൽ നിന്നും അരുതാത്തതൊന്നും ജനം പ്രതീക്ഷിക്കരുത്‌. അതിലൊന്നാണ്‌ സംസ്‌കാരം. മലയാളം വാരികയിൽ അടുത്തായിവന്ന രണ്ട്‌ സാഹിത്യവാരഫലങ്ങളും എഴുതിയത്‌ കൃഷ്‌ണൻ നായരാണോ എന്ന്‌ നിത്യൻ സംശയിക്കുന്നു. ഏതായാലും അതെഴുതിയ ആളുടെ മാനം കൃഷ്‌ണൻനായർ തന്നെ പണ്ടെഴുതിയപോലെ, നാണം വന്നപ്പോൾ പാവാട പൊക്കി മുഖം മറച്ച പെണ്ണിനെപ്പോലെ.

നിത്യൻ


E-Mail: nithyankozhikode@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.