പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

സമ്പൂർണ്ണവിപ്ലവം അഥവാ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മലേഖനം

സകല തിൻമകളുടെയും പ്രസവവാർഡാണ്‌ കോൺഗ്രസ്സെങ്കിൽ അവിടം പത്തുപെറ്റ്‌ ധന്യമാക്കിയ മഹതികളായിരുന്നു പരിശുദ്ധപിതാവും പുത്രനും. തിൻമയുടെ ഒരൊറ്റ സന്തതിയും ഓപ്പറേഷനിൽ ചത്തുപോയ കേസില്ലാതെ സേവനം പൂർത്തിയാക്കിയ പേരുകേട്ട സർജൻമാരായിരുന്നു ഉമ്മനും തൊമ്മനും തൊട്ടുളള ആദർശവാദികൾ. അച്ചുതാനന്ദൻ പണ്ടു പറഞ്ഞ കളളനും കഞ്ഞിവെച്ച ഗണത്തിൽ പെട്ടവരും. ഇനി സ്വന്തമായൊരു ആശുപത്രിതന്നെ സ്ഥാപിച്ച്‌ മെച്ചപ്പെട്ട സേവനം കാഴ്‌ചവെക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്‌ പിതാവും പൈതലും.

സി.പി.എമ്മിനെ മറ്റു പാർട്ടികളിൽ നിന്നും വ്യത്യസ്‌തമാക്കുന്നത്‌ അതിന്റെ വിട്ടുവീഴ്‌ചയില്ലാത്ത ആദർശഭ്രമമാണ്‌. ഇന്ദുലേഖയെ പെണ്ണുകാണാൻപോയി ഇന്ദുലേഖയുടെ അമ്മയെക്കണ്ട്‌ ഭ്രമിച്ചുപോയ സൂരിനമ്പൂതിരിപ്പാടിന്റെ സ്ഥിതിയിലാണ്‌ പാർട്ടി.

മാർക്‌സിസ്‌റ്റു സരസ്വതിയോട്‌ നീതികാട്ടി ബൂർഷ്വാ മഹാലക്ഷ്‌മിയെ തളളണമെന്ന്‌ വരട്ടുതത്വവാദികളും മഹാലക്ഷ്‌മിയെ കുടിയിരുത്തി സരസ്വതിയെ കുടിയിറക്കിയാലും കുഴപ്പമില്ലെന്ന വാദവുമായി പ്രായോഗികാരാഷ്‌ട്രീയ വിശാരദൻമാരും. സൈദ്ധാന്തികരാഷ്‌ട്രീയവും പ്രായോഗിക രാഷ്‌ട്രീയവും തമ്മിലുളള സംവാദമാണ്‌. തത്വശാസ്‌ത്രത്തിന്റെ അറേബ്യൻ മണലാരണ്യത്തിൽ സൈദ്ധാന്തിക രാഷ്‌ട്രീയമെന്ന ഒട്ടകപ്പുറത്ത്‌ ഈന്തപ്പന തേടി നടത്തുന്ന യാത്രയാണ്‌ പ്രായോഗിക രാഷ്‌ട്രീയം.

എമ്മെൻ വിജയനും പിണറായി വിജയനും തമ്മിലുളള വ്യത്യാസം കിടക്കുന്നതവിടെയാണ്‌. മർക്കോസ്‌ പാടിയപോലെ ഈ യാത്ര തുടങ്ങിയതെവിടെനിന്നോ ഇനിയൊരു വിശ്രമമെവിടെച്ചെന്നോ എന്നത്‌ കണ്ടുതന്നെ അറിയണം. ആശയപരവും ആമാശയപരവുമായ ചർച്ച തുടർന്നുകൊണ്ടേയിരിക്കുകയാണ്‌. രമണനും മദനനും പോലെയാണിരുവരും. ആദർശത്തിന്റെ മണലാരണ്യത്തിൽ രമണൻ ചന്ദ്രികയെത്തേടിത്തേടി ഒടുങ്ങും. ചന്ദ്രികയെ കിട്ടിയില്ലെങ്കിൽ കിട്ടിയതിനെ ചന്ദ്രികയെന്ന്‌ കണക്കാക്കി മദനൻ കെട്ടിപ്പിടിച്ചുറങ്ങും.

