പുഴ.കോം > പുഴ മാഗസിന്‍ > ഇന്റ‌ര്‍‌വ്യൂ > കൃതി

കഥയുടെ ‘രേഖാരഹസ്യ’ങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ. വി. മധു

അഭിമുഖം

(കഥാകൃത്ത്‌ എൻ.പ്രഭാകരനുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്‌)

“എങ്കിലും ഈ ചെരുപ്പിനെ പിന്നെയും പിന്നെയും ഞാൻ സ്‌നേഹിച്ചു പോകുന്നു. ഒരുപക്ഷേ ഇനിയും ഒരുപാടുകാലം കഴിയുമ്പോൾ ആരോടെങ്കിലും ഞാൻ പറഞ്ഞേക്കും. എനിക്കീ ചെരുപ്പിന്റെ അർത്ഥമറിയില്ല. പക്ഷേ എന്റെ ജീവിതം ഇതുതന്നെയാണ്‌ ഓരോരുത്തരും ഈ ഭൂമിയിൽ നിന്ന്‌...” (ചില വിചിത്രവസ്‌തുക്കൾ-എൻ.പ്രഭാകരൻ)

മലയാള കഥാസാഹിത്യത്തിൽ ആധുനികരുടെ ‘ശൂന്യതാബാധിത പ്രദേശങ്ങളി’ലേക്ക്‌ കഥയുടെ പ്രതിരോധവുമായി കടന്നു കയറിയ ‘കഥാകാര’നാണ്‌ എൻ.പ്രഭാകരൻ. ജീവിതയാഥാർത്ഥ്യത്തിന്റെ ഇരുണ്ട ഭൂമികയിലും ഒരു പുരോഗമനവാദിയുടെ ലക്ഷ്യബോധത്തോടെ ആ തൂലിക കഥയിൽ പ്രകാശം ചൊരിഞ്ഞു.

വായനാലോകം ചിലരുടെ കഥകൾക്കു വേണ്ടിയേ കാത്തിരിക്കാറുളളൂ. അക്കൂട്ടത്തിൽ എൻ.പ്രഭാകരനുണ്ട്‌. ‘ഒറ്റയാന്റെ പാപ്പാനിൽ തുടങ്ങുന്നു ആ കഥാജീവിതം. എൻ.പ്രഭാകരനോടൊത്ത്‌ കുറച്ചുനേരം.

?ഒറ്റയാന്റെ പാപ്പാനുശേഷം എൻ.പ്രഭാകരൻ എന്ന കഥാകൃത്ത്‌ ഒരുപാടു വളർന്നു. അന്നും ഇന്നും കഥയെഴുതുമ്പോഴുളള മാനസികാവസ്ഥയെ ഒന്നു താരതമ്യപ്പെടുത്താമോ?“

1971-ലാണ്‌ ഒറ്റയാന്റെ പാപ്പാൻ എഴുതുന്നത്‌. ഈ 35 വർഷം ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ നീണ്ട കാലയളവാണ്‌. അന്നത്തെയും ഇന്നത്തെയും ജീവിതസാഹചര്യങ്ങൾ തന്നെ വ്യത്യസ്‌തമാണ്‌.

കഥയെഴുതുമ്പോൾ ഒരു പ്രവേശകന്റെ ഉൽക്കണ്‌ഠകൾ അന്നെന്നെ ഭരിച്ചിരുന്നു. അതുകൊണ്ടുതന്നെ കഥയ്‌ക്ക്‌ ഒരു സാന്ദ്രമായ ഭാവം ഉണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ചിരുന്നു. അന്ന്‌ കഥയിലലിഞ്ഞു ചേർന്നുകൊണ്ടാണെഴുതിയിരുന്നത്‌. ഇന്നത്തേതിനേക്കാൾ ഒരുതരം കാല്പനീകഭാവം ഉണ്ടായിരുന്നു.

എന്നാൽ ഇന്ന്‌ എല്ലാം അന്യനായി നിന്നു കാണാൻ കഴിയുന്നുണ്ട്‌. ഒരുതരം ആത്മപരിശോധന നടത്താറുണ്ട്‌. അന്നത്തെപ്പോലെ അതിവൈകാരികമായ ഒരു സമീപനമേയില്ല.

