പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

തിരഞ്ഞെടുത്ത ചില തിരഞ്ഞെടുപ്പ്‌ ചിന്തകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മലേഖനം

സായിപ്പ്‌ കെട്ടുകെട്ടുമ്പോൾ വളർത്തുപട്ടിയെ മാത്രം കൂടെക്കൂട്ടി. അല്ലെങ്കിൽ നന്ദിസൂചകമായി വെടിവെച്ചു കൊന്നു. അഞ്ചരക്കണ്ടി കറുപ്പത്തോട്ടം, തലശ്ശേരി വിക്‌ടോറിയ ഹോട്ടൽ, ജനാധിപത്യം, മതേതരത്വം, ഇലക്ഷൻ തുടങ്ങിയ വസ്‌തുവഹകൾ കാര്യസ്ഥൻമാർക്കും സായിപ്പിനെ കാണുമ്പോൾ കവാത്തുമറക്കുന്നവർക്കുമായി പങ്കുവെച്ചു കൊടുത്തു. അനന്തരം സായിപ്പിന്റെ കുയ്യാനയെ നമ്മുടെ മദയാനയായി ബഹുഭാഷാകുശിനിക്കാർ വിവർത്തനം ചെയ്‌തു. സെക്യുലാറിസം അതിമനോഹരമായി വിവർത്തനം ചെയ്‌ത്‌ മതേതരമാക്കി. അതിലും മനോഹരമായി ഇലക്ഷൻ വിവർത്തനം ചെയ്‌ത്‌ തിരഞ്ഞെടുപ്പുമാക്കി. സിലക്ഷന്റെ മലയാളം എവിടെയെന്ന്‌ കണ്ടെത്തുവാൻ ഒരു സി.ബി.ഐ അന്വേഷണത്തിന്‌ ഏതായാലും സ്‌കോപ്പുണ്ട്‌.

നമ്മളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ്‌ ഒഴിച്ചുകൂടാനാവാത്തതാണ്‌. തിരഞ്ഞെടുക്കാത്തവന്‌ ജീവിക്കുവാൻ അവകാശമില്ല എന്നു പറയുന്നതാവും കൂടുതൽ ശരി. ഭേദപ്പെട്ട ശവം തിരഞ്ഞെടുക്കാത്തവൻ നാറുന്നതും കൊണ്ട്‌ തിരിഞ്ഞു നടക്കേണ്ടിവരുന്ന ലോകത്തെ ഏക സ്ഥലം നമ്മുടെ മത്സ്യമാർക്കറ്റുകളാണ്‌. തിരഞ്ഞെടുക്കാത്തവന്‌ കെട്ടതുമാത്രം എന്ന ആശയം ഭംഗിയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പഴം-പച്ചക്കറി മാർക്കറ്റുകൾ. തിരഞ്ഞെടുപ്പെന്ന സാഹസത്തിൽ നിന്നും ഒരു മോചനം-ഏതെടുത്താലും പത്തുരൂപാ സ്‌റ്റാളുകൾ. അതായത്‌ മൊത്തം തല്ലിപ്പൊളി. ഒന്നും പഠിക്കാത്തവർ പഠിപ്പിച്ച്‌ പഠിതാക്കളെ ഒന്നിനും കൊളളാത്തവരാക്കുന്ന മാതൃകാ വിദ്യാലയങ്ങൾ. മുതലാളി കാശ്‌ വാങ്ങി നിയമിക്കുന്ന അദ്ധ്യാപഹയർക്ക്‌ സർക്കാർ വക ശമ്പളം അനന്തരം പെൻഷൻ. ചുമടെടുക്കുക മൗലീകാവകാശം അല്ലെങ്കിൽ നോക്കുകൂലി.

ഗൾഫിൽ എണ്ണപ്പാടത്ത്‌ വിയർപ്പൊഴുക്കി കിട്ടുന്നതുകൊണ്ട്‌ നാട്ടിലെ നെൽപാടം മണ്ണിട്ടുമൂടി കുടിവെളളം മുട്ടിക്കുക. നാലുമുക്കാലുമായി മുട്ടുന്നവർക്കുമുന്നിൽ മാത്രം തുറക്കപ്പെടുന്ന ചുകപ്പുനാടകളുടെ മായാപ്രപഞ്ചം അഥവാ സർക്കാർ ഓഫീസുകൾ. ഇനി ഇതിൽ നിന്നെല്ലാം ഒരുവിധം തലയൂരി റോഡിലെത്തിയാൽ മണൽവാരി പകരം മരണം വിതക്കുന്ന ടിപ്പർലോറികൾ. ട്രിപ്പിന്റെ എണ്ണത്തോളം വില ആളുകളുടെ ജീവനേതായാലും ഇല്ലെന്ന്‌ ഡ്രൈവർമാർക്ക്‌ നല്ല നിശ്ചയം. സർക്കാരിന്‌ അതിലേറെ നിശ്ചയം. ആളുകളെ റോഡിലരച്ചുകൊണ്ട്‌ യാതൊരു നിയന്ത്രണവുമില്ലാതെ അനർഗളമായി ഒഴുകുന്നു.

