പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കഥയെഴുത്തിന്‌ മുമ്പ്‌.....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി. പത്മനാഭൻ

ലേഖനം

അമേരിക്കയിലെ പ്രശസ്തമായ ചില യൂണിവേഴ്‌സിറ്റികളിൽ ക്രിയേറ്റീവ്‌ റൈറ്റിങ്ങ്‌ എന്നത്‌ വളരെ ഗൗരവമുളള ഒരു പഠനവിഷയമാണ്‌. അവർ ഓരോ കൊല്ലവും സിലബസ്‌ മുൻകൂട്ടി പ്രസിദ്ധപ്പെടുത്തുകയും അതിനനുസരിച്ച്‌ പ്രോഗ്രാമുകൾ നടത്തുകയും ചെയ്യുന്നു. ഇത്തരം പ്രോഗ്രാമുകളുടെ ഡയറക്‌ടർ പ്രശസ്തനായ ഏതെങ്കിലുമൊരു സാഹിത്യകാരനായിരിക്കും. ഒരിക്കലും ഒരു യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായിരിക്കുകയില്ല. പ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയിൽ ഇത്തരം ഒരു കോഴ്‌സിന്റെ ഡയറക്‌ടർ നോബൽ സമ്മാനാർഹനായ സിംഗ്ലേയർ ലെവിസ്‌ ആയിരുന്നു. മുപ്പതോളം കുട്ടികളുളള ആ ക്ലാസ്സിനെ ആദ്യദിവസംതന്നെ അഭിസംബോധനചെയ്‌ത്‌ സംസാരിച്ചത്‌ അദ്ദേഹമായിരുന്നു. മറ്റൊന്നിലേയ്‌ക്കും കടക്കാതെ അദ്ദേഹം ചോദിച്ചത്‌ ഒരു കാര്യം മാത്രമായിരുന്നു. നിങ്ങൾ എഴുത്തുകാരനാകാൻ തന്നെ തീരുമാനിച്ചുവോ എന്നാണ്‌. കുട്ടികളുടെ അതെയെന്ന മറുപടി കിട്ടിയിട്ടും അദ്ദേഹം വീണ്ടും വീണ്ടും അവരോടു ചോദിച്ചു. “നിങ്ങൾ തീർച്ചയായും തീരുമാനിച്ചുവോ?” എഴുത്തുകാരാകാൻ തീരുമാനിച്ചുവെന്ന്‌ കുട്ടികൾ വളരെ ഉറപ്പിച്ചുതന്നെ പറഞ്ഞു. ആ മറുപടിയിൽ തൃപ്തനായ അദ്ദേഹം പറഞ്ഞത്‌ ഇങ്ങിനെയായിരുന്നു “എങ്കിൽ എനിക്കൊന്നും പറയാനില്ല, നിങ്ങൾപോയി എഴുതികൊളളുക.”

സിംഗ്ലയർ ലെവിസിന്റെ മറുപടി കേൾക്കുമ്പോൾ തമാശയായിതോന്നുമെങ്കിലും അതിൽ ചില സത്യങ്ങൾ ഉണ്ട്‌. അദ്ദേഹം ചോദിച്ചത്‌ നിങ്ങൾ എഴുത്തുകാരനാവാൻ തീരുമാനിച്ചുവോ എന്നാണ്‌. ആർക്കും എഴുത്തുകാരനാവാം അല്ലെങ്കിൽ ഏതു വോട്ടർക്കും എഴുത്തുകാരനാവാം എന്നു പറഞ്ഞാൽ സംഗതി പിശകാകും. അങ്ങിനെ കഴിയുകയുമില്ല. ചില യോഗ്യതകൾ ഉളളവർക്കുമാത്രമേ എഴുത്തുകാരനാവാൻ കഴിയൂ. ആ യോഗ്യതയെ സിദ്ധിയെന്നു വേണമെങ്കിൽ വിളിക്കാം. അതാണ്‌ അദ്ദേഹം “തീരുമാനിച്ചുവോ?” എന്ന്‌ വീണ്ടും വീണ്ടും ചോദിച്ചതിന്റെ അർത്ഥം. ആ സമയത്ത്‌ ക്ലാസ്സിലിരുന്ന ഓരോ കുട്ടിയും എങ്ങിനെയാണെന്നോ, അവരുടെ ഭൂതകാലമോ അദ്ദേഹത്തിനറിയില്ല. അത്‌ അവർ സ്വയം അറിയേണ്ടതാണ്‌. അവരത്‌ തീരുമാനിക്കേണ്ടത്‌ അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.

