പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

ഒരു പ്രീണന സർജന്റെ സംവരണചികിത്സ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മം

ജന്മം കൊണ്ട്‌ രാജാവാണ്‌. എന്നാലും അതിന്റെയൊരു അഹങ്കാരമൊന്നുമില്ല. നേരെ കയറി സിംഹാസനത്തിലിരുന്ന്‌ ആരവിടെ എന്നു ചോദിച്ചാൽ പണ്ട്‌ ഒരു കുന്തം ഭടനുമായി പ്രവേശിക്കുമായിരുന്നു. കാറ്റിനുമുന്നിൽ നമിക്കുന്ന പുൽക്കൊടിപോലെയായിരിക്കണം രാജാവിനെക്കാണുമ്പോൾ പ്രജ. നട്ടെല്ലുണ്ടെങ്കിലും നിവർന്നുനിൽക്കുവാൻ പാടുളളതല്ല. ഓപ്പറേഷനോ മറ്റോ ആവശ്യമാണെങ്കിൽ മാത്രമേ നട്ടെല്ലിനെ പറ്റി ചിന്തിക്കേണ്ടതുളളൂ. മുൻഗാമികൾ ഇങ്ങിനെയൊക്കെ കഴിഞ്ഞുകൂടിയവരാണെങ്കിലും അർജുൻസിങ്ങ്‌ അത്തരക്കാരനൊന്നുമല്ല.

രാജപദവി കാലാഹരണപ്പെട്ടു. പകരം രാജാധിരാജപദവി അഥവാ മന്ത്രിപദവി നിലവിൽവന്നു. വാഴ്‌ത്തപ്പെടുന്നതിൽ സമ്മതക്കുറവുണ്ടോ എന്ന്‌ സിങ്ങ്‌ ജനത്തോടന്വേഷിച്ചു. കേട്ടപാതി എതിരാളി വാഴ്‌ത്തപ്പെട്ടു. കേൾക്കാത്ത പാതി സിങ്ങ്‌ വീഴ്‌ത്തപ്പെട്ടു. 1996-ൽ തോറ്റു. 1998-ൽ തോറ്റു. 1999-ൽ തോറ്റു. ജന്മം കൊണ്ട്‌ രാജാവായവർ കർമ്മം കൊണ്ട്‌ മന്ത്രിമാരായി ഭവിക്കുന്ന ഒരു പതിവ്‌ ജനാധിപത്യത്തിലുണ്ട്‌. ജനം ചവുട്ടിമലർത്തിയ ആളുകളെ എടുത്തുകിടത്തുന്ന ആശുപത്രിയാക്കി രാജ്യസഭയെ മാറ്റിയത്‌ വെറുതെയല്ല. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം നായാടുകയും ചെയ്‌ത പ്രതിഭകൾക്കായി അതിലും മെച്ചപ്പെട്ടൊരു സമ്മാനം വേറെന്താണുളളത്‌?

ഒരു ബസ്‌ വന്നുനിന്നാൽ കുറെയാളുകൾ ഉന്തിത്തളളി കിട്ടിയ സംഗതികൾ സീറ്റിലേക്കും കുറെ നിലത്തേക്കുമെറിയുന്ന ഒരു ചടങ്ങുണ്ട്‌. റിസർവേഷൻ എന്നാണതറിയപ്പെടുക. ഏതോ മുതലാളിയുടെ ബസ്‌. നിൽക്കുന്നവനും ഇരിക്കുന്നവനും കൊടുക്കുന്നതൊരേ കാശ്‌. ടവൽ സീറ്റിൽ വെച്ച്‌ റിസർവുചെയ്യാനുളള അവകാശമാർക്കെങ്കിലുമുണ്ടെങ്കിൽ അതു വലിച്ചെറിയുവാൻ മറ്റുളളവർക്കും അവകാശമുണ്ടെന്നതാണ്‌ സത്യം. ബസ്സിന്റെ യാത്ര ചിലപ്പോഴൊക്കെ നദിയിലും കൊല്ലിയിലുമെല്ലാം അവസാനിച്ച ചരിത്രമുണ്ട്‌. ജീവിതത്തിലേക്കുളള മടക്കയാത്രക്ക്‌ ഒരു സീറ്റ്‌ റിസർവു ചെയ്യുവാനുളള ശേഷി അപ്പോഴൊന്നും നാലണയുടെ ടവലിനില്ലാതെ പോയതെന്തുകൊണ്ടാണ്‌? ആ നാലണയുടെ ടവലാണ്‌ പ്രീണനം. കണ്ണീരൊപ്പുവാൻ അതിനു ശേഷിയില്ല. മുറിവുവച്ചു കെട്ടുവാൻ അതുപകരിക്കുകയുമില്ല. മുങ്ങിച്ചാകുന്നവന്‌ പിടിവളളിയായി എറിഞ്ഞുകൊടുക്കുവാനുളള നീളവുമതിനില്ല.

