പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > കെനിയൻ കുറിപ്പുകൾ > കൃതി

‘ജാംബോ!’

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബു ജി. നായർ

യാത്രാവിവരണം

ബോംബേ-നെയ്‌റോബി ഫ്ലൈറ്റ്‌ ‘കെന്യാട്ട’ വിമാനത്താവളത്തിൽ പറന്നിറങ്ങുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. കാളുന്ന വിശപ്പ്‌ ആയിരുന്നില്ല പ്രശ്‌നം. തിരുവനന്തപുരം എയർ ഇന്ത്യാ എയർലൈൻസ്‌ ഓഫീസിലെ ഗ്രൗണ്ട്‌ ചെയ്യപ്പെട്ട എയർ ഹോസ്‌റ്റസ്‌ ആയ വൃദ്ധസുന്ദരി അരമണിക്കൂർ നേരം ഇന്റർനെറ്റ്‌ പരതിയിട്ട്‌, പാസ്‌പോർട്ടു തിരിയെ നീട്ടിക്കൊണ്ടു പറഞ്ഞു “... യാം നോട്ട്‌ ഷുവർ! വിസ ‘ഓൺ അറൈവൽ ആകാനാണു സാധ്യത. മുപ്പതു ഡോളർ നെയ്‌റോബി എയർ പോർട്ടിലടച്ചാൽ അവർ വിസ സ്‌റ്റാമ്പു ചെയ്‌തുതരും. ബട്‌.... യാം നോട്ട്‌ ഷുവർ! എനിവേ, ട്രൈ യുവർ ലക്ക്‌!”

യാത്രയിലുടനീളം ആ ’ഭാഗ്യപരീക്ഷണ‘ത്തെക്കുറിച്ചുളള വേവലാതി എന്നെ അലട്ടിക്കൊണ്ടിരുന്നു. വിസ പ്രശ്‌നമായാൽ അടുത്ത വിമാനത്തിൽ തിരുവനന്തപുരത്തേക്കു മടക്കി അയക്കും. അതു സാരമില്ല. ആഫ്രിക്കയാണ്‌ ചെന്നിറങ്ങുന്ന ഇടം! എസ്‌.കെ. പൊറ്റക്കാട്‌ വരഞ്ഞിട്ട ഇരുണ്ട ഭൂഖണ്ഡത്തെക്കുറിച്ചുളള ചിത്രങ്ങൾ മനസ്സിലുണ്ട്‌. നരഭോജികൾ വരെയുളള നാട്‌!

കസ്‌റ്റംസ്‌ ക്ലിയറൻസിന്റെ നീണ്ട നിരയുടെ പിറകറ്റത്തു മെല്ലെ മുമ്പോട്ടു നീങ്ങുമ്പോൾ കൗണ്ടറിൽ യാത്രക്കാരുടെ പാസ്‌പോർട്ടു പരിശോധിച്ചു സ്‌റ്റാമ്പു ചെയ്യുന്ന ആജാനബാഹുവിലായിരുന്നു ശ്രദ്ധ മുഴുവൻ. ഗോറില്ലയെ ഓർമ്മിപ്പിക്കുന്ന മുഖവും ശരീരവും. കറുത്ത കോട്ടിനെ തോല്പിക്കുന്ന കരിനിറം. പുറ്റു പിടിച്ചതുപോലെ കഷണ്ടി കയറിയ നെറ്റിയുടെ ഇരുവശത്തും പറ്റി നില്‌ക്കുന്ന കുറ്റിമുടി.

കൗണ്ടറിലെത്തിയ എന്നോട്ട്‌ ഗോറില്ല വെളുക്കെ ചിരിച്ചുകൊണ്ടു പറഞ്ഞുഃ “ജാംബോ! (സ്വാഗതം) വെൽക്കം ടു കെനിയ! ഫ്രം ഇന്തിയ! റൈറ്റ്‌? ഹാവ്‌ ഹേഡ്‌ ഓഫ്‌ യുർ ഗ്യാൻഡി! മൈ ഗ്രാൻഡ്‌പാ വാസ്‌ ഫ്രം സൗത്ത്‌ ആഫ്രിക്ക.” ഒരു ഗുഹാമുഖത്തുനിന്നെന്നപോലെ അയാളുടെ ശബ്‌ദം മുഴങ്ങി.

“തെർട്ടി ഡാളേഴ്‌സ്‌ ഫോർ വിസാ ഫീസ്‌, പ്ലീസ്‌!” അയാൾ കൈനീട്ടി.

ഞാൻ നൂറു ഡോളറിന്റെ നോട്ടുനീട്ടിക്കൊണ്ടു പറഞ്ഞു. “സോറി! ഐ ഹാവ്‌ നൊ ചെയ്‌ഞ്ച്‌.”

