പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

മണിച്ചന്റെ കീശയിലെ ‘മണി’ തീരുംവരെ...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചാണക്യൻ

വാർത്തകൾ വിശേഷങ്ങൾ

പറഞ്ഞതുപോലെ കൃത്യമായി ആ സമയമായപ്പോൾ ജയിലിൽവച്ച്‌ മണിച്ചന്‌ തൊണ്ടയിൽ കിച്ച്‌കിച്ചും, ചെവിയിൽ കുത്തിക്കുത്തിയുളള വേദനയും കലശലായി. തലകുത്തിനിന്ന്‌ യോഗിയെപ്പോലെ ടിയാൻ തന്റെ വേദനകൾ മറക്കാൻ ശ്രമിച്ചു. നടക്കുന്നില്ല. വീരനിൽ വീരനായ മണിച്ചൻ അലറിക്കരയാൻ തുടങ്ങി. ആ ദയനീയ കാഴ്‌ച കണ്ടുനില്‌ക്കാൻ കഴിയാതെ ഒരുവിധം ഭേദപ്പെട്ട പോലീസുകാരെല്ലാം ഓടിമാറി. എങ്കിലും ഇതെല്ലാം കണ്ട്‌ വെറുതെ നോക്കി നില്‌ക്കാൻ പോലീസുകാരിൽ ചിലർക്ക്‌ കഴിഞ്ഞില്ല. അനുകമ്പ, സ്‌നേഹം, മനുഷ്യത്വം എന്നീ സത്‌ഗുണങ്ങളാൽ സമ്പന്നരായ ഈ പോലീസുകാർ മണിച്ചന്റെ അരികിലേക്ക്‌ ഓടിയെത്തി. പിന്നെ ചൂടുപിടുത്തം, വിക്‌സു പുരട്ടൽ, വീശിക്കൊടുക്കൽ എന്നീ കലാപരിപാടികൾ നടത്തി. മണിച്ചൻ ഇതുകൊണ്ടൊന്നും അടുങ്ങുന്നില്ല. ആ പാവം മനുഷ്യന്റെ വേദന ഏറുകയാണ്‌. പിടയുന്നു, പുളയുന്നു പിന്നെ ഒടിയാൻ പോകുന്നു.

“നമ്മക്ക്‌ ഇങ്ങേരെ ആശൂത്രീലാക്കാം.” ഒരു പോലീസുകാരൻ നിറഞ്ഞ കണ്ണുകളോടെ തന്റെ ഇംഗിതം അറിയിച്ചു.

“എന്നാപിന്നെ സർക്കാർ ആശൂത്രീലാക്കാം.” ഒന്നുമറിയാത്ത അപരന്റെ അഭിപ്രായം ഇങ്ങിനെയായിരുന്നു.

“ഏയ്‌, പറ്റില്ല, ചെലപ്പോ ഓപ്രേഷൻ വേണ്ടിവരും. നമ്മക്ക്‌ പ്രൈവറ്റിലോട്ടെടുക്കാം.” തലമൂത്ത ഏമാനോതി.

പിന്നെ വർക്കങ്ങ്‌ സ്പീഡിലല്ലായിരുന്നോ... പല്ലക്കെത്തി.. ജയിലായതിനാൽ കൊട്ടാരം ദാസിമാരുടെ കുറവുണ്ടായിരുന്നു. .. ഹോ..ഹൂ.. ഹോ..ഹൂ.. പോലീസിലുളള ചുമട്ടുകാർ കൂക്കിവിളിച്ച്‌ പല്ലക്കുമെടുത്ത്‌ പ്രൈവറ്റാശുപത്രിയിലേക്ക്‌ ഓട്ടമായി..

“മണിച്ചാ എണീക്ക്‌, ആശൂത്രീ എത്തി.” വിധേയർ തൊഴുതു പറഞ്ഞു. മണിച്ചൻ ചാടിയിറങ്ങി; വെട്ടുപോത്തിനെപ്പോലെ ആശുപത്രിക്കുളളിലേക്ക്‌ ശൂർ... എന്നൊരു പോക്ക്‌..നേരെ എയർക്കണ്ടീഷൻ മുറിയിലേക്ക്‌...

മുറിയിൽ മലർന്നു കിടന്ന്‌ മണിച്ചൻ കൊഞ്ചി.

“സാറുമ്മാരേ എനിക്ക്‌ പൊരിച്ചകോഴീം ചപ്പാത്തീം ബേണം.” പോലീസുകാർക്ക്‌ ചിരി. മണിച്ചന്റെ നിഷ്‌ക്കളങ്കതകണ്ട്‌ ആശ്‌ചര്യവും. വിത്ത്‌ ഇൻ സെക്കന്റ്‌സ്‌ പറഞ്ഞ സാധനം നക്ഷത്ര ഹോട്ടലീന്ന്‌ എത്തി.