?കഥയിൽ സ്വാധീനിച്ചവർ....?

സ്വാധീനം എന്നുപറയാൻ പറ്റില്ല. സ്‌കൂൾ പ്രായത്തിലാണു വായന തുടങ്ങുന്നത്‌. കാരൂർ, എം.ടി., ബഷീർ ഇവരെയൊക്കെയാണ്‌ വളരെ താൽപര്യത്തോടെ വായിച്ചിരുന്നത്‌.

?ഇന്നത്തെ കഥാലോകം പഴയതുപോലെ സജീവമായ എന്തൊരു ആരോപണമുണ്ടല്ലോ?

അതുശരിയല്ല. ആധുനീകതയുടെ കാലത്തേതുപോലെ അതിനെത്തുടർന്നു വന്ന തലമുറ ചർച്ചചെയ്യപ്പെട്ടില്ല എന്നത്‌ നേരാണ്‌. എന്നാൽ ശക്തമായ നിരവധി കഥകൾ ഈ കാലത്ത്‌ ഉണ്ടാകുന്നുണ്ട്‌. സിതാര, ഇ.സന്തോഷ്‌കുമാർ....അങ്ങനെ നീണ്ട ഒരു യുവകഥാകൃത്തുകളുടെ നിരതന്നെയുണ്ട്‌.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

”ഒപ്പമെത്താത്തവർ ഒരു ഭാരമാണ്‌ വല്ലവിധേനയും അവരെ പുറന്തളളുകയെന്നത്‌ ലോകത്തിന്റെ ആവശ്യമാണ്‌ (രേഖാരഹസ്യം)

“പതിഞ്ഞ ഈണത്തിൽ ഒറ്റക്കിരുന്ന്‌ വിലപിക്കുന്ന ഒരുവനിൽ കാലത്തിനു ചേരാത്ത പലതുമുണ്ട്‌.” (എനിക്കു സുഖം തന്നെ)

വ്യത്യസ്‌തമായ ജീവിതാനുഭവങ്ങളാൽ സമ്പന്നമായ ഒരു സാധാരണ മനുഷ്യന്റെ വിഹ്വലതകൾ എൻ.പ്രഭാകരന്റെ കഥകളിൽ കാണാൻ കഴിയും. ഒറ്റപ്പെട്ടുപോയവന്റെ, അവഗണിക്കപ്പെടുന്നവന്റെ, അടിച്ചമർത്തപ്പെട്ടവന്റെ....ഒക്കെ വേദനകൾ ആ കഥകളിൽ കാണാം.

?അനുഭവവും എഴുത്തും തമ്മിൽ?

നിരവധി അനുഭവങ്ങൾ ഉളള ഒരാൾ നല്ല എഴുത്തുകാരനാകണമെന്നില്ല. നല്ല എഴുത്തുകാരന്‌ അനുഭവങ്ങൾ ഉണ്ടാകുകയും വേണം. എഴുതാനുളള കഴിവും അനുഭവവും എഴുത്തുകാരന്‌ ഒരുപോലെ പ്രധാനമാണ്‌. ഒരാൾ എഴുത്തുകാരനായി ജീവിക്കുന്നത്‌ വളരെക്കുറഞ്ഞ സമയത്തേക്കു മാത്രമാണ്‌. അപ്പോഴാണ്‌ നല്ല ഒരു കലാസൃഷ്‌ടി പിറക്കുന്നത്‌. കഥാകൃത്തിന്റെ അനുഭവങ്ങൾ മാത്രമാണ്‌ സ്‌ട്രൈക്ക്‌ ചെയ്യുക. സി.ജെയുടെ ’ആ മനുഷ്യൻ നീതന്നെ‘ എന്ന നാടകത്തിൽ പറയുന്നതുപോലെ കലാകാരൻ ഇടവിട്ടിടവിട്ടു മാത്രമേ ജീവിക്കുന്നുളളൂ.

?സ്വന്തം കഥകളിൽ ചിലതിനെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ...?

