പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

“അരങ്ങ്‌ അമ്മയുടെ മടിത്തട്ട്‌....” സതീഷ്‌ കെ.സതീഷ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഗോപിക പ്രതാപൻ

സതീഷ്‌ കെ.സതീഷ്‌... മലയാള നാടകവേദിയിൽ ഒട്ടേറെ പരീഷണങ്ങൾക്ക്‌ മുതിർന്ന ഒരാൾ. ജാടകളുടെ നാടകങ്ങൾക്കപ്പുറത്ത്‌ മനുഷ്യന്റെ, ലോകത്തിന്റെ പ്രശ്‌നങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ നാടകക്കാരന്റെ അനുഭവങ്ങൾ വളരെ വലുതാണ്‌. നാടകത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിച്ച ഒരാൾ എന്നു പറയുകയാവും ശരി. ഒരു നിയോഗം പോലെ അരങ്ങിനെ അമ്മയുടെ മടിത്തട്ടായി കണ്ട്‌ സതീഷ്‌ കുറിച്ചിട്ട നാടകങ്ങൾ മലയാള നാടകവേദിയുടെ കരുത്താണ്‌.

* നാടകത്തിലേക്കുളള വരവ്‌?

നാടകലോകത്തേയ്‌ക്ക്‌ വളരെ യാദൃശ്ചികമായാണ്‌ ഞാൻ വന്നത്‌. ആദ്യം കഥകളെഴുതിയാണ്‌ തുടങ്ങിയത്‌. സ്‌കൂൾ യുവജനോത്സവങ്ങളിൽ ചില കഥകൾ സമ്മാനാർഹമായി. വീട്ടിലെ സാഹചര്യങ്ങൾ എന്നിലെ എഴുത്തുകാരനെ വളർത്താൻ ഉതകുന്ന ഒന്നായിരുന്നില്ല. സ്വഭാവികമായി കഥയെഴുത്തൊക്കെ വിസ്‌മരിക്കപ്പെട്ടു. പിന്നീട്‌ എന്നിലെ എഴുത്തുകാരൻ ഉണർന്നത്‌ എഴുപതുകളിലായിരുന്നു. കോഴിക്കോടൊക്കെ സാംസ്‌കാരികവേദി സജീവമായിരുന്ന കാലം. ഞാൻ അവരുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തുടങ്ങി. ജോയ്‌ മാത്യു, മധുമാഷ്‌ എന്നിവരുടെ നിർബന്ധത്താൽ ചില സ്‌കൂൾ നാടകങ്ങളെഴുതി. പലർക്കുമത്‌ ഇഷ്‌ടമാവുകയും അതിലെ പുതുമകളെപ്പറ്റി അഭിപ്രായം പറയുകയും ചെയ്‌തു. അന്ന്‌ എഴുതിയതെല്ലാം യാദൃശ്ചികമായിട്ടാണ്‌. അല്ലാതെ, അതിനുമുൻപ്‌ എനിക്ക്‌ തീയറ്ററുമായി യാതൊരു പരിചയവുമില്ലായിരുന്നു. അന്നത്തെ കേരളീയ ഗ്രാമങ്ങൾ അമേച്ച്വർ നാടകസംഘങ്ങളാൽ സജീവമായിരുന്നു. ഞങ്ങളുടെ നാട്ടിലും ഒട്ടേറെ നാടക റിഹേഴ്‌സലുകൾ നടക്കുമായിരുന്നു. വൃത്തിയായ കൈയ്യക്ഷരം ഉളളതുകൊണ്ടായിരിക്കണം, സ്‌ക്രിപ്‌റ്റ്‌ പകർത്തിയെഴുതാനും പ്രോംറ്റ്‌ ചെയ്യാനും അവരൊക്കെ എന്ന കൂട്ടി. പിന്നീടുണ്ടായ രാഷ്‌ട്രീയബോധവും മറ്റും തീയറ്ററിനെ ഗൗരവത്തോടെ കാണാൻ സഹായിച്ചു. ആ സമയത്താണ്‌ ‘അമ്മ’ ‘നാട്ടുഗദ്ദിക’ തുടങ്ങിയ നാടകങ്ങൾ കേരളത്തെ ഇളക്കിമറിക്കുന്നത്‌. ചുളളിക്കാടും മറ്റും കോഴിക്കോട്‌ എത്തി കവിതകൾ ചൊല്ലുന്നത്‌ ഏതാണ്ട്‌ ഈ സമയത്താണ്‌. അങ്ങിനെ കുറെ എരിയുന്ന യൗവ്വനങ്ങൾ കോഴിക്കോട്‌ ഉണ്ടായി. പിന്നീട്‌ ഞാൻ നാടകത്തെ, തീവ്രതയോടുകൂടിതന്നെ ജീവിതമായെടുത്തു.

