പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

വിനയപൂർവ്വം വിനയൻ....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുമിത്ര സത്യൻ

(പ്രസിദ്ധ സിനിമ സംവിധായകൻ വിനയനുമായുളള അഭിമുഖം)

“ഇന്നെടുക്കരുത്‌; അമ്മയ്‌ക്ക്‌ മരുന്നു വാങ്ങാനുളളതാ....” അതൊരു തിരിച്ചറിവായിരുന്നു. വെറും യാചനയ്‌ക്കപ്പുറം ഒരു ഏഴുവയസ്സുകാരന്റെ ഉളളകം പൊളളിക്കുന്ന തിരിച്ചറിവ്‌. ചെല്ലപ്പന്റെ വാക്കുകൾ, തിളച്ച എണ്ണപോലെ ആ ഏഴു വയസ്സുകാരന്റെ ഉളളിലിറ്റു വീണു പൊളളി. വർഷങ്ങൾക്കുശേഷം ചെല്ലപ്പന്റെ സങ്കടം സെല്ലുലോയ്‌ഡിൽ അയാൾ പകർത്തി. സിനിമയ്‌ക്കപ്പുറം വാസന്തി വിവാദമായി പുകഞ്ഞപ്പോഴും വിനയൻ എന്ന കുട്ടനാട്ടുകാരന്‌ തീരെ സങ്കടം തോന്നിയില്ല. ചാരിതാർത്ഥ്യമായിരുന്നു ആ മനസ്സു നിറയെ. ചെല്ലപ്പന്റെ സങ്കടം വർഷങ്ങൾക്കിപ്പുറം മിഴിവോടെ പകർത്താനായതിന്റെ സന്തോഷം.

വർഷങ്ങൾക്ക്‌ മുമ്പാണത്‌. ഒരു കുട്ടനാടൻ ഉൾഗ്രാമമാണ്‌ പശ്ചാത്തലം. വയലും വരമ്പും വെയിൽ ചായുന്ന തെങ്ങോലയും സംഗീതം പൊഴിക്കുന്ന കിളിനാദവും കണ്ണെത്താദൂരത്തായി പരന്ന്‌ കിടക്കുന്ന പച്ചപ്പാർന്ന പുൽപ്പാടവും. ഗ്രാമഹൃദയത്തിന്റെ ഈ ഉളളറകളിലെവിടെയോ ഇരുന്നാണ്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ ഒരു ഏഴ്‌ വയസ്സുകാരൻ തന്റെ അന്ധനായ സുഹൃത്തിന്‌ സ്‌നേഹം പകർന്നിരുന്നത്‌.

*****************************************************************

കൂട്ടുകാരോടൊത്തുളള പളളിക്കൂടം യാത്ര. അവർ അഞ്ചാറുപേരടങ്ങുന്ന സംഘമാണ്‌. വീടിന്‌ ചെറിയൊരകലത്താണ്‌ പളളിക്കൂടം. നമ്മുടെയീ ബാലനും പരിവാരങ്ങളുമടങ്ങുന്ന സംഘവും വീട്‌ വിട്ടിറങ്ങി വഴിവക്കിലെത്തുമ്പോൾ ഒന്നു നിൽക്കും; അവരുടെ ചെല്ലപ്പനെ കാണാൻ. കണ്ണില്ലെങ്കിലും മനക്കണ്ണുകൊണ്ട്‌ അവനെയൊരുപാട്‌ സ്‌നേഹിക്കാൻ കഴിയുന്ന ചെല്ലപ്പൻ. ചെല്ലപ്പന്‌ ദൈവം നൽകിയ മറ്റൊരു വരദാനമുണ്ട്‌. സ്വരമാധുരി. അവന്റെ പാട്ട്‌ കേൾക്കാൻ പരിസരവാസികൾ ആലിൻചുവട്ടിലെത്തും. അവർ, നാണയത്തുട്ടുകളിടും. അവന്റെ അമ്മയ്‌ക്കും അനുജത്തിക്കും വേണ്ടി കരുതിവെക്കുന്ന സ്‌നേഹമാണിത്‌. അതിലൊരു പങ്ക്‌ തന്റെ ബാലസുഹൃത്തിനായി അവൻ കരുതിവെയ്‌ക്കും. അവൻ സ്‌കൂളിൽ പോരുന്ന വഴിയ്‌ക്ക്‌ ആലിൻചുവട്ടിലെത്തുമ്പോൾ ഒരു മിഠായി. നാരങ്ങാമിഠായി. അതിന്‌ മധുരത്തെക്കാളേറെ സ്‌നേഹരുചിയാണ്‌. ചെല്ലപ്പൻ കാണാതെ ചിലപ്പോഴെല്ലാം ഈ സംഘം തൂവാലയിൽ നിന്നും നാണയത്തുട്ടുകളെടുക്കാറുണ്ട്‌. ഒരിക്കൽ നാണയമെടുത്തപ്പോൾ ചെല്ലപ്പൻ അവന്റെ കൈ കടന്നുപിടിച്ച്‌ പറഞ്ഞു. “ഇന്നെടുക്കരുത്‌; അമ്മയ്‌ക്ക്‌ മരുന്നു വാങ്ങാനുളളതാ...”

