പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

മീശമാധവൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജിജേഷ്‌ സി. കല്ലുമുട്ടി

സിനിമാനിരൂപണം

മലയാളസിനിമയിൽ അത്യാവശ്യം സെൻസ്സും, സെൻസിബിലിറ്റിയുമൊക്കെയുളള ചുരുക്കം ചില യുവസംവിധായകരിൽ പ്രമുഖനാണ്‌ ലാൽജോസ്‌. തന്റെ ചിത്രങ്ങളിലെല്ലാം തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാനുളള ത്വരയുണ്ട്‌ കക്ഷിക്ക്‌. മറവത്തൂർ കനവും, രണ്ടാംഭാവവുമൊക്കെ അതിനുദാഹരണങ്ങളാണ്‌. എന്നാൽ, യുവത്വത്തിന്റെ കരുത്തോടെ തന്റേതുമാത്രമായ ഒരു പുത്തൻ പാത വെട്ടിതുറക്കാനോ അതിലൂടെ മലയാള സിനിമയ്‌ക്കും, പ്രേക്ഷക സമൂഹത്തിനും പുത്തനുണർവേകാനോ ലാൽജോസിന്‌ കഴിഞ്ഞിട്ടില്ല. കലാക്ഷേത്രയുടെ ബാനറിൽ സുബൈറും, സുധീഷും ചേർന്ന്‌ നിർമ്മിച്ച്‌ ലാൽജോസ്‌ സംവിധാനം നിർവഹിച്ച പുതിയ ചിത്രമാണ്‌ ‘മീശമാധവൻ’. ഒന്നാമൻ, ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ തുടങ്ങിയ ചലച്ചിത്ര വൈകൃതങ്ങൾക്കിടയിൽ കാണാൻ കൊളളാവുന്ന ഒരു ചിത്രം, അതുമാത്രമാണ്‌ മീശമാധവന്റെ മേന്മ.

മീശമാധവനിലെ കഥയ്‌ക്കും കഥാപാത്രങ്ങൾക്കും ഏറെ പുതുമയൊന്നും അവകാശപ്പെടാനില്ല. പലരും പലപ്പോഴായി പറഞ്ഞ ഒരു കഥ പൊടിതട്ടിയെടുത്ത്‌ നർമ്മത്തിന്റെ മേമ്പൊടി വിതറി, പ്രേക്ഷകരെ ബോറടിപ്പിക്കാതെ തികഞ്ഞ ലാളിത്യത്തോടെ പറയാൻ ശ്രമിച്ചിട്ടുണ്ട്‌. പൂർണ്ണമായും ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ്‌ മീശമാധവന്റെ കഥ നടക്കുന്നത്‌. ചേക്കു എന്ന ഗ്രാമത്തിലെ ജനകീയ കളളനാണ്‌ മാധവൻ (ദിലീപ്‌). മാധവൻ ആരെയെങ്കിലും നോക്കി മീശപിരിച്ചാൽ അയാളുടെ വീട്ടിൽ മോഷണം നടക്കും എന്നാണ്‌ നാട്ടുകാരുടെ വിശ്വാസം. അതുകൊണ്ടുതന്നെ ജനങ്ങൾ അവനെ മീശമാധവൻ എന്ന ഓമന പേരിട്ട്‌ വിളിച്ചു. കളളനാണെങ്കിലും നാട്ടുകാരുടെ എന്തിനും ഏതിനും മാധവൻ മുന്നിലുണ്ടാവും. മാധവനെ ഇഷ്‌ടമില്ലാത്ത ഒരാളെ ചേക്കുഗ്രാമത്തിൽ ഉളളൂ. അത്‌ ഭഗീരഥൻപിളളയാണ്‌ (ജഗതി). മാധവനെ കളളനാക്കിയതിൽ പിളളയ്‌ക്ക്‌ വലിയ പങ്കുണ്ട്‌. പിളളയുടെ മകൾ രുഗ്‌മിണി (കാവ്യാമാധവൻ) മാധവന്റെ കളിക്കൂട്ടുകാരിയാണ്‌. പക്ഷേ, വളർന്നപ്പോൾ അച്ഛന്റെ ശത്രുവിനെ അവളും വെറുത്തു. പിന്നീട്‌ എപ്പോഴോ മാധവന്റെ മനസ്സിലെ നന്മ തിരിച്ചറിഞ്ഞ രുഗ്‌മിണി അയാളെ സ്‌നേഹിക്കാൻ തുടങ്ങി. ചേക്കുഗ്രാമത്തിൽ എത്തിയ പുതിയ സബ്‌ഇൻസ്പെക്‌ടർ ഈപ്പൻ പാപ്പച്ചി (ഇന്ദ്രജിത്ത്‌)യുമായി ചേർന്ന്‌ ഭഗീരഥൻപിളള മീശമാധവനെ കുരുക്കാനുളള കരുക്കൾ നീക്കുന്നു.