എരിവു വലിച്ചൊരു ഏമ്പക്കംവിട്ട്‌ മണിച്ചൻ പിന്നേയും കുറെനേരം ഇരവിഴുങ്ങിയ പാമ്പിനെപ്പോലെ കിടന്നു.. എയർക്കണ്ടീഷന്റെ തണുപ്പേറിയപ്പോൾ മണിച്ചന്‌ പെണ്ണുമ്പുളള ഉഷയെ കാണണമെന്ന്‌ പൂതി... ഈ പൂതി പോലീസുകാരോട്‌ പറയാൻ യാതൊരു നാണവും മാന്യദേഹത്തിനുണ്ടായിരുന്നില്ല. പക്ഷെ.. ഇതുകേട്ട പോലീസുകാരങ്ങ്‌ നാണിച്ചുപോയി കേട്ടോ..

വിഷമദ്യദുരന്തക്കേസിൽ ജാമ്യത്തിലിറങ്ങിയ ഉഷച്ചേച്ചി എത്തി. പിന്നെ കൊഞ്ചല്‌, കിന്നാരംപറച്ചിൽ.. പോലീസുകാർക്കാണെങ്കീ ഒരു നല്ലകാര്യം ചെയ്‌ത സംതൃപ്‌തിയും.

വഴിയെ നാട്ടിലെ പ്രമാണിമാരുടെ വരവായി.. ശ്രീനാരായണഗുരു ഭക്തൻ വെളളാപ്പളളിയടക്കം പലരും എത്തി... ആശംസകൾ, ധൈര്യം കൊടുക്കൽ, ആശ്വാസവാക്കുകൾ എന്നിവയുടെ പ്രളയമായിരുന്നു. വന്നവർക്ക്‌ കേരളാപോലീസ്‌ വക ബിസ്‌ക്കറ്റും ചായയും ഉണ്ടായിരുന്നത്രെ.

ഈ പ്രശ്‌നം നാട്ടുകാരറിഞ്ഞു തുടങ്ങിയപ്പോൾ ഒരു കോടതി ഉത്തരവും പൊക്കിപ്പിടിച്ച പ്രഹസനമായിരുന്നു പിന്നെ നടന്നത്‌. ഡോക്‌ടർ പ്രദീപ്‌ എന്ന ഇ.എൻ.ടി.വിദഗ്‌ദനെ കൊണ്ട്‌ പരിശോധിപ്പിക്കാൻ മാത്രമായിരുന്നു കോടതി ഉത്തരവ്‌. ഡോക്‌ടർ പ്രദീപ്‌ മണിച്ചനെ സുഖവാസത്തിനായ്‌ കിടത്തിയ ഹോസ്‌പിറ്റലിൽ ജോലി പോയിട്ട്‌, അതുവഴി നടന്നുപോലും പോയിട്ടില്ല. അങ്ങിനെ കോടതിയെ തെറ്റിദ്ധരിപ്പിച്ച്‌ പരിശോധനാ ഉത്തരവിന്റെ മറവിലാണ്‌ മൂന്നുദിവസം മണിച്ചൻ അനധികൃതമായി സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞത്‌.

രണ്ടുദിവസം കഴിഞ്ഞപ്പോൾ ആശുപത്രിക്കാര്‌ പറഞ്ഞു. “എന്നാ തിരികെപോ മണിച്ചാ, നിനക്കൊരു അസുഖവുമില്ല.” - മണിച്ചന്റെ മുഖത്തെ വിഷാദംകണ്ട്‌ ജയിലധികൃതർ ടിയാനെ തിരികെ കൊണ്ടുപോകാൻ തയ്യാറായില്ല. പകരം ആശുപത്രിക്കാരോട്‌ ഒന്നുരണ്ടു വിരട്ടും നടത്തി.

അവസാനം കഥ ഇങ്ങിനെയായി...

ആശുപത്രിയിൽ മണിച്ചന്റെ മുറിക്ക്‌ കാവൽ നിന്ന എ.എസ്‌.ഐയേയും പോലീസുകാരേയും സസ്‌പെന്റ്‌ ചെയ്യാൻ ശുപാർശ ചെയ്‌തിരിക്കുകയാണ്‌. പാവം പോലീസുകാർ. ഇവർക്ക്‌ കാവലുനില്‌ക്കാനും ആളുകളെ കടത്തിവിടുവാനും മാത്രമെ കഴിയൂ. മണിച്ചന്റെ കീശയിൽ ‘മണി’ ഉളളിടത്തോളം കാലം നമ്മുടെ തലമൂത്ത നേതാക്കളും പോലീസുകാരും ഇതല്ലാ ഇതിനപ്പുറവും പല നാടകങ്ങളും കളിക്കും. പറഞ്ഞിട്ട്‌ കാര്യമില്ല. ജലദോഷത്തിന്‌ അമേരിക്കയിൽ ചികിത്സയ്‌ക്ക്‌ പോകുന്ന മന്ത്രിമാരുളളപ്പോൾ ജയിലീക്കിടക്കുന്ന മണിച്ചന്‌ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെങ്കിലും കിടക്കാം. പണ്ട്‌ കുറെ പിരിവു കൊടുത്തതല്ലേ, എങ്ങിനെ വേണ്ടെന്ന്‌ പറയും.

ചാണക്യൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.