അത്‌ അസാധ്യമാണ്‌. എഴുത്തുകാരനും വായനക്കാരനും തമ്മിൽ ചില പ്രത്യേകതലങ്ങളിൽ പ്രത്യക്ഷത്തിലറിയാത്ത ഒരൈക്യമുണ്ട്‌. എഴുത്തുകാരൻ പ്രതീക്ഷിക്കുന്നതുപോലെയാകില്ല വായനക്കാർ കഥ സ്വീകരിക്കുന്നത്‌. ദൈവത്തിന്റെ പൂമ്പാറ്റ എന്ന കഥ ഏറെയൊന്നും ചർച്ച ചെയ്യപ്പെടാത്ത കഥയാണ്‌. എന്നാൽ ഏറ്റവുമധികം സാധാരണ വായനക്കാർ വായിക്കുകയും പ്രതികരിക്കുകയും ചെയ്‌ത കഥയാണത്‌. കൂടുതൽ ഭാഷകളിലേയ്‌ക്ക്‌ വിവർത്തനം ചെയ്യുകയുമുണ്ടായി.

? ’ഭൂതഭൂമി‘ അക്കൂട്ടത്തിൽ പെടുന്ന ഒരു നീണ്ട കഥയാണല്ലോ?

അതെ, എന്നാൽ നിരൂപകർ ഏറെയും ശ്രദ്ധിക്കുക മറ്റെന്തെങ്കിലും പ്രത്യേകതയായിരിക്കും. രാത്രിമൊഴി, മറുപിറവി തുടങ്ങിയ കഥകൾ നോക്കുക.

?രാത്രി പല കഥകളിലും സജീവ സാന്നിധ്യമാണല്ലോ?

അത്‌ അറിയാതെ വന്നുപോകുന്നതാണ്‌. രാത്രിയെ എനിക്കിഷ്‌ടമാണ്‌. പിന്നെ രാത്രിയിൽ ഉണർന്നിരിക്കുന്നവരാണ്‌ എഴുത്തുകാരായിത്തീരുക എന്നും പറയാറുണ്ടല്ലോ.

?നോവലും കഥയും എഴുതിയിട്ടുണ്ടല്ലോ. ആ അനുഭവത്തെ താരതമ്യപ്പെടുത്താമോ?

രണ്ടും വളരെ വ്യത്യസ്‌തമായ മാധ്യമമാണ്‌. വ്യക്തിപരമായി നോവലെഴുതാൻ ബുദ്ധിമുട്ടാണ്‌. നീണ്ടകാലം മനസ്സിനെ ഏകാഗ്രമാക്കണം. പലപ്പോഴും നിർബന്ധിക്കപ്പെടുമ്പോഴാണ്‌ നോവലെഴുതാറുളളത്‌. കഥ അങ്ങനെയല്ല അതൊരനുഭവത്തിന്റെ തുടർച്ചയായി വരുന്നതാണ്‌.

?പ്രാദേശികത്വത്തോടുളള ഒരടുപ്പം എഴുത്തുകാരിൽ വർദ്ധിച്ചു വരുന്നുണ്ട്‌. ആ സ്വഭാവമുളള നിരവധി കഥകൾ എഴുതിയ ആളെന്ന നിലയ്‌ക്ക്‌ ഒന്നു വിശദീകരിക്കാമോ?