വർഷാവർഷം ചെകുത്താനെ കല്ലെറിയുന്ന പോലൊരു ചടങ്ങാണ്‌ ന്യൂനപക്ഷ പ്രീണനം. ആളുകൾ നിരന്നുനിന്നെറിയുമെങ്കിലും ചെകുത്താൻ ചത്തുപോകാതെ പടച്ചോൻ കാക്കും. അതുകൊണ്ട്‌ അടുത്തവർഷവും ഏറ്‌ പൂർവ്വാധികം ഭംഗിയാകും. ഭക്തജനങ്ങളുടെ ഏറുകൊണ്ട്‌ ചെകുത്താൻ ബിസ്‌മികൂട്ടിപ്പോകുമെന്ന ഭയം ആർക്കും വേണ്ട. ദൈവത്തിന്റെ കഞ്ഞികുടി മുട്ടാതെ നോക്കുന്നത്‌ ചെകുത്താൻ. ചെകുത്താൻ തട്ടിപ്പോവാതെ നോക്കുന്നത്‌ പടച്ചോൻ. സഹകരണപ്രസ്ഥാനങ്ങളുടെ എംബ്ലമായി വരുവാൻ എന്തുകൊണ്ടും യോഗ്യൻമാരാണ്‌ രണ്ടുപേരും. സഹകരണത്തിന്റെ ഉദാത്തമാതൃക.

ഇനി മറ്റൊരു വശം. റിസർവേഷനിലൂടെ മാത്രം കടന്നുവരുന്ന വിദ്യാർത്ഥികൾ ആരോഗ്യരംഗത്തിന്‌ ഭീഷണിയാണെന്ന വാദത്തിൽ കഴമ്പില്ല. എല്ലാ പഠിപ്പും തികഞ്ഞ വിശാരദൻമാർ ഗാന്ധിക്കടലാസിന്റെ എണ്ണത്തിൽ വന്ന കുറവുകാരണം നടത്തിയ വിദഗ്‌ദ്ധവധത്തിന്‌ വല്ല എണ്ണവുമുണ്ടോ? ഗാന്ധിയെക്കണ്ടാലില്ലാത്ത സാമൂഹ്യബോധം ഗാന്ധിക്കടലാസു കാണുമ്പോൾ മാത്രമാണുണ്ടാവുന്നത്‌. ബ്രാഹ്‌മണനെന്നോ വൈശ്യനെന്നോ ശൂദ്രനെന്നോ ഉളള യാതൊരു വ്യത്യാസവുമില്ല. ഗാന്ധിക്കടലാസിനുമുന്നിൽ എല്ലാവരും തുല്യർ. സമ്പൂർണ സോഷ്യലിസം.

