പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

പട്ടരുടെ പൂണൂലും ചെട്ടിയുടെ പൂണൂലും - എന്തുണ്ട്‌ വ്യത്യാസം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മലേഖനം

വിപ്ലവപ്രസ്ഥാനങ്ങളെയും അവയുടെ അമരത്തിരുന്ന്‌ നേർവഴിക്ക്‌ നയിച്ചുകൊണ്ടിരിക്കുന്ന മഹാവിപ്ലവകാരികളെയുംപറ്റി ഒരുപാട്‌ തെറ്റിദ്ധാരണകൾ അടുത്ത കാലത്തായി വന്നിട്ടുണ്ട്‌. നേതാക്കൻമാരുടെ നടപ്പും ഇരിപ്പും പത്രാസുമൊക്കെ കണ്ടാൽ പലർക്കും തോന്നിപ്പോകുന്നതാവാം. നേരാംവണ്ണമുളള ഒരു പാർട്ടിക്ലാസുകൊണ്ട്‌ പരിഹരിക്കാവുന്ന നിസ്സാരപ്രശ്‌നങ്ങളാണിവയെല്ലാം. മാറ്റമില്ലാത്ത ഒരേയൊരു സംഗതി മാറ്റം മാത്രമാണെന്നാണ്‌ ആചാര്യമതം.

പരിപ്പുവടയും കട്ടൻചായയും ദിനേശ്‌ബീഡിയും സുലഭമായി ലഭിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്ന്‌ ദിനേശ്‌ബീഡി വലിക്കുന്നവനെ ഒരുനോക്കു കാണാൻ ബീഡിക്കമ്പനിയിൽ ചെന്നാലും പറ്റിയെന്ന്‌ വരില്ല. സ്വാഭാവികമായ ഒരു പരിണാമം. അതുകൊണ്ട്‌ ഒരറ്റത്ത്‌ തീയും മറ്റേയറ്റത്ത്‌ വിഡ്‌ഢിയും എന്ന്‌ ഷാ നിർവ്വചിച്ച സിഗരറ്റ്‌ വലിക്കുന്നവരെല്ലാം ബൂർഷ്വകളാണോ? പണ്ട്‌ ഓലക്കുടിലുകൾ ധാരാളമുണ്ടായിരുന്നു. അതുകൊണ്ട്‌ അവിടെ ഒളിവിലിരുന്നു. ഇന്ന്‌ ഓലക്കുടിലുകളില്ല. അതുകൊണ്ട്‌ ഒളിവിലിരിക്കുന്നില്ല.

കൂടാതെ ഒളിവിലിരുന്ന്‌ ചെയ്യേണ്ട സംഗതികൾ മാനംമര്യാദയായി പകൽവെളിച്ചത്തിൽ ചെയ്യാനുളള മെയ്‌വഴക്കം വിപ്ലവകാരികൾക്കു പകർന്നുകിട്ടിയത്‌ ചില്ലറ നേട്ടമാണോ. കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായി പഠിക്കാത്തവർ മൂഢസ്വർഗ്ഗത്തിലാണെന്നല്ലാതെ മറ്റെന്ത്‌ പറയുവാൻ?

നീലകണ്‌ഠൻ നായർ ‘കൊണ്ടുവാ ലക്ഷ്‌മണാ വില്ലും ശരവും’ എന്ന്‌ ഉറക്കെപ്പറഞ്ഞ്‌ നടുറോഡിൽ നിലയുറപ്പിക്കുന്നത്‌ കണ്ടാൽ ഈയുളളവന്‌ തോന്നുക കല്ലിളകി എന്നാണ്‌. അദ്ദേഹം ശ്രീരാമനായി അഭിനയിക്കാൻ പോകുന്നു എന്നും മൂപ്പർ കഥാപാത്രവുമായി താദാത്മ്യം പ്രാപിച്ച്‌ നടുറോഡിൽ സ്ഥലകാലവിസ്‌മൃതിയിലായി നിന്നുപോയതാണെന്നും പറയുവാൻ കൃഷ്‌ണൻനായർ സാറിനെ കഴിയൂ. ഒരാൾ കാണുന്നത്‌ മറ്റൊരാൾ കാണുക വേറൊരു കണ്ണിലാണ്‌. ലക്ഷോപലക്ഷം നിത്യൻമാരുണ്ടെങ്കിലും ഒരു കൃഷ്‌ണൻനായരേയുളളൂ.