ഞാൻ നേരത്തേ സൂചിപ്പിച്ചു ഏതു വോട്ടർക്കും എഴുത്തുകാരനാവാൻ കഴിയില്ല; എഴുത്തുകാരൻ എന്നുമാത്രമല്ല ചിത്രകാരനും സംഗീതജ്‌ഞ്ഞനുമാവാൻ കഴിയില്ല. അത്‌ ചിലർക്കുമാത്രം കഴിയുന്ന സംഗതിയാണ്‌. ഈ ചിലരെ വരേണ്യവർഗ്ഗമെന്നോ ഇന്ന ജാതിയെന്നോ എന്നുകരുതി വേർതിരിക്കേണ്ട, അങ്ങിനെ തെറ്റിദ്ധരിക്കുകയും ചെയ്യേണ്ട. ഇത്തരം പ്രവർത്തനങ്ങൾക്ക്‌ ഒരു സിദ്ധി എന്നത്‌ നിർബ്ബന്ധമാണ്‌. ഇത്തരം ജന്മസിദ്ധി എന്ന ഒരു ചെറിയ മുള അഥവാ അങ്കുരം എന്നൊന്നില്ലെങ്കിൽ അത്‌ പരിപോഷിപ്പിക്കാനാവില്ല. എഴുത്തുകാരനെപ്പോലെ വേഷംകെട്ടുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്യാമെങ്കിലും എഴുത്തുക്കാരനെന്ന നിലയിലുളള ഖ്യാതി, സഹൃദയരുടെ ഹൃദയത്തിനുളളിലൊരു സ്ഥാനം നേടിയെടുക്കാൻ വിഷമമായിരിക്കും.

ഇങ്ങിനെ ഒരു സിദ്ധി ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ല. അത്‌ പരിപോഷിപ്പിക്കുക തന്നെ വേണം. പരിപോഷിപ്പിക്കുന്നത്‌ വായനയിലൂടെയും അനുഭവത്തിലൂടെയും ആയിരിക്കുകയും വേണം. അനുഭവമെന്നു പറഞ്ഞാൽ നിരീക്ഷണം, ധ്യാനം, മനനം എന്നിവ ചേർന്നതാണ്‌. സിംഗ്ലയർ ലെവിസ്‌ നിങ്ങൾ എഴുത്തുകാരാവാൻ തീരുമാനിച്ചുവോ എന്ന്‌ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ ഇതൊക്കെയും ആ ചോദ്യത്തിൽ ഉൾക്കൊളളുന്നുണ്ട്‌. ഞാൻ ആ ക്ലാസ്സിലെ വിദ്യാർത്ഥി ആയിരുന്നെങ്കിൽ എന്റെ സ്ഥിതി എനിക്കു മാത്രമേ അറിയാൻ പറ്റൂ. എനിക്ക്‌ എഴുതുവാനുളള വാസനയുണ്ടോ എന്നും എന്റെ മനസ്സിൽ, ഉറവകൾ വരുന്നതുമാതിരി കലയുടെ മുളകൾ പൊട്ടുന്നുണ്ടോ എന്നും എനിക്കു മാത്രമേ അറിയാൻ കഴിയൂ.

ഇങ്ങിനെ കലയുടെ അല്ലെങ്കിൽ സാഹിത്യത്തിന്റെ മുളകൾ പൊട്ടിയതുകൊണ്ടുമാത്രം പ്രയോജനമില്ല. അത്‌ ഭാഷയിലൂടെ മാത്രമേ മറ്റുളളവർക്ക്‌ പകർത്തികൊടുക്കുവാൻ സാധിക്കൂ. തെറ്റില്ലാത്ത ഭാഷ, ശുദ്ധമായ ഭാഷ, അനുയോജ്യമായ ഭാഷ ഇതൊക്കെ കൈകാര്യം ചെയ്യാനുളള കഴിവ്‌ ഒരിക്കലും ജന്മംകൊണ്ട്‌ ലഭിക്കുകയില്ല. മറിച്ച്‌ സ്ഥിരമായി നടത്തുന്ന പരിശ്രമം കൊണ്ടേ സിദ്ധിക്കുകയുളളു. ജന്മസിദ്ധിയുണ്ടെങ്കിൽകൂടി നിരീക്ഷണവും, വായനയും ഉളള ഒരാൾക്കേ നല്ല എഴുത്തുകാരനാവാൻ കഴിയൂ. പക്ഷെ ഇന്നത്തെ ചുറ്റുപാടിൽ ഇത്‌ പൊതുവെ വിരളവുമാണ്‌.