*****************************************************************

ഇന്ന്‌, സംവിധായകൻ വിനയൻ എന്ന പേരുതന്നെ മലയാള സിനിമയുടെ വിസ്മയചിത്രങ്ങളുടെ അപരനാമമായി മാറിയിരിക്കുന്നു. ഈ സംവിധായക പ്രതിഭയുടെ ഹൃദയത്തിന്റെ വാതിൽ ഇവിടെ തുറക്കുകയാണ്‌....

* ‘സംവിധാനം വിനയൻ’ - ഇത്‌ തന്നെ ഒരു പോപ്പുലാരിറ്റി&സെൻസേഷൻഷിപ്പായി മാറിയിരിക്കുകയാണിപ്പോൾ. ഈ പരിണാമ രഹസ്യമെന്തെന്ന്‌ പറയാമോ?

ചലച്ചിത്രരംഗത്ത്‌ ഒരു അസിസ്‌റ്റന്റായിപോലും ജോലി പരിചയമൊന്നുമില്ലാത്ത ഒരാളായിരുന്നു ഞാൻ. എന്നാലും ‘സിനിമാലോകം’ എനിക്ക്‌ ചെറുപ്പത്തിലെ കൗതുകമുളള ഒന്നായിരുന്നു. മനസ്സിലെ ഗുരുക്കന്മാർ ഭരതേട്ടനും പത്മരാജനുമായിരുന്നു. എത്രയോ മോഹമുണ്ടായിട്ടും എനിക്ക്‌ സിനിമാലോകത്ത്‌ ഒരു ചുവടുവെയ്പെന്ന്‌ പറയാൻ ഒരു അസിസ്‌റ്റന്റാകാൻ കൂടി കഴിയാത്ത ഞാൻ ഈ നിലയിലേക്കിങ്ങനെ മാറിയെന്ന്‌ പറഞ്ഞാൽ ഒരുപക്ഷേ വിശ്വസനീയമെന്ന്‌ നിങ്ങൾക്ക്‌ തോന്നില്ലായിരിക്കാം. ഇങ്ങനെ പറയുമ്പോൾ, അതിലഹങ്കാരത്തിന്റെ ധ്വനിയുണ്ടെന്ന്‌ ധരിക്കരുത്‌. കാരണം, ഒരു സാധാരണ കുടുംബപശ്ചാത്തലത്തിൽ നിന്നെത്തിയ ആളാണ്‌ ഞാൻ. അതിന്റെ പരിമിതികളും ഇല്ലായ്‌മകളും തൊട്ടറിഞ്ഞ്‌ വളർന്നതാണെന്റെ ബാല്യം. ആ ബാല്യകാലത്തിന്റെ ഓർമ്മകളെല്ലാമെന്റെ ഇന്നുകളിൽ അഭ്രപാളിയിലേയ്‌ക്ക്‌ കുടിയേറുകയാണോ എന്ന്‌ ഞാൻ ചിന്തിക്കാറുണ്ട്‌. മനസ്സിൽ ഉൽക്കടമായി കിടന്ന ആഗ്രഹങ്ങൾ, ആശങ്കകൾ, മോഹങ്ങൾ, മോഹഭംഗങ്ങൾ എല്ലാം ഇവയിത്രയ്‌ക്ക്‌ തീക്ഷ്‌ണമായിരുന്നുവോ എന്നുപോലും ഞാൻ ചിന്തിച്ചു പോവാറുണ്ട്‌.

