പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

ചിരികളുടെ സിനിമാക്കാരൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അജൻ എ.എസ്‌

സംവിധായകൻ രാജസേനനുമായുളള അഭിമുഖം

തയ്യാറാക്കിയത്‌ - അജൻ എ.എസ്‌

ഇരുപത്തി അഞ്ചാമത്‌ ചിത്രം പൂർത്തിയാക്കി, തിരുവനന്തപുരത്ത്‌ കരമനയിൽ “തണൽ” എന്ന വീട്ടിൽ മലയാള സിനിമയിലെ തിരക്കുളള ഒരു സംവിധായകൻ ഒരു ചെറുപുഞ്ചിരിയുമായി ഇരിയ്‌ക്കുന്നു. വിശ്രമിയ്‌ക്കാനല്ല..തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥാ രചനയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കായി -രാജസേനൻ.

? പുതിയ ചിത്രം?

പുതിയ ചിത്രം ഏപ്രിൽ മാസം 25-​‍ാം തീയതി കൊല്ലത്ത്‌, ശാസ്‌താംകോട്ടയിൽ തുടങ്ങാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. പുതുമുഖങ്ങൾക്ക്‌ ഏറെ പ്രാധാന്യം ഉളള ഒരു സിനിമയാണ്‌. പൃഥ്വിരാജ്‌, രഞ്ജു, ഗായത്രി, പ്രഭ തുടങ്ങിയവരാണ്‌ ഇതിൽ പുതുതായി അഭിനയിക്കുന്നത്‌. ഒരു പുതിയ പെൺകുട്ടിയെ കൂടി തിരയുകയാണ്‌. മറ്റ്‌ നടൻമാരെല്ലാം സുപരിചിതരാണ്‌. ജഗതി ശ്രീകുമാർ, കലാഭവൻ മണി.... തുടങ്ങിയവർ. ഇതിലെ സംഗീത സംവിധാനം നിർവ്വഹിക്കുന്നതും രണ്ട്‌ പുതിയ സംഗീത സംവിധായകരാണ്‌. പേര്‌ ബെന്നി, കണ്ണൻ. പിന്നെ പുതിയ ഗായകർ. കുറച്ച്‌ വ്യത്യസ്ഥമായ ഒരു സമീപനമാണ്‌ ഈ ചിത്രത്തിൽ എടുത്തിരിയ്‌ക്കുന്നത്‌. ചിത്രത്തിന്റെ ടൈറ്റിൽ തന്നെ ഒരു കടംകഥയുടെ രൂപത്തിലാണ്‌ “നക്ഷത്രകണ്ണുളള രാജകുമാരൻ, അവനുണ്ടൊരു രാജകുമാരി” കുറച്ച്‌ ലെങ്ങ്‌തി ആയിട്ടുളള ഒരു പേരാണ്‌.

? മനസ്സിലെ ചലച്ചിത്ര സങ്കൽപ്പം?

സിനിമാ സങ്കല്പം എന്നു പറയുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം... സിനിമ ഒരു തൊഴിലായി സ്വീകരിച്ച ഒരു ആളാണ്‌. സിനിമ എന്നു പറയുന്നത്‌ ഒരു ഉപജീവനമാർഗ്ഗം തന്നെയാണ്‌. ഒരിയ്‌ക്കലും ഒരു സൈഡ്‌ ബിസിനസ്സ്‌ അല്ല. പിന്നെ എന്റെ സാറ്റിസ്‌ഫാക്‌ഷനെ മാത്രം മുൻനിറുത്തിയല്ല സിനിമ എടുക്കുന്നത്‌. കോടികൾ മുടക്കുന്ന നിർമ്മാതാവിനെ കണക്കിലെടുക്കണം, പ്രേക്ഷകരുടെ അഭിരുചികളെ മാനിക്കണം. അതുകൊണ്ടുതന്നെ ചില വിട്ടുവീഴ്‌ചകൾ ചെയ്യേണ്ടിവരും. അടുത്ത വർഷം തിയേറ്റർ കച്ചവടം ഉദ്ദേശിക്കാത്ത ഒരു ചിത്രം പ്ലാൻ ചെയ്യുന്നുണ്ട്‌. അത്തരത്തിലുളള ഒരു ചിത്രത്തിൽ നമ്മുടെ ഇഷ്‌ടാനുസരണമുളള ഒരു ചിത്രം നിർമ്മിക്കാൻ കഴിയും എന്നാണ്‌ എന്റെ വിശ്വാസം.

? ലോ ബഡ്‌ജറ്റ്‌ ചിത്രങ്ങളെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?