“ദാറ്റ്‌സ്‌ ഓക്കേ! പ്ലീസ്‌ വെയിറ്റ്‌ ഫോർ ദി ബാലൻസ്‌” അയാൾ വെളുക്കെ ചിരിച്ചു.

സ്‌റ്റാമ്പു ചെയ്‌ത പാസ്‌പോർട്ട്‌ മാറ്റിവെച്ചുകൊണ്ട്‌ അടുത്ത ആളിനെ വിളിച്ചു. നിമിഷങ്ങൾക്കകം ക്യൂവിൽ ബാക്കിനിന്ന ബാക്കി രണ്ടുപേരുടെ പാസ്‌പോർട്ട്‌ സ്‌റ്റാമ്പു ചെയ്‌തു തീർത്തിട്ട്‌ എന്നോടു ചോദിച്ചുഃ

“ഹാഡ്‌ യൂവർ ലഞ്ച്‌?”

“നോട്ട്‌ യെറ്റ്‌”

“ഓക്കെ! ലെറ്റ്‌സ്‌ ഗോ ടു ദി റസ്‌ട്രണ്ട്‌” അയാൾ മുന്നിൽ നടന്നു.

“യു മൈൻഡ്‌ ഹാവിംഗ്‌ എ ബിയർ? കെന്യൻ ബിയർ ഈസ്‌ ഫൻടാസ്‌റ്റിക്‌!” ലഞ്ച്‌ ഓർഡർ ചെയ്യു​‍ുന്നതിനിടെ അയാൾ പറഞ്ഞു. എന്നിട്ട്‌ ഓർഡർ മുഴുമിപ്പിച്ചു. “രണ്ടു ബിയർ... ലാംബ്‌ ലിവർ ഫ്രൈ... ഫിഷ്‌ ഫിംഗർ.. പൊട്ടറ്റോ ചിപ്‌സ്‌.. രണ്ടാൾക്ക്‌!”

എന്തൊരു ആതിഥ്യമര്യാദ! ആഫ്രിക്കക്കാരെക്കുറിച്ചുളള മോശപ്പെട്ട എന്റെ മുൻവിധികളെക്കുറിച്ച്‌ എനിക്ക്‌ ലജ്ജ തോന്നി. അയാൾ സംഭാഷണത്തിലേക്കു കടന്നു. സച്ചിൻ ടെൻഡുൽക്കറും, ശില്‌പാ ഷെട്ടിയുടെ പരസ്യചുംബനവും താജ്‌മഹലും സ്‌നേക്ക്‌ ചാമിംഗും നിറഞ്ഞുനിന്ന വാഗ്‌ധോരണി! ലഞ്ചു കഴിഞ്ഞ്‌ ബിൽ ചോദിച്ചു വാങ്ങി നോക്കിയിട്ടു പറഞ്ഞുഃ “ഒരു നൂറു ഡാളേഴ്‌സ്‌ കൂടി തന്നോളൂ! വിസാ ഫീസ്‌ കഴിച്ചുളള തുക എന്റെ പക്കലുണ്ട്‌. ബിൽ ഞാൻ തന്നെ കൊടുത്തോളാം!”

കണക്കു ബോധ്യപ്പെട്ടില്ലെങ്കിലും ഞാൻ നൂറു ഡോളറിന്റെ നോട്ടുനീട്ടി.

എയർപോർട്ട്‌ റെസ്‌റ്റോറന്റിന്റെ പുറത്തു കടന്ന്‌ പെട്ടികൾ ഏറ്റുവാങ്ങാൻ ബാഗേജ്‌ കളക്ഷനിലേക്കു യാത്ര പറയുമ്പോൾ അയാൾ ചോദിച്ചു.

“കെനിയയിൽ ആദ്യമായി വരികയല്ലേ? സ്വീകരിക്കാൻ കമ്പനി റെപ്രസെന്റേറ്റീവ്‌ പുറത്തു കാക്കുന്നുണ്ടാവുമല്ലോ! അടുത്ത ഫ്ലൈറ്റ്‌ ലാൻഡ്‌ ചെയ്യാറായി. ഞാൻ കൗണ്ടറിലുണ്ടാവും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അറിയിക്കാൻ മറക്കേണ്ട... ബായ്‌!” ഉരുക്കു കൈവെളളയിൽ എന്റെ കൈത്തലം അമർത്തിക്കുലുക്കിക്കൊണ്ട്‌ ഒരു ഗൊറില്ലയെപ്പോലെ അയാൾ തിടുക്കത്തിൽ നടന്നകന്നു.