ഇലക്‌ട്രിസിറ്റി ബോർഡിൽ ആയിരുന്നു ജോലി. ആ ജോലി തുടരാൻ എനിക്ക്‌ കഴിഞ്ഞില്ല. ‘സിനിമാഭ്രമം’ തലയിൽ കയറി തുടങ്ങിയതുതന്നെ കാരണം. എന്നാലുമെനിക്കറിയാം ഒന്നുമറിയാതെ സിനിമാപോലുളള മഹാമേരുവിൽ എത്തിപ്പെടാൻ വെറുതെയൊന്നുമില്ലാത്തവന്‌ സാധ്യമല്ലെന്ന്‌. അങ്ങനെ, റിസ്‌ക്‌ എടുക്കാൻ തന്നെ തയ്യാറായി ഞാൻ. ഒന്നുകിൽ ജോലിയും അസ്വസ്ഥമായ ജീവിതവും. അല്ലെങ്കിൽ സിനിമയും ഇഷ്‌ടജീവിതവും. അവസാനം രണ്ടാമത്തേതിൽ തന്നെ ഉറച്ചുനിന്നു. പിന്നെ, ഒരാളോട്‌ മാത്രമേ അനുവാദം ആവശ്യപ്പെട്ടുളളു. ഭാര്യ നീനയോട്‌. ജീവിതം കൈവിട്ട്‌ പോയാലും ഒപ്പം നിൽക്കാൻ നീയുണ്ടാവുമോ എന്ന്‌ ഞാൻ ചോദിച്ചു. ‘ഉവ്വ്‌’ എന്നായിരുന്നു മറുപടി. പിന്നെ, മറ്റൊരു ധൈര്യവും എനിക്കുണ്ടായിരുന്നു. എന്തെങ്കിലും കാരണവശാൽ സിനിമയിൽ തകർച്ച നേരിട്ടാൽ പിടിച്ചു നിൽക്കാൻ ആ പഴയ ഉദ്യോഗക്കസേര ഉണ്ടാവുമെന്ന ധൈര്യം. അങ്ങനെ ഒരു യാത്ര പുറപ്പെട്ടു. സിനിമയിലേയ്‌ക്കുളള യാത്ര....

സത്യത്തിൽ, ഒരർത്ഥത്തിൽ പറഞ്ഞാൽ ജീവിതത്തിലെടുക്കുന്ന ചില റിസ്‌കുകൾ ത്രില്ലാണ്‌. നല്ലതാണ്‌ പരിക്കുകളില്ലെങ്കിൽ. പക്ഷെ പരിക്കുകളുണ്ടായാലും പിടിച്ചു നിൽക്കാനുളള കെൽപ്പ്‌ ഉണ്ടാവണം. അപ്പോൾ ആ റിസ്‌കുകൾ കാലാന്തരത്തിൽ വിജയമായി പരിണമിക്കും. കഠിനാദ്ധ്വാനത്താൽ പരിണമിപ്പിക്കണം.

