പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

കഥകളിൽ സംഗീതവുമായി കെ.പി.സുധീര

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മനോജ്‌ മാതിരപ്പളളി

അഭിമുഖം

സമൂഹത്തിന്റെ അസ്വസ്ഥതകൾക്ക്‌ നൊമ്പരത്തോടെ കൂട്ടിരിക്കുന്ന എഴുത്തുകാരിയാണ്‌ കെ.പി.സുധീര. സാമൂഹിക വൈകല്യങ്ങൾക്ക്‌ നേരെയുളള ചെറുത്തുനില്പായും പ്രതിഷേധമായും അവർ കഥകളെഴുതുന്നു. ആൾത്തിരക്കിനിടയിലെ ചവിട്ടുവഴികളിലൂടെയും പുറമ്പോക്കുകളിലൂടെയുമാണ്‌ സുധീരയുടെ യാത്രകൾ. ഇടയ്‌ക്കിടെ പാതവക്കിൽ തെളിയുന്ന തണൽ കാണുമ്പോൾ നേരിയൊരു ആശ്വാസം. കരുവാളിച്ചൊരു ജീവിതപ്പാട്‌ കണ്ടാൽ പിന്നെ പുകഞ്ഞു കെട്ടിയ നൊമ്പരം.

എങ്ങനെയാണ്‌ ഒരു കഥയുടെ ജനനം?

വ്യക്തികൾ, സംഭവങ്ങൾ, വസ്‌തുതകൾ തുടങ്ങിയവയൊക്കെയാണ്‌ പലപ്പോഴും കഥാകൃത്തിന്‌ പ്രേരണയുടെ ഉൾത്തുടിപ്പാവുന്നത്‌. പിന്നീടത്‌, മനസ്സിലിരുന്ന്‌ കനലിച്ചും വേദനിച്ചും കഥയായി രൂപാന്തരപ്പെടും. പക്ഷെ, ഒത്തു തീർപ്പില്ലാത്ത കർക്കശമായ ജീവിതവ്യവസ്ഥകൾ ചിലപ്പോഴെങ്കിലും കഥയെ പകർത്തി വയ്‌ക്കാൻ അനുവദിക്കാറില്ല. അങ്ങനെയുളളവ മനസ്സിന്റെ മണ്ണിൽ വീണ്‌ ലയിക്കും, എന്നന്നേയ്‌ക്കുമായി.

എഴുത്തുകാരി ആയതിനെക്കുറിച്ച്‌.....?

ഒരിക്കലും കിട്ടാത്ത മധുരത്തെ സ്വപ്‌നം കാണുകയും പുതിയ പുതിയ ലോകങ്ങൾ സ്വന്തമായി പതിച്ചു വാങ്ങാനിഷ്‌ടപ്പെടുകയും ചെയ്‌തിരുന്ന കുട്ടിക്കാലമായിരുന്നു എന്റേത്‌. കൂട്ടുകുടുംബ വ്യവസ്ഥയിലാണ്‌ വളർന്നതെങ്കിലും എന്റേതായ ഒരു ഏകാന്തലോകം എപ്പോഴും ഒപ്പമുണ്ടായിരുന്നു. അക്കാലത്തെ വായനകളിലൂടെ ആയിരുന്നിരിക്കണം സ്വന്തമായൊരു ആത്മസംസ്‌കാരം എനിക്ക്‌ ലഭിച്ചത്‌. ഇതിനിടെ, കോളേജിൽ പഠിക്കുമ്പോൾ അഖിലകേരളാടിസ്ഥാനത്തിൽ നടന്ന കഥാമത്സരത്തിൽ സമ്മാനാർഹയായി. പിന്നീട്‌ ബാങ്കുദ്യോഗസ്ഥയായതിന്‌ ശേഷം എഴുത്തിന്റെ ലോകത്ത്‌ കുറച്ചുകൂടി സജീവമായി. അക്കാലത്ത്‌ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ കഥയെക്കുറിച്ച്‌ പ്രശസ്‌ത നിരൂപകനായ എം.കൃഷ്‌ണൻനായർ വളരെ നല്ല അഭിപ്രായം എഴുതി. ഒരുപക്ഷെ, അന്നുമുതൽക്കായിരിക്കണം എഴുത്തുകാരിയായി എന്ന തോന്നൽ എനിക്കുണ്ടായത്‌.

