പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

സദ്ദാമിന്റെ കാശ്‌ സിങ്ങിന്റെ കീശ ഇടതിന്റെ മാനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മലേഖനം

നട്ടെല്ലുളളവൻ നാറിയാൽ പരമനാറി എന്നാണ്‌ പ്രമാണം. അത്‌ വല്ലപ്പോഴും സംഭവിക്കുന്ന ഒരത്ഭുത പ്രതിഭാസമാണ്‌. ഇന്ദ്രപ്രസ്ഥം അഥവാ കാപ്പിറ്റൽ സിറ്റി ഓഫ്‌ റേപ്പ്‌ പണ്ട്‌ അടക്കിവാണ്‌ ചരിത്രത്തിലിടം തേടിപ്പോയ എൻ.ഡി.എയുടെ അരുൺഷൂറിയാണ്‌ ഇത്‌ അടുത്തകാലത്തായി തെളിയിച്ചു കൊടുത്തിട്ടുളളത്‌. നട്ടെല്ല്‌ ജന്മനാ ഇല്ലാത്തവരും പിന്നീട്‌ അത്‌ പണയപ്പെടുത്തി ഊണുതരപ്പെടുത്തിയവരും നാറിയാൽ സാദാ നാറി എന്നാണറിയപ്പെടുക. സിങ്ങ്‌ ഒരു പടികൂടി മുന്നോട്ടുപോയി ഈ പ്രകൃതിനിയമങ്ങൾക്ക്‌ ഒരപവാദം സൃഷ്‌ടിച്ചു. നട്ടെല്ലില്ലാതെയും പരമനാറിപദം പ്രാപിക്കുവാൻ സാധിക്കുമെന്ന്‌ ഭംഗിയായി തെളിയിച്ചു. അത്ര നിർബന്ധമാണെങ്കിൽ വകുപ്പൊഴിയാം. രാജപദവിയെന്നപോലെ മന്ത്രിപദം നമ്മുടെ ജന്മാവകാശം.

എതിരുനിന്ന രാജാക്കൻമാരെയെല്ലാം ഒന്നൊന്നായി വെട്ടിനിരത്തിക്കൊണ്ടായിരുന്നു സായിപ്പിന്റെ പ്രയാണം. വീരപഴശ്ശിയെയും മാർത്താണ്ഡവർമ്മയെയും സാമൂതിരിയെയും ടിപ്പുവിനെയുമെല്ലാം നോക്കുക. നമ്മുടെ തടിയും കൊട്ടാരവും സമ്പത്തുമൊഴിച്ച്‌ ബാക്കിയെല്ലാം സായിപ്പേ അങ്ങേക്കുളളതാകുന്നു എന്നുപറഞ്ഞ രാജാക്കൻമാരെല്ലാം മന്ത്രിമാരായി പുനരവതരിക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. രാജഭരണകാലത്ത്‌ മന്ത്രിമാർക്ക്‌ രാജാക്കൻമാരായാൽ കൊളളാമെന്നായിരുന്നു. ജനാധിപത്യം വന്നപ്പോൾ രാജാക്കൻമാരെല്ലാം എന്തുവില കൊടുത്തും മന്ത്രിമാരായി തരംതാഴാൻ ക്യൂ നിന്ന അത്ഭുതകഥയാണ്‌ ഭാരതത്തിന്‌ പറയുവാനുളളത്‌.

കഴിഞ്ഞ എൻ.ഡി.എയുടെ ജുദേവന്റെയും ഇപ്പോഴത്തെ നട്‌വർസിംഗിന്റെയുമൊക്കെ രാജപാരമ്പര്യത്തിന്റെ ബാക്കിപത്രമായിരിക്കാം ഇതെല്ലാം എന്നു കരുതി സമാധാനിക്കുക. അധികാരം എന്ന വാളിന്റെ പിടിക്ക്‌ പേര്‌ ഉത്തരവാദിത്വമെന്നാണെന്ന്‌ ആരോ പറഞ്ഞുകേട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ നമുക്ക്‌ ഭാരതത്തിൽ അധികാരം തല്‌ക്കാലം പിടി ദ്രവിച്ചുപോയ ഒരു വാളായി കരുതി സമാധാനിക്കുകയേ രക്ഷയുളളൂ. തലപോയിട്ട്‌ മുടിവെട്ടുവാൻ കൂടി അതുകൊണ്ട്‌ കഴിയുകയില്ല. ഈ വാളും പിടിച്ച്‌ നട്‌വർസിംഗ്‌ കാവൽ നിന്നതാകട്ടെ രാജ്യത്തിന്റെ വിദേശകാര്യത്തിലും.