ഈ റിസ്‌ക്‌ മനോഭാവം ഇല്ലായിരുന്നുവെങ്കിൽ കലാഭവൻ മണിയെപോലുളള ഒരു നടനെവച്ച്‌ സാധാരണ ഒരു കഥ പറയാനോ അതൊരു സംഭവകഥയാക്കി മാറ്റാനോ ആവില്ലായിരുന്നു. ഒരുപാട്‌ പേർ പറഞ്ഞു. ഈ ശ്രമം പാഴാകുമെന്ന്‌. നല്ലതാവുമെന്ന്‌ പറഞ്ഞവരും ഉണ്ട്‌. വളരെ വിരളമായിരുന്നു. പക്ഷേ, ഞാൻ പറഞ്ഞില്ലേ ഈ റിസ്‌ക്‌, അതാണെന്റെ ഫോർമുല. ഷോട്ടുകളുടെ ടെക്‌നിക്‌ കാണിച്ച്‌ ജഗപൊക സൃഷ്‌ടിക്കുന്ന സിനിമ മാത്രമല്ല വിനയൻ സിനിമ. അതിന്‌ സാധാരണക്കാരന്റെ ഗന്ധവും മനസ്സും ഉണ്ട്‌. അവന്റെ നൊമ്പരങ്ങളും നുറുങ്ങ്‌ സുഖങ്ങളും അതിലുണ്ട്‌. കരുമാടിക്കുട്ടൻ- ഒരു സാധാരണ ചെറുപ്പക്കാരന്റെ കഥയാണത്‌. ആകാശഗംഗ- പഴയ തറവാടും പശ്ചാത്തലവും ഉളള കേരളീയ സംസ്‌ക്കാരത്തിന്റെ ഒരേട്‌ അതിലുണ്ട്‌. ഇപ്പോൾ പ്രദർശനം ചെയ്‌ത്‌ കൊണ്ടിരിക്കുന്ന വെളളിനക്ഷത്രവും അതുപോലൊന്നാണ്‌. ഇതൊക്കെയാണെങ്കിലും ഇടയ്‌ക്കുവെച്ചൊരു ബ്രേക്ക്‌ ചെയ്യേണ്ടിവന്നു എനിക്ക്‌. വികലാംഗരുടെ മാത്രം കഥകൾ പറയുന്നുവെന്ന ഒരു കമന്റും കിട്ടി. പക്ഷേ ‘ഇൻഡിപെന്റനൻസ്‌ ഡേ’യോ, ‘രാക്ഷസരാജാവോ’, ‘ഊമപെണ്ണിന്‌ ഉരിയാടാ പയ്യനോ’, ദാദാ സാഹിബോ‘ കണ്ടവർ അത്തരമൊരു കമന്റ്‌ പറയുമെന്നു തോന്നുന്നില്ല.

കാക്കപോളകളുടെ അഭംഗിയും ചീഞ്ഞഴുകുന്ന ചീർത്ത തോടുകളും മഴവെളളം നിറഞ്ഞ്‌ പരന്നൊഴുകുന്ന വയൽവരമ്പുകളുടെ നേർമ്മയും ഇന്നുമെന്നെ അസ്വസ്ഥമാക്കുന്നവയാണ്‌.

നായർ തറവാടുകളുടെ കഥ പറയുന്നിടത്ത്‌ വിനയൻ വാചാലനാകുന്നുവെന്ന്‌ പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. അതിലാണെന്റെ സിനിമ, അതാണെന്റെ ശൈലി, നിങ്ങൾ പറയുംപോലെ ’ടച്ച്‌‘.

* സംവിധാനം കൂടാതെ കവിതാരചനയും വശമാണല്ലോ? ഇത്‌ ഇപ്പോൾ പ്രയോജനപ്പെടുന്നുണ്ടെന്ന്‌ തോന്നുന്നുണ്ടോ?

’വിനയൻ അമ്പലപ്പുഴ‘ എന്ന പേരിൽ ഞാൻ വർഷങ്ങൾക്ക്‌ മുമ്പ്‌ കവിതകൾ എഴുതിയിരുന്നു. ഇന്നും ’കവിത‘ എനിക്ക്‌ ഇഷ്‌ടപ്പെട്ട ഒന്നാണ്‌. പക്ഷേ, സിനിമയിൽ ഇത്തരമൊരു സെൻസിബിലിറ്റി&സർഗ്ഗാത്മകത ദോഷമേ ചെയ്യൂ. സിനിമയിൽ വേഗതയ്‌ക്കാണ്‌ പ്രാധാന്യം. മണിക്കൂറിൽ 130 വാക്കാണ്‌ വേഗത. കവിത ഇതിനൊരു നെഗറ്റീവാകും. പക്ഷേ ഒരു ക്യാരക്‌ടർ മോഡ്യൂൾ ചെയ്തെടുക്കുമ്പോഴോ ഒരു പശ്ചാത്തല സംഗീതമൊരുക്കുമ്പോഴോ കവിതാകമ്പം മറ്റൊരു തലത്തിലെന്നെ ദൃശ്യാവിഷ്‌ക്കാര സൗന്ദര്യാവബോധത്തിന്‌ സാധ്യമാക്കുന്നു. കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും മറ്റൊരുതരത്തിൽ നിന്നാസ്വദിക്കാനും കവിതാകമ്പം സഹായിക്കാറുണ്ട്‌.