ജനകോടികൾക്കുളളതാണ്‌ നാലണയിൽ കൂടിയ മരുന്നുകളൊന്നുമില്ലാത്ത ധർമ്മാശുപത്രികൾ. ഗാന്ധിക്കടലാസില്ലാത്ത ഒരോപ്പറേഷൻ അധർമ്മമായി കരുതപ്പെടുന്ന ധർമ്മസ്ഥാപനങ്ങൾ. കൊല്ലിനും കൊലക്കും അധികാരമുളള നാടുവാഴികൾ അഥവാ ഡോക്‌ടർമാർ. കൊന്നാൽ വെറും കൈയബദ്ധം. രക്ഷപ്പെട്ടാൽ മുജ്ജന്മസുകൃതം. ജനകോടികളുടെ നേതാക്കൾക്കുളളതാണ്‌ ഹിന്ദൂജമാരുടെ ആശുപത്രികൾ. എങ്ങിനെയെങ്കിലും അവിടെയെത്തിക്കിട്ടിയാൽ മതി. ലക്ഷങ്ങളുടെയും കോടികളുടെയും ചികിത്സ നടത്താം. കാശ്‌ സർക്കാർ കൊടുത്തുകൊളളും. ജീവൻ മറ്റവൻ കാത്തുകൊളളും. അത്‌ നേതാക്കൻമാർക്കുളള ജന്മാവകാശമാണ്‌.

ഇനി ഇങ്ങനെയൊരു സിസേറിയനിലൂടെ പുറത്തുവരുന്ന സംവരണ ഡോക്‌ടർമാർ ആരെയാണ്‌ ചികിത്സിക്കുക. അർജുൻസിങ്ങ്‌ അവരുടെ ഉപദേശം തേടുമോ? കത്തിവെക്കുവാൻ ബോഡി വച്ചു കൊടുക്കുമോ? അർജുൻസിങ്ങും ലക്ഷണമൊത്ത ഒരു സഭയിലിരുന്ന്‌ നാലാൾ കേൾക്കാൻ പറ്റാത്ത സംഗതി ലോകത്തോട്‌ വിളിച്ചു പറയുന്ന മറ്റു ലക്ഷണംകെട്ടവരും വീടിനടുത്തുളള ധർമ്മാശുപത്രികളിലെ ചികിത്സകൊണ്ട്‌ തൃപ്‌തരാകുവാൻ ബാദ്ധ്യസ്ഥരാണ്‌. കാരണം അവർക്കുവേണ്ടി പണം മുടക്കുന്നത്‌ ആദ്യം പറഞ്ഞ ജനകോടികളാണ്‌. അവർക്കുളള സൗകര്യം അതുമാത്രമാണ്‌.

ഇനി മറ്റൊന്ന്‌. ഈ സംവരണ ഡോക്‌ടർമാരെ സംവരണാടിസ്ഥാനത്തിൽ ഹിന്ദൂജമാരുടെയും അപ്പോളോക്കാരുടെയും ആശുപത്രികളിൽ നിയമിക്കണമെന്ന്‌ ഒരുത്തരവിറക്കുവാനുളള ധൈര്യം സിങ്ങുമാർക്കുണ്ടോ. അവിടെ പോകാതെ ബ്രിട്ടനിലും അമേരിക്കയിലും പോയി ചികിത്സ തേടുവാനുളള നിങ്ങളുടെ അവകാശം ജനം സംരക്ഷിക്കുന്നതുകൊണ്ട്‌ അക്കാര്യത്തെപ്പറ്റി ബേജാറാവേണ്ടതില്ല. സായിപ്പ്‌ ലക്ഷങ്ങളുടെ ലാഭം കണക്കിലെടുത്ത്‌ ചികിത്സിക്കുവാൻ ഇങ്ങോട്ടുവരുന്നു. കോടികൾ മുടിക്കുവാൻ നിങ്ങൾ അങ്ങോട്ടുപോകുന്നു എന്നതൊരു വലിയ കാര്യമായി ആരും കാണുകയില്ല.

ജനം നിലത്തിരിക്കാനാണ്‌ വിധിച്ചതെങ്കിലും രാജ്യസഭയെന്ന പിൻവാതിലിലൂടെ കടന്നുവന്ന്‌ തോന്നിയപോലെ നിയമം പടച്ചുവിടുവാൻ സിങ്ങുമാർക്കുളള അധികാരമെന്താണെന്നും ആരും ചോദിക്കുകയില്ല. കാരണം രാജ്യം ഇന്ത്യയാണ്‌. തിരഞ്ഞെടുക്കപ്പെട്ടവർ രാജാക്കൻമാർ. തിരഞ്ഞെടുക്കപ്പെടാത്ത പിൻവാതിലുകാർ ചക്രവർത്തിമാരും.

നിത്യൻ


E-Mail: nithyankozhikode@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.