പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

വിഷുവിന്റെ സംഗീതം - ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി വിഷുസ്‌മരണകളെക്കുറിച്ച്‌....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു കെ.

അഭിമുഖം

നിറഞ്ഞ നന്മയുടെ ഐശ്വര്യത്തിന്റെ സമ്പൂർണ്ണതയുടെ പൊൻവെളിച്ചവുമായി മലയാളത്തിന്റെ സ്വന്തം പുതുവർഷപ്പുലരി എത്തുകയാണ്‌. സങ്കീർണ്ണഭരിതമായ ഈ കാലത്ത്‌ നിൽക്കുമ്പോഴും പ്രതീക്ഷാനിർഭരമായ നാളെയുടെ ഐശ്വര്യസമ്പൂർണ്ണമായ ഭാവികാലത്തിന്റെ നിറഞ്ഞ കാഴ്‌ചകളെക്കുറിച്ചുളള വർണ്ണാഭമായ സ്വപ്‌നങ്ങളാണ്‌ ഓരോ വിഷുപ്പുലരിയും നമുക്ക്‌ പകർന്ന്‌ നൽകുന്നത്‌, നമ്മെ അനുഭവിപ്പിക്കുന്നത്‌. പ്രശസ്തഗാനരചയിതാവും സംഗീതജ്ഞനുമായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി വിഷുവിന്റെ നന്മകളെക്കുറിച്ച്‌ സംസാരിക്കുകയാണ്‌.

“വിഷു ആഹ്ലാദത്തിന്റെ ഉത്സവമാണ്‌. ഐശ്വര്യത്തിന്റെ സമൃദ്ധിയുടെ ഒരു കാർഷികോത്സവമാണത്‌. സമൃദ്ധിയിലേക്കുളള ഒരു പൊട്ടിവിരിയലാണത്‌. മേടം ഒന്ന്‌ ഒരു രാശിചക്രത്തിന്റെ തുടക്കം കൂടിയാണ്‌. ആസാമിൽ വിഷുവിന്‌ സമാനമായ ബിഹു എന്നൊരാഘോഷമുണ്ട്‌.

പുതിയ ജീവിതത്തെക്കുറിച്ചുളള പ്രതീക്ഷകളാണ്‌ വിഷു സമ്മാനിക്കുന്നത്‌. വിഷുനാളിൽ മുത്തച്ഛൻ തലയിൽ കൈവച്ച്‌ ‘എല്ലാം നേരെയാകും, സർവ്വ ശ്രേയസ്സുകളുമുണ്ടാകും’ എന്ന്‌ ആശീർവദിക്കുമ്പോൾ എന്തു ദാരിദ്ര്യത്തിലായാലും ജീവിതത്തെ വളരെ ശുഭാപ്‌തിവിശ്വാസത്തോടെ സ്വീകരിക്കാനുളള ശക്തിയുണ്ടാകുന്നു. പ്രേരണയുണ്ടാകുന്നു. അങ്ങനെ വളരെ ആത്‌മവിശ്വാസമേകുന്ന ഒരു സന്ദേശമാണ്‌ വിഷു നൽകുന്നത്‌.”

ബാല്യത്തിന്റെ ഊഷ്‌മളകാലത്ത്‌ തന്റെ ഗ്രാമത്തിന്റെ പച്ചപ്പുകൾക്കിടയിൽ അനുഭവിച്ചറിഞ്ഞ വിഷുവിന്റെ സ്‌മരണകളിലെത്തുമ്പോൾ കൈതപ്രം വാചാലനാകുന്നു.

“വടക്കെ മലബാറുകാർക്ക്‌ ചെറുകുന്ന്‌ അമ്പലത്തിലെ വിഷുവിളക്കാണ്‌ പ്രധാനം. ചെറുകുന്ന്‌ അമ്പലത്തിൽ അന്നപൂർണ്ണേശ്വരിയാണ്‌. അന്നപൂർണ്ണേശ്വരിയെന്നാൽ ഭൂമീദേവി തന്നെ. വിഷു വിളവെടുപ്പിന്റെ, കൊയ്‌ത്തിന്റെ ഉത്സവമാണല്ലോ. പൊന്നുരുളിയും പൊൻചട്ടുകവുമായി അന്നപൂർണ്ണേശ്വരി വിളമ്പാനെത്തുന്നു എന്നാണ്‌ വിശ്വാസം.