* ബാല്യം, വിദ്യാഭ്യാസം, ഗൃഹപാഠങ്ങൾ - കുട്ടിക്കാലം?

കുട്ടനാട്ടിലെ പുതുക്കരിയാണ്‌ ജന്മസ്ഥലം. ഇടവത്തിലെ പൂയം നാളിലായിരുന്നത്‌. നല്ല മഴയുളള സമയത്ത്‌. പമ്പയാറിന്റെ തീരത്താണ്‌ കോയിപ്പുറം വീട്‌. അച്‌ഛൻ ഗോവിന്ദക്കുറുപ്പ്‌ ഇടത്തരം കർഷകനായിരുന്നു. അമ്മ ഭാരതിയമ്മ. ഞാൻ എസ്‌.എസ്‌.എൽ.സിയ്‌ക്ക്‌ പഠിക്കുന്നതുവരെ ഞങ്ങളുടെ ഗ്രാമത്തിൽ കറന്റ്‌ വന്നിട്ടില്ലായിരുന്നു. പറ്റാവുന്ന സമയങ്ങളിൽ അതൊരുപക്ഷേ, സ്‌കൂളിൽ പോകുമ്പോഴോ സായാഹ്ന യാത്രയിലോ ആവാം ഗ്രാമഭംഗി ആസ്വദിക്കുന്ന പ്രകൃതമായിരുന്നെന്റേത്‌. മഴക്കാലത്ത്‌ പമ്പയാർ കലങ്ങിമറിയുന്നതും ചെങ്കൽകൃഷി വഴിപാകിയ കുന്നുകളും നോക്കിയിരിക്കാറുണ്ട്‌. ഞങ്ങളുടെ വീട്‌ ഓലമേഞ്ഞതായിരുന്നു. ഗ്രാമവാസികളായ സുഹൃത്തുക്കൾ. 18 വയസ്സിൽ അച്ഛനും 19ൽ അമ്മയും മരിച്ചു. കോളേജ്‌ പഠനത്തിനായി എസ്‌.ഡിയിൽ ചേർന്നു. കാർമ്മൽ പോളിടെക്‌നിക്കിൽ നിന്നും ഡിപ്ലോമ. ആലപ്പുഴ ഇലക്‌ട്രിസിറ്റി ബോർഡിൽ സബ്ബ്‌ എൻജിനീയറായി ജോലി. തുടർന്ന്‌ വിവാഹം. നീനയെ വിവാഹം കഴിച്ചതും ഒരു അറേഞ്ചഡ്‌ മാരേജിലൂടെയാണ്‌.

* ആദ്യ സിനിമ?

സിനിമാരംഗത്തേക്ക്‌ രംഗപ്രവേശനം ചെയ്തത്‌ ’ആലിലക്കുരുവികൾ‘ എന്ന സിനിമയിലെ പ്രൊഡ്യൂസറിന്റെ മേലങ്കിയണിഞ്ഞായിരുന്നു. 1990-ൽ. എസ്‌.എൽ.പുരം ആനന്ദായിരുന്നു അസിസ്‌റ്റന്റ്‌ ഡയറക്‌ടർ. ആദ്യ സംവിധാനസിനിമ - ’സൂപ്പർ സ്‌റ്റാർ‘ ആയിരുന്നു. ആലിലക്കുരുവികളിലെ അഭിനേതാക്കൾ ശോഭന, സുരേഷ്‌ ഗോപി തുടങ്ങിയവരായിരുന്നു. കോളജ്‌ തലത്തിലും മറ്റും കഥയെഴുതുന്ന സ്വഭാവമുളള എനിക്ക്‌ പറ്റിയ മേഖല സിനിമ തന്നെയാണെന്ന്‌ മനസ്സിലാക്കാൻ സാധിച്ചതാണ്‌ ആ സിനിമ.

* പ്രണയം വളരെ മൃദുലമായൊരു സാന്നിധ്യമാണ്‌ വിനയൻ ചിത്രങ്ങളിൽ. സ്വന്തം ജീവിതത്തിലും സങ്കൽപ്പത്തിലുമുളള പ്രണയം പറയാമോ?

