പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

സംഘപരിവാറിൽനിന്നും സിങ്ങ്‌പരിവാറിലേക്കുളള അധികാരക്കൈമാറ്റം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മം

പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും പ്ലാനിങ്ങ്‌ കമ്മീഷൻ അദ്ധ്യക്ഷനും മൻമോഹൻസിങ്ങ്‌ ആന്റ്‌ ഉയിർതോഴൻ ചിദംബരം സാമി. പ്ലാനിങ്ങ്‌ കമ്മീഷൻ ഉപാദ്ധ്യക്ഷൻ മോണ്ടേക്‌ സിങ്ങ്‌ അഹ്‌ലുവാലിയ. പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ എന്നാണല്ലോ. അതുകൊണ്ട്‌ കിങ്ങ്‌മേക്കറായി സുർജിത്‌ സിങ്ങ്‌ സഖാവും.

മൻമോഹൻസിങ്ങ്‌ രാജ്യസഭയിലൂടെ മൊണ്ടേക്‌ സിങ്ങ്‌ നേരിട്ട്‌ ഐ.എം.എഫിൽ നിന്നും. രണ്ടുപേരുടെയും പൂർവ്വാശ്രമ ജീവിതം ഐ.എം.എഫിൽ. ലെഫ്‌റ്റിന്‌ റൈറ്റ്‌ എന്നുതോന്നുന്നതിനെ തിരിഞ്ഞും മറിഞ്ഞും നോക്കാതെ പിന്തുണക്കുകയാണ്‌ പതിവ്‌.

കേരള സാമൂഹ്യജീവിതത്തിൽ നാരായണഗുരുവിനുളള സ്ഥാനമാണ്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ മൻമോഹനുളളത്‌. അന്നോളം തൊട്ടുകൂടാതിരുന്ന സകല ഏഭ്യൻമാരെയും വിളിച്ച്‌ സദ്യക്കിരുത്തി. സ്വകാര്യ മുതലാളിമാർ, വൻകിട കോർപ്പറേറ്റുകൾ, പരദേശികൾ എന്നുവേണ്ട സകല ബൂർഷ്വകളെയും സദ്യക്കു വിളിച്ചു.

ലോകബേങ്ക്‌ ബന്ധമുളള ഈ സിങ്ങ്‌പരിവാരം തന്നെ വേണോ എന്നാലോചിക്കാഞ്ഞിട്ടല്ല്‌. നൂറുവട്ടം ആലോചിച്ചിട്ടുണ്ട്‌. ആലോചിച്ചത്‌ മൂന്നാലുയോഗ്യൻമാർ-യെച്ചൂരി, കാരാട്ട്‌, സുർജിത്‌ സഖാവ്‌ പിന്നെ ബാസുവും മൂലധനമാണേ സത്യം കോൺഗ്രസിൽ കൊളളാവുന്ന ഒരാളില്ലാത്തതുകൊണ്ടുമാത്രം പറ്റിയതാണ്‌. കോൺഗ്രസിന്റെ അംഗബലം ലോകസഭയിൽ പൂജ്യമായ സ്ഥിതിക്ക്‌ വേറെ വഴിയുമില്ല. രാജ്യസഭ തന്നെ ശരണം.

പേറ്റന്റ്‌, വിദേശനിക്ഷേപം എന്നീ കൗണ്ടറുകളിലൂടെ ദേശം മൊത്തമായി വില പറഞ്ഞുവിൽക്കുവാൻ എന്തുകൊണ്ടും യോഗ്യൻ സിങ്ങുതന്നെയാണ്‌. സെയിൽസ്‌മാനായി ചിദംബരം സാമിയുളളപ്പോൾ ഷോറൂമിനെപ്പറ്റി ബേജാറുവേണ്ട. ഇനി വില്‌പന നഷ്‌ടമാണെങ്കിൽ തന്നെ അതൊരു സർദാർജി ഫലിതമായി തൊഴിലാളി വർഗ്ഗത്തിന്‌ മുതൽക്കൂട്ടാക്കുകയും ചെയ്യാം.