ഇപ്പോൾ സൗത്ത്‌ മലബാർ ഗ്രാമീൺബാങ്കിൽ ഉദ്യോഗസ്ഥയായ കെ.പി.സുധീര ഏറെയൊന്നും എഴുതിക്കൂട്ടാത്ത സാഹിത്യകാരിയാണ്‌. ഒന്നോ രണ്ടോ പഠനഗ്രന്ഥങ്ങളും ഏതാനും കഥാസമാഹാരങ്ങളും മാത്രം. എന്നാൽ, ലഭിച്ചിട്ടുളള അംഗീകാരങ്ങളുടെ കാര്യത്തിൽ ഈ പരിമിതിയില്ല. യുവസാഹിത്യകാരിക്കുളള ലളിതാംബിക അന്തർജനം അവാർഡ്‌, കേസരി ബാലകൃഷ്‌ണപിളള പുരസ്‌കാരം, ഉമ്മിണിയിൽ കുടുംബട്രസ്‌റ്റ്‌ അവാർഡ്‌, ഏറ്റവും മികച്ച ചെറുകഥയ്‌ക്കുളള ഗൃഹലക്ഷ്‌മി പുരസ്‌കാരം, കഥയ്‌ക്കും കവിതയ്‌ക്കുമായി ദുബായിലെ ‘ദല’ ഏർപ്പെടുത്തിയ അവാർഡ്‌, ഗായത്രി പുരസ്‌കാരം, അന്വേഷി-അരങ്ങ്‌ എന്നീ അവാർഡുകൾ...അങ്ങനെയങ്ങനെ.

ലഭിച്ചിട്ടുളള അംഗീകാരങ്ങളെക്കുറിച്ച്‌ ചോദിച്ചാൽ, “അറിഞ്ഞു നൽകുന്ന ഭിക്ഷയാവണം അവാർഡ്‌” എന്ന്‌ സുധീര പറയും.

കഥകളിൽ എത്രത്തോളം ആത്മാംശമുണ്ട്‌?

ഓരോ എഴുത്തുകാരന്റെയും എഴുത്തുകാരിയുടെയും ആത്മാവിഷ്‌കാരമാണ്‌ എഴുത്ത്‌. എന്റെ ഒട്ടുമിക്ക കഥകളിലും ഒളിഞ്ഞും തെളിഞ്ഞും ഞാനുണ്ട്‌. രണ്ടോ മൂന്നോ പേരിലൂടെ കൈമാറി കിട്ടുന്ന അനുഭവങ്ങളും കഥയിലേക്ക്‌ ആവാഹിച്ചിരുത്തും. എന്നാൽ, എന്റെ ആത്മസ്വത്വം കഥാപാത്രത്തിന്റേതുമായി വിളക്കിച്ചേർക്കുകയും പിന്നീടത്‌ വ്യതിരിക്തമാക്കാൻ കഴിയില്ല എന്ന അവസ്ഥ കൈവരികയും ചെയ്യുമ്പോൾ മാത്രമെ അതിന്‌ മുതിരുകയുളളു. അന്യന്റെ ദുഃഖം എന്റെയും വേദനയാണ്‌. അവന്റെ ആത്മവേദനകളോടും എനിക്ക്‌ ഉത്തരവാദിത്വമുണ്ട്‌.

ഏകാന്തതയിൽനിന്ന്‌ മാത്രമാണ്‌ എഴുത്ത്‌ രൂപപ്പെടുന്നതെങ്കിൽ കുടുംബജീവിതം?

ഏകാന്തതയുടെ ദുഃഖത്തിൽ നിന്നാണ്‌ പലപ്പോഴും സാഹിത്യം രൂപം കൊളളുന്നത്‌. എഴുത്തിന്റേതായ ആലോചനകൾക്കിടയിൽ ഉണ്ടാകുന്ന മൗനം അവളെ ഗൃഹാന്തരീക്ഷത്തിൽ ഒറ്റപ്പെടുത്തിയേക്കാം. ഇത്‌ മനസ്സിലാക്കാൻ കഴിയുന്ന ആൾക്കൊപ്പമായിരിക്കണം ജീവിതം. എന്റെ കാര്യത്തിൽ ആവുന്നത്ര വിട്ടുവീഴ്‌ചകളും ഒത്തുതീർപ്പുകളും ഉണ്ടാവാറുണ്ട്‌. കുടുംബമുണ്ടെങ്കിലേ ജീവിതമുളളു. എന്നാൽ ജീവിതത്തിന്‌ വേണ്ടി എഴുത്തിനെ കൈവിടാൻ ഞാൻ തയ്യാറല്ല.