വിഷുദിവസം രാവിലെ എഴുന്നേൽപ്പിച്ച്‌ കാലും മുഖവും കഴുകി അലക്കിയ വസ്‌ത്രം ധരിച്ച്‌ അമ്മ കണികാണാൻ കൊണ്ടുപോകും. നിലവിളക്കിന്റെ മുന്നിൽ ഇരുത്തി അമ്മ ചെവിയിൽ പ്രാർത്ഥന ചൊല്ലിത്തരും.

”ബലാവരി ബലാവരി

അഗ്രശാലമ്മേ

അന്നപൂർണ്ണേശ്വരീ

അന്നം കടാക്ഷിക്കണേ

വീഴാണ്ട്‌ പൊട്ടാണ്ട്‌ അന്തിയാക്കണേ

വീഴുമ്പോഴ്‌ കാക്കണേ..“

വിശന്ന്‌ പ്രാർത്ഥിക്കുന്നവന്റെ അരികിൽ പൊന്നുരുളിയും പൊൻചട്ടുകവുമായി അന്നം കടാക്ഷിക്കുവാൻ അന്നപൂർണ്ണേശ്വരീയോടുളള പ്രാർത്ഥന.

പിന്നെ അമ്മ കൺമുന്നിൽ പൊൻപണം വയ്‌ക്കും, കണി കണ്ട്‌ ഗുരുക്കന്മാരെയൊക്കെ വന്ദിച്ച്‌ നമസ്‌ക്കരിക്കും. വിഷു കൈനീട്ടം വാങ്ങും.”

അമ്മ ഓരോ ദിവസവും മാറ്റിവയ്‌ക്കുന്ന ഒരുപിടി അരി എടുത്ത്‌ അന്നപൂർണ്ണേശ്വരീ ക്ഷേത്രത്തിലേക്ക്‌ പോകും. വിഷുവിളക്കിന്‌ അന്നപൂർണ്ണേശ്വരി കടാക്ഷിക്കുന്ന അന്നം ഭക്ഷിക്കും.“

കൊയ്‌ത്തുപാട്ടിന്റെ ഈണമുളള വിഷുവിന്റെ സംഗീതത്തെക്കുറിച്ചും വിഷുപ്പക്ഷിയുടെ പാട്ടിനെക്കുറിച്ചും കൈതപ്രം പറഞ്ഞു.

”വിഷുപ്പക്ഷിയുടെ പാട്ട്‌ കേട്ടിട്ടില്ലേ? വിത്തും കൈക്കോട്ടും... വിത്തും കൈക്കോട്ടും.. അതിന്റെ താളം അങ്ങനെയാണ്‌. വിഷുപ്പക്ഷിയുടെ ആ പാട്ട്‌ കൊയ്‌ത്തുത്സവത്തിന്റെ ഓർമ്മപ്പെടുത്തലാണ്‌. പിന്നെ കൊയ്‌ത്തുപ്പാട്ടിന്റെ ഈണങ്ങൾ, തോറ്റം പാട്ടുകൾ... എല്ലാം എന്നെ സംബന്ധിച്ചിടത്തോളം വിഷുവിന്റെ സംഗീതം തന്നെ.“

വിഷുവിന്റെ എല്ലാ ആചാരങ്ങളും നന്മനിറഞ്ഞ ഒരു സംസ്‌കാരത്തിന്റെ അനുഭൂതിദായകമായ ഓർമ്മകളെയാണ്‌ ബാക്കിവയ്‌ക്കുന്നത്‌. പുതിയ തലമുറയ്‌ക്ക്‌ ഇത്തരം നന്മകൾ ഒക്കെയും നഷ്‌ടപ്പെട്ടു പോകുന്നുവെന്ന ഉത്‌ക്കണ്‌ഠ അദ്ദേഹത്തിനുണ്ട്‌.

