പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

കാർഗിൽ യുദ്ധം -നമ്മോടു പറയാത്ത കഥകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

എഡിറ്റോറിയൽ

രാജ്യസ്നേഹവും ദേശാഭിമാനവും സ്വാതന്ത്ര്യസമരകാലത്തുപോലുമില്ലാത്തവണ്ണം ഒരാവേശമായി മാറിയിരിക്കുന്ന സമയമാണിന്ന്‌. പളളിപൊളിച്ചും, അമ്പലം പണിതും, ദളിതരെ ചുട്ടുകൊന്നും, കന്യാസ്ര്തീകളെ മാനഭംഗപ്പെടുത്തിയും ദേശീയവാദം അതിന്റെ പരമോന്നതിയിലാണ്‌. അടുത്തൊരു ശത്രുരാജ്യവും കൂടിയുളളപ്പോൾ അതിർത്തിയിൽ തോക്കുകൾ കൊണ്ടുളള അഭ്യാസവും. സംഗതി കുശാൽ. രാജ്യസ്നേഹികൾക്കും ദേശീയവാദികൾക്കും ഉറഞ്ഞുതുളളാൻ പറ്റിയ കാലാവസ്ഥ.

തെഹൽക്കയുടെ തുളളൽപനിയിൽ നിന്നും മരുന്നും മന്ത്രവുമൊക്കെയായി കഷ്‌ടിച്ചു രക്ഷപ്പെട്ടതാണ്‌ നമ്മുടെ ഇന്നത്തെ കേന്ദ്രഭരണക്കാർ. അധികം വൈകാതെ അടുത്തൊരു വെടി കൂടിപൊട്ടിയിരിക്കുന്നു. സി.ഐ.ജിയുടെ റിപ്പോർട്ട്‌. കാർഗിലിലെ രക്തസാക്ഷികളുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ വാങ്ങിയ ശവപ്പെട്ടിയുടെ കച്ചവടത്തിൽ തിരിമറിനടത്തി മേലാളൻമാർ കൈക്കലാക്കിയത്‌ കോടികളാണ്‌. രാജ്യത്തിനുവേണ്ടി ജീവൻ ബലികൊടുത്ത ആ രക്തസാക്ഷികളുടെ ആത്‌മാക്കൾ അഴിമതിയുടെ നെറിവുകേടുകളുടെ ദുർഗന്ധം വമിക്കുന്ന ശവപ്പെട്ടിയിൽ കിടന്ന്‌ വിങ്ങിപ്പൊട്ടുന്നുണ്ടാകാം.

യുദ്ധം എന്നത്‌ രാജ്യത്തിന്റെ ആത്‌മാഭിമാനവും ജനങ്ങളുടെ പൊതുവികാരവും മുൻനിർത്തിയ ഒന്നാണോ അതോ ഇത്‌ കൃത്യമായ കണക്കുകളുളള കച്ചവടമാണോ എന്ന്‌ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അങ്ങിനെ കാർഗിൽ യുദ്ധത്തിന്റെ മറവിൽ ടി-72 ടാങ്കറുകൾ, പൊളളുന്ന വിലയ്‌ക്ക്‌ വിദേശത്തുനിന്നും വാങ്ങിയ റഡാറുകൾ, തെർമൽ ഇമേജറുകൾ, ബുളളറ്റ്‌ പ്രൂഫ്‌ ജാക്കറ്റുകൾ അതിലുപരി സൈനികർക്ക്‌ ഉപയോഗിക്കാൻപോലും കഴിയാത്ത ഷൂസുകൾ തുടങ്ങി ആവശ്യവും അനാവശ്യവുമായ ഒട്ടനവധി സാധനങ്ങൾ വാങ്ങികൂട്ടി അതിന്റെ കമ്മീഷൻ പിടിച്ചുപറ്റുമ്പോൾ യുദ്ധം ഒരു കച്ചവടം തന്നെയാകുന്നു. നമ്മുടെ ദേശാഭിമാനവും ആത്‌മാഭിമാനവും അവരുടെയൊക്കെ ചൂഷണോപാധികളായി മാറുന്നു.

ഭാരതീയതയുടെ മറവിൽ വിദേശ ആയുധക്കച്ചവടക്കാരുടെ അടിവസ്‌ത്രംപോലും കഴുകികൊടുക്കാൻ മടിക്കാത്ത ഇത്തരം സൈനിക-രാഷ്‌ട്രീയ നപുംസകങ്ങളെ എണ്ണയിൽ കാച്ചിയ തിരണ്ടിവാൽകൊണ്ട്‌ അടിക്കുകതന്നെവേണം. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നെഞ്ചുവിരിച്ച്‌ അതൊക്കെയും തുറന്ന്‌ പറഞ്ഞ്‌ രാജിവച്ചിറങ്ങിയിട്ടുളള മന്ത്രിമാരും ഉദ്യോഗസ്ഥൻമാരും ഒരിക്കൽ ഇന്ത്യയ്‌ക്കുണ്ടായിരുന്നു. പിടിച്ചു പുറത്താക്കിയാലും അധികാരകസേരയ്‌ക്ക്‌ ചുറ്റും പ്രാഞ്ചി നടക്കുന്ന മൂന്നുംകെട്ടവരെയാണ്‌ ഇന്ന്‌ നമുക്ക്‌ കാണാൻ കഴിയുക. ‘നിർത്തിപൊയ്‌കൂടെ സാറന്മാരേ ഈ പണി’ എന്നു മാത്രമെ നമുക്കിവരോടു പറയാൻ കഴിയൂ. കാരണം ഉപദേശിക്കാൻ നമ്മെക്കാൾ കേമന്മാരാണല്ലോ ഇവർ... ഇനി സൈന്യത്തെകൂടി സ്വകാര്യവത്‌ക്കരിച്ച്‌ ഇന്ത്യയെ അങ്ങ്‌ പരിപോഷിപ്പിക്കട്ടെ, അല്ലാതെന്തു പറയാൻ. ഇതും നമ്മുടെ വിധി.

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.