വായനയുടെ സ്ഥിതി വളരെ ദയനീയമാണ്‌. ആറുകൊല്ലങ്ങൾക്ക്‌ മുമ്പ്‌ ഞാൻ മേളത്തൂർ വൈദ്യമഠം തിരുമേനിയുടെ നേഴ്‌സിങ്ങ്‌ ഹോമിൽ ഒരു രോഗിയായി കിടക്കുകയായിരുന്നു. അവിടെവച്ച്‌ ബി.എ.യൊക്കെ കഴിഞ്ഞ്‌ ട്രെയ്‌നിങ്ങ്‌ കോളേജിൽ പഠിക്കുന്ന നാലഞ്ചു വിദ്യാർത്ഥികൾ എന്നെ കാണുവാൻ വന്നു. അവർ കഥയെഴുത്തിലൊക്കെ താത്‌പര്യമുളളവരായിരുന്നു. ഞാൻ ഏറെനേരം കാരൂർ നീലകണ്‌ഠപിളളയെ പറ്റിയാണ്‌ അവരോട്‌ സംസാരിച്ചത്‌. നമ്മുടെ മലയാള സാഹിത്യത്തിലെ, ലോകസാഹിത്യത്തിൽ തന്നെ വളരെ ഉയർന്ന പദവിയിൽ നില്‌ക്കുന്ന വ്യക്തിയാണ്‌ ശ്രീ കാരൂർ നീലകണ്‌ഠപിളള. നാളെ കുട്ടികളെ പഠിപ്പിക്കേണ്ട ഈ ബി.എ. പാസായ വിദ്യാർത്ഥികളിൽ ഒരാൾപോലും കാരൂരിന്റെ ഒരു കൃതിപോലും വായിച്ചിട്ടില്ല. ഇങ്ങിനെ അനുഭവങ്ങൾ എണ്ണിപറയാൻ തുടങ്ങിയാൽ ധാരാളമുണ്ട്‌. ഇതൊക്കെ വായിച്ചില്ലെങ്കിൽ എങ്ങിനെയാണ്‌ ഒരാൾക്ക്‌ കഥയെഴുതുവാൻ കഴിയുക? ഒരു സന്ദർഭത്തെ എങ്ങിനെയാണ്‌ കാരൂർ കഥയാക്കുന്നത്‌, അദ്ദേഹത്തിന്റെ വാചകങ്ങൾ, അതിന്റെ ഘടന ഇതൊക്കെ അദ്ദേഹത്തിന്റെ കഥ വായിച്ചാൽ മാത്രമെ മനസ്സിലാവുകയുളളു. കാരൂർ മാത്രമല്ല, എസ്‌.കെ.പൊറ്റക്കാട്‌ ആയാലും, ബഷീറായാലും, പി.സി. കുട്ടികൃഷ്‌ണനായാലും ശരി, ഇവരെയൊക്കെ വായിക്കാതെ കഥയെഴുതാൻ തുനിയുന്നത്‌ വളരെ ദാരുണമായ ഒന്നാണ്‌.

സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാകൊല്ലവും കാരൂർ സ്‌മാരക പ്രസംഗങ്ങൾ നടത്താറുണ്ട്‌. 88-ൽ ഞാനായിരുന്നു മുഖ്യപ്രാസംഗികൻ. ആ പ്രസംഗത്തിന്റെ ടെക്‌സ്‌റ്റ്‌ ഒന്നിലധികം പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിച്ചു. ഇരുപത്തിരണ്ടിലേറെ പ്രശസ്‌തർ കലാകൗമുദിയിൽ ആ പ്രസംഗത്തെക്കുറിച്ചുളള അവരുടെ അഭിപ്രായങ്ങൾ എഴുതി. ദേശാഭിമാനിയിലും മാധ്യമത്തിലും അതിലേറെ പേർ അവരുടെ അഭിപ്രായങ്ങൾ എഴുതി. പിന്നീട്‌ ഇതിനെക്കുറിച്ച്‌ ഇന്ത്യയിലും പുറത്തും ഒട്ടേറെ ചർച്ചകൾ നടക്കുകയുണ്ടായി. ആ പ്രസംഗത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങളിലൊന്ന്‌ വായനയുടെ അഭാവത്തെ കുറിച്ചാണ്‌. ഞാനന്ന്‌ പറഞ്ഞതിനെക്കുറിച്ച്‌ ധാരാളം പരിഭവങ്ങളുണ്ടായിരുന്നു. അന്ന്‌ ഞാൻ പറഞ്ഞതിൽ ഒരു കാര്യമിതായിരുന്നു, കുഞ്ഞുണ്ണിയുടെ കവിതകൾ വായിച്ചിട്ട്‌ സാഹിത്യത്തെ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്‌തു എന്ന്‌ വിചാരിച്ചാൽ അത്‌ വലിയൊരു ട്രാജഡിയായിരിക്കും. എനിക്ക്‌ അദ്ദേഹത്തോട്‌ ഒരു വിദ്വേഷമോ, അസൂയയോ ഇല്ല. അദ്ദേഹം ഒരാളോടും ഒരു ദ്രോഹവും ചെയ്‌തിട്ടില്ല. പക്ഷെ കുഞ്ഞുണ്ണികവിതകൾ സാഹിത്യമല്ല എന്നതിന്‌ ഒരു സംശയവുമില്ല. ശങ്കരപ്പിളളയുടെയോ കുമാരനാശാന്റെയോ ഇടശ്ശേരിയുടെയോ വൈലോപ്പിളളിയുടെയോ കവിതകൾ പഠിക്കാതെ രണ്ടക്ഷര കടംകഥ പോലെയുളള കുഞ്ഞുണ്ണികവിതകൾ മാത്രം പഠിക്കുന്നത്‌ അപകടകരം തന്നെയാണ്‌. ഈ പഠിച്ചവർ നാളെ അധ്യാപകരായി വരുകയും ചെയ്യും. അതിങ്ങനെ വിശ്വസർക്കിളായിട്ട്‌ വരികയും ചെയ്യും. ഇത്‌ വളരെ ഈസിയായ സംഗതിയാണ്‌. ഒരു ജീവിതകാലത്ത്‌ ഏതുസമയത്തും ആശാന്റെ ഏതെങ്കിലും കുറച്ചുവരികളെടുത്ത്‌ വായിച്ചാൽ ഓരോ സന്ദർഭത്തിലും പുതിയ പുതിയ അർത്ഥങ്ങൾ മനസ്സിൽ തെളിഞ്ഞുവരും. ആശാന്റെ കവിതകൾ എവിടെ നില്‌ക്കുന്നു കുഞ്ഞുണ്ണികവിതകൾ എവിടെ നില്‌ക്കുന്നു. കുഞ്ഞുണ്ണികവിതകൾ വായിച്ചിട്ട്‌ സാഹിത്യരചനയിൽ കടന്നു വരുന്നവർ ഒരിക്കലും വളരുകില്ല. ആ സൃഷ്‌ടികൾ യാതൊരു കാരണവശാലും അംഗീകരിക്കപ്പെടുകയുമില്ല.