ഒരു ബ്രീട്ടിഷ്‌ കമ്പനിയിൽ ജനറൽ മാനേജരായി ചാർജെടുക്കാൻ നെയ്‌റോബിയിൽ എത്തിയ എന്നെ കാത്ത്‌ കമ്പനി അക്കൗണ്ടന്റും മലയാളിയുമായ ബിനോയ്‌ വർഗീസ്‌ പുറത്തു കാത്തുനില്‌ക്കുന്നുണ്ടായിരുന്നു. ഉഹൂറു ഹൈവേയിലൂടെ ക്വാർട്ടേഴ്‌സിലേക്ക്‌ കാറോടിച്ചു പോവുമ്പോൾ ബിനോയ്‌ ചോദിച്ചു.

“സാറ്‌ ലഞ്ച്‌ കഴിച്ചോ?”

“ഉവ്വ്‌. എയർപോർട്ട്‌ റെസ്‌റ്റോറന്റിൽ നിന്നും കഴിച്ചു. ഒരു കസ്‌റ്റംസ്‌ ആഫീസർ ലഞ്ചു വാങ്ങിത്തന്നു. എന്തൊരു സ്‌നേഹവും ആതിഥ്യമര്യാദയുമാണാവർക്ക്‌! നമ്മൾ ഇന്ത്യക്കാർ ഈ ആഫ്രിക്കക്കാരെ കണ്ടു പഠിക്കണം.

ബിനോയ്‌ ബ്രേക്ക്‌ ചെയ്‌തുകൊണ്ട്‌ അത്ഭുതത്തോടെ എന്നെ നോക്കി ചോദിച്ചു.

”കസ്‌റ്റംസ്‌ ആഫീസർ സാറിനു ലഞ്ച്‌ വാങ്ങിത്തന്നോ?“

”അതെ“

”ബില്ലു പേ ചെയ്‌തത്‌ ആരാ? അയാളാണോ?“

”അതെ...“

ബിനോയ്‌യുടെ ചുണ്ടത്തു പരന്ന ചിരി പൊട്ടിച്ചിരിയായി മാറി.

”സാറെത്ര ഡോളർ കൊടുത്തു? അമ്പതോ? നൂറോ?“

”അത്‌... വിസാ ഫീസ്‌ മുപ്പതു ഡോളർ കഴിച്ചുളള എഴുപതും പിന്നൊരു നൂറും. അങ്ങനെ നൂറ്റി എഴുപത്‌!“

”രണ്ടു ലഞ്ചിന്‌ ബില്ല്‌ എത്രയാകുമെന്നറിയാമോ, സാറിന്‌?“

”ഇല്ല“

”ഏറിയാൽ ഇരുപതു ഡോളർ! സാരമില്ല. ആഫ്രിക്കൻ ആതിഥ്യമര്യാദയുടെ ചെലവായി കണക്കാക്കിയാൽ മതി. ആദ്യം കെനിയയിൽ വന്നിറങ്ങിയപ്പോൾ ഈ ആഫീസർ എന്നെയും സ്‌നേഹിച്ചു ലഞ്ച്‌ വാങ്ങിത്തന്നിട്ടുണ്ട്‌.“

ബിനോയ്‌ പൊട്ടിപൊട്ടിച്ചിരിച്ചു.

(ലേഖകൻ കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ 5 വർഷത്തോളം ഒരു ബ്രിട്ടീഷ്‌ കമ്പനിയുടെ ജനറൽ മാനേജർ ആയിരുന്നു.)

 Next

ബാബു ജി. നായർ

പന്തളം തട്ടയിൽ പരേതനായ ജി.കൃഷ്‌ണപിളളയുടെയും ഭാർഗ്ഗവിയമ്മയുടെയും മകൻ. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നിന്നും കൃഷിശാസ്‌ത്രത്തിൽ ബിരുദവും കൊച്ചി യൂണിവേഴ്‌സിറ്റിയിൽനിന്നും എം.ബി.എ ബിരുദവും നേടി. ഗജകേസരിയോഗം, മലപ്പുറം ഹാജി മഹാനായ ജോജി, ദില്ലീവാലാ രാജകുമാരൻ എന്നീ ചലച്ചിത്രങ്ങൾക്കു കഥയും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചലച്ചിത്രത്തിന്‌ കഥയും തിരക്കഥയും രചിച്ചു. നിരവധി ടെലിഫിലിമുകൾക്കും സീരിയലുകൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ പേയാട്‌ ‘രാധേയ’ത്തിൽ താമസിക്കുന്നു.

രാധേയം, പിറയിൽ, പേയാട്‌, തിരുവനന്തപുരം.
Phone: 9446435975
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.