ഇന്ദിരാഗാന്ധിയുടെ മുന്നിൽ ഇരിക്കുവാൻ കടൽകിഴവൻമാർ തന്നെ ഭയന്നിരുന്ന കാലത്ത്‌ അവരുടെ മുഖത്തുനോക്കി മിസ്‌.ഗാന്ധി ഇന്ത്യൻ പാർലിമെന്റ്‌ എന്നത്‌ അഴിമതിക്കാരുടെ നരിമടയാണെന്ന്‌ പ്രഖ്യാപിക്കാൻ നാവിന്‌ ധൈര്യവും തൂലികക്ക്‌ ശേഷിയുമുണ്ടായിരുന്ന ഷൂറി അന്ന്‌ നേരിട്ടത്‌ ഒരേ സമയം അഞ്ഞൂറോളം കേസുകളായിരുന്നു. നമ്മൾ പിന്നീട്‌ ഷൂറിയെ കണ്ടത്‌ വിലമതിക്കാനാവാത്ത പൊതുമുതൽ സ്‌റ്റെർലൈറ്റ്‌ ഗ്രൂപ്പിന്‌ തൂക്കിവിൽക്കുന്നതാണ്‌. അമ്പതിനായിരം കോടിയിലേറെ ആസ്ഥിയുണ്ടെന്ന്‌ വിലയിരുത്തപ്പെട്ട ബാൽകോ അഞ്ഞൂറുകോടിക്ക്‌ സെബി കരിമ്പട്ടികയിൽ പെടുത്തിയ സ്‌റ്റെർലൈറ്റ്‌ ഗ്രൂപ്പിനുതന്നെ വിറ്റു. പാർലിമെന്റിലെ ഗർജ്ജിക്കുന്ന സിംഹങ്ങൾ അന്നേദിവസം നാലോരിയാണിട്ടത്‌ എന്നത്‌ ചരിത്രം.

നാവടക്കൂ പണിയെടുക്കൂ എന്ന്‌ മഹതി അലറിയപ്പോൾ വിറച്ചുപോയതും അവരുടെ കാര്യസ്ഥൻമാരെ കണ്ടപ്പോൾ മൂത്രം താനേ പോയതും കടലാസടച്ചു പൂട്ടാൻ പറഞ്ഞപ്പോൾ കമാ എന്നൊരക്ഷരം ഉരിയാടാതെ അടിയന്തിരാവസ്ഥ അവസാനിച്ചപ്പോൾ ‘അടിയന്തിരാവസ്ഥ അറബിക്കടലിൽ’ എന്ന്‌ മുഖപ്രസംഗം ചാർത്തിക്കൊടുക്കുകയും ചെയ്‌ത വിപ്ലവകാരികൾക്ക്‌ തീർച്ചയായും ശ്രമിച്ചാൽ ഇതിലും ഭാഗിയായി നാറാം. ഇന്ദിരക്കുമുന്നിൽ ഒറ്റയാൾപട്ടാളമായി പൊരുതിനിന്ന ഷൂറിയുമായി താരതമ്യം ചെയ്യുമ്പോൾ, അന്ന്‌ കൂടെക്കൂടി കേരളത്തിലെ ക്ഷുഭിത യൗവ്വനങ്ങളെ ഉരുട്ടിയും തല്ലിയും ചുട്ടും കൊല്ലാൻ കൂട്ടുനിന്ന വിപ്ലവകാരികൾക്ക്‌ ഒന്നുകൂടി ഭംഗിയായി നാറാം.