ഇന്ന്‌ ചുറ്റും, കാമ്പസ്സുകളിലുൾപ്പെടെ കാണാവുന്നത്‌ ഉപരിവിപ്ലവമായ പ്രണയ സങ്കൽപ്പങ്ങളും അതിനോടനുബന്ധിച്ചുളള സ്‌നേഹസല്ലാപങ്ങളും മാത്രമാണ്‌. അതിനർത്ഥം ആത്മാർത്ഥതയുടെ മുഖം തീരെയില്ലെന്നല്ല. എന്റെ പ്രണയം - ചുട്ടുപൊളളുന്ന തീക്കനൽ പോലെയുളളതാണ്‌. അത്‌ മനസ്സിനടിത്തട്ടിൽ നിന്നാണുത്ഭവിക്കുന്നത്‌. ഒരു പ്രവാഹംപോലെ. ’വാസന്തിയും ലക്ഷ്‌മി‘യുമില്ലേ- ലക്ഷ്‌മിയുടെയും രാമുവിന്റെയും പ്രണയം. രാമുവിന്റെ ശബ്‌ദം കേട്ടാൽ ആ സാന്നിധ്യം തിരിച്ചറിയുന്ന കാമുകി-അവരുടെ സ്‌നേഹത്തിന്‌ ഭാഷകളില്ല; അലങ്കാരങ്ങളില്ല; പക്വവും തീവ്രവുമായതാണ്‌ എന്റെ പ്രണയ സങ്കല്പം.

* ’അമ്മ‘യിലെ പ്രതിസന്ധികൾ?

നിങ്ങൾക്കെല്ലാം അറിയുമോ എന്നറിയില്ല. ഇൻഡസ്‌ട്രിയൽ സിനിമയുടെ അണിയറ പ്രവർത്തകരായ ഒരുപാടാളുകൾ സിനിമയെന്ന മഹാവിസ്‌മയത്തിന്റെ പൊലിമയും നീറ്റലും തിരിച്ചറിഞ്ഞിട്ടുളളവരാണ്‌. സെറ്റിൽ ചായ കൊടുക്കുന്ന ബോയ്‌ മുതൽ ഡയറക്‌ടർ വരെ നീളുന്നു ഈ നിര. സിനിമയോടുളള അഭിനിവേശമാണവരെ ഇതിനോട്‌ ചേർന്ന്‌ നിൽക്കാൻ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. സിനിമയുടെ അണിയറ പ്രവർത്തനങ്ങളുമായി 24 മണിക്കൂറും പ്രവർത്തന നിരതരായിരിക്കുന്ന ഇവരാണ്‌ സത്യത്തിൽ ഈ ’മഹാവിസ്‌മയ‘ത്തിന്റെ അവിഭാജ്യഘടകങ്ങൾ.

ഇന്ന്‌, താരമൂല്യത്തിനും താരജാടയ്‌ക്കും വിലവെക്കുന്ന നിർമ്മാതാക്കളും സംവിധായകരുമാണ്‌ ഏറെയും. ഒരു പരിധിവരെ താരങ്ങൾക്ക്‌ നമ്മൾ പരിഗണന നൽകണം. അതിനപ്പുറം അവരെ മുഴുപ്പിച്ച്‌ നിർത്തേണ്ട ആവശ്യമുണ്ടോ? താരങ്ങൾക്ക്‌ വേണ്ടതിലധികം മൂല്യവും പരിഗണനയും നൽകി വിധേയരാകുന്ന അവസ്ഥയാണിന്ന്‌. വിധേയത്വം കീപ്പ്‌ ചെയ്യുന്നവരാണ്‌ ഏറെപേരും. മോഹൻലാലും മമ്മൂട്ടിയും പറഞ്ഞാലതിനപ്പുറം എതിർത്ത്‌ പറയുന്ന സംവിധായകർ ഉണ്ടോ? കാരണം-താരങ്ങൾക്ക്‌ കഥ മെനഞ്ഞെടുത്ത്‌, അവർ അനുയോജ്യമായ രീതിയിൽ പാത്രസംവിധാനം നടത്തി സിനിമ ചെയ്തിരുന്ന ഒരുകൂട്ടം സംവിധായകവൃന്ദങ്ങളുണ്ട്‌. ഇന്നും ആ വിഭാഗം നിലനിൽക്കുന്നുണ്ട്‌. അവരാണ്‌ ഒരുപക്ഷേ താരങ്ങളെത്തന്നെ നശിപ്പിക്കുന്നതെന്ന്‌ പറയാം. അവരുടെ (താരങ്ങളുടെ) കഴിവിനെ പരമാവധി പ്രയോജനപ്പെടുത്താനും അവരുടെ കഴിവുകളെ എന്നപോലെ കഴിവുകേടുകളെയും ഉൾക്കൊണ്ട്‌ ആ വ്യക്തിത്വത്തെ ഉന്നതതലത്തിലെത്തിക്കാനും സംവിധായകന്‌ കഴിയണം. അല്ലാത്തപക്ഷം, താരത്തിന്റെ പ്രതിഭ പകുതിവച്ച്‌ അഹങ്കാരത്തിന്റെ മഹാഗോപുരത്തിലിരുന്ന്‌ മുരടിച്ചുപോകുന്ന കാഴ്‌ചയാണ്‌ നാം കാണേണ്ടി വരിക.