ഇതെല്ലാം സാധാരണക്കാരുടെ സ്ഥിതി. ഇഹലോകം മിഥ്യയാണ്‌ പരലോകമാണ്‌ യാഥാർത്ഥ്യമെന്ന്‌ മാലോകരെ ബോധവല്‌ക്കരിച്ചുകൊണ്ട്‌ സഞ്ചരിക്കുന്ന സന്ന്യാസിവർഗ്ഗം സൂപ്പർസ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ ബിസിനസ്സുമായി നടക്കുന്നു. ഉന്നതവിദ്യാഭ്യാസ കച്ചവടം വിജയകരമായി നടത്തുന്നു. കാലുമടങ്ങുന്നവരിൽ നിന്നും ഒരു ദണ്ഡനമസ്‌കാരം മാത്രം ഗുരുദക്ഷിണയായി സ്വീകരിച്ച്‌ ലോകക്ഷേമാർത്ഥം പതജ്ഞലി മഹർഷി ഉപദേശിച്ച സംഗതി യോഗ്യൻമാർ ശ്വാസത്തിന്‌ 750 നിരക്കിൽ വിറ്റുകാശാക്കുന്നു.

ഇനി സന്യാസിമാരോട്‌ ഉപമിക്കേണ്ട സർവ്വസംഗപരിത്യാഗികളായി രാഷ്‌ട്രീയപ്രവർത്തനത്തിനിറങ്ങിയ ഒരു വർഗ്ഗമേയുളളൂ നിത്യന്റെ കണ്ണിൽ. കമ്യൂണിസ്‌റ്റുകാർ. ഇന്നിവിടെ കാണുന്ന നേതാക്കൻമാരുടെ പൂർവ്വാശ്രമജീവിതം വിസ്‌മൃതിയിലാകുവാൻ മാത്രം കാലമായിട്ടില്ല. വിപ്ലവം മാത്രം ലക്ഷ്യമാക്കി സർവ്വതും ത്യജിച്ച്‌ വന്നവർ കോർപ്പറേറ്റ്‌ സഖാക്കളായി മാറി. ചേരയെ തിന്നുന്ന നാട്ടിലെത്തി നടുക്കണ്ടം തന്നെ തിന്നു എന്നർത്ഥം.

ഇവിടത്തെ സന്യാസികളും കമ്യൂണിസ്‌റ്റുകളും തമ്മിൽ വലിയ സാമ്യമുണ്ട്‌. മറ്റെന്ത്‌ ചോദിച്ചാലും കുഴപ്പമില്ല. രണ്ടുകൂട്ടരുടെയും സമനില തെറ്റാൻ പൂർവ്വാശ്രമത്തെപ്പറ്റി ഒരൊറ്റചോദ്യം മതി. കോർപ്പറേറ്റ്‌ സന്യാസികൾ ആത്മീയതയെ മുറുകെപ്പിടിക്കും. കമ്യൂണിസം വിട്ടൊരു കളി കോർപ്പറേറ്റ്‌ സഖാക്കൾക്കുമില്ല.

ഇതാണ്‌ നമ്മൾ. ‘ലക്ഷം മാനുഷർ കൂടും സഭയിൽ ലക്ഷണമൊത്തവരൊന്നോ രണ്ടോ’ എന്നാണ്‌. ആ രണ്ട്‌ ലക്ഷണമൊത്തവർ മൊത്തം ലക്ഷണംകെട്ടവരുടെ പ്രതിനിധിയായി മത്സരിക്കണമെങ്കിൽ മാവിന്‌ കൊമ്പില്ലാതിരിക്കണം അല്ലെങ്കിൽ നാട്ടിൽ കയറില്ലാതിരിക്കണം. ബർണാഡ്‌ ഷായുടെ നിഗമനം ശരിയായി വരുന്നത്‌ അപ്പോഴാണ്‌-ഒരു ജനതയ്‌ക്ക്‌ അവർ അർഹിക്കുന്നതിലും നല്ല നേതാവിനെ കിട്ടുകയില്ല.