* എഴുപതുകളിലെ പല യൗവ്വനങ്ങളും പിന്നീട്‌ ആത്മഹത്യയിലേയ്‌ക്ക്‌ തിരിയുകയുണ്ടായി. താങ്കളുടെ ജീവിതം ഇത്തരമൊരു അവസ്ഥയെ അനുഭവിച്ചിട്ടുണ്ടോ?

പലപ്പോഴും ശിവകരനെപ്പോലെ, സുരാസുവിനെപ്പോലെ ആത്മഹത്യ ചെയ്യപ്പെടേണ്ടവനായിരുന്നു ഞാൻ. ജീവിക്കാൻ വേണ്ടി നാടകലോകത്തിൽ നിരന്തരം ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുണ്ട്‌. ഇപ്പോഴും ആത്മഹത്യകൾ ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. നാടകത്തെ സ്‌നേഹിക്കുമ്പോഴും ജീവിതം വലിയൊരു ബാധ്യതയായി നില്‌ക്കുമ്പോൾ, നാടകത്തിൽ നിന്നും ആത്മഹത്യ ചെയ്‌ത്‌ ബാംഗ്ലൂരിൽ ഒരു തുന്നൽപ്പണിക്കാരനായി മാറി. ഇതിനിടയിൽ കോഴിക്കോട്‌ ഒരു ചെറിയ തുണിക്കട നടത്തി ഭീകരമായി പരാജയം ഏറ്റുവാങ്ങി.... അവിടുന്ന്‌ വീണ്ടും ബാംഗ്ലൂരിൽ. ഓരോ സമയവും ഞാൻ നാടകത്തെ പൂർണ്ണമായി ഉപേക്ഷിച്ചാണ്‌ ഓരോ തൊഴിൽ തേടിപ്പോയത്‌... പക്ഷെ വീണ്ടും നാടകം എന്നിൽ നിറയുകയായിരുന്നു. ബാംഗ്ലൂരിൽ നിന്ന്‌ എല്ലാം വിട്ടെറിഞ്ഞ്‌ വന്നപ്പോഴാണ്‌ “ഗ്രീൻ റൂം” എന്ന നാടകം എഴുതിയത്‌. ഇങ്ങനെ നാടകത്തിൽ നിരന്തരം ജനനമരണങ്ങൾ അനുഭവിച്ച ഒരുവനാണ്‌ ഞാൻ. ഇതിനിടയിലാണ്‌ ഗുഹനും ശിവകരനും താജും ഒക്കെ ആത്മഹത്യ ചെയ്യുന്നത്‌. ഒടുവിൽ ബാലേട്ടനും(സുരാസു) എന്തിന്‌ ഷെൽവിയുമൊക്കെ ആത്മഹത്യയിൽ അഭയം തേടുമ്പോൾ എങ്ങിനെയോ അതിജീവിക്കപ്പെട്ടവനായി മാറുകയായിരുന്നു ചിലർ. അതിലൊരാൾ ഞാനും. എന്റെ ജീവിതത്തിൽ എല്ലാം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ്‌ ഇവരുടെ ആത്മഹത്യകൾ നടക്കുന്നത്‌. അതുണ്ടാക്കിയ ആഘാതങ്ങൾ പറഞ്ഞറിയിക്കുക വയ്യ. ആയിടയ്‌ക്കാണ്‌ ‘സത്യശീലൻ സത്യം പറയുന്നു’ എന്ന നാടകം എഴുതിയത്‌. അതുവായിച്ച്‌ എന്റെ സുഹൃത്ത്‌ ആ നാടകത്തിന്റെ പേരുമാറ്റി ‘സതീശൻ സത്യം പറയുന്നു’ എന്നാക്കി. ആ നാടകത്തിൽ സതീശൻ ഒടുവിൽ ആത്മഹത്യ ചെയ്യുകയാണ്‌. എന്റെ ആത്മകഥാംശം ആ നാടകത്തിൽ ഉണ്ട്‌ എന്നു പറഞ്ഞാണ്‌ സുഹൃത്ത്‌ സത്യശീലനുപകരം സതീശൻ എന്നാക്കിയത്‌. ജീവിതത്തിൽ ചെയ്യാനാകാത്ത ഒരാത്മഹത്യ ഞാൻ നാടകത്തിലൂടെ നടത്തി എന്നു വേണമെങ്കിൽ പറയാം.

