പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

മദ്യപാനമാണെടാ മനസ്സിനൊരാനന്ദം....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണക്യൻ

വാർത്തകൾ വിശേഷങ്ങൾ

“കുടുംബത്തിൽ ഇങ്ങിനെയൊരു തല്ലുകൊളളിച്ചെക്കനുണ്ടാകുമോ? പിടിച്ചുകെട്ടി നിക്കറ്‌ പൊക്കി വളളിച്ചൂരലോണ്ട്‌ ചന്തിക്കിട്ട്‌ രണ്ടു കൊടുക്കുകയാ വേണ്ടത്‌. സഹിക്കാൻ കഴിയാഞ്ഞ്‌ രണ്ടു കൊടുത്താലോ, പിന്നെ വാപൊളിച്ചൊരു കാറലല്ലേ... സമാധാനം എന്നു പറയുന്ന സാധനം ഏഴയൽപക്കത്തേയ്‌ക്ക്‌ വരില്ല...”

സുധീരനെക്കുറിച്ച്‌ ആന്റണി ഇങ്ങനെയായിരിക്കാം ചിന്തിക്കുക. മദ്യമുളള നാടു ഭരിക്കുമ്പോൾ ഭരിക്കുന്നവർക്കൊരു മദ്യനയം വേണ്ടേ? വിഷയം മദ്യമാകുമ്പോൾ മദ്യനയവും സ്വല്പം മത്തുപിടിച്ചപോലായിരിയ്‌ക്കും. അതിനൊക്കെ സുധീരൻ ഇങ്ങിനെ തുടങ്ങിയാലോ? ലീഡറുകാർന്നോരുടെ കാക്കക്കരച്ചില്‌ കേട്ട്‌ ഭ്രാന്തു പിടിച്ചിരിക്കുമ്പോഴാ സുധീരന്റെയീ ബൊമ്മനാട്ടം.

സത്യത്തിൽ ആന്റണി കളളുകുടിക്കുകയും, ‘ഓന’പ്പോലെ ബീഡിവലിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനല്ല കേട്ടോ. പക്ഷെ പ്രവർത്തിയിൽ ഒരു നൂറു മില്ലിയടിച്ചവന്റെ രീതികളാണെന്നു മാത്രം. അന്തോം കുന്തോം ഇല്ലാത്തവന്‌ തിരുവനന്തപുരത്ത്‌ കസേര കിട്ടിയാൽ നൂറുമില്ലിയടിച്ചപോലല്ല, ഒരു ‘ഫുളള്‌’ മൊത്തം വിഴുങ്ങിയ പോലാകും കാര്യം. പറഞ്ഞിട്ട്‌ കാര്യമില്ല. “സംഭവാമീ...”

സുധീരൻ പറഞ്ഞതിങ്ങനെ “പുതിയ മദ്യനയം വളരെ ഭേഷായിട്ടുണ്ട്‌. (പുച്ഛം, ചിരി) അബ്‌ക്കാരികൾക്ക്‌ ആഹ്ലാദിക്കാൻ ഇതിലേറെ ഒന്നും വേണ്ട. ഏറ്റവും ചുരുങ്ങിയ ചെലവിൽ വ്യാജമദ്യം&സ്പിരിറ്റ്‌ അവർക്കിനി ഒഴുക്കാമല്ലോ”.

ചുരുക്കത്തിൽ സുധീരൻ പറഞ്ഞതിന്റെ ആകെത്തുക താഴെ കാണുംവിധം

“മദ്യലോബിയുടെ അളിയനാണോയീ ആന്റണി?”

സുധീരൻ പറഞ്ഞതിൽ കുറച്ചു കാര്യമില്ലാതില്ല.

സംസ്ഥാനത്തെ നിയമവിരുദ്ധമായി നടത്തുന്ന ബാറുകൾക്കെതിരെ യാതൊരുവിധ നടപടികളും ഗവൺമെന്റ്‌ പുതിയ മദ്യനയത്തിൽ എടുക്കുന്നില്ല. വേണ്ട ഒത്താശ ഒരുപാട്‌ ചെയ്‌തു കൊടുക്കുന്നുമുണ്ട്‌.

പണ്ട്‌ ചാരായം നിർത്തി അടിമേടിച്ചതുപോലെ ഇനി വയ്യേ... എന്നായിരിക്കും ആന്റണിയുടെ ഇപ്പോഴത്തെ നിലപാട്‌.

അങ്ങിനെ ഒടുവിൽ ഇതെല്ലാം ചേർത്ത്‌ മുഖ്യനാം ആന്റണിക്ക്‌ തല്ലുകൊളളിച്ചെക്കൻ സുധീരൻ ഒരു കത്തങ്ങയച്ചു.

ആന്റണി വളരെ ശ്രദ്ധാപൂർവ്വം കത്ത്‌ പൊട്ടിച്ചു വായിച്ചു. കാര്യങ്ങൾ മനസ്സിലാക്കി, മദ്യനയത്തിലെ കുഴപ്പങ്ങളറിഞ്ഞു. എന്നിട്ടൊടുവിൽ ഇങ്ങിനെ പറഞ്ഞു.

“സുധീരന്റെ കത്തുകിട്ടി, സുഖമെന്ന്‌ വിശ്വസിക്കുന്നു. മദ്യനയം യു.ഡി.എഫ്‌ തീരുമാനമായതിനാൽ അത്‌ അംഗീകരിക്കുകയേ നിവൃത്തിയുളളൂ... അല്ലാതെ ഞാൻ എന്തുചെയ്യാൻ...”

ദൈവമേ.. പണ്ടീയാന്റണി ഇങ്ങനെയായിരുന്നില്ലല്ലോ. അന്ന്‌ കേന്ദ്രമന്ത്രിയായിരിക്കേ പഞ്ചസാരയിൽ സ്വൽപം അഴിമതിയുടെ കറയോ പാടോ മറ്റോ ഉണ്ടെന്ന്‌ ആരോ പറഞ്ഞെന്നും വച്ച്‌ രാജിവച്ചു കളഞ്ഞ മഹാനല്ലേ... ഇന്ന്‌ യു.ഡി.എഫ്‌ തീരുമാനം മദ്യലോബിക്കനുകൂലമെങ്കിൽ താങ്കൾക്കങ്ങ്‌ രാജിവച്ചു കളയാമായിരുന്നില്ലേ...?

പോ മോനേ ദിനേശാ.... പണ്ടാന്റണി അതും ചെയ്യും അതിനപ്പുറവും ചെയ്യും. സർക്കാർ ജീവനക്കാരെ സൂചിയിൽ നിർത്തി പൊരിച്ചവനാ ആന്റണി.. പിന്നെയാണോ ഇപ്പോ ഒന്നരക്കാശിനു വെലയില്ലാത്ത സുധീരൻ. കേരളത്തിലെ ജനങ്ങൾ വെളളമടി നിർത്തുംവരെ ഈ നയം മുന്നോട്ടുതന്നെ പോകും. വെളളാപ്പളളി എസ്‌.എൻ.ഡി.പി. ഭരിക്കുന്ന കാലമാണ്‌. മന്ത്രിസഭയിൽ നാലഞ്ച്‌ കുടിയന്മാരുകൂടി വേണമെന്ന്‌ ചിന്തിക്കുമ്പോഴാ സുധീരന്റെയൊരു സവാരി.... ഗിരി.... ഗിരി....

ചാണക്യൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.