അപ്പോൾ തീർച്ചയായും കൂടെക്കിടത്താൻ പറ്റാത്തവരിൽ നിന്നും മുറ്റത്തുനിർത്താൻ പറ്റുന്നൊരാളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്‌ ഇലക്ഷൻ. ആ കൊളളാവുന്നൊരുത്തൻ താമസംവിനാ കൊളളക്കാരനായി വളരുമ്പോൾ തിരിച്ചുവിളിക്കാൻ വകുപ്പില്ലാതെ ജനം തരിച്ചിരിക്കുമ്പോഴാണ്‌ പലപ്പോഴും ജനാധിപത്യം പടർന്ന്‌ പന്തലിക്കുക.

ഈ തിരഞ്ഞെടുപ്പ്‌ മഹാമഹം കുറ്റമറ്റതാക്കുവാനാണ്‌- കളളവോട്ട്‌ തടയുവാനാണ്‌ ഘട്ടം ഘട്ടമായുളള തിരഞ്ഞെടുപ്പ്‌. ജെ.സി.ബിയും ടിപ്പർലോറിയും പോലെയാണ്‌ ജനപ്രതിനിധികളും ഉദ്യോഗസ്ഥൻമാരും. ഈ രണ്ടുകൂട്ടരും കൂടി ഒത്തുപിടിച്ചാൽ നിരന്നുപോവാത്ത മലയാണ്‌ അല്ലെങ്കിൽ നികത്താനാവാത്ത പാടമാണ്‌ കളളവോട്ട്‌ എന്ന്‌ തോന്നുന്നവരുടെ തലക്കാണ്‌ തകരാറ്‌. ആദ്യം പറഞ്ഞു. ഓൺലി വോട്ടേഴ്‌സ്‌ ഐഡന്റിറ്റി കാർഡ്‌. നാളെണ്ണം കാർഡുകളുടെ എണ്ണം കൂടിക്കൂടി വന്നു. കാർഡിന്റെ ഒരു കുറവുകൊണ്ട്‌ ജനാധിപത്യത്തിന്‌ ഗ്രഹണി പിടിച്ചുപോകരുത്‌. അതുകൊണ്ട്‌ കൈയ്യിൽ കിട്ടിയ കാർഡുമായി ജനം മുന്നോട്ടുപോവട്ടെ. ജനാധിപത്യം പടർന്നു പന്തലിക്കട്ടെ.

യഥേഷ്‌ടം സമ്മതിദാനാവകാശം വിനിയോഗിച്ച്‌ ഇനിയാരും ജനാധിപത്യം പുഷ്‌ടിപ്പെടുത്തേണ്ടതില്ല. ഒരു വോട്ടുതന്നെ ധാരാളം എന്നാണെങ്കിൽ എന്തുകൊണ്ട്‌ ഐ.ഡി. കാർഡിലും റജിസ്‌റ്റരിലും ഒപ്പിനുപകരം വിരലടയാളമാക്കുന്നില്ല? ജനാധിപത്യസമൂഹത്തിൽ പരസ്യമായി പരാതിപ്പെടുന്നത്‌ ആരോഗ്യത്തിന്‌ ഹാനികരമാണ്‌. അതിന്‌ ചരിത്രത്തിൽ തെളിവുകൾ ധാരാളമുണ്ട്‌. രഹസ്യമായി പരാതി ലഭിച്ചാൽ തന്നെ നടപടിയെടുക്കുകയാണെങ്കിൽ സ്ഥിതി മാറും. വിരലടയാളമാണെങ്കിൽ ആളെ തിരിച്ചറിയാൻ യാതൊരു പ്രയാസവുമുണ്ടാവുകയില്ല. ജനാധിപത്യത്തിന്‌ കൈയ്യയഞ്ഞ്‌ നല്‌കിയ സഹായം കാരണം അകത്തായിപോവുന്ന അവസ്ഥ വന്നാൽ പിന്നെയാരും അപ്പണിക്ക്‌ പോവുകയില്ല. ജനാധിപത്യത്തിന്‌ നമ്മളെ വേണ്ടെങ്കിൽ നമുക്ക്‌ അവളെയും വേണ്ടെന്നുവച്ച്‌ അടങ്ങിയിരുന്നുകൊളളും.

നിത്യൻ


E-Mail: nithyankozhikode@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.