സ്വാഭാവികമായും നീലകണ്‌ഠൻമാർക്ക്‌ ഭ്രാന്താണെന്ന്‌ നിത്യൻമാർ പറഞ്ഞുനടക്കും. ബൂർഷ്വാനിത്യൻമാരാകട്ടെ കടലാസുകളായും ചാനലുകളായും ഒരുപാടുണ്ടുതാനും. ഇതിനെയെല്ലാം പ്രതിരോധിക്കാനായി നമുക്കുളളതാകട്ടെ ആകെ നേരുമാത്രം പറയുന്ന ഒരു കടലാസും പിന്നെ വേറിട്ടൊരു ചാനലും. ബൂർഷ്വാപത്രങ്ങളുടെയും ചാനൽഭീമൻമാരുടെയും ദുഷ്‌പ്രചരണങ്ങളിൽ കുടുങ്ങി തൊഴിലാളി വർഗ്ഗം വഴിപിഴച്ചുപോവാതിരിക്കുവാനുളള നടപടികളാണ്‌ ഉടൻ വേണ്ടത്‌. ബോധവല്‌ക്കരണത്തിനായി നല്ല പ്രത്യയശാസ്‌ത്ര പ്രതിബദ്ധതയുളള കുറെ ആചാര്യൻമാർ. അവരുടെ ഹേഡ്‌മാഷായി തോമസ്‌ ഐസക്കുമുണ്ടെങ്കിൽ ബഹുകേമം.

ശാകുന്തളത്തിൽ മത്സ്യത്തിന്റെ വായിൽ നിന്നും കിട്ടിയ രത്‌നമോതിരം വില്‌ക്കാൻ നടന്ന മുക്കുവനെ രാജകിങ്കരൻമാർ വിളിച്ചത്‌ പന്നിയിറച്ചി തിന്നുന്നവൻ, ഉടുമ്പിനെ തിന്നുന്നവൻ, ഇരപ്പൻ എന്നൊക്കെയായിരുന്നു. അയാൾ കൊണ്ടുവന്ന രത്നമോതിരം ശകുന്തളയുടെ ഓർമ്മയിലേക്ക്‌ രാജാവിനെ നയിച്ചു. പ്രതിഫലമായി ഒരുപാട്‌ സമ്മാനങ്ങൾ അയാൾ നേടി. അതിലുപരിയായി ജീവനും. കിട്ടിയതിൽ പാതി രാജകിങ്കരൻമാർക്ക്‌ കൊടുത്തപ്പോൾ കിങ്കരനേതാവ്‌ മുക്കുവനെ അഭിസംബോധന ചെയ്തത്‌ ‘അരയരേ’ എന്നായിരുന്നു. ഇതാണ്‌ മനുഷ്യസ്വഭാവം. രാഷ്‌ട്രീയത്തിൽ സ്ഥിരം ശത്രുക്കളും സ്ഥിരം മിത്രങ്ങളുമില്ലെന്നതിന്റെ പൊരുൾ.

മനുഷ്യസ്വഭാവം ഇതായിരിക്കെ അതിനു വിരുദ്ധമായി നീങ്ങുന്നവരെ മൃഗങ്ങളെന്നല്ലേ വിളിക്കേണ്ടത്‌. അതിനൊരു ചാൻസ്‌ കിട്ടാത്തതിനുളള പക വീട്ടാനുളള ബൂർഷ്വാസികളുടെ ശ്രമമാണീ കുപ്രചരണങ്ങളെന്ന്‌ തൊഴിലാളിവർഗ്ഗത്തെ ഉടൻ ബോദ്ധ്യപ്പെടുത്തേണ്ടതാണ്‌.

ഓടുന്ന പട്ടിക്ക്‌ ഒരു മുഴം മുന്നേയെറിയണമെന്നാണ്‌ പ്രമാണം. മനുഷ്യൻ അധഃപതിച്ചാൽ മൃഗമാകും-മൃഗം അധഃപതിച്ചാൽ കമ്മ്യൂണിസ്‌റ്റാവും എന്നുപറഞ്ഞ യോഗ്യനെത്തന്നെ പേറി നടക്കുന്നത്‌ അതുകൊണ്ടാണ്‌. അരിക്ക്‌ ക്ഷാമം നേരിടുമ്പോൾ ചോളം ഇറക്കുമതി ചെയ്‌തതാവാം. അല്ലെങ്കിൽ അയാൾ പറഞ്ഞത്‌ ശരിവെച്ച്‌ കൊടുക്കലുമാവാം. ലാവ്‌ലിനെയും എ.ഡി.ബിയെയും ഉയർത്തിക്കാട്ടി വിപ്ലവകാരികളെ ക്രൂശിക്കാനിറങ്ങുന്നവർക്ക്‌ ഇതൊന്നുമറിയില്ലെന്നുണ്ടോ? സായ്‌വിനെക്കാണുമ്പോൾ കവാത്തു മറക്കുക എന്നത്‌ കമ്മ്യൂണിസ്‌റ്റുകാർക്ക്‌ ബാധകമല്ലെന്ന്‌ എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ?