എന്തുകൊണ്ടാണ്‌ സ്‌ത്രീമനസ്സിന്റെ കഥകൾ മാത്രം പറയുന്നത്‌?

സ്‌ത്രീയെന്ന നിലയിൽ ഒരു എഴുത്തുകാരിക്ക്‌ അവളുടെ സ്വത്വം പ്രകാശിപ്പിക്കുവാൻ എളുപ്പത്തിൽ കഴിയും. സ്‌ത്രീകളുടെ നൊമ്പരവും വേവലാതിയും ഭൗതികമാറ്റങ്ങളുമെല്ലാം എഴുതപ്പെടേണ്ടതാണ്‌. എന്നാൽ, അവയൊക്കെ മറവില്ലാതെ പറഞ്ഞു പോയാൽ പിന്നെ എതിർപ്പുകളായി. അവൾ അസന്മാർഗിയായി. എങ്കിലും, സ്‌ത്രീസമൂഹത്തിന്‌ മുന്നിലെ ഇരുട്ടും യാതനകളുമെല്ലാം ഇനിയും എഴുതപ്പെടേണ്ടതുണ്ട്‌.

ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നും എഴുത്തുകാരിയാവണമെന്ന്‌ തന്നെയാണ്‌ സുധീരയുടെ ആഗ്രഹം. എഴുത്തിന്റെയും ജീവിതത്തിന്റെയുമൊക്കെ ഇടവേളകളിൽ അവർ വായനയെ നെഞ്ചോടടക്കിപ്പിടിക്കുന്നു. “വായന എനിക്ക്‌ പ്രാണവായുപോലെയാണ്‌. വീട്ടിൽ നിന്നും ബാങ്കിലേക്ക്‌ മുക്കാൽ മണിക്കൂറോളം യാത്രയുണ്ട്‌. ഇതിനിടയിലാണ്‌ ആനുകാലികങ്ങളുടെ വായന. വായിക്കാനും എഴുതാനുമുളള ഇച്ഛ തന്നിൽനിന്നും എടുത്തു കളയരുതേ എന്നാണ്‌ സുധീരയുടെ പ്രാർത്ഥന.

ഫെമിനിസത്തോട്‌..?

ഫെമിനിസത്തെ തോളേറ്റി നടക്കുന്നവർ സ്‌ത്രീപ്രശ്‌നങ്ങളെക്കുറിച്ച്‌ മാത്രമെ ചിന്തിക്കുന്നുളളൂ. ഈ നിലപാടിനോട്‌ യോജിക്കാൻ കഴിയില്ല. സമൂഹത്തിലെ നിരവധിയായ പ്രശ്‌നങ്ങൾക്ക്‌ നേരെ പ്രതികരിക്കാൻ എഴുത്തുകാരികൾ തയ്യാറാവണം. പുരുഷന്മാരെ തളളിപ്പറഞ്ഞത്‌ കൊണ്ട്‌ നമുക്ക്‌ വിമോചനം ലഭിക്കില്ല.

എഴുത്ത്‌ എന്നുമൊരു സ്വകാര്യാനുഭവമാണ്‌ കെ.പി.സുധീരയ്‌ക്ക്‌. കുടുംബജീവിതത്തിന്റെയും രചനാജീവിതത്തിന്റെയും ഇടവേളകളിൽ വായനയും എഴുത്തും മാത്രം. ഇടയ്‌ക്കിടെ, തന്നെ കടന്നുപോയ കഥാപാത്രങ്ങൾക്കൊപ്പം ഹൃസ്വമായൊരു പിൻനടത്തം. നൊമ്പരപ്പെടുത്തുന്ന മറ്റൊരു കഥാബീജവുമായിട്ടായിരിക്കും യാത്രയിൽ നിന്നും ചിലപ്പോഴൊക്കെ മടങ്ങി വരിക. ശരിയായ രീതിയിൽ പരുവപ്പെടുന്നത്‌ വരെ അതങ്ങനെ മനസ്സിൽ കിടക്കും. കവി ഒ.എൻ.വി.കുറുപ്പ്‌ പറഞ്ഞതുപോലെ കെ.പി.സുധീരയുടെ കഥകളിൽ സംഗീതമുണ്ട്‌. കഥാഗതിക്കിടയിലെ അന്തർധാരയായ സംഗീതം.

മനോജ്‌ മാതിരപ്പളളി

റിപ്പോർട്ടർ

ജീവൻ ടി.വി., കൊച്ചി -25


Phone: 98463 49954
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.