അത്യാവശ്യം ചില്ലറ ഉപദേശി റോളുകളും നാലാൾ കേട്ടാൽ നിരക്കാത്ത സംഗതി നാല്‌പതാളുകൾക്ക്‌ മുന്നിൽ പറയുവാനുളള സ്വാതന്ത്ര്യവും അതിനൊരു വേദിയും കൊണ്ട്‌ സന്തുഷ്‌ടജീവിതം നയിക്കുന്നവരാണ്‌ വരട്ടുതത്വവാദികൾ. പറശ്ശിനിക്കടവിൽ രാഘവനെ വിഷപ്പാമ്പായി സങ്കല്പിച്ച്‌ കുറച്ച്‌ രാജവെമ്പാലകളെ വിപ്ലവഹവിസ്സിൽ ഹോമിച്ച്‌ നടത്തിയ യാഗത്തിനെ ബൂർഷ്വാപിശാചുക്കളിൽ നിന്നും രക്ഷിക്കുക. മനുഷ്യനോ പാമ്പിനോ കൂടുതൽ വില എന്ന്‌ പാമ്പുബുദ്ധിയിൽ ചോദിക്കുക. നേതാക്കൻമാരുടെ മക്കൾക്കുളള സൗകര്യങ്ങൾ മറ്റുളള കുട്ടികൾക്കും വേണമെന്നു പറഞ്ഞ്‌ സമരം ചെയ്‌ത കുട്ടികളുടെ നെഞ്ചത്ത്‌ ടാങ്ക്‌ കയറ്റിയപ്പോൾ പണ്ടേ കയറ്റേണ്ടതായിരുന്നു, അതൊരു പ്രതിവിപ്ലവമായിരുന്നു എന്ന്‌ വിപ്ലവക്കുറിപ്പിറക്കുക. ഇതൊക്കെയാണ്‌ വരട്ടുതത്വവാദികളുടെ ലക്ഷണങ്ങൾ.

വരട്ടുതത്വവാദികൾക്ക്‌ ഈന്തപ്പന പിടിക്കുകയില്ല. അക്കൂട്ടർ മരുഭൂമിയിൽ കടുംചായയും ദിനേശ്‌ബീഡിയും അന്വേഷിച്ച്‌ നടക്കും. മരുഭൂമിയിലെ മണൽക്കാറ്റിൽ തന്നെ ഒടുങ്ങും. പ്രായോഗിക രാഷ്‌ട്രീയക്കാരാകട്ടെ വരട്ടുതത്വവാദികളെ ഒട്ടകങ്ങളാക്കി അതിന്റെ മുകളിൽ കയറി ഈന്തപ്പന കണ്ടുപിടിക്കുന്നതുവരെ യാത്ര തുടരും. അതുകണ്ടുകഴിഞ്ഞാൽ ഒട്ടകത്തിന്റെ കഥയും കഴിഞ്ഞു. ലോകത്തിലെ ഏറ്റവും സ്വാദുളള ഇറച്ചി ഒട്ടകത്തിന്റേതാണെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. മരുഭൂമിയിലെ കപ്പലാണ്‌ ഒട്ടകമെങ്കിൽ ആദർശമരുഭൂമിയിലെ പടക്കപ്പലാണ്‌ വരട്ടുതത്വവാദികൾ. ചാവേറാകാനും മടി കാണിക്കുകയില്ല.

പ്രായോഗികരാഷ്‌ട്രീയം നടപ്പിലാക്കുവാൻ ചില ഉപകരണങ്ങളുണ്ട്‌. അടവുനയം എന്ന്‌ മൊത്തമായും അടവ്‌, നയം എന്നു ചില്ലറയായും അറിയപ്പെടുന്ന സംഗതി. കത്രികപോലെയാണ്‌ ഇത്‌ രൂപകല്‌പന ചെയ്യപ്പെട്ടിട്ടുളളത്‌. അടവ്‌ തെക്കോട്ടു നീങ്ങുമ്പോൾ നയം വടക്കോട്ട്‌ നീങ്ങും. താളാത്മകമായ ആ നീക്കത്തിൽ ആദർശത്തിന്റെ തല പടിഞ്ഞാറ്‌ അറബിക്കടലിൽ പതിക്കുകയാണ്‌ ചെയ്യുക. അത്തരം ഒന്നാംതരം അടവുനയങ്ങൾ പണ്ടുമുണ്ടായിരുന്നിട്ടുണ്ട്‌. വിമോചനസമരക്കാരോടൊപ്പവും അടവുനയത്തിന്റെ പേരിൽ സുബർക്കത്തിൽ കഴിഞ്ഞ മധുരിക്കും ഓർമ്മകൾ ഒരുപാടുണ്ട്‌.

ചിലപ്പോൾ വരട്ടുതത്വവാദികൾ അടവുനയത്തിനെതിരായും തിരിഞ്ഞുകളയും. അച്ചുതാനന്ദന്റെ രൂപത്തിലും പാലോളിയുടെ ഭാവത്തിലും അത്‌ കരുണാകരന്റെയും തോമസിന്റെയും ജാതകപരിശോധന നടത്തും. കരുണാകരൻ അടിയന്തരാവസ്ഥയെയും തോമസ്‌ സംഘപരിവാറുമായി ഒപ്പിച്ച അവിഹിതത്തെയും നാലാൾ കേൾക്കേ വിളിച്ചുപറഞ്ഞ്‌ മാപ്പപേക്ഷിക്കാൻ പറയും. പ്രായോഗികരാഷ്‌ട്രീയക്കാർ അവരുടെ മറുപടിക്കായി ഒരു മൂന്നുനാൾ കാത്തിരിക്കും. വിചാരിച്ച മറുപടി വരുന്നില്ലെങ്കിൽ അവർ ഉടൻ വരട്ടുതത്വവാദികളെ തളളി താഴെയിട്ട്‌ കരുണാകരനെയും തോമസിനെയും ആലിംഗനം ചെയ്യും. അനന്തരം വിപ്ലവകാരികൾ പാമോലിൻ രാഗത്തിൽ ഒരു കാച്ചുകാച്ചും. മറുപടി ലാവ്‌ലിൻ രാഗത്തിൽ വരുന്നുവെങ്കിൽ സംഗതി ശുഭം. ആദർശത്തിന്‌ ലാൽസലാം.