അക്കാലത്ത്‌ ഒരുപാട്‌ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഒരു നിലനില്പില്ലാത്ത അവസ്ഥ. പഠനം ശരിയായില്ല, വീട്ടുകാർക്ക്‌ ബാധ്യതയായി, എവിടെയോ പിഴച്ചുപോയ ചിന്തകൾ, തൊട്ടതെല്ലാം നശിക്കുന്ന അവസ്ഥ. ആയിടയ്‌ക്കാണ്‌ കലാഷാർജയുടെ നാടക അവാർഡ്‌ ലഭിക്കുന്നത്‌. ‘സതീശൻ സത്യം പറയുന്നു’ എന്ന നാടകത്തിനായിരുന്നു അവാർഡ്‌. നാടകം കണ്ട്‌ ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌ എനിക്കൊരു കത്തെഴുതി. ചുരുങ്ങിയ വരികൾ മാത്രം. “സതീഷ്‌ നാടകം കണ്ടു, വായിച്ചു. അഭിനന്ദനങ്ങൾ... ആത്മഹത്യ ചെയ്യാത്ത താജായ്‌...?‘ ഈ ചോദ്യചിഹ്‌നം എന്നെ വളരെ കൊളുത്തിപ്പിടിച്ചു. ഇപ്പോഴും പിടിച്ചു നില്‌​‍്‌ക്കുന്നത്‌ തീയറ്ററിന്റെ കരുത്തുകൊണ്ടാണ്‌.

* അരങ്ങ്‌ അമ്മയുടെ മടിത്തട്ട്‌ പോലെയാണ്‌ എന്ന്‌ പലപ്പോഴും താങ്കൾ സൂചിപ്പിക്കുന്നുണ്ട്‌...?

എന്റെ ബാല്യം ഏറെ കഷ്‌ടപ്പാടുകളുടേതായിരുന്നു. അച്‌ഛന്റെ മരണശേഷം ഞങ്ങളെ ഏറെ കഷ്‌ടപ്പെട്ടാണ്‌ അമ്മ വളർത്തിയത്‌. ആ അമ്മയുടെ സ്‌നേഹം പോലെയാണ്‌ അരങ്ങ്‌ എനിക്ക്‌ സ്‌നേഹം തന്നത്‌. ഒരു നാടകത്തിന്റെ വളർച്ചയിൽ, അതിന്റെ റിഹേഴ്‌സലിന്റെ ഇടയിൽ ഒരു സ്‌നേഹത്തിന്റെ വലിയ കൂട്ടായ്‌മ ഉണ്ടാകാറുണ്ട്‌. എന്തിന്‌ നാം സംസാരിക്കുന്ന ഈ ബന്ധംപോലും തീയറ്ററിന്റേതാണ്‌. കെ.ടി.മുഹമ്മദ്‌ പലപ്പോഴും പറയുമായിരുന്നു, നാടകം സ്‌നേഹത്തിന്റെ കലയാണെന്ന്‌. സ്‌നേഹത്തിനുവേണ്ടി കലഹിക്കുന്ന കല. ലോകത്തിൽ നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുന്ന സ്‌നേഹത്തെ തിരിച്ചുകൊണ്ടുവരാനുളള ചെറുത്തുനില്‌പാണ്‌ എന്നെ നാടകക്കാരനാക്കുന്നത്‌.