മൻമോഹൻസിങ്ങിനെയും മൊണ്ടേക്‌ സിങ്ങിനെയും ഐ.എം.എഫുകാർ വിളിച്ചതുകൊണ്ട്‌ പോയി. പിഗ്മി കലക്ഷന്റെ ഏർപ്പാടൊന്നുമില്ലാത്തതുകൊണ്ട്‌ സുർജിത്‌ സിങ്ങിനെ വിളിച്ചില്ല. വിളിക്കാത്തതുകൊണ്ടുപോയില്ല. മൂപ്പരുടെ സാമ്രാജ്യത്തബന്ധം എന്നാൽ ഒഴിവുകാലം (പണിയെന്താണെന്ന്‌ മാത്രം ചോദിക്കരുത്‌) ചിലവഴിക്കാൻ ഒന്ന്‌ ഇംഗ്ലണ്ടിൽ പോകുന്നതുമാത്രമാണ്‌. അതാണെങ്കിൽ ഒട്ടുമിക്ക തൊഴിലാളികളും രണ്ടുദിവസം ലീവ്‌ കിട്ടുമ്പോൾ പോകുന്ന സ്ഥലം. തെംസ്‌ നദീതീരത്ത്‌ കാറ്റും കൊണ്ട്‌ വെറുതെ ഒന്നുനടക്കാൻ.

സുർജിത്‌ സഖാവ്‌ കഴിഞ്ഞാൽ പിന്നെ മുതലാളിത്തലോകത്തിന്റെയും ലോകബേങ്കിന്റെയും പേടിസ്വപ്‌നം സീതാറാം യെച്ചൂരിയാണ്‌. ബി.ജെ.പിയിലെ പ്രമോദ്‌ മഹാജന്റെ സ്ഥാനമാണ്‌ മൂപ്പർക്ക്‌ പാർട്ടിയിൽ. മലയാളത്തിൽ കോർപ്പറേറ്റ്‌സ്‌ കോമ്രേഡ്‌ എന്നുപറയും. ലോകത്തുളള മുഴുവൻ ചാനലുകാർക്കും മുപ്പരെ വേണം. അച്ചുതാനന്ദനെ അബദ്ധത്തിലെങ്ങാനും ഒന്നു പിടിച്ചുപോയാലായി. കളകളഞ്ഞ കമ്യൂണിസ്‌റ്റാണെന്നതിന്‌ യാതൊരു സംശയവുമില്ല. ലേശം സംശയമുളളത്‌ കഴിഞ്ഞ ജൂലൈ 20ന്റെ ഫിനാൻഷ്യൽ എക്‌സ്‌പ്രസിലെ മൂപ്പരുടെ ഒരു കോർപ്പറേറ്റ്‌ കോമ്രേഡ്‌ ഓംകാർ ഗോസ്വാമി എഴുതിയ ലേഖനത്തോടെ തീർന്നിരിക്കുന്നു. He is an honest person, has a good sense of humour and is great to argue with; we both like Old Monk Rum; and while I often don't agree with his economics, he certainly has a good grasp of the subject". തീർന്നല്ലോ സംശയം. രണ്ടും വീശിയാണ്‌ കോർപ്പറേറ്റ്‌ ംലേച്ചനുമായുളള നമ്മുടെ ചർച്ച എന്നാരെങ്കിലും അർത്ഥമെടുക്കുന്നെങ്കിൽ അതവരുടെ ഇംഗ്ലീഷ്‌ പരിജ്ഞാനത്തിന്റെ കുറവുകൊണ്ടുമാത്രമായിരിക്കും.

പ്ലാസ്‌റ്റിക്‌ കുപ്പിയിൽ ചൂടുവെളളം പിടിച്ചപോലെയാണ്‌ ഭരണം മാറിയാലുളള ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. ഏത്‌ ഷേപ്പിലാണ്‌ വരികയെന്ന്‌ കണ്ടറിയണം. ജസ്വന്തും യശ്വന്തും കൂടി മൻമോഹനും കൂടി കണ്ടാൽ തിരിച്ചറിയാനാവാത്തവിധം മുഖം മാറ്റിയിരുന്നു. സംഘപരിവാർ വികൃതമാക്കിയ ആ മുഖമാണ്‌ ഇറക്കുമതി ചെയ്‌ത അത്യന്താധുനിക എഫ്‌.ഡി.ഐ പേറ്റന്റ്‌ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ സിങ്ങ്‌ പരിവാർ നേരെയാക്കാൻ ശ്രമിക്കുന്നത്‌.