തെയ്യം, കാവ്‌, ആചാരവിശ്വാസങ്ങൾ ഒക്കെ മുറുകെ പിടിക്കുന്ന ഒരു സമൂഹത്തിലാണ്‌ എന്റെ ജീവിതം വളരുന്നത്‌. ഇതു കഥകളിലേക്കും വരിക സ്വാഭാവികമാണ്‌. എന്നാൽ ഇന്ന്‌ ലോകമാകെ നിലവിൽ വന്നിട്ടുളള ഒരു പൊതുബോധത്തെ കാണാതെ പോകരുത്‌. അത്‌ ആഗോളവൽക്കരണത്തിന്റെ തുടർച്ചയാണ്‌. ലോകത്ത്‌ എല്ലാവരുടെയും അനുഭവങ്ങൾ ഒരേ തലത്തിലേക്കു വരുന്നു. വെളളം, ദാരിദ്ര്യം എന്നിവയുമായി ബന്ധപ്പെട്ട്‌ ഉയർന്നുവന്ന സമരങ്ങൾ ശ്രദ്ധിച്ചാൽ മതി. അങ്ങനെ ഒരു ’രേഖമാനലോകം‘ ആണിന്നുളളത്‌. ഒരു പ്രത്യേക അധികാരശക്തിയുടെ ബോധപൂർവ്വമായ പ്രവർത്തനങ്ങളുടെ ഫലമാണിതെല്ലാം. ആ അടിച്ചേൽപ്പിക്കലിനെതിരായുളള പ്രതിരോധത്തിന്റെ ഭാഗമാണ്‌ പ്രദേശികത്തനിമകൾ ഉയർത്തിപ്പിടിച്ചു കൊണ്ടുളള സമരം.

?എഴുത്തുകാരും അതിനോടു ചേർന്നു നിൽക്കുകയാണോ?

ഈയൊരനുഭവം ലോകമാകെയുളള എഴുത്തുകാരെയും സ്വാധീനിക്കുന്നുവെന്നുമാത്രം. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ തന്നെ നോക്കുക. ഗോഡ്‌ ഓഫ്‌ സ്‌മോൾ തിങ്ങ്‌സ്‌ (അരുന്ധതിറോയ്‌) മുതൽ അടുത്ത കാലത്തുവന്ന കുരുമുളകിൽ സുഗന്ധം (കാവേരീ നമ്പീശൻ) വരെ ഇതിനു തെളിവാണ്‌.

ഒരു ആഗോള പ്രശ്‌നത്തിനെതിരെ വ്യത്യസ്‌തമായ നിരവധി പ്രാദേശികത്തനിമകളെ ഉയർത്തിക്കൊണ്ടുളള ഒരു സമരത്തിന്‌ ഉയർന്ന ഒരു മൂല്യമുണ്ട്‌.

?പരിസ്ഥിതി, ദളിത്‌, പെണ്ണെഴുത്ത്‌ എന്നീതരം തിരിവുകളെയെങ്ങനെ കാണുന്നു?

അതിനു രണ്ട്‌ വശങ്ങളുണ്ട്‌. വിശാലമായ രാഷ്‌ട്രീയപ്രവർത്തനത്തെ ലഘൂകരിക്കാനാണ്‌ ഇത്തരത്തിലുളള തരംതിരിവുകൾ എന്നതാണ്‌ ഒരു വിമർശനം എന്നാൽ ഒരു വസ്‌തുത കാണാതെ പോകരുത്‌. അതായത്‌ ഈ തരംതിരിവുകളുടെയടിസ്ഥാനത്തിൽ വന്ന സാഹിത്യകൃതികളിലൂടെ ആകൃതികൾ പ്രതിനിധാനം ചെയ്യുന്ന വിഭാഗം ശ്രദ്ധിക്കപ്പെട്ടു. അവരുടെ പ്രശ്‌നങ്ങൾ മുഖ്യധാരയിൽ ചർച്ചചെയ്യപ്പെട്ടു. ദളിത്‌ സാഹിത്യകൃതികളിലൂടെ ദളിതരുടെ പ്രശ്‌നങ്ങളും അതുപോലെ പരിസ്ഥിതി, സ്‌ത്രീപ്രശ്‌നങ്ങളും കഥകളിലൂടെ ചർച്ച ചെയ്യപ്പെടുന്നു.

?മലയാളത്തിൽ ഏറ്റവും ശക്തമായ സ്‌ത്രീവാദകഥകൾ (ഒന്നും ഞാനാവശ്യപ്പെട്ടില്ലല്ലോ...) എഴുതിയ ആളെന്ന നിലയ്‌ക്ക്‌ സ്‌ത്രീപ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ സ്‌ത്രീതന്നെ വേണം എന്ന വാദത്തോട്‌ എങ്ങനെ പ്രതികരിക്കുന്നു?