”ഇത്തരം നന്മകളെക്കുറിച്ച്‌ പുതിയ തലമുറയ്‌ക്ക്‌ അറിയുമോ എന്നുതന്നെ സംശയമാണ്‌. വിഷുവിന്റെ ആചാരങ്ങളൊക്കെ ഒരു ആഹ്ലാദകരമായ അനുഭൂതിയാണ്‌ നൽകുന്നത്‌. ചെമ്പകപ്പൂവിന്റെ ഗന്ധം, തുളസിയുടെ ഗന്ധം, മന്ത്രങ്ങളുടെ ദാനം, പൂക്കളുടെ വർണ്ണം, പടക്കം വിതറുന്ന വർണ്ണപ്പൊലിമകൾ...

വിഷു വിശപ്പുമായി ബന്ധപ്പെട്ട ഒന്നാണ്‌. കൊയ്‌ത്തും കൊയ്‌ത്തുത്സവവും വിശന്നവനാണ്‌ ഏറ്റവും സന്തോഷകരം.

ഇന്ന്‌ വിശപ്പുമാറി. പക്ഷേ പൂർണ്ണമായ സംതൃപ്‌തി ഉണ്ടാകുന്നുണ്ടോ? എന്തുകൊണ്ട്‌? എന്ന്‌ ലോകത്ത്‌ നിലനിൽക്കുന്ന പൂർണ്ണത ഉപരിപ്ലവം മാത്രമാണ്‌. ആത്മാവിന്റെ വിശപ്പ്‌ മാറുന്നില്ല. പണ്ട്‌ ആത്മാവിന്റെ വിശപ്പ്‌ മാറ്റുവാൻ ഒരുപാട്‌ മാർഗ്ഗങ്ങളുണ്ടായിരുന്നു. സംഗീതം, കല... അന്ന്‌ വയറിന്റെ വിശപ്പായിരുന്നു പ്രശ്‌നം. പക്ഷേ ഇന്ന്‌ ആത്മസംതൃപ്തി നൽകുവാൻ ഒന്നിനും കഴിയുന്നില്ല.

വിഷുപോലുളള ഉത്സവങ്ങൾ അത്തരം പൂർണ്ണതയാണ്‌ പകർന്ന്‌ നൽകുന്നത്‌.

പ്രതീക്ഷാഭരിതമായ, ആഹ്ലാദനിർഭരമായ ഭാവിയിലേക്കാണ്‌ വിഷു നമ്മെ നയിക്കുന്നത്‌. ഇന്നത്തെ മാധൃമങ്ങളും മറ്റും അശുഭാപ്തി പടർത്തുന്ന കാര്യങ്ങളാണ്‌ നൽകുന്നത്‌.

നന്മയുടെ, സ്‌നേഹത്തിന്റെ സന്ദേശങ്ങളോതുന്ന സംഗീതവും കലയുമൊക്കെ പ്രാദേശിക കോളങ്ങളിലും മറ്റും ഒതുക്കപ്പെടുന്നു. ശുഭാപ്തിദായകങ്ങളായ അറിവുകളും സന്ദേശങ്ങളും തിരസ്‌ക്കരിക്കപ്പെടുന്നു.

ഈ വിഷുപ്പുലരിയിൽ ശുഭാപ്തിദായകമായ ഒരു നാളയെക്കുറിച്ച്‌ ചിന്തിക്കാൻ നമുക്ക്‌ കഴിയട്ടെ എന്ന്‌ ഞാൻ ആശംസിക്കുന്നു.“

ഭൂതകാലത്തിന്റെ സമ്പന്നമായ സാംസ്‌കാരികത്തനിമയുടെ നന്മകളിൽ ആർജ്ജവം കൊണ്ട്‌ വർത്തമാനത്തിന്റെ സംഘർഷങ്ങളെയെല്ലാം മറികടക്കുംവിധം പ്രതീക്ഷാനിർഭരമായ ഒരു ഭാവിയുടെ പൊൻവെളിച്ചത്തിലേക്ക്‌ ഈ വിഷുപ്പുലരിയിൽ നമുക്ക്‌ കണ്ണുതുറക്കാം.

ബിജു കെ.

കുന്നോത്ത്‌, ചുഴലി. പി.ഒ., തളിപ്പറമ്പ്‌ വഴി, കണ്ണൂർ - 670141


Phone: 04602260800
E-Mail: biju_tempest@yahoo.co.in




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.