റെയ്‌മണ്ട്‌ കാർവർ ഒരു വലിയ കഥാകൃത്താണ്‌. ആന്തോളജി ഓഫ്‌ അമേരിക്കൻ മാസ്‌റ്റർപീസസ്‌ ഓഫ്‌ ഷോർട്ട്‌സ്‌റ്റോറീസ്‌ എന്ന പുസ്‌തകത്തിൽ ചേർക്കുവാൻ വേണ്ടി ചെറുകഥകൾ തെരഞ്ഞെടുത്ത ആളുകളിൽ ഒരാൾ റെയ്‌മണ്ട്‌ കാർവറാണ്‌. ആ പുസ്‌തകത്തിന്‌ കാർവർ എഴുതിയ ഉപക്രമത്തിന്റെ ആദ്യഖണ്ഡിക തുടങ്ങുന്നത്‌ അരിസ്‌റ്റോട്ടിലിന്റെ ഒരു വാചകം ഉദ്ധരിച്ചിട്ടാണ്‌. “ദ എക്‌സലന്റ്‌ ബികംസ്‌ പെർമനന്റ്‌”. മികച്ചതാണ്‌ നിലനില്‌ക്കുന്നത്‌. മികച്ചതേ നിലനില്‌ക്കൂ......കഥകൾ നിലനില്‌ക്കുവാൻ യാതൊരുവിധ കുറുക്കുവഴികളുമില്ല. മികച്ചതിനുമാത്രമേ നിലനില്‌ക്കുവാൻ കഴിയൂ.

പിന്നീട്‌ കാർവർ പറയുന്നത്‌ എങ്ങിനെയാണ്‌ അദ്ദേഹം കഥകൾ തെരഞ്ഞെടുത്തത്‌ എന്നാണ്‌. അദ്ദേഹം കഥകൾ തെരഞ്ഞെടുക്കുമ്പോൾ യാതൊരു ഡമോക്രസിയും ഉണ്ടായിരുന്നില്ല, ഒരു റെപ്രസന്റേഷനും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അദ്ദേഹം കഥയുടെ മൂല്യം മാത്രമേ നോക്കിയിരുന്നുളളൂ. അദ്ദേഹം തുടർന്നുപറയുന്നുണ്ട്‌. ഒരുകഥ പോസ്‌റ്റ്‌ മോഡേണാണോ, ന്യൂ ഫിക്‌ഷനാണോ, മാജിക്കൽ റിയലിസമാണോ എന്നൊന്നും തിരക്കിയിട്ടില്ല. ഒരു കഥ വായിച്ചാൽ അത്‌ നമ്മെ മുന്നോട്ട്‌ കൊണ്ടുപോകുന്നതായിരിക്കണം. അത്‌ വളരെ ശക്തമായ മാനസികാനുഭവമായിരിക്കണം. ഒരു തിയറി അഥവാ സിദ്ധാന്തം ഉണ്ടെന്ന്‌ വച്ച്‌ എഴുതിയത്‌ കഥയാകണമെന്നില്ല. അതിനുപകരം ഒരു പ്രബന്ധം എഴുതിയാൽ മതിയാകും. ഒരു കഥ നമ്മെക്കുറിച്ചുളള ബോധത്തെയും ലോകത്തെ കുറിച്ചുളള ബോധത്തെയും വിപുലീകരിക്കുന്നതായിരിക്കണം.

നല്ലകഥ ഒരു ദിവസത്തേയ്‌ക്കല്ല, എന്നും നിലനില്‌ക്കുന്നതായിരിക്കണം. നൂറുവർഷത്തിലധികമായി നിലനില്‌ക്കുന്ന സ്‌റ്റീഫൻ ക്രെയ്‌നിന്റെ “ഓപ്പൺ ബോട്ട്‌” ഇന്നും ചർച്ചചെയ്യപ്പെടുന്നത്‌ നാം കാണുന്നുണ്ട്‌. അതിനാൽ പഴയതാണ്‌ എന്നു പറഞ്ഞ്‌ ഒരു കഥയെ തളളിക്കളയാനാവില്ല. അത്‌ ശരിയുമല്ല. കാരണം നല്ല കഥ കാലാനുവർത്തിയായിരിക്കും.

(സമസ്തകേരള സാഹിത്യപരിഷത്തും, ഫാക്‌ട്‌ ലളിതകലാകേന്ദ്രവും ചേർന്ന്‌ സംഘടിപ്പിച്ച സാഹിത്യശിൽപശാലയിൽ ടി.പത്‌മനാഭൻ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്തരൂപം.)

തയ്യാറാക്കിയത്‌ഃ സുവിരാജ്‌ പടിയത്ത്‌

ടി. പത്മനാഭൻ

1931ൽ കണ്ണൂരിനടുത്ത്‌ പളളിക്കുന്നിൽ ജനിച്ചു

അച്‌ഛൻഃ പുതിയിടത്ത്‌ കൃഷ്‌ണൻനായർ.