ഒരു പുരുഷന്‌ കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്ന സ്‌ത്രീവാദരചനകൾ സൃഷ്‌ടിക്കാൻ കഴിയും. എന്നാൽ യഥാർത്ഥത്തിലുളള പെണ്ണനുഭവം സ്‌ത്രീയുടെ തനിയവസ്ഥ എന്നിവ ഒരു സ്‌ത്രീയുടെ തൂലികയിൽ നിന്നു വരുമ്പോൾ അതിന്‌ ആത്മാർത്ഥത കൂടും.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

“ഓ ദൈവമേ ഇത്‌ ചച്ചാപ്പിച്ചി ഇന്ത്യൻ എഴുത്തുകാരുടെ പുസ്‌തകമൊന്നുമല്ലല്ലോ ജാക്വിസ്‌ ഭരീദയുടെ ’റൈറ്റിംഗ്‌ ആന്റ്‌ ഡിഫറൻസ്‌” ആണല്ലോ.“ (ബി.എം.പി.)

”ഉത്തരാധുനികതയുമായി ബന്ധപ്പെട്ട്‌ പാശ്ചാത്യ ഇറക്കുമതി എന്ന ആരോപണമുയർന്നിരുന്നല്ലോ?

അത്‌ വാസ്‌തവവിരുദ്ധമാണ്‌. പാശ്ചാത്യസ്വാധീനം കൂടുതലും കാണുന്നത്‌ ആധുനികരുടെ കൃതികളിലാണ്‌. അവരാണ്‌ പാശ്ചാത്യരുടെ ആശയങ്ങളും സങ്കേതങ്ങളും പരക്കെ അനുകരിച്ചത്‌. ഉത്തരാധുനികതയ്‌ക്ക്‌ പക്ഷേ ആരോടും കടപ്പാടില്ല. അത്‌ നമ്മളോട്‌ തന്നെയാണു കടപ്പെട്ടിരിക്കുന്നത്‌.

?ബി.എം.പി എന്ന കഥയിൽ ഈയാശയമാണല്ലോ കൈകാര്യം ചെയ്യുന്നത്‌?

അതെ. ഉത്തരാധുനികതയിൽ കാണുന്ന എല്ലാം നമ്മുടേതുതന്നെയാണ്‌. അതിന്റെ പ്രധാന പ്രത്യേകതയായി പറയുന്ന അതികഥനം പൗരസ്ത​‍്യമായ ഒരു രീതിയാണ്‌. കഥയിലെ കഥാകൃത്തിന്റെ ഇടപെടൽ, സങ്കീർണമായ കഥപറച്ചിൽ ഇതൊക്കെ നമ്മുടെ പൂർവ്വികർ സ്വീകരിച്ചിരുന്നവ തന്നെ.

അവ വിദേശികളുടെ സമർത്ഥമായ കൈകളിലെത്തിയപ്പോൾ നാമതിനു വലിയ വില കല്പിക്കുകയും ഇവിടെയുളളവർ അതിനെ അനുകരിക്കുകയാണെന്നും ‘കണ്ടെത്തുക’യും ചെയ്‌തു.

?ആധുനികരുടെ കാലത്തുണ്ടായിരുന്ന ആശയപരമായ പ്രബുദ്ധത ഇന്ന്‌ വായനാലോകത്തില്ല എന്നുളള വിമർശനത്തെക്കുറിച്ച്‌?

ഇന്ന്‌ വായനയുടെ പൊതു അന്തരീക്ഷം നിലവിലില്ല. അതിന്റെ ഭാഗം മാത്രമാണ്‌ ഈ ആശയപ്രബുദ്ധതയില്ലായ്‌മ. എന്നാൽ നല്ല എഴുത്തുകാർ ഇന്നും ഉണ്ടാകുന്നുണ്ട്‌. യുവാക്കളിൽ ആധുനികരുടെ കാലത്ത്‌ കമ്യൂവിനും കാഫ്‌കയ്‌ക്കും മറ്റുമുണ്ടായിരുന്ന ആധിപത്യം ഇന്ന്‌ വൈദേശിക ചിന്തകർക്കില്ല. പകരം പ്രാദേശിക എഴുത്തുകാർ വായിക്കപ്പെടുന്നുണ്ട്‌. ഇതൊരു നല്ല പ്രവണതയാണ്‌.