എങ്കിലും തീയറ്ററിലും ചില വ്യത്യാസങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. ഓരോ നാടകക്കാരനും ഓരോ തുരുത്തുകളാകുന്നു. സ്‌നേഹത്തിന്റെ ഈ കല വിദ്വേഷത്തിന്റേതാകുന്നു. നാടകത്തിന്‌ ഇന്ന്‌ മത്സരവേദികളെയുളളൂ. നാടകം മത്സരിക്കാനുള ഉൽപ്പന്നമാകുമ്പോൾ, പരസ്പരം സ്‌നേഹിക്കേണ്ടവർ ശത്രുക്കളായി മാറുന്നു. ആരോഗ്യകരമല്ലാത്ത മത്സരങ്ങൾ നാടകത്തെ വല്ലാതെ ബാധിക്കുന്നുണ്ട്‌. ആരോഗ്യകരമായ വിമർശനങ്ങളല്ലാതെ തീയറ്ററിൽ സ്‌പെഷ്യൽ ഈഗോസ്‌ വേണ്ട. അല്ലെങ്കിൽ അമ്മയുടെ മടിത്തട്ടിന്റെ ഊഷ്‌മളത നഷ്‌ടമാകും.

* ഒരു സജീവ നാടകകാരനെന്ന നിലയിൽ മലയാളിയുടെ തീയറ്റർ കൾച്ചർ എന്താണെന്ന്‌ മനസ്സിലാക്കിയിട്ടുണ്ടോ?

ഇന്ന്‌ ലോകതീയറ്റർ ഏറെ മുന്നോട്ടുപോയെങ്കിലും മലയാളി നൂറുവർഷം പിന്നിലാണ്‌. ഇതിന്റെ പ്രധാന പ്രശ്‌നം കെ.പി.എ.സി നമുക്കു നല്‌കിയ ഇടുങ്ങിയ ഒരു ചതുരത്തിൽനിന്നും നമ്മുടെ നാടകങ്ങൾക്ക്‌ പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ല.

കെ.പി.എ.സി നമുക്ക്‌ തന്നത്‌ ഒരു നല്ല തീയറ്റർ കൾച്ചർ അല്ല. സെന്റിമെൻസും, പ്രണയവും, കോമഡിയും ചേർത്ത ഒരു തമിഴ്‌നാടകരീതി മാത്രമാണ്‌ ഇവർ നമുക്ക്‌ നല്‌കിയത്‌. അതിൽ കുറച്ചു രാഷ്‌ട്രീയം കലർത്തിയെന്നു മാത്രം. പിന്നീട്‌ ജനകീയ സാംസ്‌കാരികവേദി സജീവമായപ്പോഴാണ്‌ കാമ്പുളള പൊളിറ്റിക്കലായ നാടകങ്ങൾ വരുന്നത്‌. ഇത്‌ എഴുപതുകളിലാണ്‌ സംഭവിച്ചത്‌. പിന്നീട്‌ ’തനത്‌‘ എന്നു പറഞ്ഞ്‌ ശ്രീകണ്‌ഠൻനായരും, കാവാലവും മലയാള നാടകവേദിയെ അന്വേഷിച്ചു. നല്ലൊരു തുടക്കമായിരുന്നെങ്കിലും, കാവാലം അടക്കമുളളവർ നാടകത്തിലൂടെ നമുക്ക്‌ തന്നത്‌ ഒരു തെറ്റായ നാടോടി പാരമ്പര്യമാണ്‌. അതായത്‌ നാടോടി പാരമ്പര്യത്തെക്കുറിച്ച്‌ തെറ്റായ ധാരണയും, കുറെ കളളനാണയവുമാണ്‌ ഇവർ നല്‌കിയത്‌. ഇത്‌ നമ്മുടെ നാടകമല്ല. തനത്‌ നാടകവേദിക്ക്‌ ജനകീയ ബന്ധമില്ല. ’അവനവൻ കടമ്പ‘യിലൊക്കെ ആശാന്റെ കിരണങ്ങൾ കാണാമെങ്കിലും പിന്നീടു വന്നതൊക്കെ ഒന്നിന്റെ അനുകരണങ്ങൾ മാത്രം. ’കർണഭാര‘വും ’കരിങ്കുട്ടി‘യും ഒരേ പാറ്റേണിലാണ്‌ ഇവർ അവതരിപ്പിച്ചത്‌.