സഖാക്കൾ അങ്ങോട്ട്‌ നോക്കുക. എങ്ങോട്ട്‌? നേരെ ചുകന്ന ചൈനയിലോട്ട്‌, അവിടെ വെളളം ചേർക്കാത്ത റം പോലെ പരിശുദ്ധ കമ്യൂണിസമാണ്‌. പടിഞ്ഞാറൻ ചൈനയിലെ യാങ്ങ്‌ട്‌സീ നദിക്കരയിലെ ചോങ്ങിംഗ്‌ എന്ന കടുംചുകപ്പാർന്ന പ്രദേശം ശ്രദ്ധിക്കുക. ലൈസൻസ്‌ ഫീസ്‌ നേർപകുതിയായും നിലവിലുളള ആയിരത്തോളം നിയമങ്ങൾ റദ്ദാക്കുകയും ചെയ്‌തിരിക്കുന്ന സുവർണദേശം. ആർക്കുവേണ്ടി? എല്ലാം വിദേശികൾക്കുവേണ്ടി. ആയുധം മാത്രം നിർമ്മിക്കരുത്‌ മറ്റെന്തുമുണ്ടാക്കാം. (വിപ്ലവകരമായ മാറ്റം സഖാക്കൾ ശ്രദ്ധിക്കുക. പണ്ട്‌ ഇത്‌ അച്‌ഛനെയും അമ്മയെയും ഒഴിച്ച്‌ എന്നായിരുന്നു). ആദ്യത്തെ രണ്ടുവർഷം ടാക്‌സ്‌ എന്ന സംഗതിതന്നെയില്ല. സ്ഥാപനത്തിന്‌ ഒരാഴ്‌ചക്കുളളിൽ അംഗീകാരം. അതുകൊണ്ട്‌ സഖാക്കളെ സിങ്ങ്‌പരിവാർ ഭരണം തന്നെയാണ്‌ യഥാർത്ഥ കമ്മ്യൂണിസം. നമ്മുടെ സിദ്ധാന്തം തന്നെ ഒരു വിദേശ നിക്ഷേപമായതുകൊണ്ട്‌ ഇനി പ്രത്യേകിച്ചൊരു പഠനത്തിന്റെ കാര്യവുമില്ല.

ഈ സംഗതി കേരളത്തിൽ മലയാളത്തിൽ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ തോമസ്‌ ഐസക്കുമുളളപ്പോൾ ഇനി തിരിഞ്ഞു നോക്കേണ്ടതില്ല. ഇതിനുമുൻപായി കോമൺ മിനിമം പ്രോഗ്രാമിന്റെ ഭാഗമായ ഒരു പൊറാട്ട്‌ നാടകം കൂടി ആകാവുന്നതേയുളളു.

പേറ്റന്റ്‌, വിദേശനിക്ഷേപം പോലുളള സംഗതികൾ നമ്മൾ നേരിട്ട്‌ വോട്ട്‌ ചെയ്യാതെ പാസാക്കുവാൻ ഒരു വഴി. പെൻഷൻ ഫണ്ട്‌ വിഷയാദി സകലമാന കാര്യങ്ങളിലും ഇത്‌ പരീക്ഷിക്കാവുന്നതേയുളളു. പെൻഷനും ശമ്പളവും എണ്ണിവാങ്ങുന്ന ഭൂലോക വിപ്ലവകാരികൾ ദൈവം സഹായിച്ച്‌ തൊഴിയല്ലാതെ തൊഴിലില്ലാത്ത കുട്ടിസഖാക്കളെ തെരുവിലിറക്കുക. ലെഫ്‌റ്റും റൈറ്റും കൂടി നിയന്ത്രിക്കുന്ന പോലീസുകാരെക്കൊണ്ട്‌ ലെഫ്‌റ്റ്‌റൈറ്റ്‌ ചാർത്തിക്കൊടുപ്പിക്കുക. നേതാക്കൾ സുഖചികിത്സക്കായി എണ്ണപ്പാത്തിയിൽ കിടക്കുമ്പോൾ അനുയായി നടുവൊടിഞ്ഞ്‌ കുറച്ചുനാൾ ഓവുചാലിൽ കിടക്കട്ടെ. താമസിയാതെ ഇതിന്റെ പേരിൽ സഭയിൽ നിന്നും ഇറങ്ങിപ്പോവുക. കയറിവരുമ്പോഴേക്കും സംഗതി പാസായിരിക്കും. ചെകുത്താന്റെ തന്ത-സംഘപരിവാരം അവിടെക്കാണുമല്ലോ.

‘തോണികടന്നാൽ തുഴകൊണ്ടെന്നൊരു

നാണിയമുണ്ടതുപോലെ സമസ്‌തം.’

ഈ നമ്പ്യാർ വചനം ഓവിൽ കിടക്കേണ്ടുന്നവർക്കായി സമർപ്പിക്കുന്നു.

നിത്യൻ


E-Mail: nithyankozhikode@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.