അത്‌.. ശരിയ്‌ക്കും കഥയെ ആശ്രയിച്ചാണ്‌ ഇരിയ്‌ക്കുന്നത്‌. എന്റെ അടുത്ത ചിത്രം ഒരു ഹൈ ബഡ്‌ജറ്റ്‌ ചിത്രമല്ല. കഥ പറയുന്നരീതിയും.. അതിന്റെ ചുറ്റുപാടുകളെയും ആശ്രയിച്ചാണ്‌ ഒരു സിനിമയുടെ ബഡ്‌ജറ്റ്‌ തീരുമാനിക്കപ്പെടുന്നത്‌.

? ജയറാം എന്ന നടനിലെ കഴിവുകളെ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്ന രീതിയിലുളള ഏതെങ്കിലും ചിത്രം പ്ലാൻ ചെയ്യുന്നുണ്ടോ?

തീർച്ചയായിട്ടും. ജയറാമിനെ പോലുളള ഒരു നടന്‌ അതിനുളള കഴിവുണ്ട്‌. അത്‌ കൊണ്ടുതന്നെ അത്തരത്തിലുളള ഒരു ചിത്രം മനസ്സിലുണ്ട്‌. പക്ഷെ ഇപ്പോൾ തൽക്കാലം എന്താന്നുവച്ചാൽ-ജയറാം, രാജസേനൻ എന്നുപറയുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ അവർ പ്രതീക്ഷിക്കുന്ന ഒരു ചിത്രമുണ്ട്‌. “ശേഷം” തുടങ്ങിയ ജയറാമിന്റെ വ്യത്യസ്ഥമായ ചിത്രങ്ങൾ പുറത്തിറങ്ങിക്കഴിഞ്ഞാൽ ജയറാമിനെ ഇത്തരത്തിലും പ്രയോജനപ്പെടുത്താം എന്നുളളത്‌ പ്രേക്ഷകർക്കും ഉൾക്കൊളളാൻ കഴിയും.... അതിനുശേഷം അതുപോലെ വ്യത്യസ്ഥമായ ഒരു ചിത്രം ചെയ്യാനാണ്‌ തീരുമാനം.

? മലയാള സിനിമ ഇന്ന്‌ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച്‌?

അതിന്‌ ശരിക്കും സിനിമയെത്തന്നെ മാറ്റി എടുക്കണം. കഥപറയുന്ന രീതി മാറണം, കഥമാറണം, കഥയുടെ അവതരണം മാറണം, സംഗീതം മാറണം.. മൊത്തത്തിൽ സിനിമയൊന്നു ശുദ്ധീകരിക്കപ്പെടണം എന്നാണ്‌ എനിക്കു തോന്നുന്നത്‌. അതോടൊപ്പംതന്നെ ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം. അതുകൂടെ മാറിയാലേ സിനിമാവ്യവസായത്തിന്‌ ഒരു ഉണർവ്വ്‌ ഉണ്ടാകുകയുളളൂ.. പിന്നെ ഈ ആവർത്തനം എന്ന്‌ പറയുന്നത്‌ ഭീകരമാണ്‌. ഇത്തരം ആവർത്തനങ്ങൾ കണ്ട്‌ പ്രേക്ഷകർ മടുക്കുമ്പോഴാണ്‌ ഇത്തരം പ്രതിസന്ധികൾ സാധാരണ വരാറുളളത്‌. അപ്പോൾ ശരിക്കും ഒരു മാറ്റം അനിവാര്യമാണ്‌.

? ദീപാ മേഹ്‌താ, മീരാനായർ... എന്നിവരെക്കുറിച്ചും, അവരുടെ ചിത്രങ്ങളെക്കുറിച്ചും?

വളരെ മികച്ചചിത്രങ്ങളാണ്‌. ഞാൻ ഈയടുത്തകാലത്ത്‌ സുമാജോസൻ എന്ന സംവിധായികയുടെ “ജന്‌മദിനം” എന്ന ചിത്രം കണ്ടിരുന്നു. സ്‌ത്രീകളായിരുന്നിട്ട്‌ കൂടി ഇവരുടെ തന്റേടത്തോടുകൂടിയുളള ഈയൊരു സമീപനം.. അതിനെ നമ്മൾ പ്രശംസിച്ചേ മതിയാവൂ..

?സിനിമാ ജീവിതത്തിൽ ഏറെ സ്വാധീനിച്ച വ്യക്തി?

ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന വ്യക്തിയെന്ന്‌ പറയുന്നത്‌ കെ.ബാലചന്ദർ ആണ്‌. അദ്ദേഹത്തിന്റെ വളരെയധികം ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്‌. അന്നത്തെ കാലത്ത്‌ നാഗേഷിനെ പോലെയുളള ഒരു കൊമേഡിയനെ നായകനാക്കി സിനിമ ചെയ്യുക എന്ന്‌ പറയുന്ന ആ ഒരു തന്റേടം. അത്‌ നമ്മൾ സമ്മതിച്ചു കൊടുത്തേ പറ്റൂ. പിന്നെ കമലിനേയും, രജനിയേയും പോലുളള നായകൻമാരെ അവതരിപ്പിക്കുക എന്നു പറയുന്നതുതന്നെ.. ഒരു സംഭവമാണല്ലോ. ശരിക്കും ഒരു ഇൻസ്‌റ്റിറ്റ്യൂട്ട്‌ ആണ്‌ അദ്ദേഹം.

? മോഹൻലാലിനേയോ.. മമ്മൂട്ടിയേയോ ഉൾപ്പെടുത്തി ഒരു ചിത്രം സംവിധാനം ചെയ്യാത്തത്‌ എന്ത്‌ കൊണ്ടാണ്‌?

അത്‌ ശരിക്കുപറഞ്ഞാൽ അവർക്ക്‌ പറ്റിയ ഒരു കഥ കിട്ടാത്തതുകൊണ്ടാണ്‌. പലതും ഡിസ്‌കസ്‌ ചെയ്യുന്നുണ്ട്‌. മനസ്സിന്‌ സംതൃപ്‌തി തരുന്ന ഒരു കഥയും ഇതുവരെയും കിട്ടിയിട്ടില്ല. തിരയുന്നുണ്ട്‌. ഏതെങ്കിലും ശരിയായാൽ ഉടനെതന്നെ ഉണ്ടാകും.

? തമിഴ്‌ഭാഷയ്‌ക്കും കൾച്ചറിനും വളരെയധികം പ്രാധാന്യം കൊടുത്തു കാണുന്നുണ്ടല്ലോ? എന്താണ്‌ കാരണം?

തമിഴ്‌ കേൾക്കാൻ നല്ല സുഖമുളെളാരു ഭാഷയാണ്‌. തമിഴ്‌ സിനിമകൾ പണ്ട്‌ മുതൽക്കേ കേരളത്തിലെ പ്രേക്ഷകർ രണ്ടുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ ഒരൽപ്പം തമിഴ്‌ സംഭാഷണം കൂടി കലർന്നു എന്നതുകൊണ്ട്‌ ഒരിക്കലും നിലവാരം കുറഞ്ഞുപോകും എന്ന്‌ എനിക്ക്‌ തോന്നുന്നില്ല. പിന്നെ മാർക്കറ്റ്‌ ചെയ്യാൻ കുറച്ചുകൂടി എളുപ്പമുണ്ട്‌.

? ചലച്ചിത്രവികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌?

സ്ഥാപനത്തിന്റെ പേര്‌ പോലെത്തന്നെ വികസനത്തിന്‌ വേണ്ടിയാണെങ്കിൽ നല്ലതാണ്‌. പിന്നെ സർക്കാരിന്റെ കീഴിലുളള ഒരു സ്ഥാപനമായതുകൊണ്ട്‌ അതിന്‌ ഒത്തിരി ലിമിറ്റേഷൻസ്‌ ഉണ്ട്‌. ചില നിയമത്തിന്റെ കുരുക്കുകൾ ഇവിടെയും പ്രശ്‌നമാണ്‌. കേരളത്തിന്‌ അകത്ത്‌ വച്ചുതന്നെ ഷൂട്ട്‌ ചെയ്യുകയും ചിത്രാഞ്ജലി സ്‌റ്റുഡിയോ പൂർണ്ണമായും പ്രയോജനപ്പെടുത്തി പോസ്‌റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ കംപ്ലീറ്റ്‌ ചെയ്യുകയും ചെയ്‌താൽ സബ്‌സിഡി കൊടുക്കുന്ന ഒരു ഏർപ്പാടുണ്ട്‌. പക്ഷെ പലപ്പോഴും സിനിമയുടെ ക്വാളിറ്റിയെ അത്‌ ബാധിക്കാറുണ്ട്‌. ലാബിന്റെ പ്രശ്‌നങ്ങൾ ഉണ്ട്‌. ഇപ്പോൾ പിന്നെ ചിത്രാഞ്ജലി വളരെയധികം പുരോഗമിച്ചിട്ടുണ്ട്‌.

? ഡ്രീം പ്രൊജക്‌റ്റുകൾ ഏതെങ്കിലും മനസ്സിലുണ്ടോ?