ഞണ്ട്‌ കിട്ടിയാലും കോഴി മിസ്സായാലും ഓരിയിടുക കുറുക്കന്റെ സ്വഭാവമാണ്‌. വയറുനിറഞ്ഞാലും പട്ടിയായാലും ഓരിക്ക്‌ മാത്രം ക്ഷാമമില്ല. ആലാപനശൈലിയിലും രാഗത്തിലുമുണ്ടാവുന്ന നേരിയമാറ്റം അത്ര കാര്യമാക്കേണ്ടതില്ല. ഇതാണ്‌ ഇന്ദ്രപ്രസ്ഥത്തിൽ ഇടതുപക്ഷം ഭംഗിയായി ചെയ്‌തുവരുന്നത്‌.

താനും മകനും നിരപരാധിയാണെന്ന്‌ പറഞ്ഞ സിംഗിന്റെ നാക്കുതന്നെയാണ്‌ ഇടതുപക്ഷം ഇക്കാര്യത്തിൽ മുഖ്യതെളിവായി സ്വീകരിച്ചിട്ടുളളതെന്ന്‌ തോന്നുന്നു. അങ്ങിനെയാണ്‌ വേണ്ടതും. കുറച്ചുകാലം മുമ്പ്‌ സിങ്ങിന്റെ ഈ പ്രിയപുത്രൻ സ്വന്തം ഭാര്യയെ തല്ലിക്കൊന്ന്‌ ഡൽഹിയിലെ ഒരു പഞ്ചനക്ഷത്രഹോട്ടലിന്റെ മുകളിൽനിന്ന്‌ ഗുണ്ടകളുടെ സഹായത്തോടുകൂടി താഴേക്ക്‌ വലിച്ചെറിഞ്ഞു. അച്ഛനും മകനും പറഞ്ഞു-ഈ പാപത്തിൽ ഞങ്ങൾക്ക്‌ പങ്കില്ല. അതു മുഖവിലക്കെടുത്തവർക്ക്‌ പിന്നീടൊന്നും അന്വേഷിക്കേണ്ടി വന്നില്ല. പാപത്തിൽ പങ്കുണ്ടെന്ന്‌ പ്രതി പറഞ്ഞാലല്ലേ അന്വേഷിക്കേണ്ടതുളളു. ആദ്യം പുറത്തേറ്റ മൂന്നു ബുളളറ്റുകളാണ്‌ മരണകാരണമെന്ന്‌ പറഞ്ഞ റിപ്പോർട്ട്‌ ഉടൻ മാറി. മുകളിൽ നിന്ന്‌ ചാടി ആത്മഹത്യ ചെയ്തതുകൊണ്ടാണ്‌ നടാഷാ സിങ്ങ്‌ മരിച്ചതെന്ന്‌ പോലീസുകാർക്ക്‌ താമസിയാതെ മനസ്സിലായി. സംഗതി ക്ലോസ്‌.

പണം വാങ്ങിയത്‌ വൻകിട കുത്തക ബൂർഷ്വാ രാഷ്‌ട്രനേതാക്കൻമാരിൽ നിന്നൊന്നുമല്ല, നല്ല അസ്സൽ സാമ്രാജ്യത്വ ഫാസിസ്‌റ്റ്‌ വിരുദ്ധ പുണ്യവാളൻ സദ്ദാം ഹുസൈനിൽ നിന്നായതുകൊണ്ട്‌ സാരമില്ല എന്ന നിലപാടിലാണ്‌ ഇടതുപക്ഷമെങ്കിൽ അവരെ കുറ്റം പറയാനൊക്കില്ല. ചോറിങ്ങും കൂറങ്ങും എന്നുളളതാണ്‌ നമ്മുടെ പ്രഖ്യാപിത നയം. വോട്ടുചെയ്‌ത്‌ ജനം മാനം മര്യാദയായി ജീവിക്കേണ്ട വകയുണ്ടാക്കിക്കൊടുത്തു. നമ്മളവിടെപ്പോയി ആർക്കെതിരെയാണോ നമ്മെ ജയിപ്പിച്ചത്‌ അവരുടെ ആട്ടും തുപ്പും ഏറ്റുവാങ്ങി നിരങ്ങുന്നു. നാലാളുടെ മുമ്പിൽ വച്ച്‌ കരണക്കുറ്റിക്കടിക്കുമ്പോൾ ബന്ധം വഷളാവുന്നതായി ജിഹ്വകൾ വഴി മാലോകരെ അറിയിക്കുന്നു. അന്ത്യശാസനം കൊടുക്കുന്നു. അത്‌ താമസിയാതെ അന്ത്യശ്വാസം വലിക്കുന്നു. ബന്ധം പൂർവ്വസ്ഥിതി പ്രാപിക്കുന്നു. ആട്ടുംതുപ്പും പൂർവ്വാധികം ഭംഗിയായി തുടരുന്നു. കരണക്കുറ്റി തിരിയുമ്പോൾ കവിളുകൾ കാട്ടിക്കൊടുക്കുന്നു.