അമ്മഃ ദേവകി എന്ന അമ്മുക്കുട്ടിയമ്മ.

ചിറക്കൽ രാജാസ്‌ ഹൈസ്‌കൂളിലും മംഗലാപുരം ഗവണ്മെന്റ്‌ ആർട്‌സ്‌ കോളജിലും മദ്രാസ്‌ ലോ കോളജിലും പഠിച്ചു.

കുറച്ചുകൊല്ലം കണ്ണൂരിൽ വക്കീലായി പ്രാക്‌ടീസ്‌ ചെയ്‌തശേഷം ഫാക്‌ടറിന്റെ കൊച്ചിൻ ഡിവിഷനിൽ ഉദ്യോഗം സ്വീകരിച്ചു. 1989-ൽ ഡപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു.

1948 മുതൽ കഥകളെഴുതുന്നു. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും കഥകളുടെ തർജ്ജിമകൾ വന്നിട്ടുണ്ട്‌. കഥകൾ ഫ്രഞ്ച്‌, റഷ്യൻ, ജർമൻ, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലും വന്നിട്ടുണ്ട്‌. 1973-ൽ കേരള സാഹിത്യ അക്കാദമിയുടെ അവർഡ്‌ സാക്ഷി എന്ന സമാഹാരത്തിന്‌ ലഭിച്ചപ്പോൾ, അക്കാദമി എന്ന സങ്കല്‌പത്തോട്‌ പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാൽ സ്വീകരിച്ചില്ല. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ എം.പി. പോൾ പ്രൈസ്‌ സാക്ഷിക്കു ലഭിച്ചിട്ടുണ്ട്‌. 1988-ൽ കാലഭൈരവന്‌ സാഹിത്യപരിഷത്തിന്റെ ആദ്യത്തെ ഗോൾഡൻ ജൂബിലി അവാർഡ്‌ കിട്ടി. 1991-ൽ പ്രസിദ്ധീകരിച്ച ‘ഗൗരി’ എന്ന കഥയ്‌ക്ക്‌ കഴിഞ്ഞ 6 കൊല്ലക്കാലത്തിനുളളിൽ മലയാളത്തിൽ വന്ന ഏറ്റവും മികച്ച കഥയ്‌ക്കുളള ‘സ്‌റ്റജ്‌ ഓഫ്‌ അൽ-ഐൻ’ അവാർഡ്‌ ലഭിച്ചു. ‘പുഴ കടന്ന്‌ മരങ്ങളുടെ ഇടയിലേക്ക്‌’ എന്ന കഥയ്‌ക്ക്‌ 1996-ലെ പത്‌മരാജൻ പുരസ്‌കാരം കിട്ടി. ഗൗരിക്ക്‌ 1996-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. കടലിന്‌ 1995-ലെ അബുദാബി മലയാള സമാജം അവാർഡും 1996-ലെ ഓടക്കുഴൽ പുരസ്‌കാരവും. പുഴകടന്ന്‌ മരങ്ങളുടെ ഇടയിലേക്ക്‌ എന്ന സമാഹാരത്തിന്‌ 2000-ൽ അരങ്ങ്‌ (അബുദാബി) അവാർഡും ലഭിച്ചു. 1996-ൽ എം.കെ.കെ.നായർ അവാർഡ്‌. അമേരിക്കയിലും കാനഡയിലും ഇംഗ്ലണ്ടിലും യൂറോപ്പിലും നേപ്പാളിലുമൊക്കെ സഞ്ചരിച്ചിട്ടുണ്ട്‌. 15 കഥാസമാഹാരങ്ങളും ഒരു ലേഖനസമാഹാരവുമുണ്ട്‌ (എന്റെ കഥ, എന്റെ ജീവിതം). നോവൽ എഴുതിയിട്ടില്ല.

ഭാര്യഃ കല്ലന്മാർതൊടി ഭാർഗ്ഗവി.

വിലാസംഃ

15, രാജേന്ദ്രനഗർ സ്‌റ്റേജ്‌- 2

പളളിക്കുന്ന്‌

കണ്ണൂർ 670 004




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.