?കഥയുടെ രൂപസങ്കല്പത്തെക്കുറിച്ച്‌?

ഒരനുഭവം കഥയിലേക്കു പകർത്തുമ്പോൾ നിലവിലുളള കഥാരൂപത്തോടിണങ്ങുന്നവിധത്തിൽ എഴുതിപ്പോകാനുളള ഒരു പ്രേരണ ഉണ്ടാകാറുണ്ട്‌. എങ്കിലും രൂപപരമായ ബന്ധനത്തിൽനിന്നും വിടുതി നേടാനുളള ഒരു ശ്രമം പലപ്പോഴും നടത്താറുണ്ട്‌. സമീപകാലത്തെഴുതിയ മരത്തിൽ കേട്ടത്‌, വാർത്തകളില്ലാത്ത നഗരം തുടങ്ങിയ കഥകളിൽ അത്തരത്തിലൊരു ശ്രമമുണ്ട്‌.

?അധ്യാപനവും കഥയെഴുത്തും?

കഥയെഴുത്തിനെ അധ്യാപനം ഒരുതരത്തിലും സഹായിക്കുന്നില്ല എന്നാണ്‌ എന്റെയനുഭവം. അധ്യാപകൻ ആവർത്തനാനുഭവങ്ങളുടെ വലയത്തിലാണ്‌. ക്ലാസ്‌ മുറി, നിശ്ചിത പ്രായത്തിലുളള കുട്ടികൾ, സിലബസ്‌, നിശ്ചിത വിഭാഗം പുസ്‌തകങ്ങൾ....

കഥാകൃത്തിന്‌ വ്യത്യസ്‌തമായ അനുഭവങ്ങൾ ആവശ്യമാണ്‌. വായനയാണ്‌ ഒരു പ്രത്യേകത അത്‌ കഥാകൃത്തിന്‌ അത്രയധികം ആവശ്യമുളളതുമല്ല. അധ്യാപകൻ നല്ല നിരൂപകനാകുന്നതിന്‌ സഹായകമാകും. നല്ല കഥാകൃത്താവാൻ സഹായിക്കുകയില്ല.

“ആകെക്കൂടി ഒരേയൊരു സങ്കടമേയുളളൂ സർ, സാറിനെപ്പോലൊരു മനുഷ്യനെ നോക്കി മനോഹരമായ എന്തെങ്കിലുമൊക്കെ പറയാൻ എനിക്കാഗ്രഹമുണ്ടായിരുന്നു. സാറ്‌ ഒരു നഷ്‌ടപ്രണയത്തിന്റെ മധുരവിഷാദവുമായി നടക്കുകയാണെന്ന്‌, ഉദാത്തമായ ദാർശനിക വ്യഥകളാൽ ആവൃതനാണെന്ന്‌, അലൗകീക വികാരങ്ങളാൽ അനുഗ്രഹീതനാണെന്ന്‌, പരമ പരിശുദ്ധനാണെന്ന്‌, സാറിനു നല്ലകാലം വരുമെന്ന്‌, സാറൊരു മനോഹരമായ കഥയാണെന്ന്‌, ഇല്ല സാർ, ഒന്നുമെനിക്ക്‌ പറയാൻ കഴിഞ്ഞില്ല.”

(രേഖാരഹസ്യം - എൻ.പ്രഭാകരൻ)

കെ. വി. മധു

കേരള പ്രസ്‌ അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ പി.ജി. ഡിപ്ലോമ, ഡി.ടി.പി. ഇപ്പോൾ ഫ്രീലാൻസായി ഫീച്ചറുകളും അഭിമുഖങ്ങളും മറ്റും എഴുതുന്നു. സാഹിത്യ-നാടൻ കലാസംബന്ധിയായി കുറച്ച്‌ കൂടുതൽ ചെയ്‌തിട്ടുണ്ട്‌.

വിലാസംഃ

ക്ലായിക്കോട്‌ പി. ഒ.

കാസർകോട്‌ ജില്ല

671313




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.