സദ്ദാമിന്റെ പ്രതിമകൾ ഒന്നൊന്നായി സായിപ്പ്‌ വലിച്ചു താഴെയിടുമ്പോൾ ഇറാഖിൽ ഒരാഹ്ലാദപ്രകടനം നടന്നു. നടത്തിയത്‌ സായിപ്പോ കാപ്പിരിയോ ഒന്നുമല്ലായിരുന്നു. ആഹ്ലാദപ്രകടനം ആഹ്വാനം ചെയ്‌തത്‌ ഇറാഖ്‌ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയായിരുന്നു. അഭിവാദ്യമർപ്പിച്ചത്‌ യാങ്കികൾക്കായിരുന്നു. കാരണം കഴിഞ്ഞ ഇരുപത്തിയഞ്ച്‌ വർഷത്തിനിടക്ക്‌ പാർട്ടി പത്രം വെളിച്ചം കണ്ടത്‌ അന്നായിരുന്നു. സദ്ദാമിന്റെ സുവർണ കാലഘട്ടത്തിൽ വെളിയിലിറങ്ങി തിരിച്ചെത്തിയാൽ കമ്മ്യൂണിസ്‌റ്റുകാർ തലയിൽ കൈവച്ചു നോക്കുമായിരുന്നു. വേറൊന്നിനുമല്ല, തല തലസ്ഥാനത്തുതന്നെയുണ്ടോയെന്നറിയാൻ.

അങ്ങിനെ ഒരു സുപ്രഭാതത്തിൽ ബുഷിന്റെ അഹന്ത കാരണം സദ്ദാം വിമോചനപ്രസ്ഥാനങ്ങളുടെ പ്രതിരൂപമായി. മുസ്ലീങ്ങളുടെ വീരനായകനുമായി. നാല്‌ ജാതിവോട്ടു മാത്രം കണ്ട്‌ നാലാൾ കേൾക്കാൻ കൊളളാത്ത സംഗതി നാടുനീളെ വിളിച്ചു പറഞ്ഞുനടക്കുവാൻ മറ്റുളളവർക്കൊരു കാരണവുമായി.

ശരിയാവാം. വോൾക്കർ കളളനാകാം കളളന്‌ കഞ്ഞിവെച്ചവനാകാം. വോൾക്കറാണോ കഞ്ഞിവെച്ചത്‌ നട്‌വറാണോ കുടിച്ചത്‌ മാഡത്തിനാണോ വിളമ്പിക്കൊടുത്തത്‌ എന്നെല്ലാം നിലവിലുളള സംവിധാനം വച്ച്‌ അന്വേഷിച്ച്‌ കുറ്റവിമുക്തനാക്കുന്ന ഒരു പൊതുചടങ്ങുണ്ടല്ലോ ജനാധിപത്യത്തിൽ. ആ ചടങ്ങു കഴിയുന്നതുവരെ കാത്തുനില്‌ക്കാൻ തയ്യാറാവാതെ ഇടതുപക്ഷം വലതുപക്ഷത്തെത്തിപ്പോകരുത്‌.

നിത്യൻ


E-Mail: nithyankozhikode@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.