ഈ മാറ്റം തമിഴിൽ കണ്ടു തുടങ്ങിയിട്ടുണ്ട്‌. ഞാനിപ്പോൾ ചെയ്യുന്ന ’സത്യം‘ എന്ന സിനിമ അത്തരമൊരു ഗണത്തിൽ പെടുത്താവുന്നതാണ്‌. സാധാരണക്കാരനായ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ കഥയാണിത്‌. വളരെ സാധാരണനിലയിൽ നിന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥനായി തീർന്ന ഒരാളാണ്‌ ഇതിലെ നായകൻ. തൊഴിലിൽ സത്യസന്ധനായിരുന്നതിനാൽ സ്വന്തം വകുപ്പിൽ നിന്നുതന്നെ എതിരാളികൾ ഉണ്ടാകുന്നു.

ഏതു തൊഴിലിനും അതിന്റേതായ ഗുണമേന്മകളും കോട്ടങ്ങളും ഉണ്ട്‌. തൊഴിലിൽ പൂർണ്ണമായി ആത്മാർത്ഥത കാണിക്കുന്നവനെ കാലം ഓർമ്മിക്കും. ’സത്യ‘ത്തിലെ നായകൻ സജീവ്‌കുമാറിനെ അവതരിപ്പിക്കുന്നത്‌ പൃഥ്വിരാജാണ്‌. ഓണം റിലീസ്‌ പ്രതീക്ഷിക്കുന്ന ചിത്രമാണിത്‌.

ഓണത്തിന്റെ ഗൃഹാതുരത പേറുന്ന മലയാളിക്ക്‌ ’സത്യം‘ തീർത്തും വേറിട്ടൊരു അനുഭവമായിരിക്കും. കാരണം, നാം പ്രതീക്ഷിക്കുന്ന ’നാളെ‘ അതിലുണ്ട്‌. കാല്പനികതയുടെ അതിലോലത ഇവിടെയില്ല...

വിനയൻ പറഞ്ഞ്‌ നിർത്തിയിടത്ത്‌ നിന്ന്‌ തുടങ്ങാൻ ഉറപ്പിച്ച്‌ ഞാനും എഴുന്നേറ്റു. വാസന്തിയും ലക്ഷ്‌മിയും, കരുമാടിക്കുട്ടനും, ഊമപ്പെണ്ണും ഉരിയാടപ്പയ്യനുമെല്ലാം മിന്നി തെളിഞ്ഞ ആ സെല്ലുലോയ്‌ഡ്‌ ’കൃഷ്ണകാന്തം‘ ഇപ്പോൾ ’സത്യ‘ത്തിന്റെ ഘടികാര സൂചിയിലെത്തിയിരിക്കുമ്പോൾ വിനയനിലേയ്‌ക്കുളള പ്രയാണത്തിന്റെ മദ്ധ്യസ്ഥായി ആയെന്ന്‌ മനസ്സ്‌ പറഞ്ഞു. ’ആശംസകൾ...‘

സുമിത്ര സത്യൻ

Media Manager,

Spectrum Softtech Solutions Pvt Ltd,

Spectrum Junction,

Mahakavi G Road,

Kochi-682011.


Phone: 0484 4082000 , 9037896667
E-Mail: sumithra_2257@spectrum.net.in,sumithrakv2007@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.