കോഴിക്കോടും മറ്റും നടന്ന ജനകീയ വിചാരണകൾ നല്ല നാടകങ്ങളായി കാണാവുന്നതാണ്‌. ഒരിക്കൽ അഴിമതിക്കാരെ ജനകീയ വിചാരണ ചെയ്യുന്നത്‌ കണ്ടപ്പോൾ ഇതാണ്‌ യഥാർത്ഥ പ്രതികരിക്കുന്ന നാടകമെന്നാണ്‌ സുരാസു അഭിപ്രായപ്പെട്ടത്‌.

* നാടകരചനയ്‌ക്കിടയിൽ താങ്കൾ പ്രയോഗിക്കുന്ന രീതികൾ.... എഴുത്തിന്റെ വ്യത്യസ്തത...?

എവിടെയെങ്കിലും വച്ചായിരിക്കും ഒരു വിഷയം നമ്മെ കൊളുത്തിപ്പിടിക്കുക. അത്‌ ഏതു രീതിയിൽ പറയണം എന്ന്‌ കുറെ ഹോംവർക്ക്‌ ചെയ്യും. ഞാൻ രചനകളിൽ കൊണ്ടുവരുന്ന പുതുമകൾ സ്‌ക്രിപ്‌റ്റിൽ ചില സൂചനകൾ മാത്രമായിരിക്കും. ഒരു സംവിധായകന്‌ അതിൽനിന്നും മാറിപ്പോകാം.

എന്റെ പ്രസിദ്ധീകരിക്കപ്പെട്ട മിക്ക രചനകളും ഞാൻ തന്നെയാണ്‌ സംവിധാനം ചെയ്തത്‌. ഒരു നാടകസ്‌ക്രിപ്‌റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌, അനുയോജ്യമാക്കുന്നത്‌ നാടകത്തിന്റെ രംഗഭാഷ വൃത്തിയായി എഴുതിയാണ്‌. നാം സ്‌ക്രിപ്‌റ്റിൽ എഴുതുന്നതൊന്നും നാടകാവതരണത്തിന്‌ വേണ്ടിവരില്ല. സ്‌ക്രിപ്‌റ്റ്‌ ഒരു സാധ്യത മാത്രമാണ്‌. നിരന്തര പ്രക്രിയയിലൂടെയാണ്‌ നാടകം പൂർണമാകുന്നത്‌. ഇതിൽ സംവിധായകന്റെ നിലപാടുകൾവരെ വെട്ടിമാറ്റപ്പെടാറുണ്ട്‌. അതുകൊണ്ട്‌ നാടകം എന്നത്‌ സംവിധായകന്റെയോ നാടകകൃത്തിന്റെയോ കല എന്നതിനപ്പുറം ആത്മാർത്ഥതയുളള ഒരു സംഘത്തിന്റെ കലയാണ്‌. ഇപ്പോൾ നല്ല നാടകങ്ങൾ ഇല്ലാത്തതിനു കാരണം നല്ല സംഘങ്ങൾ, കൂട്ടായ്‌മകൾ ഇല്ലാത്തതുകൊണ്ടുതന്നെയാണ്‌.

* മലയാള നാടകവേദി പുതിയകാല പ്രശ്‌നങ്ങൾ ചർച്ചചെയ്യാറുണ്ടോ?