അങ്ങനെ ഡ്രീം പ്രൊജക്‌റ്റ്‌ എന്നു പറയാനായിട്ടൊന്നുമില്ല. കാരണം നമ്മൾ മറ്റുളളവരുടെ കാശിൽ സ്വപ്‌നം കാണാൻ പാടില്ല എന്നുളളതാണ്‌. നല്ല സിനിമകൾ ചെയ്‌ത്‌ നിലനിന്നു പോകുക എന്നതാണ്‌. പിന്നെ ഒരു സിനിമാകാരൻ ആകുക എന്നത്‌ തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ ഡ്രീം. ഞാൻ ചെയ്‌തു കഴിഞ്ഞതെല്ലാം മോശപ്പെട്ട ചിത്രങ്ങളായിരുന്നു എന്നും ഞാൻ അടുത്ത്‌ ചെയ്യുന്നതാണ്‌ എന്റെ ശരിയായ സിനിമ.. എന്റെ.. ഡ്രീം പ്രൊജക്‌റ്റ്‌ എന്ന്‌ ഞാൻ ഒരിക്കലും പറയില്ല. ഇപ്പോ..മൂന്നുനാലു കുഞ്ഞുങ്ങൾ നമുക്കുണ്ട്‌, അത്‌ കഴിഞ്ഞ്‌ ഒരു വെളുത്ത കുഞ്ഞ്‌ ജനിയ്‌ക്കുമ്പോൾ ഈ കറുത്ത കുഞ്ഞുങ്ങൾ ഒന്നും എനിക്കുളളതല്ല എന്നു പറയുന്നത്‌ ശരിയല്ലല്ലോ?

? സിനിമയിൽ സാങ്കേതികത്വത്തിന്‌ എത്രത്തോളം സ്ഥാനമുണ്ട്‌?

സാങ്കേതികവശം തീർച്ചയായിട്ടും ശ്രദ്ധിച്ചേ മതിയാകൂ... കാരണം ഇപ്പോൾ ടി.വി ചാനലുകളിൽ കൂടി അതിമനോഹരമായ പരസ്യചിത്രങ്ങളും, വിദേശ സിനിമകളും ഒക്കെ വരുന്നത്‌ കൊണ്ട്‌ പ്രേക്ഷകർ വളരെയധികം ബോധവാൻമാരാണ്‌. അതുകൊണ്ട്‌ തന്നെ പുതിയ പുതിയ സാങ്കേതിക വശങ്ങൾ നമ്മൾ കൊണ്ടുവന്നേ മതിയാകൂ. എങ്കിൽ മാത്രമേ ടി.വി പ്രേക്ഷകരെ തിയറ്ററിലേക്ക്‌ ആകർഷിക്കാൻ കഴിയൂ.

? അവാർഡുകളോടുളള സമീപനം?

അവാർഡ്‌ ശരിക്കു പറഞ്ഞാൽ കിട്ടുന്നവർക്കു സന്തോഷവും കിട്ടാത്തവർക്ക്‌ പരിഭവവുമാണ്‌. പിന്നെ ജനങ്ങളെ അവാർഡിന്റെ പേരിൽ കബളിപ്പിക്കരുത്‌ എന്ന ഒരു അഭിപ്രായക്കാരനാണ്‌ ഞാൻ. എന്തിലും സത്യസന്ധതപുലർത്തുക. അതാണ്‌ വേണ്ടത്‌.

? ഹാസ്യത്തിന്‌ കൂടുതൽ മുൻതൂക്കം കൊടുക്കുന്നത്‌ കച്ചവടസാധ്യത മുന്നിൽ കണ്ടുകൊണ്ട്‌ മാത്രമാണോ?

അങ്ങനെ തീർത്ത്‌ പറയാൻ പറ്റില്ല. ഹാസ്യം എന്നു പറയുന്നത്‌ എക്കാലത്തും നിലനില്‌ക്കുന്ന ഒരു കാര്യമാണ്‌. അത്‌ എത്രതന്നെ ആവർത്തിച്ചാലും പ്രേക്ഷകർക്ക്‌ ബോറടിക്കില്ല എന്നതിന്‌ തെളിവുകളാണ്‌ അത്തരം ചിത്രങ്ങളുടെ വിജയം എന്നു പറയുന്നത്‌. പിന്നെ കച്ചവട സാധ്യതയും ഒരു ഘടകമാണ്‌, അതില്ല എന്നു പറയുന്നില്ല. പ്രേക്ഷകരുടെ അഭിരുചിയെ മാനിക്കുക അതാണ്‌ വേണ്ടത്‌.

അജൻ എ.എസ്‌

വിലാസം

ടി.സി-26&753,

ചെമ്പക നഗർ,

ഹൗസ്‌ നംഃ 83,

ഊട്ടുകുഴി,

തിരുവനന്തപുരം -1.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.