ഇനി വേറൊരു കൂട്ടരുണ്ട്‌. പരമയോഗ്യൻമാർ പരമഭാഗ്യവാൻമാർ. നാളിതുവരെയായി സ്വന്തം സ്ഥാനാർത്ഥിക്ക്‌ വോട്ട്‌ ചെയ്‌ത്‌ ശീലിച്ചിട്ടില്ലാത്തവർ. അടവുനയത്തിന്റെ കാര്യത്തിൽ സി.പി.എമ്മിൽ നിന്നും ഒരു പടികൂടി മുന്നോട്ടാവാനേ തരമുളളൂ. അവരുടെ അടവും നയവും ഒരേ ദിശയിലാണ്‌ സഞ്ചരിക്കുക. അതായത്‌ കത്രികകൊണ്ട്‌ ഉദ്ദേശിക്കുന്ന ഫലമല്ല ലഭിക്കുക. ഓരോ തിരഞ്ഞെടുപ്പ്‌ വരുമ്പോഴും അത്‌ തിരിച്ചുപിടിച്ച്‌ സ്വന്തം സ്ഥാനാർത്ഥിയുടെ നെഞ്ചത്ത്‌ പ്രയോഗിക്കും. ഇങ്ങിനെ ഹരാകിരി നടത്തുന്ന പരിവാരങ്ങൾ മൊത്തമായി സംഘപരിവാരം എന്നാണറിയപ്പെടുന്നത്‌. അവരുടെ ചിഹ്‌നത്തിനുമുണ്ട്‌ ചില്ലറ പ്രത്യേകതകൾ. ശുദ്ധജലത്തിൽ താമര വിരിഞ്ഞ ചരിത്രമില്ല. അതുകൊണ്ട്‌ സംഘപരിവാരമാകുന്ന ചളിക്കുണ്ടാണ്‌ ഏക പ്രതീക്ഷ.

അംഭോജാകര ബന്ധു ദിനേശനു, മംഭോജാര വൈരി ശശാങ്കനു... (താമരയുടെ ബന്ധു സൂര്യനും ശത്രു ചന്ദ്രനും) എന്ന്‌ കുഞ്ചൻ പാടിയത്‌ ഭാവിയിലെ ബി.ജെ.പി - ലീഗ്‌ ബന്ധത്തെ ദിവ്യദൃഷ്‌ടിയിൽ കണ്ടിട്ടാവാനാണ്‌ സാദ്ധ്യത. ജന്മനാ താമരയുടെ ശത്രുവാണ്‌ ചന്ദ്രൻ.

അപൂർവ്വം ചില നാളുകളിലാണ്‌ ലീഗിന്റെ ചന്ദ്രക്കലക്കൊടിയും ബി.ജെ.പിയുടെ താമരക്കൊടിയും ഇരുവടിയും ഒരൊറ്റക്കരളുമായി നിൽക്കുക. സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ തുടങ്ങി ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന പ്രതിഭാസങ്ങൾ സംഭവിക്കുമ്പോഴാണ്‌ കൊടിവടി നിറഭേദങ്ങൾ അപ്രത്യക്ഷമായി സ്വവർഗ്ഗപ്രേമത്തിന്റെ ലക്ഷണങ്ങൾ ഇവരിൽ പ്രകടമാവുക.

മഹത്തായ തത്വശാസ്‌ത്രങ്ങൾ വിദ്യുച്ഛക്തി പോലെയാണ്‌. മഹാൻമാരിലൂടെ അത്‌ കടത്തിവിടുമ്പോൾ ലോകം പ്രകാശമാനമാവുന്നു. അതു നാം കണ്ടു. ഹോചിമിനിലൂടെയും ഗാന്ധിജിയിലൂടെയും ചെഗുവേരയിലൂടെയും വിവേകാനന്ദനിലൂടെയും അത്‌ പ്രവഹിച്ചപ്പോൾ ലോകം പ്രകാശമാനമായി. ഇതേ വിദ്യുച്ഛക്തി ഇക്കാണുന്ന കോമരങ്ങളിലൂടെ കടത്തിവിടുന്നതിനാണ്‌ ഇനി നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്‌.

ഠേ!

ദയവായി ആരും ഭയക്കരുത്‌. നിലവാരമില്ലാത്ത നേതാക്കൻമാർ കരിക്കട്ടയായി രൂപാന്തരം പ്രാപിച്ചതാണ്‌. അടുത്ത തലമുറയിലെ പിളേളർ വളർന്നു വരുന്നതുവരേയ്‌ക്കും തത്‌ക്കാലം ജ്യോതിർമാ തമസോ ഗമയ.

നിത്യൻ


E-Mail: nithyankozhikode@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.