നോക്കിച്ചിരിക്കുമ്പോൾ കയറിപ്പിടിക്കാത്തവനെ തേടി പിന്നീടൊരിക്കലും വരാത്ത സംഗതിക്കാണ്‌ അവസരം എന്നു മലയാളത്തിൽ പറയുക. യഥാവിധി അവസരം ഉപയോഗിക്കാത്തവൻ ചരിത്രത്തിൽ വിഡ്‌ഢി, മന്ദബുദ്ധി എന്നിങ്ങനെയൊക്കെയാണ്‌ അറിയപ്പെടുക. വെറുതെ വിപ്ലവം, ബൂർഷ്വാകനഡ, ലാവ്‌ലിൻ, എ.ഡി.ബിയെന്നൊക്കെ പറഞ്ഞ്‌ നമ്മൾ സഖാക്കൾ ചൊറിയും കുത്തിയിരുന്നുവെന്ന്‌ വെക്കുക. ഇപ്പറയുന്ന ബൂർഷ്വാ ജിഹ്വകളൊക്കെയും സഖാക്കളെ എന്തായിരുന്നു വിളിക്കുക. മണ്ടൻമാരെന്നോ മന്ദബുദ്ധികളെന്നോ?

താടകയെപ്പോലെയാണ്‌ എ.ഡി.ബിയെന്ന സംഗതി. വയലാറിന്റെ താടക വായിച്ചവർക്ക്‌ അസ്സലായി മനസ്സിലാകും. കിഴവൻ ബൂർഷ്വാ വിശ്വാമിത്രനെപ്പോലെയുളളവരുടെ മുന്നിൽ താടക വിരൂപിയും ഭയങ്കരിയുമായാണ്‌ പ്രത്യക്ഷപ്പെടുക. തന്നെക്കാൾ ഭയങ്കരൻമാരല്ലോ ഇവർ എന്ന ധാരണയിൽ നിന്നുമാവാം. ആത്മരക്ഷാർത്ഥവുമാവാം. “ഇവളെപ്പേടിച്ചാരും നേർവഴീ നടപ്പീല ഭുവനേശ്വരാ ഭുവനജനം പോറ്റീ” എന്നെഴുത്തച്ഛനെക്കൊണ്ട്‌ എഴുതിച്ച അതേ താടക വയലാറിന്റെ രാമനുമുന്നിൽ പ്രത്യക്ഷപ്പെടുക അനുരാഗദാഹപരവശയായാണ്‌.

“ഞാൺവടുവാർന്ന യുവാവിന്റെ കൈകളിൽ കാർകൂന്തലിൽ ഹേമാംഗകങ്ങളിൽ-തടാക തൻ തണുത്ത മരമൊട്ടിളം കൈകളോടവേ” എന്നും “ആദ്യത്തെ മാദകചുംബനത്തിൽ തന്നെ പൂത്തുവിടർന്നുപോയി രാമന്റെ കണ്ണുകൾ” എന്നുമാണ്‌ വയലാറിലെ വിപ്ലവകാരി എഴുതിയത്‌. “വില്ലുകുലക്കു രാമാ-കൊല്ലൂ നിശാചരി താടകയാണവൾ” എന്നു കേട്ടപാതി കേൾക്കാത്ത പാതി ആദ്യമായി രാമന്റെ മന്മഥാസ്‌ത്രം മാലചാർത്തിയ രാജകുമാരി തൻ ഹൃത്തടം മറ്റൊരസ്‌ത്രത്താൽ തുളഞ്ഞുപോയി-നടുങ്ങീ വിന്ധ്യാടവീ“ എന്നും വയലാർ. അന്നത്തെ വിവരക്കേടുകൊണ്ട്‌ കിഴവനെ കൊന്ന്‌ രാമൻ താടകയെയും കൊണ്ട്‌ പോയില്ല.

ദിവസങ്ങൾക്കുമുൻപ്‌ ബൂർഷ്വാ കോൺഗ്രസുകാരുടെ മുന്നിൽ നിന്ന നിശാചരിയല്ല ഇപ്പോഴത്തെ എ.ഡി.ബി. വിപ്ലവകാരികളുടെ മുന്നിൽ ഉപാധികളാകുന്ന വസ്‌ത്രങ്ങളെല്ലാമുരിഞ്ഞ്‌ തോന്നുംപോലെ അനുഭവിച്ചു കൊളളുവാൻ അപേക്ഷിച്ചുകൊണ്ട്‌ വരുന്ന അനുരാഗദാഹപരവശയാണ്‌. അപ്പോഴാണ്‌ അച്ചുതാനന്ദന്റെ അട്ടഹാസം. കൊല്ലൂ വിജയാ നിശാചരി ഏഡീബീയാണിവൾ. രാമന്‌ പറ്റിയ തെറ്റ്‌ തിരുത്തി വിജയൻ മുന്നേറാനാണ്‌ സാധ്യത. വിശ്വാമിത്രനെക്കൊന്ന്‌ താടകയോടൊപ്പം പൊറുക്കുന്ന മോഡേൺ വിജയനായി രാമൻ അവതരിക്കുന്ന കാലം വിദൂരമല്ല.

നിത്യൻ


E-Mail: nithyankozhikode@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.