മാധവന്റെ കുട്ടിക്കാലം ഭംഗിയായി ചിത്രീകരിച്ച്‌ പ്രേക്ഷകർക്ക്‌ ഏറെ പ്രതീക്ഷകൾ നൽകികൊണ്ട്‌ ആരംഭിക്കുന്ന രഞ്ചൻ പ്രമോദിന്റെ തിരക്കഥ, മാധവനിൽനിന്ന്‌ മീശമാധവൻ എന്ന കളളനിലേക്കുളള വളർച്ചയ്‌ക്കിടയിൽ വാക്കുകളിൽ സമ്പന്നമെങ്കിലും, ദൃശ്യങ്ങളിൽ പ്രത്യേകിച്ചൊന്നുമില്ലാതെ മുന്നേറുന്നു. പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്ന വളിപ്പുകൾ ഒന്നുമില്ലെങ്കിലും, ചില രംഗങ്ങൾ വിരസമാകുന്നുമുണ്ട്‌. പ്രത്യേകിച്ച്‌, മാധവനും കൂട്ടുകാരും ഭഗീരഥൻപിളളയ്‌ക്ക്‌ മുണ്ടുപൊക്കി വിഷുക്കണി കാണിച്ചുകൊടുക്കുന്നതും, പിളളയുടെ വീട്ടിൽ കക്കാൻ കയറുന്നതുമായ ദൃശ്യങ്ങൾ. സാധാരണക്കാരെ തൃപ്തിപ്പെടുത്താനായി ഒരു കഥ പറയുന്നു എന്നതല്ലാതെ സംവിധായകനോ, തിരകഥാകൃത്തോ പ്രേക്ഷകർക്കായി ഒന്നും നീക്കിവെയ്‌ക്കുന്നില്ല. ചിത്രത്തിലെ നായകൻ മാധവൻ ബിൻലാദനെയും, ബുഷിനെയും സ്വപ്‌നംകണ്ടാണ്‌ ഞെട്ടിയുണരുന്നത്‌. ചേക്കു എന്ന വലിയ ബാഹ്യബന്ധങ്ങളൊന്നുമില്ലാത്ത ഗ്രാമത്തിലെ ഒരു സാധാരണ കളളന്റെ പേടി സ്വപ്നങ്ങളിൽപോലും ബിൻലാദനും, ബുഷും ഉണ്ടെന്ന്‌ സംവിധായകൻ നമ്മെ ഓർമ്മിപ്പിക്കുന്നു. നായകന്റെയും, നായികയുടെയും ഒരു നോട്ടമോ, ഓർമ്മയോ, സ്‌നേഹംപുരണ്ട ഒരു വാക്കോ ഒരു പാട്ടുസീനിലേക്ക്‌ വഴിതെറ്റുന്ന തമിഴ്‌ സിനിമയിലെ പ്രവണതയുടെ വികലാനുകരണം ഈ ചിത്രത്തിൽ നിന്നും വിട്ടു നിൽക്കുന്നില്ല. സംവിധായകൻ തുന്നികൊടുത്ത വാർപ്പു മാതൃകാവേഷങ്ങളുമായി കൊച്ചിൻ ഹനീഫയേയും, ഹരിശ്രീ അശോകനെയും, സലീം കുമാറിനെയും ഈ ചിത്രത്തിൽ കാണാം.

എടുത്തു പറയേണ്ടുന്ന ചില പ്രകടനങ്ങളുണ്ട്‌ ഈ ചിത്രത്തിൽ. അതിലൊന്ന്‌ ജഗതി ശ്രീകുമാറിന്റേതാണ്‌. ഭഗീരഥൻപിളള എന്ന വ്യക്തിത്വമുളള സെമിവില്ലന്റെ വേഷത്തിൽ ജഗതി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. അനായാസമായ അഭിനയം കാഴ്‌ചവെച്ച്‌ ജഗതി പ്രേക്ഷകമനസ്സിൽ നിറയുന്നു. സൂക്ഷ്മമായ ഭാവപ്രകടനങ്ങളോടെ ഈപ്പൻ പാപ്പച്ചി എന്ന എസ്‌.ഐ. ഇന്ദ്രജിത്തിന്റെ കൈയ്യിൽ ഭദ്രം. ചിലപ്പോഴൊക്കെ ഇന്ദ്രജിത്ത്‌ തന്റെ അച്ഛനായ സുകുമാരന്റെ അഭിനയസ്വഭാവത്തിലേയ്‌ക്ക്‌ വഴുതി പോകുന്നുണ്ട്‌. ഓരോ ചിത്രം കഴിയുമ്പോഴും മലയാള സിനിമയിൽ തന്റെ അനിവാര്യത ദിലീപ്‌ ഉറപ്പിക്കുന്നു. പുതിയ ലൊക്കേഷനുകളും, ചായഗ്രഹണത്തിലും എഡിറ്റിംഗിലുമുളള പൂർണ്ണതയും, ശ്രദ്ധയും ഈ ചിത്രത്തിന്റെ ആകർഷണീയതകളാണ്‌. ലൊക്കേഷന്റെ വശ്യസൗന്ദര്യങ്ങളെ അതീവ വർണ്ണഭംഗിയോടെ പകർത്താൻ എസ്‌.കുമാറിന്റെ ക്യാമറയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഗിരീഷ്‌ പുത്തഞ്ചേരി രചിച്ച്‌ വിദ്യാസാഗർ സംഗീതം നൽകിയ “എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ”, “കരിമിഴിക്കുരുവിയെ കണ്ടീല നിൻ ചിരിമണി ചിലമ്പൊലി കേട്ടീല” തുടങ്ങിയ ഗാനങ്ങൾ ചിത്രത്തിലെ പ്രണയരംഗങ്ങൾക്ക്‌ മാറ്റ്‌ നൽകുന്നു.

ജിജേഷ്‌ സി. കല്ലുമുട്ടി

വിലാസംഃ

‘ദ്വാരക’, കല്ലുമുട്ടി, ഇരിട്ടി പി.ഒ. കണ്ണൂർ

670703




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.