ഇന്ന്‌ ഏറെ ചർച്ച ചെയ്യപ്പെടുന്ന പല പ്രശ്‌നങ്ങളും മറ്റ്‌ സാഹിത്യരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നതുപോലെ നാടകത്തിൽ ഉപയോഗിക്കുന്നില്ല. ലെസ്‌ബിയനിസം, സ്‌ത്രീവാദം, ദളിത പ്രശ്‌നങ്ങൾ എന്നിവ പുതിയ കോണിലൂടെ കാണുവാനുളള ചില ശ്രമങ്ങൾ ഇല്ലാതില്ല. ശാന്തകുമാറിനെപ്പോലെയുളള ചിലർ ഇത്തരം പ്രശ്‌നങ്ങൾ നാടകത്തിലൂടെ അടയാളപ്പെടുത്തുവാൻ ശ്രമിക്കുന്നുണ്ട്‌. ലെസ്‌ബിയനിസത്തെപ്പറ്റി ശാന്തനെഴുതിയ നാടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നെ കോഴിക്കോട്‌ ബംഗ്ലാദേശ്‌ കോളനിയിലെ ലൈംഗികതൊഴിലാളികളെക്കുറിച്ച്‌ ചെയ്‌ത ’ഒറ്റ രാത്രിയുടെ കാമുകിമാർ‘ എന്ന നാടകവും ഏറെ ചർച്ച ചെയ്യപ്പെട്ടു. അതിൽ അഭിനയിച്ചതും ഒരു ലൈംഗികത്തൊഴിലാളിയായിരുന്നു. കേരളത്തിൽ ചില ഒറ്റപ്പെട്ട ശ്രമങ്ങൾ ഇത്തരം വിഷയങ്ങളിൽ നടക്കുന്നുണ്ട്‌.

* ഒരു നാടകക്കാരനെ മലയാളി എങ്ങിനെ കാണുന്നു?

മാധവിക്കുട്ടി ഒരിക്കൽ പറഞ്ഞു. ”ഇന്ത്യയിൽ ഒരാൾ ഞാൻ ഒരു എഴുത്തുകാരനാണ്‌, അല്ലെങ്കിൽ തീയറ്റർ പേഴ്‌സനാണ്‌ എന്നു പറയുമ്പോൾ- അടുത്ത ചോദ്യം എന്താണ്‌ നിങ്ങളുടെ ജോലി എന്നായിരിക്കും.“ മാധവിക്കുട്ടി എഴുത്തുകാരെ ഇതിൽ ഉൾപ്പെടുത്തിയെങ്കിലും അവരേക്കാൾ ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്നത്‌ നാടകക്കാരനാണ്‌. നാടകക്കാരനെ ഒരു പ്രൊഫഷണലായി കാണുവാൻ ആരും കൂട്ടാക്കുന്നില്ല. എന്താണ്‌ ജോലി എന്ന്‌ എന്നോട്‌ ചോദിച്ചാൽ നാടകക്കാരനാണ്‌ എന്നായിരിക്കും ഞാൻ മറുപടി പറയുക. ഇത്‌ കേൾക്കുമ്പോൾ എല്ലാവർക്കും പുച്ഛമാണ്‌. കുറച്ചൊക്കെ അംഗീകാരം കിട്ടിയതുകൊണ്ടാണ്‌ ഞാൻ ഈ സമൂഹത്തിൽ ഇങ്ങനെയെങ്കിലും പിടിച്ചുനില്‌ക്കുന്നത്‌. സമൂഹത്തിന്റെ അഴുക്കുകളെ കുടഞ്ഞു കളഞ്ഞ, കഴുകി വെടുപ്പാക്കിയ ഏറ്റവും വലിയ കലയാണ്‌ നാടകം. എന്നിട്ടും നാടകക്കാരന്‌ ഇവിടെ എക്കാലത്തും ഒരയിത്തമുണ്ട്‌.

ഇതുകൊണ്ടൊക്കെതന്നെ, നാടകത്തെ രക്ഷിക്കാനെന്ന പേരിൽ ചർച്ചകൾ എന്ന കുറെ നിലവിളികൾ മാത്രമെ ഉയരുന്നുളളൂ. ഒരു നല്ല തീയറ്റർ ക്രിറ്റിക്ക്‌ നമുക്കില്ല. ശക്തമായ വിമർശനങ്ങൾ അടയാളപ്പെടുത്താൻ നിരൂപകർ ഉണ്ടാകണം. കേരളത്തിന്റെ നല്ല നാടകങ്ങൾ കളക്‌ട്‌ ചെയ്യപ്പെടുകയും ഓർമ്മിക്കപ്പെടുകയും ചെയ്യണം.

ഗോപിക പ്രതാപൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.